നവോത്ഥാനത്തിനുശേഷമുണ്ടായ പ്രബലവിചാരങ്ങളെല്ലാം പല ഇസങ്ങളായി സാഹിത്യമടക്കമുള്ള എല്ലാ കലാരൂപങ്ങളിലൂടെയും പൊതുജീവിതത്തെ സ്വാധീനിച്ചവയാണ്. എന്നാൽ ചിത്രകലയിൽ മാത്രം ഒതുങ്ങി നിന്ന തീക്ഷണമായ ഒരു ആശയസംഹിതയാണ് പോയന്റെലിസം.
ജോർജ് സൂറെ തുടക്കം കുറിച്ച നിരവധി നിറങ്ങളുടെ ബിന്ദുക്കളിൽ നിന്നുണ്ടാകുന്ന ചിത്രങ്ങൾ എന്നതിലുപരി
അതിന്റെ രാഷ്ട്രീയ സാമൂഹ്യ വശങ്ങളിൽ ചിത്രകലക്ക് പുറത്തുള്ളവർ അധികം ആകൃഷ്ടരായിരുന്നില്ല.

ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള ദൂരത്തെയും സമയത്തെയും (time and space)കുറിച്ച്
ശാസ്ത്രീയമായി നമ്മൾ ബോധവാന്മാരായിരുന്നുവെങ്കിലും രാഷ്ട്രീയവും സമരവും ഉൾകൊള്ളുന്ന വിശാലമായ മറ്റൊരു തലം പോയന്റലിസത്തിന്റെ ചരിത്രപഠനങ്ങളിൽ നമുക്ക് വായിച്ചെടുക്കാനായോ എന്നത് സംശയമാണ്.
വ്യവസ്ഥാപിത സമൂഹത്തോട് സമരസപ്പെടാതിരിക്കുകയും എന്നാൽ അടിസ്ഥാനവർഗ്ഗ പ്രതിരോധങ്ങളിൽ പ്രധാനഭാഗമായി പ്രവർത്തിച്ചിരുന്നതും ആക്കാലത്ത് അനാർക്കിസ്റ്റുകളായിരുന്നു.
ഒരു ബിന്ദുവിനെ തന്നെ വിപുലീകരിച്ചുണ്ടാക്കാമായിരുന്ന ചിത്രങ്ങൾക്ക് പകരം അനേകബിന്ദുക്കളെ അണിനിരത്തി നിർമിച്ചെടുക്കുന്ന ചിത്രണരീതിയിലൂടെ അനാർകിസ്റ്റുകളായ പോൾ സൈന്യാക്കും ജോർജ് സൂറയും പറഞ്ഞത് ആൾക്കൂട്ടങ്ങൾ നടത്തുന്ന സമരങ്ങളെ കുറിച്ചായിരുന്നു. അക്കാലത്ത് (1871 ) പാരീസ് കമ്മ്യൂൺ അടിച്ചമർത്തലിൽ ഒരാഴ്ചകൊണ്ട് ഇരുപതിനായിരത്തോളം അനാർകിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയുമാണ് ഫ്രഞ്ച് സർക്കാർ തെരുവുകളിൽ കൊന്നൊടുക്കിയത്. പിന്നീട് 1893ൽ “ട്രയൽ ഓഫ് തേർട്ടി “എന്നപേരിൽ തുടങ്ങിയ മുപ്പത്പേരുള്ള അനാർക്കിഗ്രൂപ് വിപുലപ്പെടുകയും ആ പ്രക്ഷോഭങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് വില്യം മാക്നി കൊല്ലപ്പെടുകയുമുണ്ടായി.

അനാർക്കി പ്രതിരോധങ്ങളിൽ ഫ്രഞ്ച് പ്രസിഡണ്ട് സർഡി കാർന്നോ യും കൊല്ലപ്പെട്ടതിനുശേഷം ഉപരിവർഗ്ഗ മേൽകൊയ്മകളുടെ നഷ്ടങ്ങളും തകർച്ചകളും പ്രതിഫലിക്കുന്ന ആഹ്ലാദങ്ങൾ പിന്നീടുള്ള എല്ലാ കലാചരിത്രങ്ങളിലും കാണാമായിരുന്നു. ഈ പ്രക്ഷോഭങ്ങൾക്ക് മുൻമ്പ് 1873 ൽ സൈന്യാക് വരച്ച
‘In the time of anarchy’ എന്ന ചിത്രം ‘ In the time of harmony ’എന്ന് സ്വയം പേര് മാറ്റിയത്, ഈ കാരണത്താൽ ഭരണകൂടം ജയിലിൽ അടക്കുകയാണെങ്കിൽ നഷ്ടപ്പെട്ടേക്കാവുന്ന ചിത്രസാധ്യതകളെ മുൻനിർത്തിയാണെന്നാണ് സൈന്യാക്ക് തന്നെ പറഞ്ഞിട്ടുള്ളത്. വളരെ ലളിതമെന്ന് തോന്നിക്കാവുന്ന രണ്ടാമത്തെ ചിത്രശീർഷകം വെച്ചുള്ള ചിത്രപഠനത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മാനങ്ങൾ കലാവിദ്യാർഥികൾ വളരെ ഗൗരവതരമായി ഉൾക്കൊള്ളേണ്ട ഒന്നാണ്.
മറ്റേതൊരു കലാപ്രസ്ഥാനത്തെക്കാളും പോയന്റലിസം പ്രധാനമാകുന്നത് അതിന്റെ ഉത്ഭവകാലങ്ങളിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിരോധങ്ങളുടെ സൗന്ദര്യാത്മകതയും വളരെ വ്യത്യസ്തരീതിയിൽ കാൻവാസിലേക്ക് സന്നിവേശിപ്പിക്കാൻ സൈന്യാക്, സൂറെ തുടങ്ങിയവർക്ക് സാധ്യമായി എന്നതിനാലാണ്.
സൂറെ മരിച്ചതിന്റെ രണ്ടാമത്തെ ആഴ്ചയിൽ അതേ അസുഖം മൂലം അദ്ദേഹത്തിന്റെ മകനും, ഒരാഴ്ചക്ക് ശേഷം ഭാര്യ മെഡിലിന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞും മരണമടഞ്ഞു. വളരെ പ്രധാനപ്പെട്ട ചിത്രമാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്ന ‘ദ സർക്കസ്’ എന്ന ചിത്രം പൂർത്തിയാക്കാനാകാതെ മുപ്പത്തിരണ്ടാം വയസ്സിൽ മൺമറഞ്ഞ ജോർജ് സൂറെ സ്വയം ഒരു തൊഴിലാളിയോടുപമിച്ചു വരച്ച അനേകചിത്രങ്ങൾ അത്ഭുതങ്ങളാവുന്നത് അവയെ ചരിത്രം സത്യസന്ധമായി വായിച്ചു എന്നതിനാലാണ്.







No Comments yet!