മമ്മൂട്ടി എന്ന നടന്റെ അതുല്യമായ (unique) പ്രത്യേകതകളിലൊന്ന് അത്യന്തം സാങ്കല്പികാശയങ്ങളെ അതാത് സിസ്റ്റത്തിന്റെ കർക്കശമായ ചട്ടക്കൂടുകൾ ആവശ്യപ്പെടുന്ന കൃത്യതയോടെയും അച്ചടക്കത്തോടെയും അവതരിപ്പിക്കാനുള്ള കഴിവാണ്. അടൂരിന്റെ മതിലുകളും വിധേയനും മാത്രമല്ല, വടക്കൻ വീരഗാഥയും ഭ്രമയുഗവും അംബേദ്‌കറും എല്ലാം പ്രേക്ഷകർക്ക് അപ്രാപ്യവും അപരിചിതവുമായ rigid formal systemsഉം അതിനുള്ളിലെ well defined പാരാമീറ്ററുകൾക്കനുസൄതമായി പ്രവർത്തിക്കുന്ന കഥാപാത്രങ്ങളുമാണ്. ന്യൂഡെൽഹിയും സാമ്രാജ്യവും നായർസാബും ജാക്ക്‌പോട്ടും രാജമാണിക്യവും സൈന്യവും ജോണിവാക്കറും അമരവും മൄഗയയും കൌരവറും അങ്ങനെ പരശ്ശതം പോപ്പുലർ മമ്മൂട്ടി സിനിമകളിലുള്ള ആഖ്യാനലോകങ്ങൾ പ്രേക്ഷകർക്ക് അപരിചിതമാണെങ്കിലും അവയെ anchor ചെയ്യുന്ന മമ്മൂട്ടികഥാപാത്രങ്ങളുടെ ബലത്തിലാണ് ആ ലോകങ്ങൾ വിശ്വാസ്യമായി മാറുന്നത്. മോഹൻലാൽ ബസ് കണ്ടക്ടറോ ഓട്ടോ ഡ്രൈവറോ ആയി വരുമ്പോൾ അതിലൊരു അതിസ്വാഭാവികതയുണ്ട്. അത്തരം നൂറുകണക്കിനു മനുഷ്യരെ കണ്ടിട്ടുള്ള മലയാളി പ്രേക്ഷകർ അത്തരം കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യുകയും, നടൻ കഥാപാത്രമായി ജീവിക്കുകയാണെന്നും പറയുന്നു. എന്നാൽ മമ്മൂട്ടിയുടെ പല സിനിമകളിലും കഥാപാത്രത്തെ സ്വാഭാവികമായി ‘ജീവിക്കുകയല്ല’ ചെയ്യുന്നത് (living the role), മറിച്ച് അതിനെ പുറത്തുനിന്ന് നിർമ്മിച്ചെടുക്കുകയാണ് (constructed performance). ആഖ്യാനലോകവും കഥാപാത്രവും ആവശ്യപ്പെടുന്നതുപോലെ രൂപവും ശബ്ദവും സംഭാഷണരീതിയും ചലനരീതിയും ശരീരഭാഷയും മോഡുലേറ്റ് ചെയ്യപ്പെടുന്നു. ഈ മോഡുലേഷന്റെ കൃത്യതയാണ് അരയന്മാരെ പരിചയമില്ലെങ്കിലും അച്ചൂട്ടിയോടും, പുലിവേട്ടക്കാരെ പരിചയമില്ലെങ്കിലും വാറുണ്ണിയോടും, കളരിപ്പയറ്റുകാരെ പരിചയമില്ലെങ്കിലും ചന്തുവിനോടും താദാത്മ്യപ്പെടാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ഫിഷ് ടാങ്കിലെ ജലത്തിന്റെ സമ്മർദ്ദവും അതിരുകളും മനസ്സിലാക്കി നീന്തുന്ന മത്സ്യത്തെപ്പോലെ, ഓരോ സിനിമയുടെയും നറേറ്റീവ് സിസ്റ്റത്തിന്റെ വിസ്തൃതിക്കും പരിധികൾക്കും ഉള്ളിൽ നിന്നുകൊണ്ട്, അതാവശ്യപ്പെടുന്നരീതിയിൽ മാത്രമാണ് മമ്മൂട്ടി തന്റെ പ്രകടനം ആവിഷ്കരിക്കുന്നത്.
Aesthetic Distance / സൗന്ദര്യശാസ്ത്രപരമായ അകലം
കലാനുഭവത്തിൽ പ്രേക്ഷകനും/വായനക്കാരനും കലാരൂപത്തിനുമിടയിൽ രൂപപ്പെടുന്ന ബൗദ്ധികവും വൈകാരികവുമായ അകലത്തെയാണ് ‘ഈസ്തെറ്റിക് ഡിസ്റ്റൻസ്’ (Aesthetic Distance / സൗന്ദര്യശാസ്ത്രപരമായ അകലം) എന്ന് വിളിക്കുന്നത്. ഒരു കലാസൃഷ്ടി യഥാർത്ഥ ജീവിതമല്ല, മറിച്ച് നിർമ്മിച്ചെടുക്കപ്പെട്ട ഒന്നാണെന്ന (constructed artifact) ബോധം പ്രേക്ഷകനിൽ നിലനിർത്തുന്ന മാനസിക രൂപരേഖയാണിതെന്നു പറയാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഡ്വേർഡ് ബുളോ (Edward Bullough) എന്ന ചിന്തകനാണ് ‘സൈക്കോളജിക്കൽ ഡിസ്റ്റൻസ്’ എന്ന ആശയത്തിലൂടെ ഇതിന് കൃത്യമായ തിയററ്റിക്കൽ അടിത്തറയിട്ടത്. കടലിലെ കനത്ത മഞ്ഞ് (fog) ഒരു യാത്രികനിൽ ഭയം സൃഷ്ടിക്കുമ്പോൾ, അതേ മഞ്ഞിനെ ഒരു കലാകാരന്റെ അകലത്തോടെ നോക്കിക്കാണുമ്പോൾ അത് ഭയത്തിനപ്പുറം അപൂർവ്വമായൊരു സൗന്ദര്യാനുഭവമായി മാറുന്നു എന്ന് ബുളോ വിശദീകരിച്ചു. പിന്നീട് നാടകകൃത്തായ ബെർതോൾട്ട് ബ്രെഹ്ത് (Bertolt Brecht) തന്റെ ‘Alienation Effect’ എന്ന സിദ്ധാന്തത്തിലൂടെ കഥാപാത്രങ്ങളോടുള്ള അന്ധമായ അനുകമ്പയും വൈകാരിക ലയനവും (emotional empathy) അവസാനിപ്പിച്ച്, പ്രേക്ഷകനെ കഥാസന്ദർഭങ്ങളെ രാഷ്ട്രീയമായും ഘടനാപരമായും വിലയിരുത്തുന്ന വിചാരശീലമുള്ള നിരീക്ഷകനാക്കി മാറ്റാൻ ഈ അകലത്തെ ഉപയോഗിച്ചു. അനാവശ്യമായ മെലോഡ്രാമ ഒഴിവാക്കൽ, മുൻകൂട്ടി തയ്യാറാക്കിയ മന്ദഗതിയിലുള്ള താളം, ദൃശ്യ-ശബ്ദ ഘടകങ്ങളുടെ ജ്യാമിതീയമായ വിന്യാസം, വൈകാരികതയില്ലാത്ത ഭാഷാപ്രയോഗങ്ങൾ എന്നിവയാണ് ഈ അകലം സൃഷ്ടിച്ചെടുക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ (mechanisms).
![]()
കലയെ വൈകാരികത വിതരണം ചെയ്യാനുള്ള ഉപകരണമാക്കാതെ, അതിന്റെ മാധ്യമപരമായ അച്ചടക്കത്തിലും ഘടനയിലും കേന്ദ്രീകരിക്കുന്ന ഫോർമലിസത്തിന്റെ (Formalism) ഏറ്റവും പ്രധാനപ്പെട്ട ആണിക്കല്ലാണ് ഈസ്തെറ്റിക് ഡിസ്റ്റൻസ്. കലാരൂപത്തിനുള്ളിലേക്ക് ആണ്ടുപോകാതെ (under-distance), അതിൽ നിന്ന് അകന്നുനിന്ന് അതിന്റെ രൂപഭംഗിയും ആന്തരിക യുക്തിയും പരിശോധിക്കാൻ ഇത് ആസ്വാദകന് അവസരമൊരുക്കുന്നു. ആനന്ദ്, അടൂർ ഗോപാലകൃഷ്ണൻ, മമ്മൂട്ടി എന്നീ മൂന്ന് പ്രതിഭകളും തങ്ങളുടെ മാധ്യമങ്ങളിൽ ഈ സൗന്ദര്യശാസ്ത്രപരമായ അകലത്തെ ഏറ്റവും ഉപയുക്തമായ രീതിയിൽ വിനിയോഗിക്കുന്നത് കാണാവുന്നതാണ്. ആനന്ദ് തന്റെ സാഹിത്യത്തിൽ നിന്ന് ആലങ്കാരികബിംബങ്ങളെയും ലളിത വൈകാരികതകളെയും ഒഴിവാക്കി, വായനക്കാരന് മേൽ ഒരു ബൗദ്ധിക അകലം നിലനിർത്തുന്നു. ആൾക്കൂട്ടത്തിലെ ജോസഫും രാധയും പരസ്പരം പ്രണയിക്കുമ്പോൾപോലും ‘താങ്കൾ’ എന്നും, ‘നിങ്ങൾ’ എന്നുമാണ് പരസ്പരം അഭിസംബോധന ചെയ്യുന്നതെന്നോർക്കുക. ‘നിങ്ങൾ’ എന്ന പ്രയോഗം തെക്കൻകേരളത്തിലുള്ളവർക്ക് പരുഷമായ ഒന്നുപോലുമാണ്. അടൂർ തന്റെ സിനിമകളിൽ വൈകാരികതയ്ക്ക് അടിവരയിടുന്ന പശ്ചാത്തലസംഗീതവും ചടുലമായ ക്യാമറാ ചലനങ്ങളും ഉപേക്ഷിച്ച്, quasi-objective ഫ്രെയിമിംഗിലൂടെയും നിശ്ശബ്ദതയിലൂടെയും പ്രേക്ഷകനെ ഒരു വസ്തുനിഷ്ഠ നിരീക്ഷകനാക്കി മാറ്റുന്നു. മമ്മൂട്ടിയാകട്ടെ, കഥാപാത്രത്തിൽ വൈകാരികമായി ലയിച്ചു ചേരുന്നതിന് (organic identification) പകരം, ശബ്ദത്തിന്റെയും ശരീരഭാഷയുടെയും സ്പേഷ്യൽ അച്ചടക്കത്തിലൂടെയും (spatial discipline) കൃത്യമായി രൂപകൽപ്പന ചെയ്ത ഒരു ഫോർമലിസ്റ്റ് മാതൃകയായി ഫ്രെയിമിൽ നിലകൊണ്ടുകൊണ്ട് ഈ സൗന്ദര്യശാസ്ത്രപരമായ അകലത്തെ സമർത്ഥമായി ഉപയോഗിക്കുന്നു.







No Comments yet!