Skip to main content

ബൾക്കീസിന്റെ മുടിയിലേക്ക് പന്ത്രണ്ടു പനിനീർപ്പൂക്കൾ

1

അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
എന്നെ കൊല്ലുമെന്നവൾക്കുമറിയാമായിരുന്നു
രണ്ടു പ്രവചനങ്ങളും സത്യമായിവന്നു.
ഒരു പൂമ്പാറ്റയെപ്പോലവൾ വീണു,
(അജ്ഞതയുടെ കാലത്തെ) കല്ലിനും കട്ടയ്ക്കുമടിയിൽ,
ഞാനും വീണു, കവിതകളെ,
സ്ത്രീകളുടെ കണ്ണുകളെ,
സ്വാതന്ത്ര്യത്തിന്റെ പനിനീർപ്പൂക്കളെ വെട്ടിവിഴുങ്ങുന്ന
ഒരു കാലത്തിന്റെ തേറ്റകൾക്കിടയിൽ.

2

അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
വിരൂപമായൊരു കാലത്ത് മനോഹരിയായിരുന്നു അവൾ
മലിനമായൊരു കാലത്ത് നിർമ്മലയായിരുന്നു അവൾ
പോക്കിരികളുടെ കാലത്ത് അഭിജാതയായിരുന്നു അവൾ
കൃത്രിമമുത്തുകളുടെ കൂനകൾക്കിടയിൽ
അപൂർവമായൊരു മുത്തായിരുന്നു അവൾ
ഒരേപോലത്തെ സ്ത്രീകൾക്കിടയിൽ
വേറിട്ടുനിൽക്കുന്ന സ്ത്രീയായിരുന്നു അവൾ.

3

അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
രണ്ടു മരതകനദികൾ പോലെ തെളിഞ്ഞതായിരുന്നു അവളുടെ കണ്ണുകളെന്നതിനാൽ
ഒരു ബാഗ്ദാദിഗീതം പോലെ ദീർഘമായിരുന്നു അവളുടെ മുടിയെന്നതിനാൽ
ഈ ജന്മദേശത്തിന്റെ ഞരമ്പുകൾക്കാവില്ല
ആ പച്ചയുടെ സാന്ദ്രത താങ്ങാൻ
ബൾക്കീസിന്റെ കണ്ണുകളിൽ
ഒരു കോടി ഈന്തപ്പനകൾ നിരക്കുന്ന ദൃശ്യം കണ്ടുനിൽക്കാൻ.

4

അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
വൻകരയുടെ മണ്ഡലത്തിലുമേറിയതായിരുന്നല്ലോ
അവളുടെ അഭിമാനത്തിന്റെ മണ്ഡലം
അവളുടെ പൈതൃകമവളെ അനുവദിച്ചില്ല,
ജീർണ്ണതയുടെ കാലത്തു ജീവിച്ചുപോകാൻ
അവളുടെ ഭാസുരപ്രകൃതി അവളെ അനുവദിച്ചുമില്ല
ഇരുളിൽത്തന്നെ കഴിഞ്ഞുകൂടാൻ.

5

ആത്മാഭിമാനത്തിന്റെ തീവ്രതയിലവൾ വിശ്വസിച്ചു
ഈ ഭൂമി തനിയ്ക്കു പോരെന്ന്,
അതിനാലവൾ തന്റെ പെട്ടികളൊക്കെയെടുത്തു,
ഒച്ച കേൾപ്പിക്കാതെ അവൾ പിന്മാറി,
ഒരു കുഞ്ഞിനോടും പറയാതെ…

6

തന്നെപ്പെറ്റ നാടു തന്നെക്കൊല്ലുമെന്നതവളെ ഭയപ്പെടുത്തിയില്ല
അവൾക്കു ഭയം
തന്റെ പെറ്റനാടു തന്നെത്താൻ കൊല്ലുമോയെന്നതായിരുന്നു.

7

കവിതകൾ ഗർഭം ധരിച്ചൊരു മേഘത്തെപ്പോലെ
എന്റെ നോട്ടുബുക്കുകൾക്കു മേലവൾ പെയ്തു,
വീഞ്ഞും തേനും മാണിക്യങ്ങളും…മാടപ്രാവുകളെയും,
എന്റെ അനുഭൂതികൾക്കു മേലവൾ തളിച്ചു
തോണിപ്പായകൾ, കിളികൾ,
മുല്ലപ്പൂനിലാവും,
അവളുടെ വേർപാടിൽപ്പിന്നെ
ദാഹത്തിന്റെ കാലമായി
ജലത്തിന്റെ കാലത്തിനവസാനവുമായി.

8

അവൾ വിട്ടുപോവുകയാണെന്ന തോന്നലെനിക്കെന്നുമുണ്ടായിരുന്നു
അവളുടെ കണ്ണുകളിലെപ്പോഴുമുണ്ടായിരുന്നു
പായകൾ ചുരുളഴിക്കുന്ന തോണികൾ,
അവളുടെ കണ്ണിമകളിലെപ്പോഴുമുണ്ടായിരുന്നു
പറന്നുയരാനമർന്നിരിക്കുന്ന വിമാനങ്ങൾ.
അവളുടെ ഹാൻഡ്ബാഗിലെന്നും ഞാൻ കണ്ടിരുന്നു
(ഞാനവളെ വിവാഹം കഴിച്ചതിൽപ്പിന്നെ)
ഒരു പാസ്പോർട്ടും ഒരു വിമാനടിക്കറ്റും
താൻ പോയിട്ടേയില്ലാത്ത രാജ്യങ്ങളുടെ വിസാകളും.
ഞാനവളോടു ചോദിക്കാറുമുണ്ടായിരുന്നു:
ഈ പ്രമാണങ്ങളൊക്കെ നീ ഹാൻഡ്ബാഗിൽ കൊണ്ടുനടക്കുന്നതെന്തിന്‌?
അതിനവൾ പറയാറുണ്ടായിരുന്നു:
എനിക്കൊരു കൂടിക്കാഴ്ചയുണ്ട്, ഒരു മഴവില്ലുമായി.

9

കല്ലിനും കട്ടയ്ക്കുമിടയിൽ നിന്ന്
ഹാൻഡ്ബാഗെനിക്കവർ കൈമാറിയപ്പോൾ
അവളുടെ പാസ്പ്പോർട്ടു ഞാൻ കണ്ടു
വിമാനടിക്കറ്റും വിസാകളും കണ്ടു
ഞാനറിഞ്ഞു ഞാൻ പരിണയിച്ചതു ബൾക്കീസ് അൽ-റാവിയെയല്ലെന്ന്
ഞാൻ പരിണയിച്ചത് ഒരു മഴവില്ലിനെയാണെന്ന്…

10

സുന്ദരിയായ ഒരു സ്ത്രീ മരിക്കുമ്പോൾ
ഭൂമിയ്ക്കതിന്റെ സമനില തെറ്റുന്നു
ചന്ദ്രൻ നൂറുകൊല്ലത്തേക്കു ദുഃഖാചരണം പ്രഖ്യാപിക്കുന്നു
കവിതയ്ക്കു തൊഴിലില്ലാതെയാവുന്നു.

11

ബൾക്കീസ് അൽ-റാവി
ബൾക്കീസ് അൽ-റാവി
ബൾക്കീസ് അൽ-റാവി
അവളുടെ പേരിന്റെ താളമെനിക്കിഷ്ടമായിരുന്നു
അതിന്റെ കിലുക്കത്തിൽ ഞാനള്ളിപ്പിടിച്ചുകിടന്നിരുന്നു
എന്റെ പേരതിനോടു ചേർത്തുപറയാനെനിക്കു ഭയമായിരുന്നു
തടാകത്തിലെ തെളിനീരു ഞാൻ കലക്കിയാലോയെന്ന്
സംഗീതത്തിന്റെ സൗന്ദര്യത്തെ ഞാൻ വികലമാക്കിയാലോയെന്ന്.

12

ഈ സ്ത്രീയ്ക്കു ദീർഘായുസ്സു വിധിച്ചിരുന്നില്ല
ദീർഘായുസ്സവളൊട്ടാഗ്രഹിച്ചതുമല്ല
മെഴുകുതിരികളെയും വിളക്കുതിരികളെയും പോലെയാണവൾ,
കവിതയുടെ മുഹൂർത്തം പോലെ
അവസാനത്തെ വരിയെത്തും മുമ്പേ പൊട്ടിത്തെറിക്കുകയും വേണമവൾക്ക്…

***

1981 ഡിസംബറിൽ ബെയ് റൂത്തിൽ നടന്ന ഒരു ഭീകരാക്രമണത്തിനിടെ ബോംബുസ്ഫോടനത്തിൽ മരിച്ച ഭാര്യ ബൾക്കീസ് അൽ-റാവിയെക്കുറിച്ചെഴുതിയ വിലാപഗാനം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.