ഹൃദയം കൊണ്ടും തലച്ചോറുകൊണ്ടും വിജയന് മാസ്റ്ററെ നമുക്ക് വായിക്കാം. നൈര്‍മല്യം പോലെ ഇടിമുഴക്കവും ആ വാക്കുകള്‍ സൃഷ്ടിക്കുന്നുണ്ട്. എല്ലാറ്റിന്റേയും പക്ഷേ, ചിതയിലെരിയുന്ന തീപോലെ ചിന്തകളുണ്ട്.
ഒരു തകര്‍ന്ന നഗരത്തിന്റെ തൂണുകള്‍പോലെ എഴുന്നുനില്ക്കുന്ന ഓര്മ്മകളെന്നും രക്തസാക്ഷികള്‍ മരണം കൊണ്ട് ജീവിതത്തിന്റെ ചിത്രമെഴുതുന്നുവെന്നൊക്കെ എഴുതാന്‍ മലയാളത്തിലൊരു വിജയന് മാസ്റ്ററേയുള്ളൂ.
എല്ലാ അര്‍ഥത്തിലും മൗലികനായ മലയാളിയും മലയാളത്തിന്റെ മൗലികചിന്തകനുമായിരുന്നു എം.എന്‍.വിജയന്. കേസരിയുടെ ചിന്താപരതയുടെ ആധുനികമായ മുഖമായിരുന്നു വിജയന് മാഷ്.

മലയാളത്തിലെഴുതിപ്പോയതുകൊണ്ടുമാത്രം ലോകമറിയാതെപോയ മഹാനായിരുന്നു സഖാവ് എം.എന്‍ വിജയന്.
ബോധപൂര്‍വമായ തമസ്ക്കരണത്തിന്റേതായ ഈ കാലത്ത് വിജയന് മാസ്റ്ററെ വീണ്ടെടുക്കുകയെന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. എല്ലാ തമസ്ക്കരണ വന്മതിലുകളേയും പൊളിച്ചുകളയും വിധം ആര്‍ദ്രതയും മൂര്‍ച്ചയുമുണ്ട് ആ ചിന്തകള്‍ക്ക്. ആ പടര്പ്പുകള് അത്തരം മതിലുകളെ പൊളിച്ചു മുന്നോട്ടുപോവുകതന്നെ ചെയ്യും.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂട്ടിലടക്കപ്പെട്ട സിംഹമെന്നാണ് ലീലാവതി ടീച്ചര്‍ വിജയന് മാസ്റ്ററെ വിശേഷിപ്പിച്ചത്. സംഘടനയ്ക്കുള്ളില്നിന്നുകൊണ്ടും അല്ലാതെയും നിലപാടുകളെടുക്കാമെന്നും ചിന്തയുടെ മൗലികത താനാര്‍ക്കും പണയംവെച്ചിട്ടില്ലെന്നും വിജയന് മാസ്റ്റര്‍ തെളിയിച്ചുകൊണ്ടേയിരുന്നു. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍നിന്നും സ്വാതന്ത്രയാനന്തര ഇന്ത്യയിലേക്കുള്ള രാഷ്ട്രീയചരിത്രത്തിലൂടെയാണ് വിജയന് മാസ്റ്റര്‍ കടന്നുപോയത്. മുതിര്‍ന്നവരും ചെറുപ്പക്കാരായവരും ഒരുമിച്ച് നേടിയെടുത്ത സ്വാതന്ത്ര്യം നിരര്ഥകമായിരുന്നുവെന്നു തിരിച്ചറിഞ്ഞൊരു തലമുറയുടെ പ്രതിനിധികൂടിയായിരുന്നു വിജയന് മാഷ്. നവോത്ഥാനത്തിന്റേയും ആധുനികതയുടേയും കമ്യൂണിസത്തിന്റെയും മൂല്യങ്ങളിലൂടെ വിജയന് മാസ്റ്റര്‍ നിരന്തരം പുതുക്കിക്കൊണ്ടിരുന്നു. സ്റ്റുഡന്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയജീവിതം വിജയന് മാസ്റ്റര്‍ മരിക്കുന്നതുവരെ പിന്തുടര്ന്നു.
പ്രഭാഷണകലയെ ഇത്രമാത്രം ജനകീയമാക്കിയ മറ്റൊരു ചിന്തകനുണ്ടോയെന്നു സംശയമാണ്. തലശ്ശേരിയിലെ ബസ് തൊഴിലാളികളടക്കം വിജയന് മാസ്റ്ററെ അനുകരിക്കുന്നിടംവരെ ഒരു ചിന്തകന്‍ സാധാരണക്കാരിലേക്ക് പകര്‍ന്ന ചരിത്രം കൂടിയാണ് ആ മഹാമേരുവിന്റേത്. സര്ഗസൃഷ്ടികളേയും തത്വചിന്തകളേയും രാഷ്ട്രീയത്തേയും ഇതുപോലെ വിശകലനം ചെയ്ത മറ്റൊരു വ്യക്തിയുണ്ടായിട്ടില്ല കേരളത്തില്‍. മന:ശാസ്ത്രവും തത്വചിന്തകളും ഒരുപോലെ ആ ചിന്തയില്‍ ചിതയിലെത്തും വരെ ജ്വലിച്ചുനിന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിനുനേരെ ഒറ്റയാള്‍പ്പോരാട്ടം നടത്തിയപ്പോള്‍, തനിക്കെതിരെയുണ്ടായ വിമര്ശനക്കടലുകളോട് പ്രതികരിച്ചതും സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയായിരുന്നു.
”ഒരു മനുഷ്യനെമൂടാന് എന്തിനാണൊരു കുന്നിടിക്കുന്നത്”
നവോത്ഥാനമെന്നാല്‍ ബുദ്ധിജീവികള്‍ക്കു നിര്വ്വചിച്ചുകൊണ്ടേയിരിക്കാനുള്ളതല്ലെന്നും, അത് പ്രവര്‍ത്തിക്കാനുള്ളതാണെന്നും വിജയന്‍മാസ്റ്റര്‍ എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

”പതിമൂന്നോ പതിനാലോ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം പള്ളികള്‍ കേരളത്തിലുണ്ട്. എങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചറിയുന്നവര് ചേരമാന്‍ പള്ളിയെക്കുറിച്ച് കേട്ടിരിക്കാനിടയില്ല. ക്രിസ്ത്യന്‍ പള്ളികളുടെ വാസ്തുശില്പത്തെക്കുറിച്ചോ റത്താഴച്ചിത്രങ്ങളെ (അള്താരച്ചിത്രം) ക്കുറിച്ചോ അറിയാതെ കേരളത്തിലെ കലകളെക്കുറിച്ച് നാം എന്തറിയുന്നു! ചുമര് ചിത്രങ്ങളുടെ പൈതൃകം മാത്രമല്ല ജൂതപ്പള്ളിയുടെ പൈതൃകവും കേര ളീയര്ക്കുണ്ട്. കൂടിയാട്ടത്തെപ്പോലെ ചവിട്ടുനാടകവും അവര്‍ക്കുള്ളതാണ്. അള്‍ത്താരയുടെ സംഗീതവും നമ്മുടെ സംഗീത പാരമ്പര്യമാണ്.” എന്നൊക്കെ പറയുന്നത് സാംസ്കാരിക ഹിന്ദുത്വത്തിന്റെ കടന്നുകയറ്റക്കാലത്താണ്. ഹിന്ദുത്വഫാസിസത്തിന്റെയും അതിന്റെ ജര്‍മ്മന്‍ കൈവഴികളെക്കുറിച്ചും നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ എക്കാലത്തേയും മികച്ച പാഠപുസ്തകങ്ങള്തന്നെയാകുന്നുണ്ട്.
”കപട ദേശീയതയെ ആര്ക്കുംവാങ്ങാം. ശുദ്ധദേശീയതയ്ക്ക് ഒരാഴ്കൂടി സമയംവേണമന്നേയുള്ളൂ” എന്ന വാദത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട് സമകാലിക വിഷയങ്ങളില്‍ സംഘപരിവാരമല്ലാത്തവരുടെ ദേീയ ബോധം.
നാം തൊഴിലെടുത്തുണ്ടാക്കുന്ന ലോകത്തിന് മനുഷ്യന്റെ മുഖമുണ്ട്എന്ന് ആരാണ് ഉറപ്പുവരുത്തുകയെന്ന മൗലികമായ ചോദ്യം ഉന്നയിക്കാന്‍ കഴിയുന്നിടത്താണ് വിജയന് മാസ്റ്റരിലെ വര്ഗചിന്തകന് ഉണര്‍ന്നിരിക്കുന്നത്.
സാംസ്കാരിക ജീവിതത്തിന്റെ എല്ലായിടങ്ങളേും വിജയന് മാസ്റ്റര്‍ തന്റെ ചിന്തകളാല്‍ പുതുക്കിപ്പണിതു. മാമ്പഴത്തെക്കുറിച്ചുള്ള വിജയന് മാഷുടെ നിരീക്ഷണത്തെക്കുറിച്ച് എം.ടി. എഴുതുന്നുണ്ട്.
പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിനേക്കാള്‍ നല്ലത് സഹായഹസ്തം കൊണ്ട് തളര്ത്തുകയാണെന്നറിയുന്ന മുതലാളിത്തത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് തെറ്റുതിരുത്തല്‍ സമ്മേളനത്തിന്റെ ജനാവലിയുടെ ആരവങ്ങളേക്കാള്‍ മുഴക്കമുണ്ടാകുന്നത് അതിന്റെ മൗലികത കൊണ്ടാണ്.
”ഔദ്യോഗിക വസ്ത്രങ്ങളുരിഞ്ഞെടുത്ത് അലക്കുയന്ത്രത്തെ ഏല്‍പ്പിക്കുന്ന സായാഹ്നലാഘവം ഇപ്പോള്‍ ഭരണകൂടത്തിനുണ്ട്. ഇനി കുറച്ചുനേരം യന്ത്രങ്ങള്‍ ഭരിക്കട്ടെ” യെന്ന പ്രവാചകസമാനമായ വാക്കുകള്‍ വരുന്ന് എ.ഐ. കാലഘട്ടത്തിനും മുമ്പാണെന്നോര്‍ക്കണം.
”ആരെയൊക്കെ സ്നേഹിക്കണം ആരെയൊക്കെ ദ്രോഹിക്കണം എന്ന് പഠിപ്പിച്ചാണ് നാം ദ്രോഹിക്കാന്‍ തുടങ്ങുന്നത്. വീട്ടുകാരെ സ്നേഹിക്കണം, അയല്‍ക്കാരനെ ദ്രോഹിക്കണം എന്നത് നമ്മുടെ പ്രയോഗവും അയല്‍ക്കാരനെ സ്നേഹിക്കണം എന്നത് നമ്മുടെ ആദര്‍ശവുമാണ്.”

കാപട്യത്തേയും മലയാളിയുടെ ചിന്താപരമായ പരിമിതികളേയും അന്ധവിശ്വാസാധിഷ്ഠിതവും മൗലികവുമല്ലാത്തതിനെയെല്ലാം വിജയന് മാസ്റ്റര്‍ ചോദ്യം ചെയ്തു. നിര്‍ഭയനായി നിരാമയനായി ഏറ്റവും ലളിതമായി ഭാഷയില്‍ സംസാരിച്ച് ഏറ്റവും ലളിതമായി ജീവിച്ച് ചിന്തയുടെ ഔന്നത്യമായി വിജയന് മാസ്റ്റര്‍ കടന്നുപോയി.







No Comments yet!