
പാക്കിസ്ഥാനിലെ കറാച്ചിയുടെ ഹൃദയഭാഗത്തുള്ള ചരിത്ര, വാണിജ്യ, സാമ്പത്തിക ജില്ലയാണ് സദ്ദാർ. ബ്രിട്ടീഷ് കൊളോണിയൽ ഘട്ടത്തിൽ വികസിപ്പിച്ചെടുത്ത അതിഗംഭീരങ്ങളായ വിക്ടോറിയൻ, ഗോതിക് വാസ്തുവിദ്യകളുടെയും ഷോപ്പിങ്, സർക്കാർ ഓഫീസുകളുടെയും സമുച്ചയം. സദ്ദാർ എന്നാൽ കേന്ദ്രം അല്ലെങ്കിൽ തല എന്നാണ് ഉറുദുവിൽ അർഥം. അതിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വലിയ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പേര്. പ്രശസ്തമായ എംപ്രസ് മാർക്കറ്റ്, ഫ്രെരെ ഹാൾ, സെന്റ് പാട്രിക്സ് കത്തീഡ്രൽ തുടങ്ങിയവ ശ്രദ്ധേയങ്ങൾ. ക്വയ്ദ്-ഇ-അസം ശവകുടീരം (മസാർ-ഇ-ക്വയ്ദ്), വ്യോമസേന മ്യൂസിയം എന്നിവയും സമീപത്തുണ്ട്. പാക്കിസ്ഥാന്റെ പ്രാഥമിക സാമ്പത്തിക കേന്ദ്രം, പ്രധാന തുറമുഖം, ഏറ്റവും വലിയ വ്യാവസായിക കേന്ദ്രം എന്നീ നിലകളിലും പ്രശസ്തമായ കറാച്ചിയാണ് രാജ്യത്തിന്റെ സമുദ്രമാർഗ വ്യാപാരത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നതും ഫെഡറൽ വരുമാനത്തിന്റെ വലിയ ഭാഗം സൃഷ്ടിക്കുന്നതും. ഏറെക്കാലം മുമ്പ് നഗരത്തിലെ ഏറ്റവും മികച്ച ഷോപ്പിങ് സ്ഥലവും ബ്ലിസ് ആൻഡ് കമ്പനി മെഡിക്കൽ ഷോപ്പ്, സനാവുള്ള സിൽക്ക് ഹൗസ്, ബാറ്റ ഷൂ സ്റ്റോറുകൾ തുടങ്ങിയ പ്രശസ്ത പഴയ സ്ഥാപനങ്ങളും ഇന്നും ബ്രിട്ടീഷ് ശൈലിയിലുള്ള കെട്ടിടങ്ങളും അവിടെ നിലനിൽക്കുന്നു. മുമ്പ് എൽഫിൻസ്റ്റോൺ സ്ട്രീറ്റ് എന്നറിയപ്പെട്ട സദ്ദാറിലെ തിരക്കേറിയ സൈബുന്നിസ പാതയ്ക്ക് ആ പേര് നൽകിയത് സംഭവബഹുലമായ ഒരു ജീവിതത്തോടുള്ള ആരാധനയായാണ്. ഫെമിനിസ്റ്റും പത്രപ്രവർത്തകയും കവിയത്രിയും ചെറുകഥാകൃത്തുമായ ബീഗം സൈബ്- ഉന്നിസ്സ ഹമീദുള്ളയുടെ സ്മരണാർഥം. പാക്കിസ്ഥാനിലെ ആദ്യ വനിതാ പത്രാധിപയും പ്രസാധകയും ഇംഗ്ലീഷ് പംക്തികാരിയുമായിരുന്നു അവർ. 1918 ഡിസംബർ 25 ന് കൊൽക്കത്തയിലെ ബംഗാളി ചിന്തകരും തത്ത്വജ്ഞാനികളും നിറഞ്ഞ ആംഗ്ലോ-‐ഇന്ത്യൻ സാഹിത്യ കുടുംബത്തിലായിരുന്നു പിറവി. അച്ഛൻ കേംബ്രിജിൽനിന്ന് വിദ്യാഭ്യാസം നേടിയ ബാരിസ്റ്റർ, എഴുത്തുകാരൻ, പരിഭാഷകൻ, പ്രസാധകൻ, ദേശീയവാദി തുടങ്ങിയ മേഖലകളിൽ ജ്വലിച്ചുനിന്ന സയ്യിദ് വാജിദ് അലി. രബീന്ദ്രനാഥ ടാഗോറിനെ ഇംഗ്ലീഷിലേക്കും അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ഉറുദു വാക്യങ്ങൾ ബംഗാളിയിലേക്കും മൊഴിമാറ്റുകയുണ്ടായി അദ്ദേഹം. ജോട്ടല്ല റോഡിലെ അച്ഛന്റെ വീട് കൊൽക്കത്ത സാഹിത്യ വലയത്തിന്റെ സംഗമസ്ഥലം. വാജിദ് അലിയുടെ കരിയറിൽ കൊൽക്കത്തയിലെ പ്രസിഡൻസി മജിസ്ട്രേറ്റ് എന്ന പദവിയും ബംഗാളി സാഹിത്യത്തെ മുസ്ലിം ചിന്തയുമായി സമന്വയിപ്പിക്കുന്ന കൃതികളുടെ രചനയും ഉൾപ്പെടുന്നു, പരമ്പരാഗത ഫ്യൂഡൽ ഘടനകളെക്കാൾ വിദ്യാഭ്യാസത്തിനും സാംസ്കാരികോൽപാദനത്തിനും പ്രാധാന്യം നൽകിയ പുരോഗമന വൃത്തങ്ങളിൽ കുടുംബത്തെ പ്രതിഷ്ഠിച്ചു. ഇംഗ്ലണ്ടിലെ പഠനകാലത്ത് കണ്ടുമുട്ടിയ ഇംഗ്ലീഷ് നഴ്സായിരുന്നു ബീഗത്തിന്റെ അമ്മ എലീനർ സാക്സ്ബി (നെല്ലി എലിനോർ അല്ലെങ്കിൽ ഖോഡേജ എന്നും അറിയപ്പെടുന്നു) വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ചു, ബംഗാളി ചിന്തകർക്കായി സലൂണുകൾ നടത്തുന്ന കുടുംബത്തിന് സംഭാവന നൽകി. അങ്ങനെ അക്കാലത്തെ മുസ്ലിം കുടുംബങ്ങൾക്ക് അസാധാരണമായ സാംസ്കാരിക വിനിമയ അന്തരീക്ഷം വളർത്തിയെടുത്തു. അച്ഛനമ്മമാരുടെ എഴുത്ത് പ്രോത്സാഹനത്താൽ അടയാളപ്പെടുത്തിയ ദ്വിഭാഷാ‐ബൗദ്ധികോർജ പശ്ചാത്തലം – സാഹിത്യത്തിലേക്കും സംവാദങ്ങളിലേക്കും മകളെ തുറന്നുകൊടുത്തു. കൊൽക്കത്തയിലെ കത്തോലിക്കാ പെൺകുട്ടികളുടെ സ്കൂളായ ലോറെറ്റോ ഹൗസ് കോൺവെന്റിൽ സൈബ്-ഉന്നിസ ഹമീദുള്ള ഔപചാരിക വിദ്യാഭ്യാസം നേടുകയും ബ്രിട്ടീഷ് കൊളോണിയൽ സമ്പ്രദായത്തിന് കീഴിലെ സെക്കൻഡറി സ്കൂൾ യോഗ്യതയ്ക്ക് തുല്യമായ സീനിയർ കേംബ്രിജ് പരീക്ഷകൾ പൂർത്തിയാക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷാ പഠനം, സാഹിത്യം, ചരിത്രം എന്നിവയ്ക്ക് ഊന്നൽ നൽകിയ സ്ഥാപനം അടിസ്ഥാന കഴിവുകൾക്ക് പ്രചോദനമായി. വായനയിലൂടെയും സാഹിത്യ കുടുംബ സ്വാധീനത്തിലൂടെയും അനൗപചാരിക വിദ്യാഭ്യാസം. കോൺവെന്റ് അധിഷ്ഠിത ഔപചാരിക പരിശീലനത്തിന്റെയും വീട്ടിൽനിന്നുള്ള ബൗദ്ധിക ഉത്തേജനത്തിന്റെയും സംയോജനം വിശകലന സമീപനം വളർത്തി, ജ്ഞാനോദയ ആശയങ്ങളുമായും പരമ്പരാഗത പാണ്ഡിത്യവുമായുമുള്ള ആദ്യകാല അനുഭവങ്ങളെ സ്ത്രീകൾക്കുള്ള സാംസ്കാരിക തടസ്സങ്ങളെ വെല്ലുവിളിക്കുന്ന തുടർന്നുള്ള രചനകളുമായി ബന്ധപ്പെടുത്തുകയുമുണ്ടായി.

വിപുലവും സമ്പന്നവുമായ ഹോം ലൈബ്രറി സാംസ്കാരികാന്തരീക്ഷം നിലനിർത്തി
പാശ്ചാത്യ ക്ലാസിക്കുകൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ, ബംഗാളി സാഹിത്യം എന്നിവ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാൽ വിപുലവും സമ്പന്നവുമായ അച്ഛന്റെ ഹോം ലൈബ്രറി സാംസ്കാരികാന്തരീക്ഷം നിലനിർത്തി. സമൂഹത്തെയും ലിംഗഭേദത്തെയും കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണകോണുകളിലേക്ക് വഴികാട്ടിയ ബുദ്ധിജീവികളുമായി ചർച്ചകളും സംവാദങ്ങളും. 1951- ൽ വാജിദ് അലിയുടെ മരണശേഷം അമ്മയുടെ പുനർവിവാഹത്തിൽ മൂന്ന് സഹോദരന്മാരുണ്ടായി. നന്നേ ചെറുപ്പത്തിലേ ബീഗം എഴുതാൻ തുടങ്ങി, അമ്മ ഇംഗ്ലീഷിലും അച്ഛൻ ബംഗാളിയിലും അടിത്തറപാകി. ഉൾവലിഞ്ഞ ആദ്യകാല പ്രകൃതമാണ് അവളെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള മാർഗമായി കവിതയിൽ എത്തിച്ചത്. ബംഗാളിലെയും പഞ്ചാബിലെയും കുഗ്രാമങ്ങളിലേക്കുള്ള യാത്രകൾ പിൽക്കാല എഴുത്തിനെ സ്വാധീനിച്ചു; അച്ഛന്റെ ജന്മസ്ഥലമായ ബംഗാൾ ഗ്രാമം ബോറോട്ടാജ്പൂർ (ഹൂഗ്ലിയിലെ ജനായിക്ക് സമീപം) ഉൾപ്പെടെ. 1933- ൽ 15-‐ാം വയസ്സിൽ ബോംബെ കേന്ദ്രമായ ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. 18-‐ാം വയസ്സിൽ ഇംഗ്ലണ്ടിലെ ഡെയ്ലി മിറർ സ്പോൺസർചെയ്ത മത്സരത്തിൽ ദി സ്റ്റാർ ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച കവിത സമ്മാനം നേടി. 1940- ൽ പഞ്ചാബുകാരനായ കൊൽക്കത്ത വിദ്യാർഥി ഖലീഫ മുഹമ്മദ് ഹമീദുള്ളയെയാണ് ബീഗം വിവാഹം കഴിച്ചത്. അക്കാലത്തെപ്പോലെ അറേഞ്ച്ഡ് ബന്ധമായിരുന്നില്ല. 1942- ൽ പഞ്ചാബിലേക്ക് താമസം മാറിയശേഷം അവൾ മാനസിക പ്രയാസത്തിലായി. ആംഗ്ലോ-ഇന്ത്യൻ പശ്ചാത്തലത്തിൽ വളർന്നതിനാൽ ഭർത്താവിന്റെ വലിയ പഞ്ചാബി കുടുംബത്തിന്റെ വളരെ വ്യത്യസ്തമായ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായി. ദി യങ് വൈഫിന്റെ ആമുഖത്തിൽ സമ്മതിച്ചതുപോലെ, ഒത്തുപോകാൻ സമയമെടുത്തു. ഭർത്താവിന്റെ അച്ഛൻ ഖലീഫ മുഹമ്മദ് അസദുള്ള അറിയപ്പെടുന്ന പഞ്ചാബി കുടുംബാംഗവും കൊൽക്കത്ത ഇംപീരിയൽ ലൈബ്രറി ലൈബ്രേറിയനുമായിരുന്നു. ബീഗത്തിന്റെ എല്ലാ പുസ്തകങ്ങളും ഖലീഫ മുഹമ്മദിനാണ് സമർപ്പിച്ചിരുന്നത്. അവരുടെ സാഹിത്യകൃതികൾ സ്ത്രീവാദത്തിന്റെയും സാംസ്കാരിക വിമർശനത്തിന്റെയും പ്രമേയങ്ങൾ പ്രതിഫലിപ്പിക്കുകയും ദക്ഷിണേഷ്യൻ സമൂഹത്തിലെ ലിംഗ വിവേചനത്തെ കുറിച്ചുള്ള ആദ്യകാല ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. രാഷ്ട്രീയ നിരൂപകയും സ്ത്രീ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട പ്രതിഭയുമായി. പുരുഷാധിപത്യമുള്ള മേഖലയിലെ പരമ്പരാഗത തടസ്സങ്ങളെ വെല്ലുവിളിച്ചു, അക്കാലത്ത് അത്തരം നിലപാടുകൾക്ക് പരിമിതമായ സ്ഥാപന പിന്തുണയേ ഉണ്ടായിരുന്നുള്ളൂ.

ദി ഇന്ത്യൻ ബൊക്കെയും ലോട്ടസ് ലീവ്സും
സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ബീഗം കവയിത്രിയെന്ന നിലയിൽ പ്രശസ്തി നേടി. 1943ൽ കൊൽക്കത്തയിൽ അച്ഛന്റെ പ്രസിദ്ധീകരണശാല ഗുലിസ്താൻ പബ്ലിഷിങ് ഹൗസ് ‘ദി ഇന്ത്യൻ ബൊക്കെ’ (ഇന്ത്യൻ പൂച്ചെണ്ട്) എന്ന ശീർഷകത്തിൽ സമാഹാരമിറക്കി. അത് വാണിജ്യ വിജയം നേടുകയും രണ്ടാമത്തെ പുസ്തകം ‘ലോട്ടസ് ലീവ്സ്’ (1946) രചിക്കാൻ പ്രേരണയാവുകയും ചെയ്തു. വളരെ ജനപ്രിയമായിരുന്ന ദി ഇന്ത്യൻ ബൊക്കെയുടെ ആദ്യ പതിപ്പ് മൂന്ന് മാസത്തിനുള്ളിൽ വിറ്റുതീർന്നു. കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു, വായനക്കാരും ഏറി. വിഭജനത്തിനു മുമ്പ് ഇന്ത്യയിൽ പത്രങ്ങളിൽ പതിവായി ലേഖനങ്ങളും കഥകളും നൽകിവന്നു. ഇന്ത്യൻ സ്വയംഭരണത്തിനായുള്ള പദ്ധതി ചർച്ചചെയ്യാൻ 1945- ജൂൺ 25 മുതൽ ജൂലൈ 14 വരെ സിംലയിലെ വൈസ് റീഗൽ ലോഡ്ജിൽ വൈസ്രോയി ഫീൽഡ് മാർഷൽ ആർക്കിബാൾഡ് പെർസിവൽ വേവൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിന് രാഷ്ട്രീയ നേതാക്കൾ ഒത്തുചേർന്നപ്പോൾ ബീഗവും ഭർത്താവും അവിടെയുണ്ടായി. ആ ദിനങ്ങളിൽ ഫാത്തിമ ജിന്നയെ കണ്ടുമുട്ടി ഇരുവരും ചങ്ങാത്തത്തിലായി. അതിലൂടെ മുഹമ്മദാലി ജിന്നയുമായി പ്രത്യേക അഭിമുഖം നടത്താൻ അവസരമൊരുങ്ങി. അത് യുവ സൈബ്- ഉന്നിസ്സയുടെ കരിയറിലെ നാഴികക്കല്ലായിരുന്നു, കൂടാതെ ഇന്ത്യയിലുടനീളം പ്രശസ്തിയിലേക്ക് എത്തിക്കുകയും ചെയ്തു. മുഹമ്മദാലി ജിന്നയുമായി സൗഹൃദത്തിലായതും എടുത്തു പറയണം. 1947- ൽ ഭർത്താവിനൊപ്പം കറാച്ചിയിലേക്ക് മാറിയ ബീഗം, 1941 ഒക്ടോബർ 26 ന് മുഹമ്മദാലി ജിന്ന സ്ഥാപിച്ച ‘ദി ഡോൺ’ പത്രത്തിൽ ‘ത്രൂ എ വുമൺസ് ഐസ്’(ഒരു സ്ത്രീയുടെ കണ്ണുകളിലൂടെ) ആഴ്ചപംക്തി എഴുതാൻ തുടങ്ങി. എഡിറ്റർ നിർദേശിച്ച മാനദണ്ഡങ്ങളിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയമായ ആശങ്കകളിൽ ഊന്നി. 1951 ൽ പാക്കിസ്ഥാനിലെ അന്നത്തെ ദുർഭരണത്തെക്കുറിച്ച് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കാൻ പത്രാധിപർ അൽത്താഫ് ഹുസൈൻ വിസമ്മതിച്ചു. മെയ് 12-ന് ന്യൂസ് എഡിറ്റർ അയച്ച കത്തിലത് വ്യക്തം. കഴിഞ്ഞ ആഴ്ചയിലെ നിങ്ങളുടെ ലേഖനം ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നത് ശ്രദ്ധിച്ചുകാണുമല്ലോ?. സ്ത്രീകളുടേതല്ലാത്ത മറ്റ് പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിച്ചതായിരുന്നു കാരണം. നിങ്ങളുടെ പംക്തി സ്ത്രീപ്രശ്നങ്ങളിൽ മാത്രം പരിമിതപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു ഉള്ളടക്കം. ബീഗത്തിന്റെ പ്രതികരണത്തിൽ അദ്ദേഹം തൃപ്തനായില്ല. തുടർന്ന് നിബന്ധനകൾ ഒഴിവാക്കാൻ വനിതാ പത്രപ്രവർത്തകർക്കുള്ള വേദിയായി 1952ൽ ദക്ഷിണേഷ്യയിലെ ആദ്യ സോഷ്യൽ ഗ്ലോസി മാസിക ദി മിറർ സ്ഥാപിച്ചു. പാചകത്തെപ്പറ്റി എഴുതാൻ ആവശ്യപ്പെട്ട എഡിറ്റർ ആകസ്മികമായി പാക്കിസ്ഥാനിലെ ഏറ്റവും നിർഭയയായ പത്രപ്രവർത്തകയെ സൃഷ്ടിച്ചുവെന്നാണ് ഒരു വിലയിരുത്തൽ.

അമേരിക്കയിലെ അറുപത് ദിവസം
പാക്കിസ്ഥാനിൽൽനിന്ന് ഈജിപ്തിലെ കെയ്റോയിലേക്ക് അയച്ച ഔദ്യോഗിക സംഘത്തിൽ ഉൾപ്പെട്ട ആദ്യ വനിതാ എഡിറ്ററായി ബീഗം. പ്രശസ്തമായ അൽ-അസ്ഹർ സർവകലാശാലയിൽ പ്രസംഗിച്ച ആദ്യ സ്ത്രീയും. അറബി സാഹിത്യത്തിനും സുന്നി ഇസ്ലാമിക പഠനത്തിനുമുള്ള ലോകത്തിലെ പ്രമുഖ കേന്ദ്രമായി 970-ൽ ഫാത്തിമിഡ് രാജവംശം സ്ഥാപിച്ചതാണത്. പാക്കിസ്ഥാന്റെ പൊതുരംഗത്ത് വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭാ ധനസഹായത്തോടെ നടത്തിയ സെമിനാറിലും ബീഗം പങ്കെടുത്തു. 1956-ൽ യുഎസ് സർക്കാർ ധനസഹായം നൽകിയ വേൾഡ് ലീഡേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിദേശ നേതൃത്വ വിനിമയ പരിപാടിയോടനുബന്ധിച്ച് അമേരിക്ക സന്ദർശിച്ചതിന്റെ രേഖയാണ് ‘സിക്സ്റ്റി ഡേയ്സ് ഇൻ അമേരിക്ക’ (അമേരിക്കയിലെ അറുപത് ദിവസം‐1956) യാത്രാവിവരണം. അമേരിക്ക ഉൾപ്പെടുന്ന ലോകവീക്ഷണത്തിന്റെ തന്ത്രപരമായ പുനർനിർമാണത്തിന്റെ ആഖ്യാനാത്മക വിശകലനത്താലും അത് തിളങ്ങി. ഒരു ലോകവീക്ഷണം തേടാൻ ശ്രമിച്ച യാത്രാവിവരണം രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ ചരിത്രസന്ദർഭവൽക്കരണത്തിലെ വ്യവഹാരത്തെയും പഠിച്ചു. അതൊരു പുതിയ വിശകലന രീതിയാണ്. സാമ്രാജ്യത്വ സമ്മർദ്ദത്തിൽ ജീവിക്കുന്ന ആധിപത്യവൽക്കരിക്കപ്പെട്ട മൂന്നാം ലോക ജനതയുടെ വിവരണങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കാവുന്ന നിരവധി സാങ്കേതിക വിദ്യകളും കാണാം. ലോക പ്രശസ്തയായ പോപ്പ് ഐക്കൺ മെർലിൻ മൺറോയെന്ന് വിഖ്യാതയായ നോർമ ജീൻ മോർട്ടെൻസണെ ബീഗം കണ്ടുമുട്ടുകയുണ്ടായി, ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. ആ യാത്രയിൽ റൊമാനിയൻ-‐അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നോയർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയുംചെയ്ത ജീൻ നെഗുലെസ്കോയെ പോലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും 1948 ജൂൺ 20 മുതൽ 1971 മാർച്ച് 28 വരെ സിബിഎസ്-എൽ പ്രദർശിപ്പിച്ച ടെലിവിഷൻ പരിപാടിയായ എഡ് സള്ളിവൻ ഷോയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. യാത്രയ്ക്കിടെ ദി ടൈംസ് ഓഫ് കറാച്ചി പത്രത്തിന് എഴുതിയ പരമ്പരയാണ് പുസ്തകമായത്. രാജ്യത്തെ അച്ചടി പത്രപ്രവർത്തനത്തിന്റെ പയനിയറും മുഹമ്മദാലി ജിന്നയുമായി അടുത്ത് പ്രവർത്തിച്ചയാളുമായ എഡിറ്റർ ഇസഡ് എ സുലേരി എന്നറിയപ്പെടുന്ന സിയാവുദ്ദീൻ അഹമ്മദ് സുലേരി അതിന് അനുമതി നൽകി. അടുത്ത വർഷം “പൊതുജീവിതത്തിൽ ഏഷ്യൻ സ്ത്രീകളുടെ പൗര ഉത്തരവാദിത്തങ്ങളും വർധിച്ച പങ്കാളിത്തവും’ എന്ന വിഷയത്തിൽ യുഎൻ സ്പോൺസർ ചെയ്ത സെമിനാറിൽ ബീഗം പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു.
സുഹ്റവർദിയുടെ രാജിയിലേക്ക്
1957-ൽ ദി മിററിനുവേണ്ടി ബീഗം നടത്തിയ സത്യസന്ധമായ എഡിറ്റോറിയൽ അഭിപ്രായം വിവാദങ്ങൾക്ക് വഴിവച്ചു. സാമൂഹിക മാസികയാണെന്ന് പ്രത്യക്ഷത്തിൽ തോന്നിയെങ്കിലും ശക്തമായ രാഷ്ട്രീയ തുറന്നുപറച്ചിലുകൾ കോളിളക്കങ്ങളുണ്ടാക്കി. പ്രസിഡന്റ് ഇസ്കന്ദർ മിർസ, അയൂബ് ഖാൻ തുടങ്ങിയ ശക്തരായ നേതാൾക്കെതിരായ കടുത്ത വിമർശനങ്ങൾ പലതവണ മാസികയെ തടസപ്പെടുത്തി. മേജർ പ്രസിഡന്റ് ഇസ്കന്ദർ മിർസയുടെ സമ്മർദ്ദവും പുറത്താക്കൽ ഭീഷണിയും കാരണം 1956 സെപ്തംബറിൽ സ്ഥാനമേറ്റ പാക്കിസ്ഥാന്റെ അഞ്ചാമത് പ്രധാനമന്ത്രി പദവിയിൽനിന്ന് ഹുസൈൻ ഷഹീദ് സുഹ്റവർദി 1957 ഒക്ടോബർ 11 ന് രാജിവയ്ക്കാൻ നിർബന്ധിതനായി. ഇസ്കന്ദർ മിർസയുടെ ശാഠ്യങ്ങളെ ബീഗം വിമർശിച്ചത് വലിയ പ്രശ്നമായി. ശിക്ഷാ നടപടിയായി ദി മിറർ ആറ് മാസത്തേക്ക് നിരോധിച്ചു. പരസ്യമായ ക്ഷമാപണത്തോടെ വിഷയം അവസാനിപ്പിക്കാമെന്ന നിർദേശത്തിന് വഴങ്ങിയില്ല. ഭരണഘടനാ അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന അള്ളാ ബുഖ്ഷ് ബ്രോഹിയുടെ ഉപദേശപ്രകാരം സുപ്രിംകോടതിയിൽ അപ്പീൽ നൽകി. മിറർ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പാക്കിസ്ഥാനിൽ പത്ര സെൻസർഷിപ്പിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെ ധിക്കരിക്കുന്ന ആദ്യ വനിതാ പത്രപ്രവർത്തകയെന്ന പരാമർശം ലഭിക്കുകയുംചെയ്തു ബീഗത്തിന്. ഹർജിയുടെ ചെലവ് നൽകാനും ഉത്തരവിട്ടത് പത്രപ്രവർത്തന ചരിത്രത്തിൽ ഇടം നേടി, പാക്കിസ്ഥാൻ സുപ്രിം കോടതിയിൽ കേസ് ജയിച്ച ആദ്യ വനിതാ പത്രപ്രവർത്തക എന്ന ബഹുമതിയ്ക്കും അർഹയായി. ഈ കാലയളവിൽ അയൂബ് ഖാന്റെ ഭരണരീതിയെക്കുറിച്ച് വളരെ വിമർശനാത്മകമായ എഡിറ്റോറിയലുകളുടെ പരമ്പരതന്നെ അവർ എഴുതി, “ദയവായി മിസ്റ്റർ പ്രസിഡന്റ്’ എന്ന അഭിസംബോധനയോടെ 1962 ഒക്ടോബറിൽ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് തെരുവുകളിൽ രക്തം പുരണ്ടതിനെക്കുറിച്ച് എഴുതിയ തുറന്ന കത്തിനൊപ്പം പ്രതിഷധ സൂചകമായി അദ്ദേഹത്തിന്റെ ഫോട്ടോ തലകീഴായി അച്ചടിച്ചു.അയൂബ് ഖാൻ അവരെ വിളിച്ച് കത്തിന് പരസ്യമായി മറുപടി നൽകി. കാരണം അത് അവഗണിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു.ദി മിറർ രണ്ടുപ്രാവശ്യം നിരോധിക്കപ്പെട്ടു. സർക്കാർ പരസ്യം പിൻവലിച്ചു. 1969-ൽ വീണ്ടും സമാന മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ഇല്ല, നന്ദി സർ. താങ്കൾ പ്രസിഡന്റായി തുടരുന്നിടത്തോളം പാക്കിസ്ഥാൻ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും എന്നായി കടന്നാക്രമണം. 1958-ൽ ഒക്ടോബർ 27 ന് അട്ടിമറിയിലൂടെ പ്രസിഡന്റ് ഇസ്കന്ദർ മിർസയെ സ്ഥാനഭ്രഷ്ടനാക്കിയാണ് ഖാൻ അധികാരം പിടിച്ചത്. 1969-ൽ രാജ്യവ്യാപക ബഹുജന പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കുമിടയിൽ രാജിവച്ച് ഭരണം ആർമി കമാൻഡർ ജനറൽ യഹ്യ ഖാന് കൈമാറി. തുടർന്ന് അദ്ദേഹം പട്ടാള നിയമം പ്രഖ്യാപിച്ചു.

‘ദി യങ് വൈഫ് ആൻഡ് അദർ സ്റ്റോറീസ്’ സമാഹാരം
1958-ൽ ബീഗം ‘ദി യങ് വൈഫ് ആൻഡ് അദർ സ്റ്റോറീസ്’ (യുവ ഭാര്യയും മറ്റ് കഥകളും) 15 ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. തന്റെ പത്രപ്രവർത്തനം സാഹിത്യത്തിന് പകരമാവില്ലെന്ന് അച്ഛൻ ആശങ്ക പുലർത്തിയതായി ആമുഖത്തിൽ വെളിപ്പെടുത്തി. വൈവിധ്യമാർന്ന പ്രമേയങ്ങളാണതിൽ. ‘ദി യങ് വൈഫ്’ യാഥാസ്ഥിതിക മൂല്യങ്ങൾ ധിക്കരിക്കാൻ ഒരു പെണ്ണെടുക്കുന്ന തീരുമാനത്തെയും നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹത്തിന്റെ ചാഞ്ചാട്ടങ്ങളെയും ചിത്രീകരിക്കുന്നു. ലിംഗപരമായ ഏറ്റുമുട്ടലുകളുടെ അസ്വസ്ഥമായ വ്യാപ്തി തുറന്നുകാട്ടുന്ന പ്രണയകഥയാണ് ‘ദി ബുൾ ആൻഡ് ദി ഷീ-ഡെവിൾ’. ‘നോ മ്യൂസിക് ബിഫോർ ദി മോസ്ക്’ യാഥാസ്ഥിതിക സമൂഹത്തിൽ സംഗീതത്തിൽ അന്തർലീനമായ അനുവദനീയതയെക്കുറിച്ചുള്ള ചർച്ചകൾ പര്യവേക്ഷണം ചെയ്തു. വായനക്കാരുടെ ആവശ്യം പരിഗണിച്ച് 1971- ലും 1987- ലും രണ്ടും മൂന്നും പതിപ്പുകൾ യഥാക്രമം അച്ചടിച്ചു. നാലാം പതിപ്പ് 2008 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സാണ് പുറത്തിറക്കിയത്. ദി ഫ്ലൂട്ട് ഓഫ് മെമ്മറി(1964), പോയംസ് (1972) എന്നിവ മറ്റ് സമാഹാരങ്ങൾ. സ്വദേശത്തെയും വിദേശത്തെയും പത്രങ്ങളിൽനിന്നും ആനുകാലികങ്ങളിൽ നിന്നുമുള്ള പ്രമുഖ നിരൂപകർ അതിലെ ചില കഥകളെ പാക്കിസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ നിർമാണങ്ങളെന്ന് വിശേഷിപ്പിച്ചു. പത്രപ്രവർത്തനത്തിനും സാഹിത്യത്തിനും പുറമേ 1966 ‐71 കാലയളവിൽ മിറർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരണ ഗൃഹവും നടത്തി. ആ കാലയളവിൽ സർക്കാർ ബീഗത്തെ നിരവധി അന്താരാഷ്ട്ര പത്ര സംഘങ്ങളിൽ ഉൾപ്പെടുത്തി. 1970- ലെ പ്രത്യേക സെഷനിൽ രാജ്യ പ്രതിനിധി സംഘത്തിന്റെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് പ്രതിനിധീകരിക്കുകയുമുണ്ടായി. പാക്കിസ്ഥാൻ വർക്കിങ് വിമൻസ് അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളും ഫാത്തിമ ജിന്ന, ബീഗം റാണ ലിയാഖത്ത് അലി ഖാൻ, ഹക്കീം സെയ്ദ്, സലീമ അഹമ്മദ്, അർദേശിർ കോവാസ്ജി, ഹാഷിം റാസ, ഷൈസ്ത ഇക്രമുള്ള, ജമീലുദ്ദീൻ ആലി, സഹബ്സാദ യാക്കൂബ്-ഖാന്റെ സഹോദരി ജഹാനാര ഹബീബുള്ള തുടങ്ങിയവർ അടുത്ത സുഹൃത്തുക്കളുമായി. കറാച്ചി ബിസിനസ് ആൻഡ് പ്രൊഫഷണൽ വനിതാ ക്ലബ്ബിന്റെ സ്ഥാപകാംഗവും ആദ്യ പ്രസിഡന്റുമായിരുന്നു ബീഗം. തുടർച്ചയായി രണ്ട് പ്രാവശ്യം ആ സ്ഥാനം വഹിച്ചു. കറാച്ചിയിലെ വനിതാ ഇന്റർനാഷണൽ ക്ലബ്ബിന്റെ ആദ്യ അധ്യക്ഷ, ഹോർട്ടികൾച്ചറൽ സൊസൈറ്റി അംഗം, ഫ്ലവർ ഷോ കമ്മിറ്റി ആദ്യ വനിതാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. റാണ ലിയാഖത്ത് അലി ഖാൻ സ്ഥാപിച്ച എപിഡബ്ല്യുഎ എന്ന സംഘടനയിലും സുപ്രധാന പങ്കുവഹിച്ചു.
ബംഗ്ലാദേശ് സർക്കാരിനെ അഭിനന്ദിച്ച് ടെലിഗ്രാം
1947- ലെ വിഭജനം കുടുംബ അസ്ഥിരത കൂടുതൽ വഷളാക്കി, കൂട്ട ക്കുടിയേറ്റങ്ങളും സാമ്പത്തിക പ്രക്ഷോഭങ്ങളും. സ്വാതന്ത്ര്യലബ്ധിക്കുശേഷം പൊട്ടിപ്പുറപ്പെട്ട വർഗീയാക്രമങ്ങൾക്കിടയിൽ ഇന്ത്യയിൽനിന്ന് അതിർത്തി കടന്നുവരുന്ന അഭയാർത്ഥികളെ ബീഗവും ഭർത്താവ് ഖലീഫ മുഹമ്മദ് ഹമീദുള്ളയും സജീവമായി സഹായിച്ചു. ബാറ്റാ ഷൂ കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവായിരുന്ന അദ്ദേഹത്തെ 1971- ൽ അയർലണ്ടിലേക്ക് മാറ്റിയതിനെത്തുടർന്ന് ദി മിറർ പൂട്ടേണ്ടിവന്നു. രണ്ട് പെൺമക്കളും മാസിക ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ ബീഗം അത് അവസാനിപ്പിച്ച് പ്രസ്സ് വിറ്റു. 1971 ൽ കിഴക്കൻ പാക്കിസ്ഥാൻ വേർപിരിഞ്ഞ് പുതിയ രാജ്യമായി. ഒരു പതിറ്റാണ്ടിനുശേഷം പാക്കിസ്ഥാനിലേക്ക് മടങ്ങിയപ്പോൾ അത് ഇനി ബംഗാളിയെന്ന അസ്തിത്വത്തിൽ ഒതുങ്ങുന്നില്ലെന്ന് മനസിലാക്കി. രാഷ്ട്രീയ ഒഴിവാക്കൽ, 1971 മാർച്ച് 25 ന് പാക്കിസ്ഥാൻ സൈന്യം പ്രഖ്യാപിച്ച ഓപ്പറേഷൻ സെർച്ച്ലൈറ്റ് സൈനിക അടിച്ചമർത്തൽ, നിർണായക ഇന്ത്യൻ സൈനിക ഇടപെടൽ എന്നിവയിലൂടെയാണ് 1971- ൽ ബംഗ്ലാദേശ് രൂപീകരണം സാധ്യമായത്. ഒമ്പത് മാസത്തെ പോരാട്ടം 1971 ഡിസംബർ 16-ന് ധാക്കയിൽ 93000 പാക്കിസ്ഥാൻ സൈനികർ കീഴടങ്ങിയതോടെ അവസാനിച്ചു. 1970 മുതൽ 1971 വരെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്കുള്ള പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിന്റെ ഡെപ്യൂട്ടി ലീഡറായിരുന്ന ബീഗം ആഭ്യന്തര കലാപത്തിനും തുടർന്നുള്ള ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും ശേഷം പുതിയ സർക്കാരിനെ അഭിനന്ദിച്ച് ടെലിഗ്രാം അയച്ചു, പക്ഷേ പാക്കിസ്ഥാനിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 1970-കളിൽ ഭൂരിഭാഗവും ബീഗവും ഭർത്താവും അയർലണ്ടിലെ ഡബ്ലിനിലാണ് താമസിച്ചത്, അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാൻ അവർ കരിയർ മാറ്റിവച്ചു, പതിവായി പാക്കിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. ദശാബ്ദത്തിന്റെ അവസാനത്തോടെ തിരിച്ചെത്തി ജാങ് ഗ്രൂപ്പ് ഓഫ് ന്യൂസ്പേപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള കറാച്ചിയിലെ മോർണിങ് ന്യൂസ് ഇംഗ്ലീഷ് മാസികയ്ക്ക് പംക്തി എഴുതാൻ ആരംഭിച്ചു. പാക്കിസ്ഥാൻ സമൂഹത്തിന്റെ രാഷ്ട്രീയമടക്കമുള്ള വശങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടേയിരുന്നതിനാൽ കൂടുതൽ ഒറ്റപ്പെടാൻ തുടങ്ങി. പാക്കിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് മാസികയായ മാഗിനുവേണ്ടി “തിങ്കിങ് എലൗഡ്’ (ഉറക്കെ ചിന്തിക്കുക)എന്ന ശീർഷകത്തിലെ പംക്തിയും ശ്രദ്ധേയം. ഹൃദയാഘാത്തെ തുടർന്ന് 1983- ലെ ഭർത്താവിന്റെ വിയോഗം ദുഃഖത്തിലാഴ്ത്തിയ ബീഗം പൊതുജീവിതത്തിൽനിന്ന് ഏറെക്കുറെ വിട്ടുനിന്നു. തന്റെ പിൽക്കാല കരിയറിലെ ഏറ്റവും പ്രശസ്തമായ ലേഖനമായി മാറാൻ പോകുന്ന ഒന്നെഴുതി. ഭർത്താവിന്റെ മരണത്തിന് തൊട്ടടുത്ത ദിവസം മോർണിങ് ന്യൂസിൽ ആ ആത്മപരിശോധനാ കുറിപ്പ് പ്രസിദ്ധീകരിച്ചു. വ്യക്തിപരമായ നഷ്ടം മുൻകാല കുടുംബ സമ്മർദ്ദങ്ങളെ ദീർഘകാല ഏകാന്തതയിലേക്ക് എങ്ങനെ അടുപ്പിച്ചെന്ന് എടുത്തുകാണിച്ചു; പെൺമക്കളായ നിലോഫറും യാസ്മിനും അമ്മയുടെ പ്രൊഫഷണൽ മേഖലയിൽ ഇടപെടാത്തത് പരമ്പരാഗത പാതകളെ സൂചിപ്പിക്കുന്നു. അവർ മാധ്യമങ്ങളിലോ രാഷ്ട്രീയത്തിലോ പ്രവേശിച്ചില്ല. 2000 സെപ്തംബർ 10 ന് 81 ‐ാം വയസ്സിൽ ബീഗം നിര്യാതയായി; സ്ത്രീവാദ പ്രതീകമായും പത്രസ്വാതന്ത്ര്യത്തിന്റെ കോട്ടയായും എക്കാലവും തിളങ്ങിനിൽക്കും അവർ. തന്റെ കാലത്തെ രാഷ്ട്രീയ, സാമൂഹിക മാനദണ്ഡങ്ങളെ നിർഭയമായി വെല്ലുവിളിക്കുകയും തടസ്സങ്ങൾ തകർക്കുകയും ചെയ്ത പോരാളിയെന്നും ഓർമിക്കപ്പെടും. ഡോൺ പത്രത്തിലെ ചരമക്കുറിപ്പിൽ ജീവിതത്തിലുടനീളം അവർ പ്രകടിപ്പിച്ച ബോധ്യത്തിന്റെയും സ്വഭാവത്തിന്റെയും കരുത്തിനെ വിമർശകർ പോലും പ്രശംസിച്ചുവെന്നാണുണ്ടായത്. മറ്റൊരു പത്രത്തിലെ അനുശോചിച്ചത്, പാക്കിസ്ഥാനിലെ പ്രത്യേക തരം പത്രപ്രവർത്തനത്തിലെ അവരുടെ പയനിയറിങ് പങ്കിനും ശക്തയും ധീരയുമായ എഴുത്തുകാരിയെന്ന നിലയിലും സമാനതകളില്ലെന്നാണ്.







No Comments yet!