Skip to main content

വെള്ളിത്തിരയിലെ കണ്ണീർക്കഥകൾ

പരാജയം ഗുരുവായിരിക്കണം, നമ്മുടെ ചുമതലക്കാരനല്ല. തോൽവി കാലതാമസമാണ്. അതൊരു താൽക്കാലിക വഴിത്തിരിവും; അവസാനമല്ല. ഒന്നും പറയാതെയും ചെയ്യാതെയും ഒന്നുമല്ലാതിരിക്കുന്നതിലൂടെയും മാത്രമേ പരാജയം ഒഴിവാക്കാൻ കഴിയൂവെന്ന്‌ പ്രസ്‌താവിച്ചത്‌ അമേരിക്കൻ പ്രചോദനാത്മക പ്രഭാഷകനും എഴുത്തുകാരനുമായ ഡെനിസ് ഇ വെയ്റ്റ്‌ലി. ലോകത്തിലെ മികച്ച അഭിനേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്‌, അസാമാന്യ പ്രതിഭകൾ; പക്ഷേ അവർക്ക്‌ സ്വന്തം വീടില്ലെന്ന്‌ എഴുതിയതാവട്ടെ രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും നാല് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അമേരിക്കൻ നടിയും ഗായികയുമായ ലോറാ ലെഗെറ്റ് ലിന്നെ. അമിതാഭ് ബച്ചനെ സ്വാധീനിച്ച, മഹാത്മാഗാന്ധിയുടെ പ്രശംസ നേടിയ മുറാദ് എന്നറിയപ്പെടുന്ന ഹമീദ് അലി ഖാൻ മുറാദ് ഹിന്ദി ചലച്ചിത്രത്തിന്റെ സുവർണ കാലഘട്ടത്തിലെ പ്രധാന സ്വഭാവ നടനായിരുന്നു. മുഗൾ- ഇ-അസംപോലുള്ള നൂറുകണക്കിന് ഹിന്ദി ചിത്രങ്ങളിലൂടെ വിശാല കരിയർ സ്ഥാപിക്കുംമുമ്പാണ്‌ ഗാന്ധിജി ഹൃദയത്തിൽ ചേർത്തത്‌. ഷഹൻഷാ പോലുള്ള ക്ലാസിക് ചിത്രങ്ങളിൽ മുറാദിനൊപ്പം പങ്കിട്ട നിമിഷങ്ങൾ ബച്ചൻ ഓർത്തെടുക്കാറുണ്ട്‌. 1972-ലെ ഏക് നസർ എന്ന റൊമാന്റിക് ചിത്രം പ്രത്യേകം സ്‌മരിക്കുമായിരുന്നു. 1970 കളിലും 80 കളിലും നമക് ഹറാം , ജാദുഗർ എന്നിവയുൾപ്പെടെ നിരവധി ഐക്കണിക് ഹിന്ദി സിനിമകളിൽ ഇരുവരും ഒരുമിച്ചു. നാല് പദശാബ്ദത്തിലേറെ വിസ്‌തൃതമായ കരിയറിൽ അഞ്ഞൂറി ലേറെ ചിത്രങ്ങളിൽ മുറാദ്‌ വേഷമിട്ടു. കണിശക്കാരനായ അച്ഛൻ, ജഡ്ജി, ചക്രവർത്തി, മഹാരാജാവ്‌ അല്ലെങ്കിൽ പൊലീസ് കമ്മീഷണർ തുടങ്ങിയ നിലകളിൽ അഭിനയിച്ച്‌ വെള്ളിത്തിരയിലെ ആധികാരിക സാന്നിധ്യമായി. 1911 സെപ്‌തംബർ 24 ന് ഉത്തർപ്രദേശിലെ റാംപൂരിൽ ജനിച്ച്‌ അലിഗഡ് മുസ്ലിം സർവകലാശാലയിലെ മിന്റോ സർക്കിളിൽ (എസ്ടിഎസ് ഹൈസ്കൂൾ) പഠിച്ചു. 1938-ൽ റാംപൂർ നവാബ്‌ നവാബ് റാസ അലി ഖാനുമായുള്ള തർക്കത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ ജന്മനാട് വിടാൻ കുടുംബം നിർബന്ധിതമായി ബോംബെയിലേക്ക് മാറി. എഴുത്തുകാരനാവുകയെന്നതായി ആദ്യകാല മോഹം. എന്നാൽ വഴിതുറന്നത്‌ സിനിമ. മെഹബൂബ് ഖാന്റെ ആദ്യ ഹോം പ്രൊഡക്ഷൻ നജ്മ (1943 )യിലൂടെയാണ് അഭിനയത്തുടക്കം. ശേഷം ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല, 1953 ലെ ദോ ബിഗാ സമീനിൽ ക്രൂരനായ ഭൂവുടമ. 1955 ലെ ദേവദാസിൽ ദേവദാസിന്റെ അച്ഛൻ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ 1960ലെ മുഗൾ-ഇ-അസമിൽ രാജാ മാൻ സിങ്‌. 1962 ലെ ഹോളിവുഡ് ചിത്രമായ ടാർസൻ ഗോസ് ടു ഇന്ത്യയിൽ മഹാരാജാവിന്റെ വേഷം. മെഹബൂബ് ഖാന്റെ ചിത്രങ്ങളായ അൻമോൾ ഗാഡി (1946), ആൻഡാസ് (1949), ആൻ (1952) , അമർ (1954) എന്നിവയിൽ സ്ഥിരം സാന്നിധ്യമായി. പ്രശസ്ത ബോളിവുഡ് നടൻ റാസ മുറാദിന്റെ അച്ഛനായ അദ്ദേഹം – നടി സീനത്ത് അമന്റെ അമ്മാവനും നടിമാരായ സനോബർ കബീറിന്റെയും സോനത്തിന്റെയും മുത്തച്ഛനുമാണ്. 1997 ഏപ്രിൽ 24 ന് 86‐ാം വയസ്സിൽ മുറാദ് മുംബൈയിൽ നിര്യാതനായി. ബോളിവുഡിൽനിന്ന്‌ കാര്യമായാരും ശവസംസ്കാരത്തിനെത്തിയില്ല.

മുറാദ് (നടൻ) - വിക്കിപീഡിയ
ഹമീദ് അലി മുറാദ്

ബോളിവുഡിന്റെ വർണാഭമായ ഇടത്ത്‌ വേദനാജനകങ്ങളായ കഥകൾ

അഭ്രപാളിയിൽ വൻ വിജയം ചൂടിയ ഒട്ടേറെ അഭിനേതാക്കൾ ഉണ്ടായിട്ടുണ്ട്, പക്ഷേ അവരിൽ ചിലർ വ്യക്തിജീവിതത്തിൽ സാമ്പത്തിക ക്ലേശങ്ങൾ അഭിമുഖീകരിക്കുകയുണ്ടായി. അവസാന കൊല്ലങ്ങളിൽ മുറാദും ബുദ്ധിമുട്ടുകൾ നേരിട്ടു. സിനിമയിൽ നീതിയുടെയും പദവിയുടെയും അധികാരത്തിന്റെയും സൂചകമായിരുന്ന അദ്ദേഹത്തിന്‌ സാമ്പത്തിക സുരക്ഷ എത്തിപ്പിടിക്കാനാവാത്തത്ര ദൂരെയായിരുന്നു. ലക്ഷക്കണക്കിന് ആരാധകരുടെ മനംകവർന്ന മുറാദ്‌ വീട്ടിൽ വൈദ്യുതിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെട്ടു. ബോളിവുഡിന്റെ വർണാഭമായ ഇടത്ത്‌ വേദനാജനകങ്ങളായ കഥകളുമുണ്ടെന്നതിന്റെ സാക്ഷ്യം. തന്റെ അച്ഛൻ സ്‌ക്രീനിൽ സമ്പന്നനായി കാണപ്പെട്ടെങ്കിലും യഥാർഥ ജീവിതത്തിൽ കുടുംബം കടുത്ത ദാരിദ്ര്യം നേരിടുകയായിരുന്നുവെന്ന് മകൻ റാസ മുറാദ് 1996-ലെ ഒരഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. വളരെ പ്രയാസകരമായ ചില സമയങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഭോപ്പാലിലെ ഞങ്ങളുടെ വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. പരീക്ഷാ ദിവസങ്ങളിൽ അർധരാത്രി മുതൽ രാവിലെ ആറ്‌ വരെ തെരുവുവിളക്കുകൾക്ക് ചുവടെ പഠിക്കുമായിരുന്നു. ഞങ്ങൾക്ക് സ്വന്തമായി കാർ ഉണ്ടായിരുന്നില്ല. വാടകയ്ക്ക് താമസിച്ച് ബസിലും ട്രെയിനിലും യാത്രചെയ്‌തു. അച്ഛന് പ്രായമായിക്കൊണ്ടിരുന്നു, കുടുംബം പുലർത്താൻ ഞാൻ ജോലി ചെയ്യാൻ തുടങ്ങണമെന്ന് അറിയാമായിരുന്നു. 1968 ൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി എഫ്‌ടിഐഐയിൽ ചേർക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴ്‌സ് ചെയ്യുമ്പോൾ അഞ്ച് വർഷം അഭിനയം പരിശീലിക്കാൻ തീരുമാനിച്ചു. അതിനുള്ളിൽ വിജയിച്ചില്ലെങ്കിൽ മറ്റൊരു തൊഴിൽ പരീക്ഷിക്കുമെന്നുറപ്പിക്കുകയും ചെയ്‌തു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന്‌ പഠനം പൂർത്തിയാക്കി കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുന്നതിന്‌ അഭിനയത്തിലേക്ക് പ്രവേശിച്ചു. അച്ഛന്റെ ജീവിതത്തിൽനിന്ന് പ്രധാന പാഠം മനസിലാക്കി. സിനിമാ രംഗത്ത്‌ സ്വയം സ്ഥാപിച്ചശേഷം ഭാവിയിൽ കുടുംബം സമാന പ്രശ്നങ്ങൾ നേരിടാതിരിക്കാൻ ആദ്യം ചെയ്തത് സ്വന്തമായി വീട് വാങ്ങുകയായിരുന്നു. സിനിമാ മേഖലയിലെ ഒട്ടേറെ പഴയ കലാകാരന്മാർ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ സാമ്പത്തിക തിരിച്ചടികൾ നേരിട്ടിട്ടുണ്ട്‌. അവർ നന്നായി ആസൂത്രണം ചെയ്യണമായിരുന്നു. നിങ്ങൾ കാശ്‌ സമ്പാദിക്കുമ്പോൾ വാർധക്യത്തെക്കുറിച്ച് ആലോചിക്കണം. ഇന്നത്തെ കാലത്ത് സെറ്റിലെ തൊഴിലാളികൾക്കുപോലും സ്വന്തമായി വീടുകളും സമ്പാദ്യങ്ങളുമുണ്ട്. എപ്പോൾ വേണമെങ്കിലും വരുമാനം നിലയ്ക്കുമെന്നും ആരോഗ്യം തകരുമെന്നും അവർക്കറിയാം. ഞാൻ പേരുകൾ എണ്ണിപ്പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവരുടെ പ്രതാപകാലത്ത് വളരെ തിരക്കിലായിരുന്ന നിരവധി നടന്മാർ ഉണ്ടായിരുന്നു. അവർ ധാരാളം പണവും പ്രശസ്തിയും സമ്പാദിച്ചു, പക്ഷേ ആഡംബര ബംഗ്ലാവുകളിൽ താമസിച്ചിരുന്നവർ പ്രായമായപ്പോൾ വാടക വീടുകളിൽ താമസിക്കാൻ നിർബന്ധിതരായി. അവർ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നത് ഞാൻ കണ്ടു.

Raza Murad - IMDb
റാസ മുറാദ്

1987 വരെ സിനിമകളിൽ തുടർന്നു

1981-ൽ അച്ഛന് പക്ഷാഘാതം പിടിപെട്ടു. അസുഖം പൂർണമായും ഭേദപ്പെട്ടെങ്കിലും കാലുകളുടെ ശക്തി ദുർബലമായി. അദ്ദേഹം സുഖം പ്രാപിച്ചതിൽ ഡോക്ടർമാർ അത്ഭുതപ്പെട്ടു. അതിനുശേഷവും 1987 വരെ സിനിമകളിൽ തുടർന്നു. 86 ‐ാം വയസ്സിലും അദ്ദേഹത്തെ എനിക്ക് സിനിമാ ആർട്ടിസ്റ്റ്സ്‌ അസോസിയേഷൻ യോഗത്തിന് കൊണ്ടുപോകേണ്ടി വന്നു. ഞാൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. രണ്ടു പതിറ്റാണ്ടായി ആ മീറ്റിങ്ങുകളിൽ പതിവായി പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇതാണ് ഏറ്റവും മികച്ചതും കൂടുതൽ പേർ പങ്കെടുത്തതുമായ കൂടിച്ചേരൽ. 1930 കളുടെ മധ്യത്തിൽ അഭിനയ ജീവിതം ആരംഭിച്ച്‌ സൊഹ്‌റാബ് മോദിയോടൊപ്പം ഖൂൻ കാ ഖൂൻ (ഹാംലെറ്റ്) (1935) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച നസീം ബാനു, 200-ലധികം സിനിമകളിൽ വേഷമിട്ട പ്രമുഖ വില്ലനും സ്വഭാവ നടനുമായിരുന്ന കെ എൻ സിങ്‌ എന്നറിയപ്പെട്ട കൃഷൻ നിരഞ്ജൻ സിങ്‌, എന്റെ അച്ഛൻ, അൽബെല (1951) എന്ന സാമൂഹിക ചിത്രത്തിലൂടെ പ്രശസ്‌തനായ സംവിധായകനും അഭിനേതാവുമായ ഭഗവാൻ ദാദ (ഭഗവാൻ അഭാജി പലവ്), 1931 ൽ ഉറുദു‐ഇംഗ്ലീഷ് ഭാഷകളിലെ ശിക്കാരിയിലൂടെ തുടക്കം കുറിച്ച നടനും സംവിധായകനും നിർമാതാവുമായിരുന്ന പൈദിപതി ജയരാജ് തുടങ്ങിയ മുതിർന്നവരെ ആദരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അത് വളരെ വൈകാരികവും ഹൃദയസ്പർശിയുമായി. കെ എൻ സിങ്‌ വർഷങ്ങൾക്കുശേഷം യാത്ര നടത്തി. അത്ഭുതം എന്തെന്നാൽ അദ്ദേഹത്തിന് കാഴ്‌ചയില്ല, എന്നാൽ കേൾക്കാനേയാവൂ. വളരെ മാസങ്ങൾക്കുശേഷമാണ്‌ അച്ഛൻ പുറത്തിറങ്ങിയത്‌. വർഷങ്ങൾക്ക് ശേഷം പരസ്പരം കാണാനും കേൾക്കാനും സാധിച്ചതിൽ ഏവരും ഏറെ സന്തോഷിച്ചു. അത് എന്നെ വളരെയധികം സ്പർശിച്ചുവെന്ന വാക്കുകൾ കണ്ണീരിൽ കുതിർന്നതാണ്‌.
സിനിമയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ജഡ്ജിയുടെ വേഷം ചെയ്തതിന്റെ അതുല്യമായ റെക്കോർഡ് മുറാദിന്റേതാണ്. തന്റെ 500 സിനിമകളിൽ 300. അക്കാലത്ത് ഏതെങ്കിലും സംവിധായകന് ന്യായാധിപന്റെ റോൾ ആവശ്യമുള്ളപ്പോഴെല്ലാം ആദ്യം മനസിലുദിച്ചത്‌ ആ പേര്‌. പക്ഷേ ഒരു സിനിമയിലും നായകനാകാൻ അവസരമുണ്ടായില്ല. 1940-‐80 കാലഘട്ടത്തിലെ ഹിന്ദി സിനിമകളിൽ ബഹുമാനത്തിന്റെയും അച്ചടക്കത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി എല്ലായ്‌പ്പോഴും വേറിട്ടു നിന്നു അദ്ദേഹം. അത്‌ ഒരു നടന്റെ മാത്രം കഥയല്ല, – കഥാപാത്രങ്ങൾക്ക് അന്തസ്സും സംഭാഷണങ്ങൾക്ക് ആത്മാവും ഉണ്ടായിരുന്ന ഘട്ടംകൂടിയായിരുന്നു. ആ സാന്നിധ്യം സിനിമയ്ക്ക് ധാർമിക അടിത്തറ നൽകി; – എല്ലാവർക്കും ദിശാബോധം പകർന്ന ജ്ഞാനിയെപ്പോലെ. മുഗൾ-ഇ-ആസാമിലെ ഒരു സംഭാഷണം നോക്കാം: ഞങ്ങൾ രജപുത്രരാണ്, വാക്കിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല.

രംഗനാഥ്

രംഗനാഥിന്റെ ആത്മഹത്യ

നാലര ദശാബ്ദത്തെ കരിയറിൽ വൈവിധ്യമാർന്ന നായകൻ, ഇതര കഥാപാത്രങ്ങൾ, വില്ലൻ വേഷങ്ങളടക്കം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച മുതിർന്ന തെലുങ്ക് നടൻ തിരുമല സുന്ദര ശ്രീ രംഗനാഥ് 2015 ഡിസംബർ 19 ന് ഹൈദരാബാദിലെ മുഷീരാബാദിനടുത്ത ഗാന്ധിനഗറിലെ വീട്ടിൽ 66-‐ാം വയസ്സിൽ ആത്മഹത്യ ചെയ്യുംമുമ്പ് തന്റെ സമ്പാദ്യം മുഴുവൻ വീട്ടുജോലിക്കാരിക്ക് വിട്ടുകൊടുത്തത്‌ വലിയ വാർത്തയാവുകയുണ്ടായി. സിനിമാ മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതിനിടെ ദീർഘകാല അസുഖത്തെ തുടർന്ന് 2009 ൽ ഭാര്യ ചൈതന്യയെ നഷ്ടപ്പെട്ടത്‌ വിഷാദത്തിലേക്ക് തള്ളിവിട്ടു. തുടർന്നുള്ള വർഷങ്ങളിൽ ആത്മഹത്യയെക്കുറിച്ച് പതിവായി സംസാരിക്കാൻ തുടങ്ങി. ജഡം കണ്ടെത്തിയ മുറിയിയിലെ ചുവരിൽ കറുത്ത മാർക്കർ ഉപയോഗിച്ച് കുറിച്ച തെലുങ്ക്‌ വാക്കുകളിലാണ്‌ കുറച്ചുകാലമായി തന്നെ പരിപാലിച്ചുവന്നിരുന്ന വീട്ടുജോലിക്കാരി മീനാക്ഷിക്ക്‌ സമ്പാദ്യം മുഴുവൻ കൈമാറാൻ കുടുംബത്തോട് ആവശ്യപ്പെട്ടത്‌. രംഗനാഥിന്റെ മക്കൾ അച്ഛന്റെ തീരുമാനം ഏകമനസോടെ അംഗീകരിച്ചു. ആത്മഹത്യാ സമയത്ത് രംഗനാഥ് ഒറ്റയ്ക്കായിരുന്നു. മീനാക്ഷി ഭക്ഷണം പാകം ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് പോയി. വാതിലുകൾ തകർത്തപ്പോൾ മരിച്ച നിലയിൽ കണ്ടെത്തി. ഇത് അവൾക്ക് (വേലക്കാരിക്ക്) കൊടുക്കുക. അവളെ ബുദ്ധിമുട്ടിക്കരുത് എന്നാണ്‌ ചുമരിൽ എഴുതിയത്‌. ആത്മഹത്യ ചെയ്യുംമുമ്പ് അദ്ദേഹം കുറച്ച് സുഹൃത്തുക്കൾക്ക് വിടവാങ്ങൽ സന്ദേശങ്ങളും അയച്ചിരുന്നു. രംഗനാഥും ഭാര്യയും രോഗബാധിതരായതു മുതൽ മീനാക്ഷി അവരോടൊപ്പമുണ്ടായി. മരണത്തിന് തൊട്ടുമുമ്പുള്ള ഒരു മാസത്തിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അവർ പറഞ്ഞു. പതിവായി ടെന്നീസ് കളിക്കാറുണ്ടായിരുന്നു. പക്ഷേ, കൈകളിലും ഇടുപ്പിലും വേദനയുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കി. ഭക്ഷണം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്തു.

വില്ലൻ വേഷങ്ങളിലേക്ക്‌ മാറുംമുമ്പ് നാൽപ്പതിലേറെ ചിത്രങ്ങളിൽ നായകൻ

1946 ജൂലൈ 17 ന്‌ തമിഴ്‌നാട്ടിലെ തിരുമല സുന്ദര ശ്രീ രംഗനാഥിൽ ടി ആർ സുന്ദര രാജുവിന്റെയും ടി ആർ ജാനകി ദേവിയുടെയും മകനായി ജനിച്ച രംഗനാഥ്, ആന്ധ്രാപ്രദേശ്‌ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് ബിരുദം നേടി റെയിൽവേയിൽ ടിക്കറ്റ് പരിശോധകനായി ചേർന്നു. ഒടുവിൽ സിനിമാ ലോകത്തെത്തി. മുല്ലപ്പുടി വെങ്കട രമണയുടെ കഥയിൽ അക്കിനേനി നാഗേശ്വര റാവു , വിജയ നിർമല, ശോഭൻ ബാബു , കൃഷ്ണം രാജു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബാപ്പുവിന്റെ ബുദ്ധിമന്തുഡു (റിലീസിങ്‌ 1969 സെപ്‌തംബർ 20)യിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്. അത്‌ തമിഴിൽ മണിധനും ദൈവമഗലം (1975) എന്ന പേരിലും ഹിന്ദിയിൽ പരമാത്മ (1994) എന്ന പേരിലും റീമേക്ക് ചെയ്തു. വില്ലൻ വേഷങ്ങളിലേക്ക്‌ മാറുംമുമ്പ് നാൽപ്പതിലേറെ ചിത്രങ്ങളിൽ നായകനായി. തെലുങ്ക് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി ഇടംനേടിയ അദ്ദേഹം നിരവധി സീരിയലുകളുടെയും ഭാഗമായി.ശാന്തി നിവാസം ( ഇടിവി ), എന്റെ പേര് മംഗത്തയാരു ( സീ തെലുങ്ക് ), ഇദ്ദരു അമ്മയിലു ( സീ തെലുങ്ക് )അട്ടോ അട്ടമാ കൂട്ടറോ ( ജെമിനി ടിവി ),മൊഗലിരേകുലു ( ജെമിനി ടിവി ) തുടങ്ങിയവ ഉദാഹരണങ്ങൾ. മൊഗുഡ്‌സ് പെല്ലംസ് (2005) എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്തിട്ടുമുണ്ട്. ജമീന്ദാരുഗരി അമ്മായി (1975), പന്തുലമ്മ, ദേവതലാര ദീവിൻചാണ്ടി (1977), ഈ പഠനം മക്കോട് (1980), ഖൈദി (1983),മരണ മൃദംഗം, രക്താഭിഷേകം, ഭാര്യ ഭർത്താലു (1988)സ്റ്റേറ്റ് റൗഡി, രുദ്രനേത്ര, കൃഷ്ണ ഗരി അബ്ബായി, സഹസമേ നാ ഊപിരി, മുത്യമന്ത മുദ്ദു, സിംഹ സ്വപ്നം (1989), കോകില,കൊടമ സിംഹം, ഇൻസ്പെക്ടർ രുദ്ര, കൊണ്ടവീടി ഡോങ്ക, ഇദ്ദരു ഇദ്ദാരെ (1990), നായകുറലു (1991), പ്രേമ ശിഖാരം, സഹസം, സാമ്രാട്ട് അശോക (1992) സാംബയ്യ (1999), മൻമധുഡു (2002) , നിജാം (2003) കാളിസുന്ദം രാ, അദവി ചുക്ക, ഗണപതി, വിജയരാമരാജു, ഒക്കാടു ചാലു, ശ്രീ ശ്രീമതി സത്യഭാമ, അമ്മയെ നവവിടേ, എദുരുലേനി മനീഷി, അപ്പറാവു കി ഒക നെല തപ്പിണ്ടി (2001), പ്രേമലോ പാവാനി കല്യാൺ, പൊലീസ് സിസ്റ്റേഴ്‌സ്, കൊണ്ടവീടി സിംഹാസനം (2002), ആന്ധ്രാവാല, ലക്ഷ്മി (2004), രാധാ ഗോപാലം (2005),നീ സുഖമേ നീ കൊരുത്തുന്ന, ഭദ്രാദ്രി, സുന്ദരകാണ്ഡ (2008),മിത്രുഡു (2009), ആഹാ നാ പെല്ലന്റ, സഞ്ചലാനം (2011), ദമ്മു (2012), ശ്രീ വാസവി കന്യകാ പരമേശ്വരി ചരിത്ര, കട്ട് ചെസ്റ്റെ, വെങ്കമാംബ (2014), ഗോപാല ഗോപാല (2015) എന്നിവയിലെ അഭിനയത്തിലൂടെ കൂടുതൽ പ്രശസ്‌തനായി. കവിത സുദർശനം, രംഗനാഥ് കഥലു തുടങ്ങി നിരവധി തെലുങ്ക് കവിതാ പുസ്തകങ്ങളും കഥകളും രചിച്ചിട്ടുമുണ്ട്.ആ കൃതികൾ മുൻനിർത്തി സമഗ്ര സംഭാവനയ്‌ക്കുള്ള സംസ്ഥാന നന്തി അവാർഡുകൾ ലഭിച്ചു. തമിഴിൽ മികവ്‌ തെളിയിച്ച ചിത്രങ്ങൾ കൈ കൊടുക്കും കൈ (1984), നവഗ്രഹ നായകി, രാജാ ഋഷി, നാം (1985),ഉങ്കൾ അൻബു തങ്കച്ചി (1994), ദേവൻ (2002), ആനൈ (2005) എന്നിവ. നീലാംബരി, ഗ്രാമ ദേവതേ (2001) എന്നീ കന്നഡ സംരംഭങ്ങളിലും ഭാഗഭാക്കായി. നാഗേഷ് കുക്കുനൂർ കഥയും സംവിധാനവും നിർവഹിച്ച 3 ദീവാരിൻ (2003) ഹിന്ദി ചിത്രത്തിലും വേഷമിട്ടു.

മോഹൻ ശർമ

വൃദ്ധസദനത്തിലായ മോഹൻ ശർമ

ചലച്ചിത്ര-‐ടെലിവിഷൻ നടനും നിർമാതാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന മോഹൻ ശർമ സാമ്പത്തിക ബുദ്ധിമുട്ട്, സിനിമാ കടബാധ്യത, ചികിത്സാ ചെലവുകൾ എന്നിവ കാരണം ചെന്നൈയ്ക്ക്‌ സമീപം ഗുമ്മിഡിപൂണ്ടിയിൽ ശ്രീരാമാവതർ അഗർവാൾ സഭയുടെ ശ്രീ മഹാതി സീനിയർ സിറ്റിസൺസ് ഹോം വൃദ്ധസദനത്തിലാണിപ്പോൾ. ചെന്നൈ മെട്രോപൊളിറ്റൻ മേഖലയിലെ അരമ്പാക്കത്തിനടുത്ത പൂവാലൈ ഗ്രാമത്തിലാണത്‌. രജനീകാന്ത് ഒരു ലക്ഷം രൂപ സംഭാവന നൽകി; വിഷമതകൾ മനസിലാക്കിയ മോഹൻലാൽ കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഞാൻ മോഹൻ ശർമയുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ ടീമിലെ ഒരാൾ അദ്ദേഹത്തെ കാണും. ആവശ്യമായതെല്ലാം ചെയ്യും. സിനിമ ഒരുതരം മാന്ത്രികതയാണ്, പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാഹചര്യങ്ങളെക്കുറിച്ച് കേട്ടതുതന്നെ വളരെയധികം അസ്വസ്ഥനാക്കി. അതേക്കുറിച്ച് കേൾക്കുമ്പോഴേ വളരെ സങ്കടം തോന്നും. സഹായം എപ്പോഴും വിളിച്ചുപറയേണ്ടതില്ല. ആരെയെങ്കിലും തുണയ്‌ക്കുക എന്നതിനർത്ഥം എല്ലാവർക്കുമായി പരസ്യപ്പെടുത്തുക എന്നല്ല. നിശബ്ദമായി സഹായിക്കുന്ന ധാരാളം ആളുകളുണ്ട്. അദ്ദേഹം എഴുതിയ കത്തുകൾ എന്റെ കൈവശമുണ്ട്. ഞങ്ങൾ തമ്മിൽ മികച്ച ബന്ധമുണ്ടായിരുന്നു. ജെ ശശികുമാർ സംവിധാനം ചെയ്ത്‌ 1984 ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ പ്രദർശനം നടത്തിയ ഇവിടെ തുടങ്ങുന്നു പോലുള്ള വൻഹിറ്റ് സിനിമകൾ മോഹൻ നിർമിച്ചു. അംബരീഷ്, അർജുൻ സർജ, കുമാരി ഇന്ദിര, കലാരഞ്ജിനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച്‌ എ ടി രഘു ഒരുക്കി 1983-ൽ സൺ എൻഎക്സ്ടിയിൽ പുറത്തിറങ്ങിയ പ്രശസ്ത കന്നഡ ചിത്രം ആഷയുടെ റീമേക്കാണത്‌. ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും അത്‌ പുനർനിർമിക്കുകയുണ്ടായി. എനിക്കൊപ്പം സുകുമാരി, റഹ്മാൻ, രോഹിണി, ബാലൻ കെ നായർ, തുടങ്ങിയവർ അഭിനയിച്ച ഇവിടെ തുടങ്ങുന്നു വൻ വാണിജ്യ വിജയവും എന്റെ കരിയറിലെ പ്രധാന ചിത്രവുമായി. കണ്ടുമുട്ടിയിട്ട് വളരെക്കാലമായി, അന്ന് ഞങ്ങൾ ഒരുമിച്ച്‌ നിരവധി സിനിമകളിൽ സഹകരിച്ചു. മോഹന്റെ സാഹചര്യം സിനിമാ വ്യവസായത്തിനുള്ളിൽ സവിശേഷമായിരിക്കില്ല. സമാന അവസ്ഥകളിൽ ജീവിക്കുന്ന മറ്റ് നിരവധി അഭിനേതാക്കളുടെ കഥകൾ നമുക്ക് അറിയില്ലായിരിക്കാം. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നോ ഈ അവസ്ഥയിലേക്ക് എത്തിയത്‌ എങ്ങനെയെന്നോ അറിയില്ല. വ്യക്തിയുടെ ജീവിതം അങ്ങനെ വഷളാകുന്നതിന് വിവിധ കാരണങ്ങളുണ്ടാകാം, അത് വളരെ സങ്കീർണമായ പ്രശ്നവുമാണെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

പോയസ് ഗാർഡൻ പ്രദേശത്തെ വിലകൂടിയ അപ്പാർട്‌മെന്റ്‌ വിറ്റു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറ്റിയെഴുപതിലേറെ ചിത്രങ്ങൽ അഭിനയിച്ച മോഹന്‌ ചെന്നൈയിലെ സമ്പന്നമായ പോയസ് ഗാർഡൻ പ്രദേശത്ത് അടുത്ത സുഹൃത്തായ ജയലളതിയുടെ അയൽപക്കത്ത്‌ മുമ്പ് വീട് സ്വന്തമായുണ്ടായിരുന്നു. ചികിത്സാർഥം മാസം 40000 രൂപവരെ ആവശ്യമാണ്. തലകറക്കം, രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയവയടക്കം ഒട്ടേറെ പ്രശ്‌നങ്ങളോട്‌ മല്ലിടുന്നുണ്ട്‌. സമീപ മാസങ്ങളിൽ നൽകിയ ഒരഭിമുഖത്തിൽ മോഹൻ അവസ്ഥ തുറന്ന്‌ വെളിപ്പെടുത്തുകയുണ്ടായി. ഏറ്റവും അത്യാവശ്യമുണ്ടായപ്പോൾ താങ്ങായി നിന്നത്‌ രജനീകാന്ത് മാത്രം. ചോദിക്കാതെ സഹായിച്ചതിന് ഏറെ നന്ദിയുണ്ട്‌. അദ്ദേഹം ദൈവത്തെപ്പോലെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്നെ രക്ഷിച്ചു. എന്നെ വിളിച്ച് ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ചു. പിറ്റേന്ന് ഒരു ലക്ഷം രൂപ അയച്ചുതന്നു. അതാണ് എന്നെ ശരിക്കും രക്ഷിച്ചത്. ഞാൻ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. ലോകത്തിന് അദ്ദേഹം സൂപ്പർസ്റ്റാറാണ്, പക്ഷേ എനിക്ക് ദൈവതുല്യനാണ്‌. കാലിലെ വളർച്ച കാരണം വലിയ ശസ്ത്രക്രിയ വേണ്ടിവന്നു. അത് നടക്കാൻ പറ്റാതെയാക്കി, വീണ്ടും ശസ്ത്രക്രിയ. ഒരു ലിഗമെന്റിന്‌ ഉടവുപറ്റി. അതിന്‌ 4-5 ലക്ഷം രൂപ ചെലവഴിച്ചു. കൂടാതെ വെർട്ടിഗോ, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയും. ദിവസേന ഇൻസുലിൻ കുത്തിവയ്പ്പുകൾ വേണം. മരുന്നുകൾക്ക് മാത്രം മാസം 40000 രൂപ ആവശ്യമാണ്. ഒരു ഘട്ടത്തിൽ അതിനുപോലും കാശില്ലായിരുന്നു. ആ അവസ്ഥ ആരോടും പങ്കുവെക്കാൻ സാധിച്ചില്ല. ആ സമയത്ത് ട്രസ്റ്റികളായ റോട്ടറി ക്ലബ്ബിലെ ചങ്ങാതിമാർ അവിടെ തന്നെ തുടരാൻ നിർദ്ദേശിച്ചു.

പ്രതിസന്ധിയിലാക്കിയത ഗ്രാമം നമ്മ ഗ്രാമം ദ്വിഭാഷാ ചിത്രം

എന്റെ അവസാന ചിത്രമായ ഗ്രാമം/നമ്മ ഗ്രാമം മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ദ്വിഭാഷാ സംരംഭമാണ്. സുകുമാരി, നെടുമുടി വേണു, വൈ ജി മഹേന്ദ്ര, കോഴിക്കോട് നാരായണൻ നായർ, സംഗീത, നിഷാന്ത് തുടങ്ങിയവർക്കൊപ്പം റാവു ബഹദൂർ മണി സ്വാമിയായി ഞാനും അഭിനയിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഗ്രാമീണ പശ്ചാത്തലവും പാലക്കാട് ബ്രാഹ്മണ സമൂഹത്തിലെ ജീവിതവുമാണ് പ്രമേയം. പാലക്കാട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായിരുന്നു ചിത്രീകരണം. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അക്കാലത്തെ സാമൂഹിക ആചാരങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവ ചർച്ച ചെയ്‌ത ചിത്രം രണ്ട് ദേശീയ അവാർഡുകളും രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളും ഉൾപ്പെടെ അംഗീകാരങ്ങൾ നേടി. എന്നാൽ ലീസ് ചെയ്യാൻ ഏറെ പാടുപെട്ടു. തിയേറ്ററുകൾക്കും പ്രചാരണ പോസ്റ്ററുകൾക്കുമായി ഞാൻതന്നെ ചെലവഴിക്കേണ്ടിവന്നു. എന്റെ സമ്പത്ത്‌ വളരെയധികം കൈമോശംവന്നു. മലയാളം 2012 ആഗസ്‌ത്‌ 10 നും തമിഴ് 2014 ജനുവരി മൂന്നിനും എങ്ങനെയെല്ലാമോ പുറത്തിറക്കി. കണക്കുകൂട്ടിയ ഒന്നേകാൽ കോടിയ്ക്ക് പകരം രണ്ടു കോടിയായി. കടങ്ങൾ വീട്ടാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉപദേശപ്രകാരം ചെന്നൈ തേനാംപേട്ടിലെ ആഡംബര താമസ സ്ഥലമായ പോയസ് ഗാർഡനിലെ വീട് വിൽക്കേണ്ടി വന്നു. ഒരു ദിവസം എവിഎം സ്റ്റുഡിയോയിൽ ചെന്നപ്പോൾ അവർ പുറത്ത് പുസ്‌തകം വായിച്ചിരിക്കുന്നു. ഞാൻ അഭിവാദ്യം ചെയ്തു. പോയസ് ഗാർഡന്റെ സമീപം മികച്ച അപ്പാർട്‌മെന്റ്‌ സമുച്ചയം വരുന്നുണ്ടെന്ന് എന്നോട് പറഞ്ഞു, അവിടെ 2500 ചതുരശ്ര അടിയുള്ള ഫ്ലാറ്റ് വാങ്ങാൻ ഉപദേശിച്ചു. അങ്ങനെ അത്‌ സ്വന്തമാക്കി. അന്ത്യംവരെ ജയയുമായി ആഴത്തിലുള്ള ബന്ധം പുലർത്തി. സിനിമാ രംഗത്തുനിന്ന് വസതിയിൽ കണ്ട അവസാനം കണ്ടത്‌ ഞാനാണ്‌. ഒരു ദിവസം പരിചാരിക അറിയിച്ചത്‌ അമ്മയ്‌ക്ക്‌ സുഖമില്ലെന്നും കൈവിട്ട സ്ഥിതി യാണെന്നും. ഞാൻ വീട്ടിലേക്ക് പോയി. എന്തുകൊണ്ടാണ് ഇത്ര ഉത്കണ്ഠാകുലയായി കാണപ്പെടുന്നതെന്ന് ജയലളിത തിരക്കി. ഗുരുതര അസുഖമുണ്ടെന്ന് കേട്ടുവെന്ന്‌ എന്റെ പ്രതികരണം. അവർ മറുപടി പറഞ്ഞു: ഇല്ല മോഹൻ രണ്ട് ദിവസത്തേക്ക് അപ്പോളോയിലേക്ക് പോകുന്നു, ഞാൻ തിരിച്ചുവരും. അവിടെനിന്ന് ജീവനോടെ എത്തിയില്ല. അത് എനിക്ക് വലിയ ആഘാതമായി. ഏറെക്കുറെ അകാലമെന്ന്‌ വിശേഷിപ്പിക്കാവുന്ന ആ വിയോഗം വല്ലാതെ ബാധിച്ചു. മാനസികമായും ശാരീരികമായും വേദനിപ്പിക്കുകയും ചെയ്‌തു. എനിക്കത് സഹിക്കാൻ പറ്റിയില്ല. ഞാനും ഭാര്യയും വേർപിരിഞ്ഞാണ് കഴിയുന്നത്. ഏക മകൻ ജർമനിയിലും. വന്ന് എന്നെ പരിചരിക്കണോയെന്ന് അവൻ ചോദിച്ചിരുന്നു. മകനും ഭാര്യയും ചേർന്ന്‌ വായ്‌പയെടുത്ത്‌ വീട് വാങ്ങിയിട്ടുണ്ട്, അതിനാൽ നിർബന്ധിക്കാൻ തോന്നിയില്ല. എനിക്ക് കുറച്ച് ബന്ധുക്കളുണ്ട്. ഒരാൾ രണ്ട്‌ ലക്ഷം അയച്ചുതന്നു, മറ്റ്‌ രണ്ടുപേർ 21000, 50,000 രൂപ വീതവും. മരുന്നുകൾക്ക് മാത്രം മാസം ഭീമമായ തുക ചെലവാകും. അതിനാലാണ് വൃദ്ധസദനത്തെ അഭയം പ്രാപിച്ചത്‌. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ എന്റെ സുഹൃത്താണ്. കാൽ നൂറ്റാണ്ടായി അറിയാം, ഒപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. അദ്ദേഹത്തെ കണ്ടാൽ പ്രശ്‌നങ്ങൾ ഞാൻ അവതരിപ്പിക്കും. എന്തെങ്കിലും ചെയ്താൽ വലിയ സഹായമാകുമെന്നും മോഹൻ പ്രത്യാശ പ്രകടിപ്പിച്ചു.

ശ്രദ്ധേയനായത്‌ ചട്ടക്കാരിയിലെ ശശി എന്ന കഥാപാത്രത്തിലൂടെ

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി 20 ചിത്രങ്ങൾ നിർമിച്ച മോഹൻ കെ എസ് സേതുമാധവൻ സംവിധാനംചെയ്ത്‌ 1974 മെയ്‌ 10ന്‌ റിലസായ ചട്ടക്കാരിയിലെ ശശി എന്ന കഥാപാത്രത്തിലൂടെയാണ്‌ ശ്രദ്ധേയനായത്. അതേ ശീർഷകത്തിൽ പമ്മൻ ( യഥാർഥ പേര്‌ ആർ പി പരമേശ്വര മേനോൻ) രചിച്ച സുപ്രസിദ്ധ നോവലിനെ അടിസ്ഥാനമാക്കി തോപ്പിൾ ഭാസിയുടേതാണ്‌ തിരക്കഥ. ആംഗ്ലോ – ഇന്ത്യൻ പെൺകുട്ടിയുടെയും ( ലക്ഷ്മി ) ഹിന്ദു ആൺകുട്ടിയുടെയും ( മോഹൻ ശർമ ) പ്രണയകഥയാണത്‌. വിവാഹേതര ബന്ധത്തിൽ രഹസ്യമായി അവൾക്ക് ഒരു കുട്ടിയുണ്ട്.  ചെന്നൈയിൽനിന്ന് പ്രസിദ്ധീകരിച്ചുവന്ന ജയകേരളം വാരികയിലാണ് പമ്മന്റെ കഥ പ്രസിദ്ധീകരിച്ചത്. നിർമാതാവ് എം ഒ. ജോസഫ് ചിത്രത്തിന്റെ അവകാശം വാങ്ങി. സേതുമാധവൻ, ഛായാഗ്രാഹകൻ ബാലു മഹേന്ദ്ര, തിരക്കഥാകൃത്ത് തോപ്പിൽ ഭാസി എന്നിവർ കരാറിൽ ഒപ്പിട്ടു. മൂല കഥയുടെ അന്ത്യം വ്യത്യസ്തമാണ്. ഹിന്ദു ആൺകുട്ടി ഗർഭിണിയായ ആംഗ്ലോ ഇന്ത്യൻ കാമുകിയെ ഉപേക്ഷിക്കുകയും അവൾ ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നതായാണതിൽ. സിനിമയിൽ അവൻ അവളെ സ്വീകരിക്കാൻ തിരിച്ചുവരുന്നു. ദക്ഷിണ റെയിൽവേയിലെ പ്രത്യേകിച്ച് കൽക്കരി കാലത്തെ പ്രശസ്തമായ ഷൊർണൂർ ജങ്‌ഷനിലായിരുന്നു ചിത്രീകരണം പ്രധാനമായും. 1975-ൽ ഹിന്ദി റീമേക്ക് വളരെ പ്രശസ്തമായി. ജൂലിയായി ലക്ഷ്മി തന്നെയെത്തി. അതിന്‌ ഫിലിംഫെയർ അവാർഡ് ലഭിച്ചു. രാജേഷ് റോഷന്‌ സംഗീത പുരസ്‌കാരവും. ജൂലിയുടെ അമ്മയായി അഭിനയിച്ച നാദിറയ്ക്ക് മികച്ച സഹനടിക്കുള്ള അവാർഡും. ജൂലിയുടെ അനുജത്തിയായത്‌ പിന്നീട്‌ സൂപ്പർസ്റ്റാറായി മാറിയ ശ്രീദേവി. 1984 ൽ പുറത്തിറങ്ങിയ ഓ മാനേ മാനേ എന്ന തമിഴ് റീമേക്കിൽ ഉർവശി നായിക, മോഹൻ കാമുകൻ. മിസ് ജൂലി പ്രേമ കഥ (1975) തെലുങ്ക് റീമേക്കിലും നായിക ലക്ഷ്മി.

നടി ലക്ഷ്‌മി

പൂണെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ അഭിനയത്തിൽ ബിരുദം

പാലക്കാട് ജില്ലയിലെ തത്തമംഗലത്ത്‌ പിറന്ന മോഹൻ തത്തമംഗലത്തും ചിറ്റൂരിലുമായി വിദ്യാഭ്യാസം നേടി. തുടർന്ന്‌ പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ അഭിനയത്തിൽ ബിരുദം. ആ യോഗ്യത നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ. മൂന്ന് പ്രാവശ്യം ദേശീയ ചലച്ചിത്ര ജൂറി അംഗമായും ഒരു തവണ ഇന്ത്യൻ പനോരമയുടെ ഭാഗമായും സേവനമനുഷ്ഠിച്ചു. ദക്ഷിണേന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്‌ അധ്യക്ഷനുമായിരുന്നു. ചട്ടക്കാരി, രാഗം, പ്രയാണം തുടങ്ങിയ സിനിമകളുടെ ചിത്രീകരണ വേളയിൽ അദ്ദേഹം നടി ലക്ഷ്മിയുമായി അടുപ്പത്തിലാവുകയും വിവാഹത്തിലെത്തുകയും ചെയ്‌തു. പക്ഷേ ദാമ്പത്യം അധികം നീണ്ടില്ല. 1980-ൽ വിവാഹമോചനം. മോഹൻ 100- സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്, വിവിധ ഭാഷകളിലായി 50- എണ്ണത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ആദ്യമായി ചിത്രങ്ങൾ നിർമിച്ച പ്രതിഭകൂടിയാണ്. ചട്ടക്കാരി (1974), നെല്ല്‌(1974), അക്കരൈ പച്ചൈ (1974), പ്രയാണം (1975), ചുവന്ന സന്ധ്യകൾ (1975), തൂണ്ടിൽ മീൻ (1977), നടകമേ ഉലകം (1979), കാന്താവളയം (1980), 1980ൽ (1980), വേത (1986), സുയംവരം (1999), ദാദാ സാഹിബ് (2000), ഫ്രണ്ട്സ് (2001), കുബേരൻ (2002), പാർത്ഥിബൻ കനവ് (2003), പ്രിയമന തോഴി (2003), സച്ചിയൻ (2005), മായാമോഹിനി (2012), മാമാങ്കം (20192) തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയങ്ങൾ.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.