കറുത്ത പെൺകുട്ടീ
നീ
ബസ്സുകാത്തുനിന്ന സ്ഥലം
ഞാൻ സങ്കല്പിക്കുന്നു
ശകലമേഘം താഴേക്കിറങ്ങി വന്ന്
സമീപത്തു നിന്ന്
തന്നോടൊട്ടിപ്പോന്ന
നക്ഷത്രക്കണ്ണുകൾ കൊണ്ട്
നിന്നെ നോക്കുന്നു:
ഓ ഇതാരുടെ വളർത്തു മുയൽ?!
നീയതിനെ തൊടാൻ കൈ നീട്ടി.
പരിഭ്രമിച്ച മേഘം
താൻ അതു മാത്രമാണെന്ന വചനം
ഞാൻ കൊടുത്തയച്ച
സന്ദേശം പോലെത്തന്നെ
നിനക്കു കൈമാറാനും മറന്നുപോയി
മേഘമേ,
ഇപ്പോൾ നീ ഒരു വെറും മുയൽ.
തൻ്റെ മടിയിലേയ്ക്ക് അവൾ
നിനക്കിടം തരും
അവളോടൊപ്പം പായുന്ന ബസ്സിലിരുന്ന്
നീ മറയുന്ന ദൃശ്യങ്ങൾ കാണും.
തീർച്ചയായും നീയപ്പോൾ
വെറും മുയൽ തന്നെ.
നിന്നെ അന്ധനാക്കി
ആകാശത്തേക്കു മടങ്ങാൻ
നക്ഷത്രങ്ങൾ വിസമ്മതിക്കും,
അവളിറങ്ങേണ്ട സ്റ്റോപ്പ്
പിൻതിരിഞ്ഞോടും,
ബസ്സ് അതിൻ്റെ തോന്നലിലൂടെ
മുന്നോട്ടു തന്നെ പോകും.
അവളുടെ ചുവന്ന നഖച്ചായം
നിൻ്റെ വെണ്മയിൽ
സന്ധ്യയെപ്പോലെ പടരും.
വിരലുകളിലൂടെ അവൾ
സ്നേഹിക്കപ്പെടാൻ തുടങ്ങും.
പാതയുടെ അറുതിയിൽ
ബസ്സ് പതുക്കെ നിൽക്കും.
അവിടെ
അവൾക്ക് കയറുകയും
ഇറങ്ങുകയും ചെയ്യേണ്ട സ്റ്റോപ്പ്,
കാത്തുനിൽക്കുന്ന അവൾ
അവിടെ ഒറ്റയ്ക്ക്.
ആകാശമിറങ്ങി വന്ന
ശകലമേഘമേ
വരുന്ന നിമിഷം
ഇരുട്ടുകുത്തി വന്ന്
നിന്നെ പിൻതുടരുന്ന
വേട്ടനായ്ക്കളിൽ നിന്ന്
ഞാനവൾക്കു തന്നയച്ച
നിശ്ശബ്ദസന്ദേശത്തെ
എന്നെന്നും
കാത്തു കൊള്ളേണമേ
കാത്തു കൊള്ളേണമേ നീ.
***







മനോഹരമായ കവിത…❣️