ഉറുമ്പും അവനുമായെന്താണ്
അവനോടിക്കുംതോറും അവർ കൂട്ടമായി വരും
അവരുടെ സംസാരം തിരിയുന്നില്ല
കാത് കൂർപ്പിച്ചിട്ടും
മലചുമക്കുന്നവരൊരു അധ്വാനിയാണെന്നറിയാം
സമ്മതിക്കുന്നുമുണ്ട്
ചന്ദ്രനെപ്പോലെ നിലാവിൽ ലയിച്ചിരുന്നവൻ
കൂട്ടമായി ഒഴുകുന്നതുകണ്ടാൽ കണ്ണടക്കും
അവരറിയാതെ അവരെ നോക്കുന്നുണ്ട്
ഈ വാമനരൂപത്തെ അവർക്ക് പുരിയില്ലെന്നറിയാമെങ്കിലും
കരുതലുണ്ട്
അവൻ നീട്ടിയ പഞ്ചസാരമാലയുമായവർ പോകുമ്പോൾ
അവന്റെ ചുണ്ടിൽ അതിമധുരം
തിരിച്ചുവന്നവർ രഹസ്യം പറഞ്ഞോടിപോകുന്നു
ഇന്നലെ കണ്ടവരെപ്പോലെയാണോ ഇവരും
ഇനിവരുമ്പോഴത് ചോദിക്കും
എന്നോടെന്തായാലും പറയും
തീൻമേശയിലെ ബിസ്കറ്റിൽ അവരെക്കണ്ടപ്പോൾ
അവന്റെ ഭാവം മാറി
അത്
അവർ വന്ന് അതിനെ പൊതിഞ്ഞ് അവസാനിപ്പിക്കുന്നിടത്തോളം നീണ്ടു
അവൻ രഹസ്യങ്ങളുടെ കൊടുമുടിയാണ്
അതിലേക്ക് കയറുവാൻ കഴിയില്ല
ഒരിക്കലവന്റെ
ഇഷ്ട ഭക്ഷണത്തിൽ അവർ വന്നപ്പോൾ
കണ്ണുനീർ പേമാരിപോലെ അവരെ പൊതിഞ്ഞു
അന്നവൻ അവരോടായി കാതിൽചോദിച്ചു
“നിങ്ങളുടെ റൂട്ട് മാപ്പ് പറഞ്ഞാൽ എനിക്കിത് കഴിക്കാമായിരുന്നു”
അന്നവർ അവനോട്മെല്ലെ പറഞ്ഞു
“ഇന്നലെ കണ്ടയാളല്ല ഞാൻ
ഞങ്ങൾക്ക് വഴികളുമില്ല”
***







No Comments yet!