പി.എ. നാസിമുദ്ദീന്റെ കവിതകളില്‍ ചിലപ്പോഴെങ്കിലും അയാളില്‍ ആവേശിക്കുന്ന ഉന്മാദം പടരുന്നതായി സുഹൃത്തുക്കള്‍ തന്നെ പറയാറുണ്ട്. ഉണ്ടായിരിക്കണം. എന്നാല്‍, ഇയാളുടെ കവിതകളിലെ വഴിതെറ്റിനടക്കലോ നിര്മ്മിതക്രമത്തെ തകര്‍ക്കലോ കാണുന്ന യാഥാസ്ഥിതികത്വത്തിനും അതിനെ ഉന്മാദിയുടെ കവിതയെന്നു വിളിക്കേണ്ടി വരാം. രണ്ടു സാദ്ധ്യതകളും ഒരുമിച്ചുവെച്ചു പറയാം – നാസിമുദ്ദീന്റെ ”ദൈവത്തോടൊപ്പം ഒരു പിക്നിക്” എന്ന രചന പലര്‍ക്കും ഉന്മാദിയുടെ കവിതയാകാം.
ദൈവം മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുവെന്നും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുന്നവെന്നും വിശ്വസിക്കുന്ന സങ്കല്പനലോകം നമുക്കുണ്ട്. മതബോധം നമ്മെ പഠിപ്പിച്ചിട്ടുള്ളത്, അസഹനീയവേദനയുമായി സമീപിക്കുമ്പോള്‍ ദൈവം മനുഷ്യനു സാന്ത്വനം നല്‍കുമെന്നാണ്. പി എ നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക്ക്’ എന്ന കവിത ഈ സങ്കല്പനത്തെ മറിച്ചിടുന്നു. വേദനയില്‍ കഴിയുന്ന മനുഷ്യനെ ആശ്വസിപ്പിക്കുന്നതിനു പകരം, സ്വന്തം ജീവിതം വട്ടപ്പൂജ്യമാണെന്ന് അയാള്‍ പറയുമ്പോള്‍ ദൈവം പൊട്ടിച്ചിരിക്കുന്നു. ആ ചിരി ആകാശത്ത് ഒരു മഴവില്ലായി മാറുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണത്തെ ഒരു പിക്നിക്കിന്റെ ലൗകികപരിസരത്തേക്ക് ഇറക്കിക്കൊണ്ടുവരുന്ന കവിത ആ പശ്ചാത്തലത്തില്‍ വ്യക്തിയുടെ അസ്തിത്വദുഃഖത്തിലേക്കും രാഷ്ട്രീയാധികാരത്തിന്റെ കാപട്യങ്ങളിലേക്കും ജീവിതാര്‍ത്ഥങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലേക്കും സഞ്ചരിക്കുന്നു.
കവിതയിലെ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന, അത്ഭുതകരമായ വെളിപാടുകളിലൂടെ പ്രത്യക്ഷപ്പെടുന്ന ദൈവമല്ല, ദൈവം മനുഷ്യനെ ഒരു പാര്‍ക്കിലേക്ക് വിളിക്കുന്നു. മനുഷ്യന്റെ വേദനയെ, നിത്യജീവിതത്തിലെ സാധാരണമായ വിനോദപരിസരത്തിലേക്കു കവിത മാറ്റിവയ്ക്കുന്നു. പ്രാര്‍ത്ഥനയുടെ ഗൗരവത്തില്‍നിന്ന് പാര്‍ക്കിന്റെ ലാഘവത്തിലേക്കുള്ള മാറ്റം കൗതുകം സൃഷ്ടിക്കുന്നതാണ്. വേദനയാല്‍ തകര്‍ന്നിരിക്കുന്നവന് ദൈവം നല്‍കുന്നത് ഉപദേശമോ അനുഗ്രഹമോ അല്ല. തന്നോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനുള്ള ക്ഷണമാണ്. കവി ദൈവത്തെ അതീതവും അപ്രാപ്യവുമായ സത്ത എന്ന നിലയില്‍നിന്ന് സാധാരണ ജീവിതത്തിലെ സഹയാത്രികന്റെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നു. പ്രശ്നത്തിനുള്ള പരിഹാരത്തെയെന്ന പോലെ അതു പങ്കുവയ്ക്കാനുള്ള ഇടവും പ്രധാനമാണ്. മതസങ്കല്പനങ്ങളില് ദൈവത്തിനു നല്കപ്പെടുന്ന പ്രൗഢിയും മഹിമയും ദൈവത്തിന്റെ സാധാരണവസ്ത്രത്തിലേക്കു ചുരുങ്ങുന്നു. ‘ലോര്‍ഡ്’ എന്ന വാക്ക് ടീഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്നതായി പറയുന്ന കവി ദൈവഗൗരവത്തെ ചോര്‍ത്തിക്കളഞ്ഞ് അതിന് പരസ്യചിഹ്നത്തിന്റെ സ്വഭാവം നല്കുന്നു. ദൈവത്തെ തിരിച്ചറിയാന്‍ അയാള്‍ക്ക് ദൈവികമായ തേജസ്സൊന്നും ആവശ്യമില്ല; വസ്ത്രത്തിലെ എഴുത്ത് മതി. ദൈവത്തിന്റെ വരവിനെ ദിവ്യപ്രത്യക്ഷമായി അവതരിപ്പിക്കാതെ ‘അങ്ങോരെത്തിയപ്പോള്’ എന്ന സംസാരഭാഷയുടെ സ്വാഭാവികമായ ഒഴുക്കില്‍ ചേര്‍ത്തുവയ്ക്കുന്നു. കവിതയുടെ ഭാഷയും പ്രമേയവും തമ്മില്‍ ഇവിടെ ഒരു ആന്തരികൈക്യം രൂപപ്പെടുന്നുണ്ട്. ദൈവത്തെ കണ്ടുമുട്ടിയ മനുഷ്യന് എന്താണ് ചെയ്യുന്നത് ? അയാള്‍ രണ്ട് ഐസ്ക്രീം വാങ്ങുന്നു. ദൈവത്തിനും മനുഷ്യനും ഒരേ അനുഭവത്തില്‍ പങ്കുചേരാനാകുമെന്ന് ഈ പ്രവൃത്തി സൂചിപ്പിക്കുന്നു. മനുഷ്യരുടെ രുചികളെ പങ്കിടുന്ന ബന്ധത്തിലേക്ക് ദൈവം ഇറങ്ങിവരുന്നു. പ്രാര്‍ത്ഥിക്കുന്നവനും പ്രാര്‍ത്ഥന കേള്‍ക്കുന്നവനും തമ്മിലുള്ള അധികാരപരമായ അകലം കുറഞ്ഞുപോകുന്നു. ദൈവം അധിപനല്ല, മനുഷ്യനൊപ്പം ഐസ്ക്രീം നുണയുന്ന ഒരു സഹജീവിയാണ്. ഇവിടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഭക്തിയുടേതല്ല, സൗഹൃദത്തിന്റേതും പങ്കുവെക്കലിന്റേതുമാണ്. കവി മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവത്തെ അടുപ്പിക്കുന്നു. ദൈവികതയെ സാധാരണാനുഭവങ്ങളില് അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്നേഹിക്കുന്ന ഈ ദൈവം യേശുവിനു ശേഷം മാത്രം സാദ്ധ്യമായതാണ്.
ഐസ്ക്രീം നുണഞ്ഞുകൊണ്ട് ദൈവവും മനുഷ്യനും കോണ്‍ക്രീറ്റ് വ്യാളിയില്‍ ചാരിയിരിക്കുന്ന ദൃശ്യം കവിതയുടെ ഭാവനാലോകത്തിന് വിചിത്രമായ ദൃശ്യാത്മകത നല്കുന്നു. അതിഭൗതികമായ സത്താസങ്കല്പ്പനത്തെ മനുഷ്യനിര്‍മിതമായ ഒരു വസ്തുവിന്റെ ഉപഭോക്താവാക്കി മാറ്റുന്ന ഭാവന ദൈവത്തിന്റെ സംഭാഷണത്തിന് അസാധാരണമായ വേദി സൃഷ്ടിക്കുകയാണ്. ഐസ്ക്രീം നുണയുന്നതിനിടയില്‍ സംസാരിക്കുന്ന ദൈവത്തിന്റെ വാക്കുകള്‍ക്ക് വേദഗ്രന്ഥങ്ങളുടെ ഗൗരവമോ പ്രവാചകന്റെ ഗാംഭീര്യമോ ഇല്ല. ഒരു സുഹൃത്തിന്റെ സംഭാഷണമാണത്. ദൈവത്തിനു ചാര്ത്തിനല്കുന്ന അതിഭൗതികത ദൈനംദിനജീവിതത്തിന്റെ സാധാരണത്വത്തിനുള്ളില്‍ ലയിക്കുന്നു. മനുഷ്യന്റെ വേദനയെക്കുറിച്ച് ചോദിക്കുന്നതിനു മുമ്പ് ദൈവം സ്വയമേവ മനുഷ്യരുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നു. ദൈവം സര്വജ്ഞനാണെന്ന ധാരണയെ കവി പരിഹാസാത്മകമായി ഉപയോഗിക്കുന്നു. മനുഷ്യര്‍ മറച്ചുവയ്ക്കുന്നതെല്ലാം ദൈവം കാണുന്നുണ്ടെന്ന വിശ്വാസം അധികാരത്തിന്റെ കാപട്യങ്ങളെ തുറക്കാനുള്ള ആഖ്യാനോപാധിയായി മാറുന്നു. ഈ ദൈവം കുറ്റവാളികളെ ശിക്ഷിക്കാന്‍ ഇടിമിന്നലുമായി ഇറങ്ങിവരുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടും കണ്ടും മടുത്ത ഒരു സാക്ഷിയെപ്പോലെ സംസാരിക്കുന്നു. ”ഇവരുടെയെല്ലാം മന്ത്രണങ്ങള്‍ കേട്ട് എന്റെ കാത് കല്ലായി.” ദൈവത്തിനു മനുഷ്യരില്‍ നിന്ന് മോചനം ആവശ്യമായിരിക്കുന്നു!
ലോകത്തെക്കുറിച്ചുള്ള നമ്മുടെ ദുഃഖങ്ങള്‍ വ്യക്തിപരമായ പരാജയങ്ങളില്‍ ഒതുങ്ങുന്നതല്ല. മനുഷ്യജീവിതത്തെ അസഹ്യമാക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ ആ വേദനയുടെ ഭാഗമാണ്. വ്യക്തിയുടെ വട്ടപ്പൂജ്യബോധത്തില് ഇതിനും പങ്കുണ്ട്. തന്റെ പരാതികള്‍ പറഞ്ഞുതീര്‍ത്ത ദൈവം മനുഷ്യനോട് ‘ആട്ടെ, നിന്റെ കാര്യം പറ’യാന്‍ ആവശ്യപ്പെടുന്നു. ലോകത്തിലെ വമ്പന്‍ രാഷ്ട്രീയക്കാരെയും കള്ളന്മാരെയും കേട്ട് കാത് കല്ലായ ദൈവം ഒരു സാധാരണമനുഷ്യന്റെ പ്രശ്നം കേള്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ദൈവവും കവിതയും സാധാരണമനുഷ്യന്റെ ജീവിതത്തിലേക്ക് തിരിയുന്നു. ‘ഞാന്‍ മുഖം ചെവിട്ടിലേക്ക് അടുപ്പിച്ചു’ എന്ന വരിയില്‍ ദൈവത്തിന് സാധാരണമനുഷ്യനുമായുള്ള അടുപ്പത്തിന്റെ സൂചനകളുണ്ട്. പൊതുസമൂഹത്തോട് വിളിച്ചുപറയാന്‍ കഴിയാത്ത ഒരു ആത്മസത്യമാണ് അയാള്‍ ദൈവത്തിന്റെ ചെവിയില്‍ പറയുന്നത്. അതിന്റെ ഉള്ളടക്കം അപ്രതീക്ഷിതമാണ്: ‘എന്റെ ജീവിതം വട്ടപ്പൂജ്യം.’ ജീവിതം വട്ടപ്പൂജ്യമാണെന്ന പ്രഖ്യാപനം വ്യക്തിയുടെ ആത്മനിരാസത്തിന്റെ പരമാവധിയായിരിക്കാം. തന്റെ ജീവിതത്തിന് അര്‍ത്ഥമില്ലെന്നും നേടിയതൊന്നും മൂല്യമുള്ളതല്ലെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലെന്നും അയാള്‍ കരുതുന്നുണ്ടാകാം. അയാള്‍ സമ്പൂര്‍ണമായ ശൂന്യതയാണ് അനുഭവിക്കുന്നത്.
ദൈവം സാന്ത്വനിപ്പിക്കുകയല്ല, ചിരിക്കുകയാണ്. ഈ ചിരിക്ക് പല അര്‍ത്ഥതലങ്ങളുണ്ട്. സ്വന്തം ജീവിതത്തിന് പൂജ്യം സ്കോര്‍ നല്കുന്ന മനുഷ്യകലനത്തിന്റെ അടിസ്ഥാനത്തെ ദൈവത്തിന്റെ ചിരി ചോദ്യം ചെയ്യുന്നതായി പറയാം. ഗണിതത്തിന്റെ ഭാഷയില്‍ അര്‍ത്ഥം കണ്ടെത്താന്‍ കഴിയാത്തിടത്ത് ഭാവനയുടെ ഭാഷയില്‍ മറ്റൊരു ലോകം തുറക്കപ്പെടുന്നു. അത് മനുഷ്യജീവിതത്തിന്റെ അസംബന്ധം അറിഞ്ഞവന്റെ പ്രതികരണമാകാം. മനുഷ്യസമൂഹം സമ്പത്തിനും അധികാരത്തിനും വേണ്ടി നടത്തുന്ന ഭീകരമത്സരങ്ങളും ഈ മനുഷ്യന്റെ ജീവിതനിരര്ത്ഥകതാബോധവും തമ്മിലുള്ള വൈരുദ്ധ്യവുമാകാം ചിരിയുടെ സ്രോതസ്സ്. മനുഷ്യന്റെ സ്വകാര്യമായ നിരാശയെ സാമൂഹിക യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍പ്പെടുത്തി കാണാനാവില്ലെന്ന് ഇതിലൂടെ സൂചിതമാകുന്നുണ്ട്. അത്യാര്‍ത്ഥിയുടെ ലോകത്തോടുള്ള പരിഹാസവും മനുഷ്യന്റെ ആത്മനിരാസത്തെ അമിതഗൗരവത്തില്നിന്ന് മോചിപ്പിക്കുന്ന ചിരിയുമായിരിക്കണം ഇത്. ജീവിതം വട്ടപ്പൂജ്യമാണെന്ന ബോധം അനുഭവിക്കുന്ന മനുഷ്യന് ആ നിമിഷത്തില്‍ തന്റെ അനുഭവം മാറ്റാനാവാത്ത സത്യമായി തോന്നാം. ദൈവത്തിന്റെ ചിരിയുടെ മുന്നില്‍ നില്ക്കുമ്പോള് ആ അനുഭവത്തിന്റെ കാഠിന്യം തകരുന്നു. ദൈവത്തിന്റെ ചിരി മനുഷ്യന്റെ ജീവിതപ്രശ്നങ്ങളെ ഇല്ലാതാക്കുന്നില്ല. അത് ചിന്തിക്കാനുള്ള അകലം സൃഷ്ടിക്കുന്നു. ദൈവം മനുഷ്യനോടു വാദിക്കുന്നില്ല. അയാളുടെ വാദത്തെ തര്‍ക്കശാസ്ത്രപരമായി ഖണ്ഡിക്കുന്നുമില്ല. ദൈവത്തിന്റെ ചിരി ഒരു തുറവിയാണ്.
”ചിരിച്ചു ചിരിച്ചു മണ്ണുകപ്പി” എന്ന പ്രയോഗം ചിരിയുടെ അതിശയോക്തിപരമായ തീവ്രതയെ കാണിക്കുന്നു. ദൈവത്തിന്റെ ചിരിക്കു പിന്നാലെ കവിത അസാധാരണമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ദൈവത്തിന്റെ ചിരി ആകാശത്തു മഴവില്ലാകുന്നത് ദൃശ്യപരമായ പരിവര്‍ത്തനം മാത്രമല്ല. കവിതയുടെ മുഴുവന്‍ പ്രമേയവും പുതിയ അര്‍ത്ഥം നേടുന്ന നിമിഷമാണത്. മഴവില്ലിന് സ്വാഭാവികമായി സൗന്ദര്യം, നിറവൈവിധ്യം, പ്രതീക്ഷ, മഴയ്ക്കുശേഷമുള്ള തെളിച്ചം തുടങ്ങിയ അര്‍ത്ഥങ്ങളെല്ലാം പറയാം. കവിതയിലെ മഴവില്ല് ദൈവത്തിന്റെ ചിരിയില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന സവിശേഷതയുമുണ്ട്. ജീവിതത്തിന്റെ നിരര്ത്ഥകതയില്നിന്ന് അര്‍ത്ഥം സൃഷ്ടിക്കാനുള്ള കവിതയുടെ ഭാവനാപരമായ ശ്രമമാണിത്. ആത്യന്തികമായി ലോകവും ജീവിതവും ശൂന്യമാണ്, അതിന് അര്‍ത്ഥം നല്‍കുകയെന്ന ബുദ്ധവചനങ്ങള്‍ ഈ കാഴ്ചയില്‍ നാം ശ്രവിക്കുന്നു. മഴവില്ല് ഒരൊറ്റ അര്‍ത്ഥത്തിലേക്ക് ചുരുക്കാനാവാത്ത നിറവൈവിദ്ധ്യത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തെ പല നിറങ്ങളില്‍ കാണാനുള്ള സാദ്ധ്യതയെ കവിത നല്കുന്നു. ലോകത്തെ മാറ്റാന്‍ കഴിയാത്ത നിമിഷത്തിലും അതിനെ കാണുന്ന രീതി മാറ്റാന്‍ ഭാവനയ്ക്കു കഴിയും. കവിത ഈ മാറ്റത്തെ മഴവില്ലിന്റെ ദൃശ്യത്തിലൂടെ ആവിഷ്കരിക്കുന്നതാണെന്നും പറയാം.
ദൈവസങ്കല്പനം, അസ്തിത്വദുഃഖം, സാമൂഹികമായഅനീതികള് എന്നിങ്ങനെ വ്യത്യസ്തതലങ്ങളെ ഒറ്റയനുഭവത്തില് കൂട്ടിച്ചേര്‍ക്കുന്നതിലാണ് കവിതയുടെ പ്രമേയത്തിന്റെ സാംഗത്യം കാണേണ്ടത്. ദൈവത്തെക്കുറിച്ചുള്ള സങ്കല്പനത്തെ കൂടുതല്‍ മാനുഷികമാക്കുന്ന ഭാവനാപ്രവൃത്തിയാണ്, ഈ കവിത. അധികാരത്തിന്റെ ശ്രേണീവല്ക്കരണഘടനയെ ചോദ്യം ചെയ്യുന്ന ലോകം നിവര്‍ന്നുവരുമ്പോള്‍ നാം കല്പ്പിച്ചു നല്‍കിയിരുന്ന ഉയര്‍ന്ന ശ്രേണിയില്‍ നിന്നും ദൈവവും വിമോചിതമാകുന്നു. മനുഷ്യന്റെ ആത്മനിരാസം, ലോകത്തിന്റെ അസംബന്ധങ്ങള്‍, അധികാരത്തിന്റെ കാപട്യങ്ങള്‍, ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അനുഭവമാണ് കവിത നല്‍കുന്നത്.
കവിതയിലെ ഹാസ്യം മനുഷ്യന്റെ ദുഃഖത്തിനു വിരുദ്ധമല്ല. ദൈവം ടീഷര്‍ട്ട് ധരിക്കുന്നു. തിരിച്ചറിയപ്പെടുമോ എന്ന് ഭയപ്പെടുന്നു. ഐസ്ക്രീം നുണയുന്നു. മനുഷ്യന്റെ വേദന കേട്ട് പൊട്ടിച്ചിരിക്കുന്നു. കവിതയുടെ പ്രധാനപ്പെട്ട ആവിഷ്കാരതന്ത്രം വിരോധാഭാസമാണ്. ഇതു സൃഷ്ടിക്കുന്ന ഹാസ്യം അധികാരത്തെയും ദൈവികമായ പ്രൗഢിയെയും മനുഷ്യന്റെ ആത്മഗൗരവത്തെയും ഒരേപോലെ ഇളക്കിമറിക്കുന്നു. ചിരി ഇവിടെ വിമര്‍ശനത്തിന്റെ ആയുധവും നിരാശയുടെ കാഠിന്യത്തില്‍നിന്ന് പുറത്തുകടക്കാനുള്ള ഭാവനാപരമായ വഴിയും ആയിത്തീരുന്നു.
കവിതയ്ക്ക് കഥയുടെ സ്വഭാവവും നാടകീയതയുമുണ്ട്. കവിതയുടെ ആഖ്യാനക്രമം ദാര്‍ശനികമായ ആശയങ്ങളെ അമൂര്‍ത്തമായ പ്രസ്താവനകളായി മാറാതെ അനുഭവങ്ങളായി അവതരിപ്പിക്കുന്നു. പതിവുപ്രതീക്ഷകളെ മാറ്റിനിര്ത്തുന്നതിലൂടെയാണ് കവിത നവീനമായ ചിന്താപരിസരം സൃഷ്ടിക്കുന്നത്. സാധാരണ യുക്തിയുടെ ക്രമങ്ങളെ മറികടക്കുന്ന ഭാവന ഈ കവിതയില്‍ വ്യക്തമാണ്. നാസിമുദ്ദീന്റെ ഉന്മാദവും കവിതാരചനയില്‍ പങ്കാളിയായിട്ടുണ്ടാകാം. കവിതയുടെ ഭാവനയെ വെറും വിചിത്രതയായി ചുരുക്കാനുമാവില്ല.

ദൈവത്തിന്റെ ചിരി ജീവിതത്തിന്റെ വട്ടപ്പൂജ്യബോധത്തെ തകര്‍ക്കുന്നുവെന്ന് വായിക്കുമ്പോള്‍, മനുഷ്യന്റെ യഥാര്‍ത്ഥ വേദനയുടെ സങ്കീര്‍ണ്ണത മറന്നുപോകാനുള്ള സാദ്ധ്യതയുണ്ട്. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം എങ്ങനെ വീണ്ടെടുക്കാമെന്ന് വിശദീകരിക്കപ്പെടുന്നില്ല. അതിന്റെ പ്രവര്‍ത്തനം മറ്റൊരു തലത്തിലാണ്. മനുഷ്യന്റെ നിരാശയെ അന്തിമവിധിയായി സ്വീകരിക്കാതിരിക്കാന്‍ ഭാവനയിലൂടെ വിടവുകള്‍ സൃഷ്ടിക്കുകയാണ് കവിത ചെയ്യുന്നത്. ദൈവത്തിന്റെ ചിരി ദുഃഖങ്ങളുടെ പരിഹാരമല്ല. ഏകപക്ഷീയമായ വിധികളെ ചോദ്യം ചെയ്യുന്ന കാവ്യപരമായ ഇടപെടലാണത്.
കവിതയിലെ മഴവില്ല് പ്രതീക്ഷയുടെ ലളിതമായ പ്രതീകം മാത്രമല്ല. മനുഷ്യന്റെ നിരാശയ്ക്കും ലോകത്തിന്റെ ക്രൂരതയ്ക്കും എതിരെ ഭാവന നടത്തുന്ന കലാപം കൂടിയാണ്. മഴവില്ലിന്റെ നിലനില്‍പ്പിന്റെ ക്ഷണികത അതിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നതുമില്ല. നിരവധി ചോദ്യങ്ങളിലൂടെ വാക്കുകളുടെ വിവിധ അര്‍ത്ഥതലങ്ങള്‍ തുറക്കുന്ന അനുഭവമാണ് നാസിമുദ്ദീന്റെ രചന നല്‍കുന്നത്.
ദൈവത്തിനൊപ്പം ഒരു പിക്നിക്
രചന : പി.എ.നാസിമുദ്ദീന്
പ്രസാധനം : ഡി.സി. ബുക്സ്
വില : 260 രൂപ







No Comments yet!