Skip to main content

പി.എൻ. ഗോപീകൃഷ്ണൻ്റെ വന്ദേമാതരം എന്ന കവിതയെക്കുറിച്ച്

പ്രതിലോമ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരികാധിനിവേശങ്ങളെ പ്രതിരോധിക്കുന്ന ലാവണ്യ ദർശനമാണ് പി.എൻ. ഗോപീഷ്ണൻ്റെ കവിതകൾ. അനലംകൃതവും ശക്തവും അതോടൊപ്പം ലാളിത്യവും നിലനിർത്തുന്ന ശൈലിയിലൂടെ സാമൂഹ്യാസ്തിത്വത്തിൻ്റെ യാഥാർത്ഥ്യങ്ങളും ഉത്ക്കണ്ഠകളും അത് പങ്കുവെക്കുന്നു. പദധൂർത്തിൻ്റെ ഉപരിപ്ലവ രചനകളല്ല ഗോപീകൃഷണൻ്റേത്. ഹ്രസ്വവും സൂക്ഷ്മവുമാണതിൻ്റെ ഭാവതലം. പദവിന്യാസത്തിലൂടെ, വാക്കുകളുടെ അപനിർമ്മാണത്തിലൂടെ പ്രമേയതലം പരിപൂർണ്ണമാക്കുന്ന രചനാതന്ത്രമാണ് ഗോപീകൃഷ്ണൻ്റേത്. ചരിത്രത്തിന്റേയും രാഷ്ട്രീയത്തിന്റേയും സാന്നിദ്ധ്യമാണ് സമകാലിക കവികളിൽ നിന്ന് ഗോപീകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്.
സാമൂഹ്യയാഥാർത്ഥ്യങ്ങളെ ആഴത്തിലും അപൂർവമാനങ്ങളിലും അനുഭവവേദ്യമാക്കുന്ന രീതിയാണ് പൊതുവിൽ കാലാകരന്മാർ അവലംബിക്കുന്നത്. എന്നാൽ വന്ദേമാതരം എന്ന കവിതയിൽ ജിത്തു മുണ്ടയുടെ അനുഭവം തന്നെ യഥാർത്ഥത്തിൻ്റെ ഞെട്ടലുളവാക്കുന്ന സർറിയലിസ്റ്റിക്ക് കാഴ്ചയാണ് . ഈ കാഴ്ചയെ മറികടന്ന് അനുവാചകരിലേക്ക് എങ്ങനെ പരാവർത്തനം ചെയ്യാം എന്നത് ഗോപീകഷ്ണൻ്റെ ഭാവന ഇവിടെ കാണിച്ചുതരുന്നുണ്ട്.

കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്

ജിത്തുമുണ്ടയുടെ ജീവിതത്തെ കേന്ദ്രമാക്കി എഴുതപ്പെട്ട കവിതയാണ് വന്ദേമാതരം. ഇന്ത്യയുടെ രാഷ്‌ട്രീയവും – സാമൂഹ്യവുമായ സൂക്ഷ്‌മലോകങ്ങളെ ശക്തമായ രൂപകങ്ങളിലൂടെ അത് അനാവരണം ചെയ്യുന്നു. നിഷ്‌കപടമായ ഭാഷയിലൂടെ വരേണ്യ സംസ്കാരത്തിൻ്റെ എല്ലാ മറകളേയും ഈ കവിത പൊളിച്ച് മാറ്റുന്നുണ്ട്. ആശയങ്ങൾ കൊണ്ടല്ല ശ്ലത ബിംബങ്ങളാൽ ഒന്നിന് പുറകെ ഒന്നായി അത് കവിതയെ വലിയൊരു ദൃശ്യാനുഭമാക്കുന്നു.
വന്ദേമാതരം എന്ന ശീർഷകം തന്നെ മാതൃഭൂമിയെ ദൈവീകവും പവിത്രവുമായ കാണുന്ന ഏകീകൃത ബ്രാഹ്മണിക സാംസ്കാരിക ദേശീയതയുടെ പ്രതീകമാണ്. ഈ മിത്തിക്കൽ പ്രതീകാത്മക സാംസ്കാരിക ദേശീയതയും ബഹുസ്വരവും പ്രാന്തവത്കരിക്കപ്പെട്ടെതുമായ യഥാർത്ഥ ഇന്ത്യൻ ദേശീയ ജീവിതവും തമ്മിലുള്ള സംഘർഷമാണ് ഒരർത്ഥത്തിൽ വന്ദേമാതരം എന്ന കവിതയുടെ കേന്ദ്രം.

അതുകൊണ്ടുതന്നെ വന്ദേമാതരം ജിത്തു മുണ്ട എന്ന ഒരു വ്യക്തിയുടെ ദുരന്തകഥയല്ല. മറിച്ച്, ഇന്ത്യൻ ദേശീയ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട അനേകം അടിത്തട്ട് ജീവിതങ്ങളുടെ അനുഭവ സാക്ഷ്യമാകുന്നു. രാഷ്ട്രം, ദേശീയത, വികസനം എന്നിങ്ങനെ ഔദ്യോഗികമായി നിർമ്മിക്കപ്പെട്ട ആഖ്യാനങ്ങൾക്കുള്ളിൽ മറഞ്ഞുകിടക്കുന്ന യഥാർത്ഥ്യങ്ങളെ കുഴിച്ചെടുക്കാനുള്ള ശ്രമമാണ് ഈ കവിത. ചരിത്രത്തിൻ്റെ വേരുകൾ അന്വേഷിച്ചുപോകുന്ന കവി കൂടിയാണ് ഗോപീകൃഷ്ണൻ. ഈ കവിതയുടെ ശ്രദ്ധേയമായ സവിശേഷത അതിൻ്റെ ദൃശ്യ-ബിംബഘടനയാണ്. കവിതയിൽ പറയുന്ന സംഭവങ്ങൾ യഥാർത്ഥ്യകളുടെ വിവരണമല്ല. മറിച്ച് യാഥർത്ഥ്യത്തെ അതിലും തീവ്രമായി അനുഭവിപ്പിക്കുകയാണ്. കവിതയുടെ ആദ്യവരികൾ തന്നെ അതിന്റെ രാഷ്‌ട്രീയവും സൗന്ദര്യശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്.

“ജിത്തുമുണ്ട പുരാതനമായ മണ്ണ് കുഴിക്കുകയായിരുന്നു”.

“നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടുപിണച്ചിൽ കോതുകയായിരുന്നു”

ഈ വരികളിലെ മണ്ണ് എന്നത് വെറും ഭൂമിയല്ല. ചരിത്രത്തിൻ്റെ സ്‌മൃതി ശേഖരത്തിൽ മറഞ്ഞ് കിടക്കുന്ന ഓർമ്മകളുടെ പ്രതീകമാണത്. വേരുകളുടെ കെട്ടുപിണച്ചൽ എന്നത് അദൃശ്യചങ്ങലകളായി വ്യാപിച്ചു കിടക്കുന്ന ജാതിവ്യവസ്ഥയുടേയും ചൂഷണത്തിൻ്റേയും സങ്കീർണതകളെയാണ് സൂചിപ്പിക്കുന്നത്.

“ഇന്ത്യക്കിപ്പോൾ മങ്ങിയ നിറമില്ല മണ്ണിൻ്റെ നിറമില്ല മുഖക്കുരുവും കരിവാളിപ്പുമില്ല” എന്നത് കൃത്രിമമായ പ്രചരണത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട തിളങ്ങുന്ന ഇന്ത്യയുടെ ബിംബത്തെയാണ് സൂചിപ്പിക്കുന്നത്.
കവലയിലെ പ്രസംഗത്തിൽ പ്രത്യക്ഷപ്പെടുന്ന ഗാന്ധി, അംബേദ്കർ, മാർക്സ്, ലോഹ്യ എന്നീ ബിംബങ്ങൾ പിൽക്കാലത്ത് അവരുടെ ആശയങ്ങൾക്ക് സംഭവിച്ച വിപര്യയത്തെയോ, ഭരണവർഗ്ഗം ഇത്തരം ബിംബങ്ങളെ വിഗ്രഹവത്ക്കരിച്ച് പ്രദർശന വസ്തുക്കളാക്കി മാറ്റിയതിനെകുറിച്ചോ ഉള്ള വിമർശനമാകുന്നു.

കവിതയുടെ തീഷ്ണത ജിത്തു മുണ്ട തന്റെ കൂടപ്പിറപ്പിനെ “മഞ്ഞച്ച അസ്ഥികൂടത്തിന്റെ ശാന്തതയിൽ” കണ്ടെത്തുമ്പോഴാണല്ലേ . ഇവിടെ അസ്ഥികൂടം മരണത്തിന്റെ പ്രതീകം മാത്രമല്ല. ചൂഷണത്തിൻ്റെ, വിശപ്പിൻ്റെ പട്ടിണിയുടെ ഭരണകൂട അവഗണനയുടെ ചരിത്രസാക്ഷ്യമാകുന്നു. ഇതിന് എതിർവശത്താണ് “കശ്മീർ മുതൽ കന്യാകുമാരി വരെ വായ്നാറ്റമില്ലാത്ത ചിരി”, “ജീവിത നിലവാരത്തിന്റെ ഐപിഎൽ”, “ലോക മൈതാനത്ത് ഓടുന്ന ഇന്ത്യ” എന്നിങ്ങനെയുള്ള രൂപകങ്ങൾ.

എന്നാൽ ജിത്തുമുണ്ടയുടെ തോളിലെ അസ്ഥികൂടം എന്ന ഒരൊറ്റ ദൃശ്യം തന്നെ അതിനെയെല്ലാം തകർത്ത്കളയുന്നു .
കവിതയിലെ ശക്തമായ മറ്റൊരു സന്ദർഭമാണ് കാറൽ മുണ്ട എന്ന പേര് ഉപേക്ഷിക്കുന്ന ഭാഗം. ജനിച്ച നാൾ മുതൽ നാണക്കേടായി കൂടെയുണ്ടായിരുന്ന മാംസം വലിച്ചെറിയുകയും കുറ്റവാളിയുടെ മുഖച്ഛായ മാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ സ്ത്രീത്വത്തിനെതിരായ മേലാള പുരുഷാധിപത്യ മനോഭാവങ്ങളേയും ഗോത്ര സ്വത്വം തന്നെ കുറ്റമായി മുദ്രകുത്തപ്പെടുന്ന ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യത്തെയുമാണ് ആവിഷ്‌ക്കരിക്കുന്നത്.

“ഇരുപതിനായിരം രൂപ കിട്ടാൻ ഇരുപതിനായിരം കിലോമീറ്റർ താണ്ടേണ്ട ഒരു രാജ്യം ഇപ്പോഴുമുണ്ട്.”

“ചത്താലും മനുഷ്യരെ ചാകാൻ വിടാത്ത രാജ്യം”.

ഇവിടെ ദൂരം എന്നത് ദൂരത്തിൻ്റെ ഭൗതിയമായ അളവല്ല. ഇന്ത്യയിലെ അരികുവത്ക്കരിക്കപ്പെട്ട സാധാരണ മനുഷ്യർക്ക് നീതി എത്ര മാത്രം അകലെയാണെന്നതും ജാതിശ്രേണിയുടെ തന്നെ അകലത്തേയുമാണ് സൂചിപ്പിക്കുന്നത്. ചത്താലും മനുഷ്യരെ ചാകാൻ വിടാത്ത രാജ്യം എന്ന അവസാന വാക്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ സാധാരണ ജനതയെ മനുഷ്യരായോ, പൗരന്മാരയോ അംഗീകരിക്കാത്ത ഭരണകൂട സ്ഥാപനങ്ങൾ മരിച്ച ശേഷവും അവരുടെ ശരീരങ്ങളെ രേഖകളുടേയും നിയമങ്ങളുടേയും അഴിയാകുരുക്കിൽ അകപ്പെടുത്തുന്നതിനെയാണ് അവതരിപ്പിക്കുന്നത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.