“എനിക്ക് വിശക്കുന്നു…. തിന്നാൻ വല്ലോം തായോ….”
പറയുന്നതിനൊപ്പം ചിണുങ്ങാനും തുടങ്ങിയിരുന്നു സാവി.
“നോക്ക്, ഇപ്പോഴല്ലേ ചോറു തന്നത്. ഈ വായിൽ കൂടി, തൊണ്ടയിൽ കൂടി വയറിനകത്ത് ചെന്നു ദാ ബൊമ്മെന്നു നിറഞ്ഞിരിക്കുന്നത് കണ്ടില്ലേ?”
സാവിയുടെ ആലില വയറിൽ വിരലോടിച്ചുകൊണ്ട് സജയൻ പറഞ്ഞു. ഒരച്ഛന്റെ വാത്സല്യം ആ വാക്കുകളിൽ തൂവിത്തുളുമ്പിയത് സജയൻ പോലും അറിഞ്ഞില്ല.
“സത്യായിട്ടും?”
കണ്ണുകളിൽ അവിശ്വാസത്തിന്റെ തിരയിളക്കി സാവി ചോദിച്ചു.
“സത്യായിട്ടും. ഞാൻ എന്റെ സാവിയോട് കള്ളം പറയുമോ? മിടുക്കിക്കുട്ടിയായിട്ട് ഇനിയും കുറച്ചുനേരം കിടന്നുറങ്ങിയാൽ വൈകിട്ട് നമുക്ക് പുറത്തുപോകാം.”
കാലം അലക്കി വെളുപ്പിച്ചു തുടങ്ങിയ മുടിയിഴകളിലൂടെ അയാളുടെ കൈവിരലുകൾ ഊർന്നിറങ്ങി. വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ എന്നു തിട്ടമില്ലാത്ത ഒരു നോട്ടം സജയനിലേക്ക് നീട്ടി. പിന്നീട് ഉറയ്ക്കാത്ത മിഴികൾ ചുറ്റുപാടിലേക്ക് ഉഴിഞ്ഞെടുത്ത് ഒരു നിമിഷം എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ തല മെല്ലെ ചലിപ്പിച്ചു. പിന്നീട് അയാളുടെ വാക്കിൻതുമ്പിൽ തൂങ്ങി അവൾ കട്ടിലിന്റെ ഓരത്തേക്ക് ചുരുണ്ടുകൂടിയപ്പോൾ ഒരു മുൻവിധി എടുക്കാനാവാതെ അയാൾ സാവിയെ നോക്കിയിരുന്നു.
ചിലപ്പോൾ അനുസരണയുള്ള കുട്ടിയായി ഒതുങ്ങിക്കിടക്കലാവും, അല്ലെങ്കിൽ ചടപടയെന്നു ചാടിയെണീക്കും. അല്ലെങ്കിൽ കരയാൻ… ചിരിക്കാൻ… കോപിക്കാൻ… എന്താണ് സംഭവിക്കുന്നതെന്നറിയാൻ അയാൾ ചില നിമിഷങ്ങൾ ശ്രദ്ധയുടെ പാലത്തിലേറി. എന്നാൽ സാവി അനങ്ങിയില്ല. ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകിടക്കുന്ന സാവിയെ നോക്കിയിരിക്കുന്തോറും കനപ്പെട്ടതെന്തോ നെഞ്ചിൽ തടയുന്നതുപോലെ തോന്നിയപ്പോൾ അയാൾ ചിന്തകളുടെ ചുവടുകൾ മാറ്റിച്ചവിട്ടിക്കൊണ്ടിരുന്നു.
ചൂണ്ടുവിരലിൽ താക്കോൽ കറക്കി പൊടുന്നനെയാണ് സോജ മുറിയിലേക്ക് വന്നത്.
“നീ വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ. ചിന്നൂട്ടിയെ കൂട്ടിയില്ലേ?”
അപ്രതീക്ഷിതമായി കണ്ട അമ്പരപ്പിൽ അയാളിൽനിന്നും തെറിച്ചുവീണ വാക്കുകളിൽ അവൾ ഒന്നു പതറിയോ? ‘കാറിന്റെ ശബ്ദവും കേട്ടില്ലല്ലോ’ എന്ന് ചോദിക്കാൻ തുടങ്ങിയത് അയാൾ വായ്ക്കുള്ളിൽത്തന്നെ ചവച്ചുവിഴുങ്ങി.
അല്ലെങ്കിലും ‘ഇതെന്റെ ചിന്നൂട്ടിക്ക്, അതെന്റെ ചിന്നൂട്ടിക്ക്’ എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞുകൊണ്ട് ഓരോന്നും കാത്തുവെച്ചിരുന്ന സാവിയല്ലല്ലോ ഇന്നുള്ളത്. അവൾക്കിങ്ങോട്ട് വരാനും സോജയ്ക്ക് കൊണ്ടുവരാനും താത്പര്യമില്ലെന്ന് എന്നോ മനസ്സിലാക്കിയതാണ്. എങ്കിലും അറിയാതെ ചില നേരങ്ങളിൽ വായിൽനിന്നും കാണാപ്പാഠമായി ഉതിർന്നുവീഴുന്ന വാക്കുകളോട് അയാൾക്ക് ശണ്ഠ കൂടാൻ തോന്നി.
“അമ്മ ഉറങ്ങുകയാണ്, ശല്യപ്പെടുത്തണ്ട.” കൂർക്കംവലിയുടെ നേർത്ത താളത്തിലൂടെ ഉറക്കത്തിന്റെ തൊട്ടിലിൽ ആടുന്ന സാവിയെ ഒന്നു കണ്ണോടിച്ചുകൊണ്ട് സജയൻ മകളെയും കൂട്ടി മുറിയിൽനിന്നും പുറത്തേക്കു നടന്നു.
“കുറെ ദിവസമായില്ലേ വന്നിട്ട്. അവിടെ അച്ഛമ്മയ്ക്ക് ചിന്നൂട്ടി എപ്പോഴും അടുത്തുവേണം. ചിന്നൂട്ടിക്കും അങ്ങനെതന്നെ. നാളെ ലീവെടുത്തു. എനിക്കും ഒറ്റയ്ക്ക് നിങ്ങളുടെ കൂടെ ഒരു ദിവസം…” അമ്മയെ ഒന്നു കണ്ണുകൾകൊണ്ടുഴിഞ്ഞ് സോജ അച്ഛന്റെ പുറകേ പോകുന്നതിനിടയിൽ പറഞ്ഞു.
തന്റെ ഭാരം ഇത്തിരിനേരത്തേക്ക് പങ്കിടാൻ ഒരാളായല്ലോ എന്ന സന്തോഷത്തിൽ മനസ്സൊന്നു തുള്ളിയാർത്തെങ്കിലും എല്ലാം ഒറ്റയ്ക്ക് ചുമക്കുമെന്ന് ദിവസവും ഒരായിരം വട്ടം ആവർത്തിക്കുന്നത് ഇതിനായിരുന്നോ എന്ന ചിന്ത വേഗം ആ ആഹ്ലാദത്തെ തല്ലിക്കെടുത്തി.
എത്ര വേണ്ടെന്നു പറഞ്ഞാലും മാസത്തിൽ രണ്ടു തവണ അമ്പതു കിലോമീറ്റർ ദൂരം വണ്ടിയോടിച്ച് സോജയെത്തും. അടുക്കള പിന്നെ അവളുടെ നിയന്ത്രണത്തിലാണ്. പോകുമ്പോഴേക്കും കറികളും പകുതി വേവിച്ച പച്ചക്കറികളുമൊക്കെയായി ഫ്രിഡ്ജ് കുത്തിനിറയ്ക്കും. ചിലതൊക്കെ കഴിക്കും, ചിലതൊക്കെ അവിടെയിരിക്കും. പലതും ചിലപ്പോൾ അവൾ തന്നെ വന്നാണ് എടുത്തുകളയുന്നത്.
പച്ചക്കറിയും മീനും മാത്രം ഫ്രിഡ്ജിൽ തണുത്തുവിറച്ചിരുന്ന കാലത്ത് സാവിയുടെ കൈവേഗങ്ങളിൽ അന്നന്നേക്കുള്ള ചോറും കറികളും മാത്രം തിളച്ചിരുന്ന അടുക്കളയെ പിണക്കാൻ അയാൾക്ക് തോന്നിയില്ല. തൂത്തുതുടയ്ക്കാനെത്തുന്ന ജോലിക്കാരിയെ പാചകത്തിന് ഏഴയലത്ത് അടുപ്പിക്കാതിരുന്ന സാവിക്കായി ഒരു കഞ്ഞിക്കലം ദിവസവും അടുക്കളയിൽ ചൂടാറാതെ വെക്കാൻ സജയന്റെ വിരലുകൾ മത്സരിച്ചു. മോളെത്തിയാൽ അവളെ വെറുപ്പിക്കാതെ എന്തെങ്കിലും കാട്ടിക്കൂട്ടട്ടെ എന്നു കരുതും.
വൈകുന്നേരം ചിറക്കരയിലേക്കുള്ള സാവിയുമൊത്തുള്ള പതിവ് നടത്തത്തിന് സോജയും കൂടി. മുറ്റത്തെ തുളസിത്തലപ്പുകൾ തലയാട്ടി വിളിച്ചതോ, റോസയുടെ മുൾക്കൈകൾ അവളുടെ തുണിയിൽ പിടിച്ചുവലിച്ചതോ, സാവിക്കേറെ പ്രിയപ്പെട്ട പനിനീർച്ചെമ്പകം അവൾക്കായി പൂ കൊഴിച്ചിട്ടതോ അറിയാതെ കടന്നുപോയ സാവിയോട് മുട്ടിച്ചേർന്നുകൊണ്ട് നായയും ഒപ്പം കൂടി.
വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റി ജീവിക്കുന്ന നായയ്ക്ക് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെങ്കിലും സാവിയുടെ കൈപ്പുണ്യം തന്നെപ്പോലെ നായയും രുചിച്ചിരുന്നു. നായയ്ക്കുകൂടിയായിരുന്നു അവൾ ചോറും കറിയുമെല്ലാം ഉണ്ടാക്കിയിരുന്നതെന്ന് തോന്നിയിട്ടുണ്ട്. നായയ്ക്ക് മാത്രമല്ല, ആദ്യമായി ഭക്ഷണം സാവിയുടെ വായിലേക്ക് എത്തുംമുമ്പ് ഒരു നുള്ള് പുറത്തേക്ക് എറിയും. പുറത്ത് കാത്തിരിക്കുന്ന കാക്കകൾക്കും മറ്റു പറവകൾക്കുമായി.
സാവി നടത്തത്തിന് വേഗത കൂട്ടിയപ്പോൾ ഒപ്പമെത്താൻ സോജ ചെറുതായി ഓട്ടത്തെ കൂട്ടുപിടിച്ചു. കാറിലെ കറക്കം അവളുടെ കാൽവേഗങ്ങൾക്ക് ചങ്ങലപ്പൂട്ടിട്ടിരിക്കുന്നു…
ചില ദിവസങ്ങളിൽ സാവി അങ്ങനെയാണ്. ഒരു കുട്ടിയുടെ ഉത്സാഹത്തിമിർപ്പിൽ പുളഞ്ഞുനടക്കും. ചിലപ്പോൾ മുറിയിൽത്തന്നെ ചടഞ്ഞുകൂടിയിരിക്കും. നടത്തമെന്നു പറഞ്ഞുകൂടാ, ഇടയ്ക്ക് നിന്നും തിരിഞ്ഞുനടന്നും വഴിയിൽ ചിലപ്പോൾ ഇരുന്നുമൊക്കെയുള്ള നടത്തം. വഴിയിൽ കാണുന്ന ചിലർ കുശലം പറയും. അവരോട് എന്തെങ്കിലും പറഞ്ഞാലായി… ചിലർ പരിചയം ചിരിയിൽ പുതുക്കി കടന്നുപോകും. ചിലർ കണ്ണിൽനിന്ന് മറഞ്ഞാലും അവർ പോയ വഴിയും നോക്കി എത്ര നേരം വേണമെങ്കിലും സാവി നിൽക്കും. പിന്നീട് പിടിച്ചുവലിക്കണം.
നിയന്ത്രണത്തിന്റെ തുടലുകൾക്കുള്ളിൽ പിടയുകയാണ് ജീവിതമെന്ന തിരിച്ചറിവുപോലുമില്ലാതെ… അതും ഒരു കണക്കിൽ നന്നായി…
“അമ്മയേം കൊണ്ട് നടക്കേണ്ടിയിരുന്നില്ല. ഓരോരുത്തരും എന്തൊക്കെയാ അഭിപ്രായങ്ങൾ നടത്തുന്നത്? ഏട്ടത്തി ക്ഷീണിച്ചുപോയി, മരുന്നുണ്ടോ? ഹോം നേഴ്സ് ഉണ്ടോ? മോൾ ഇവിടെയാണോ? എന്തൊക്കെ അറിയണം ഇവറ്റകൾക്ക്!” തിരിച്ചു നടക്കുന്നതിനിടയിൽ സോജ വെറുപ്പ് കടിച്ചുതുപ്പി.
പറഞ്ഞുമനസ്സിലാക്കേണ്ട പ്രായം കഴിഞ്ഞതിനാൽ സജയൻ അഭിപ്രായം പറയാൻ കൂട്ടാക്കാതെ മൗനത്തിന്റെ കൂട്ടിലേക്ക് കയറി. സാവിയുടെ ആകെയുള്ള പുറംകാഴ്ചയുടെ വാതിൽ കൊട്ടിയടയ്ക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. ഭൗതികതയുടെ അവശേഷിക്കുന്ന ദുർബലമായ ചില ഇഴകളെ പിടിച്ചുനിർത്താനുള്ള ഒരു ശ്രമം അവളറിയുന്നില്ലെങ്കിലും ഇത്തിരി വെളിച്ചവും കാറ്റും അവളുടെ ഉള്ളിലേക്ക് കടക്കട്ടെ. മുറിച്ചുവരുകൾ തടവിലാക്കും വരെ, കട്ടിൽ സ്ഥിരമായി അവളെ അതിലേക്ക് വലിച്ചിടും വരെയെങ്കിലും ഇങ്ങനെ കൊണ്ടുനടക്കണമെന്നുള്ളത് സജയന്റെ ആഗ്രഹമാണ്.
സോജ മേൽ കഴുകിവന്നപ്പോഴേക്കും സജയൻ ഓട്സ് കാച്ചി മൂന്നു പാത്രത്തിലാക്കിയിരുന്നു.
‘ഇതു ഞാൻ ചെയ്യില്ലായിരുന്നോ അച്ഛാ’ എന്ന സോജയുടെ ചോദ്യത്തിന് ഉത്തരമായി അയാൾ ചുണ്ടുകൾ വെറുതെ ഒന്നു വിടർത്തി. സോജ തന്നെ സാവിക്ക് കുറേശ്ശെ സ്പൂണിൽ കോരിക്കൊടുക്കുന്നതും നോക്കിയിരുന്നയാൾ അയാളുടെ പങ്ക് കോരിക്കുടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഇരുകവിളിലൂടെയും ഒലിച്ചിറങ്ങുന്നത് സോജ ഒരു ടവൽ കൊണ്ട് തുടച്ചുനീക്കി, വിശേഷത്തിന്റെ നുറുങ്ങുകൾ സാവിയെ നോക്കി അയാളോട് പറഞ്ഞുകൊണ്ടിരുന്നു.
മനസ്സ് സോജയുടെ കുട്ടിക്കാലത്തിലൂടെ ഓടിനടന്നു. കാലമൊന്നു കറങ്ങിത്തിരിഞ്ഞപ്പോൾ അമ്മ കുട്ടിയും കുട്ടി അമ്മയുമായെന്ന വ്യത്യാസം മാത്രം. വൈകിട്ട് പുറത്തുപോകുന്ന ദിവസം സാവി ഓട്സ് കുടിക്കും. അല്ലെങ്കിൽ മടിയാണ്.
ഊണു കഴിഞ്ഞ് വരാന്തയിലെ ചാരുകസേരയിൽ ആകാശവും നോക്കി കിടന്നപ്പോഴാണ് പണികളെല്ലാം ഒതുക്കി സോജ എത്തിയത്.
ഇനിയും മാറ്റിയിട്ടില്ലാത്ത സജയന്റെ പതിവുശീലങ്ങളിൽ ഒന്നാണിത്. സാവിയുമൊത്ത് കൂടുകൂട്ടിയ നാളുകളിൽ ആകെയുള്ള ആഡംബരം ഈ കസേരയും ഒരു കട്ടിലുമായിരുന്നു. കസേരയിൽ കിടന്ന് അയാൾ പറയുന്നതൊക്കെ ഇരുള്ഗുഹയ്ക്കുള്ളിൽനിന്നും വെളിച്ചത്തിന്റെ നുറുങ്ങുമായി ചെവി വട്ടം പിടിക്കുന്ന മിന്നാമിനുങ്ങുകൾക്കൊപ്പം വാതിൽപ്പടിയിൽ ചാരിയിരുന്നവൾ വിഴുങ്ങുന്നതിനിടയിലെ മറുചോദ്യങ്ങൾ ചുരുക്കമായിരുന്നു.
നിലാവ് വരാന്തയിലേക്ക് കയറിവന്ന് സാവിയെ ചന്ദനച്ചാറു പൂശുന്നതും നോക്കി കെട്ടഴിക്കുന്ന കഥകൾക്ക് വിഷയനിബന്ധനയൊന്നും ഉണ്ടായിരുന്നില്ല. മോൾ ഉണ്ടായതിനുശേഷം സാവിയുടെ മടിയിൽ തലചേർത്തുവെച്ച് അവൾ സംശയങ്ങളുടെ കൂമ്പാരങ്ങളുമായി ആ കഥകളിൽ ഇടങ്കോലിടുന്നതും സാവി കണ്ണുരുട്ടുമ്പോൾ കവിളുകൾ രണ്ടു കുടങ്ങളാക്കി കട്ടിലിൽ കമിഴ്ന്നുകിടക്കുന്നതും പിന്നെപ്പോഴോ അവൾ അവളുടെ ലോകത്തിലേക്കൊതുങ്ങിയിട്ടും കഥച്ചെപ്പിന്റെ ചെറുവാതിൽ അവർക്കു മുന്നിൽ തുറന്നുകിടന്നതുമെല്ലാം മുഴുനീളച്ചിത്രമായി അയാൾക്കു മുന്നിൽ നിറഞ്ഞാടി.
ഈയിടെയായി സാവിയും കഥകൾ വേണ്ടാതെ… അതോ താൻ അറിയാത്തതാണോ…
“അച്ഛൻ ഉറങ്ങിയോ?”
“വെറുതെ ഓരോന്നോർത്തു കിടന്നു.”
“കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ അച്ഛനോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നു.”
“ഹോം നേഴ്സിന്റെ അല്ലേ?”
മറുചോദ്യത്തിൽ ഒരു ചെറുചിരിയും അയാൾ കൊളുത്തിയിട്ടിരുന്നു.
“അതേ.”
“തത്കാലം അത് വേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.”
“എനിക്ക് എന്നും വന്നു നിൽക്കാനാകുമോ? മാസത്തിൽ രണ്ടു തവണ തന്നെ എത്തുന്നതിന്റെ ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ?”
“നീ മാസത്തിൽ ഒരു തവണ പോലും വരാൻ ഞാൻ പറഞ്ഞിട്ടില്ലല്ലോ.”
“അച്ഛന് അച്ഛന്റെ കാര്യവും വീട്ടുകാര്യങ്ങളും അമ്മയുടെ കാര്യവും എല്ലാം കൂടി ബുദ്ധിമുട്ടാവില്ലേ? ഒന്ന് വയ്യാതായാൽ എന്തു ചെയ്യും? പണം ഞാൻ കൊടുത്തോളാം അച്ഛാ…”
“എന്റെ പെൻഷൻ തന്നെ ഞങ്ങൾക്ക് ധാരാളമാണെന്ന് മോൾക്കറിയാമല്ലോ.”
“നാട്ടുകാർ എന്തു പറയും? അച്ഛൻ പിശുക്കനായതുകൊണ്ടാണ് ഹോം നേഴ്സിനെ വെക്കാത്തതെന്ന് അജയേട്ടൻ പറയുന്നത്.”
“നാട്ടുകാരും അജയനും ഒക്കെ പറയുന്നതാണ് നിന്റെ പ്രശ്നം. അല്ലാതെ അച്ഛന്റെ ബുദ്ധിമുട്ടല്ല!” വാക്കുകളിലെ സൗമ്യത ചോർന്നുപോകാതിരിക്കാൻ അയാൾ പാടുപെട്ടു.
“ഞാൻ… പറഞ്ഞത്…”
‘എനിക്കായിരുന്നു ഈ അവസ്ഥയെങ്കില് നിന്റെ അമ്മ ഹോം നേഴ്സിനെ വെക്കാൻ സമ്മതിക്കുമായിരുന്നോ? ഓർമ്മയുടെ ചിറകിലേറി നടന്ന കാലത്ത് നമുക്കായി ജീവിതം മാറ്റിവെച്ചവൾ. സ്വന്തമായി ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇല്ലാതെ, നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടത്തിത്തന്നോൾ, നല്ല സാധനങ്ങളുടെ മുക്കാൽ പങ്കും നമുക്കായി മാറ്റിവെച്ചവൾ, അവൾക്കുണ്ടാകുന്ന അസുഖങ്ങൾ പോലും അവൾ അറിയാറില്ല, അറിഞ്ഞാലും അറിഞ്ഞതായി നടിക്കാതെ നമ്മളിലാരെങ്കിലും ഒന്ന് തുമ്മിയാൽ പുറകെ മരുന്നുംകൊണ്ട് നടന്നവൾ. ഉണ്ടില്ലെങ്കിലും നമ്മുടെ ആഹാരകാര്യത്തിൽ വേവലാതിപ്പെട്ടുനടന്നവൾ, തേച്ചുമിനുക്കിയ വസ്ത്രങ്ങളിൽ നമ്മളെ നടത്തിയവൾ. അതൊക്കെ കുറച്ചെങ്കിലും അവൾക്കു തിരിച്ചുനൽകേണ്ട ബാധ്യത എനിക്കില്ലേ? ഇന്നവൾ ഒരു കൊച്ചുകുഞ്ഞായി നമ്മുടെ മുന്നിൽ എന്നെ സ്നേഹിക്കൂ എന്ന് നിൽക്കുമ്പോൾ എനിക്കെങ്ങനെ എന്റെ സാവുവിനെ ഒരു ഹോം നേഴ്സിനെ ഏൽപ്പിക്കാനാവും?’ എന്നൊക്കെ ചോദിക്കുകയും പറയുകയും ചെയ്യണമെന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും അയാൾക്കിത്രയേ പറയാൻ കഴിഞ്ഞുള്ളൂ.
“ഇനിയും രണ്ടാഴ്ച കൂടുമ്പോൾ നീ ഇത്ര ദൂരവും ഡ്രൈവ് ചെയ്ത് വരേണ്ട. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിക്കാം.”
സോജയുടെ മറുപടിക്ക് കാക്കാതെ സജയൻ മുറിയിലേക്ക് സാവധാനം നടന്നു.

രാജേശ്വരി ഗോപിനാഥന്
‘ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ രാജേശ്വരി ജി നായർ കഴിഞ്ഞ 42 വർഷങ്ങളായി ഗോവയുടെ ഇഷ്ടാനിഷ്ടങ്ങളെ തന്നോട് ചേർത്തു പിടിക്കുന്നു. ജ്ഞാനപീഠം പുരസ്കാര ജേതാവ് ശ്രി ദാമോദര് മൌജോയുടെ മാസ്റര് പീസ് നോവലായ കാര്മെലിന് വിവര്ത്തനമടക്കം പതിനാറു പുസ്തകങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാം ലോക കേരള സഭാംഗം, വേള്ഡ് മലയാളി കൌണ്സില് ഗ്ലോബൽ ലോക മലയാളഭാഷാ വേദി ഫോറം അധ്യക്ഷ, ക്രിയേറ്റീവ് വിമൻ മുൻ ദേശീയ പ്രസിഡൻ്റ്, കൂടാതെ നിരവധി സംഘടനകളിലെ സജീവ സാന്നിധ്യം. ഗോവ മലയാളം മിഷൻ സ്ഥാപക സെക്രട്ടറിയും , ചീഫ് അക്കാദമിക് കോർഡിനേറ്ററും, റിസോഴ്സ് പേഴ്സണും ആയി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങളായി ഗോവ പ്രവാസി മലയാള സാഹിത്യ സംഗമങ്ങളുടെ കൺവിനറും, ഗോവ കൊങ്കണി മലയാളം ട്രാൻസ്ലേറ്റേഴ്സ് കൺവീനറുമായിരുന്നു . കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി പുസ്തകങ്ങൾ കൊങ്കണിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്.
കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവൻ വിവർത്തന രത്ന പുരസ്ക്കാരം, വേൾഡ് മലയാളി കൗൺസിൽ ഇൻസ്പെയറിങ് ഇന്ത്യൻ ലിറ്റററി അവാർഡ്, ഈ മലയാളി പുരസ്കാരം, ട്രോംബേ ടൗൺഷിപ്പ് കഥാ ഫൈൻ ആർട്സ് ക്ലബ് കഥാപുരസ്കാരം, ഫാഗ്മ പുരസ്കാരം, ഗോവ മലയാളി കൾച്ചറൽ അസോസിയേഷൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.







No Comments yet!