പുതിയ കണ്ണാടിയിലൂടെയുള്ള കാഴ്ച
”ഭൂമി സുന്ദരമാണെങ്കിലും എല്ലാവര്ക്കും അങ്ങനെയല്ല. അതു മനസ്സിലാക്കാന് ശൂദ്രയോനിയിലോ സ്ത്രീയായോ നപുംസകമായോ ജനിക്കണം”- ആത്രേയകത്തിലെ വരികളാണ്. സമൂഹത്തിന്റെ കണ്ണില്‍ എല്ലാം തികഞ്ഞവരുണ്ട്. എന്നാല്‍ ശാരീരികവും മാനസികവും ബൗദ്ധികവും ഒക്കെയായി അങ്ങനെ അല്ലാത്ത മനുഷ്യര്‍ മറ്റൊരു ഇടത്ത് വേദനയിലാണ്ട് കഴിയുകയും ചെയ്യുന്നു. ഏത് കാലത്തെ സാമൂഹിക അവസ്ഥയിലും ഈ രണ്ട് കൂട്ടരുമുണ്ട്. പല പേരുകളില്‍. നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന ഈ രണ്ടാമത്തെ വിഭാഗത്തിന്റെ കണ്ണിലൂടെയാണ് മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ രാജശ്രീ ആത്രേയകം പൂര്‍ത്തീകരിച്ചിട്ടുളളത്. ലളിതമായി പറഞ്ഞാല്‍ വ്യവസ്ഥാപിതമായ കാഴ്ചകളില്‍ നിന്ന് മാറി നിരമിത്രനിലൂടെ ഇതിഹാസത്തെ പുനര്‍വായിക്കുകയാണ് എഴുത്തുകാരി.
കൗരവ പക്ഷത്തായിരുന്ന ഭീമന്റേയും ഹിടുമ്പിയുടേയും പുത്രന്‍ ഘടോല്‍ക്കചനെ യുദ്ധത്തിലേക്ക് കൊണ്ടുവരാന്‍ ഭീമന്‍ ഘടോല്‍ക്കചനെഴുതുന്ന കത്തും, അര്‍ജുനന് ഉലൂപിയിലുള്ള മകന്‍ ഇരാവനെ ചതിയിലൂടെ ബലി നല്‍കുന്നതും ഒക്കെ ഞെട്ടലോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല.
ജയിക്കാന്‍ വേണ്ടി സ്വന്തം മകനെ വരെ ബലി കൊടുക്കുന്ന അര്‍ജുനന്‍ എത്ര മഹാനാണ് എന്ന് പ്രചരിപ്പിച്ചാലും അയാള്‍ ഗംഭീരമായ ഒരു തോല്‍വിയാണ്. ഘടോല്‍ക്കചന്‍, ഇരാവന്‍, ഉലൂപി, ഹിടുമ്പി തുടങ്ങിയവര്‍ക്കൊന്നും മഹാഭാരതം അവരര്‍ഹിക്കുന്ന ഇരിപ്പിടങ്ങള്‍ നല്‍കിയിരുന്നില്ല. ആര്‍ രാജശ്രീ കൃത്യമായ പ്രാധാന്യത്തോടെ അവര്‍ക്ക് കസേരകള്‍ നല്‍കുന്നു.
വിത്തിടുക -അത് തങ്ങളുടെ അധികാരവ്യാപനത്തിനുമായി ഉപയോഗിക്കുക ഇത്ര മാത്രമേ പാണ്ഡവര്‍ക്കുള്ളു എന്ന് എഴുത്തുകാരി തുറന്ന് പറയുന്നു. കാരണം ഇരാവാന്റെ ബലിയും ഘടോല്ക്കചന്റെ വധവും ബഭ്രുവാഹനന്റെ അന്ത്യവും അവരുടെ പിതാക്കന്മാരെ തെല്ലും ബാധിക്കുന്നില്ല. അവരുടെ അമ്മമാരെ മാത്രമേ മക്കളുടെ മരണം ബാധിക്കുന്നുള്ളൂ.
ആത്രേയകം എന്ന അതിര്‍ത്തിക്കാട്
”മരിക്കാന് വരുന്നവരെയല്ല, മരിച്ചുവരുന്നവരെ മാത്രമാണ് നാം യാത്രയാക്കാറുള്ളത്. ആത്രേയകത്തിന് നിന്നവരും വന്നവരും ഇല്ല. എല്ലാവരും ചേര്ന്നതാണ്, വള്ളിയില് പിടിച്ചുവലിച്ചാല് മൊത്തം കുലുങ്ങുന്ന ചെടിയാണ് ആത്രേയകം” – ആത്രേയകം എന്ന ഇടത്തെപ്പറ്റി പുസ്തകത്തിലുള്ള വരികളിങ്ങനെ പോവുന്നു.
പാഞ്ചാലവുമായും ഹസ്തിനപുരവുമായും അതിര്‍ത്തി പങ്കിടുന്ന ഇടമാണ് ആത്രേയകം. ചുറ്റും അതിശക്തമായ വര്‍ണസമ്പ്രദായം നിലനിന്നിരുന്നിട്ടും ആത്രേയകം അതില്‍ നിന്ന് വ്യതിരിക്തമായി നിലകൊണ്ട ഒരു പ്രദേശമാണ്. മരണം ഉറപ്പിക്കപ്പെട്ടവര്‍ക്ക് ജീവന്‍ പകരാന്‍ ആ നാട് – അല്ല കാട് മറ്റൊന്നും നോക്കാതെ ഒപ്പമുണ്ടായി. നാടുകടത്തപ്പെട്ട മനുഷ്യര്‍ക്ക് അത് എക്കാലവും അഭയഭൂമിയായി. അസാധ്യമായ പലതിനെയും പ്രകൃതിയുടെ സാന്നിധ്യത്തില്‍ സാധ്യമാക്കി. ആരോടും വെറുപ്പില്ലാതെ മനുഷ്യനെയും മൃഗങ്ങളെയും ഒക്കെ സ്‌നേഹിക്കുന്ന സമത്വസുന്ദര ഭൂപ്രദേശമായിരുന്നു ആത്രേയകം.
ഇതിഹാസ ജീവിതങ്ങള്‍
വ്യക്തിയോ കൂട്ടയാമയോ ആരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം എന്നത് സോഷ്യോളജിയുടെ പ്രധാന തത്വചിന്താപരമായ ചോദ്യമാണ്. നീതിയും ന്യായവുമില്ലാത്ത നിയമത്തിന് വേണ്ടി അധികാരമില്ലാത്തെ വ്യക്തിയുടെ പേരില്‍ നടപ്പാക്കപ്പെടുന്ന തീരുമാനങ്ങളിലൂടെയാണ് നോവിലിലെ കഥ മുന്നോട്ട് നീങ്ങുന്നത്. അധികാരമുള്ള വ്യക്തിയാവട്ടെ ഇതേ നിയമത്തിന്റെ പിന്‍ബലത്തില്‍ തന്റെ സ്വാര്‍ഥ താത്പര്യം നടപ്പാക്കുന്നു. ഈ ദ്വന്തം ജീവിതത്തിലും ഉടനീളം നാം കാണുന്ന യാഥാര്‍ഥ്യമാണ്.
പുറമെ സുന്ദരമായ മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറുമ്പോള്‍
സോഷ്യോളജിയില്‍ covert conflict എന്ന സങ്കല്‍പങ്ങളുണ്ട്. ഉള്ളിലെ കലുഷിതമായ പ്രശ്‌നങ്ങള്‍ മറച്ച് വെച്ച് പുറമെ നിന്ന് ശാന്തമായി തോന്നിപ്പിക്കുന്ന ഇടങ്ങളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. പുറമെ ശാന്തവും അഭിനന്ദനീയവുമായിരിക്കുന്ന കുടുംബം എന്ന സ്ഥാപനത്തെപ്പറ്റി നമുക്കും അറിവുള്ളതാണല്ലോ. ഹസ്തിനപുരം ആയാലും പാഞ്ചാലമായാലും നമ്മുടെ ഒക്കെ കുടുംബങ്ങളായാലും ആ യാഥാര്‍ഥ്യം സ്ഥായിയാണ്.
നിരമിത്രന്‍ എന്ന മൂല്യം
ശിഖണ്ഡി എന്ന പേര് നോവലില്‍ ഒരു തവണ പോലും എഴുത്തുകാരി ഉപയോഗിച്ചിട്ടില്ല. കണ്ണുനീര്‍ വീഴാത്ത നേട്ടങ്ങള്‍ മാത്രമാണ് വിജയം എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. ആ പേരിന് പകരം നിരമിത്രന്‍ എന്നോ ദ്രുപദപുത്രനെന്നോ മാത്രമേ എഴുത്താള് പുസ്തകത്തില്‍ പ്രയോഗിക്കുന്നുള്ളു.
വിജയികളെപ്പറ്റി മാത്രം സംസാരിക്കുന്ന, അവര്‍ക്ക് വേണ്ടി മാത്രം കരഘോഷം മുഴക്കുന്ന ലോകത്ത് അപമാനവും അവഹേളനം ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന നിരമിത്രനാണ് ആത്രേകയത്തിന്റെ കേന്ദ്രബിന്ദു. നിരമിത്രനെ നപുംസകമായി കാണുന്ന ദ്രുപദന്‍, പുരുഷനെങ്ങനെ സ്ത്രീയെ കീഴടക്കുണമെന്ന് കാണിക്കാനായി സ്വന്തം മകനു മുന്നില്‍ വെച്ച് ഭാര്യയായ മഹാറാണിയെ പീഡിപ്പിക്കുന്നു. യുവരാജാവായിട്ടും സേവകരില്‍ നിന്ന് പോലും നിരന്തരം അപമാനമേറ്റുവാങ്ങേണ്ടിവരുന്ന നിരമിത്രന്‍ പാഞ്ചാലത്തിലെ കൊട്ടാരം വിട്ടിറങ്ങുന്നു.
”മനുഷ്യന്‍ മനുഷ്യനോട് ചെയ്യന്ന അവമതികളെ വിലക്കണം” എന്ന് നിരമിത്രന്‍ പറയുന്ന ഭാഗമുണ്ട്. അധികാരം ഏറ്റെടുത്ത ആദ്യം പുറപ്പെടുവിച്ച ഈ നിലപാട് ജീവിത്തോടും സഹജീവികളോടും അദ്ദേഹം കാണിക്കുന്ന മഹത്തായ മൂല്യത്തിന്റെ പ്രതിനിധാനമാണ്. പൊതു സമൂഹത്തില്‍ വിരളമായി മാത്രം കാണുന്ന- എന്നാല്‍ പ്രോത്സാഹിപ്പിക്കപ്പേടേണ്ട മൂല്യബോധം ഇതാണ്. അസ്ഥിത്വ ദുഖത്തിലേക്ക് കടുപുഴകുമ്പോഴും നിരമിത്രന്‍ ഒരു നല്ല മനുഷ്യനാവുന്നത് അടിസ്ഥാനപരമായുള്ള അയാളിലെ നന്മകൊണ്ടാണ്.
ഭൂമിയില്‍ ഏറ്റവും ശാശ്വതമായത് എന്ത് എന്ന് ചോദ്യത്തിന് ഭയം എന്നത് എത്ര കൃത്യമായ മറുപടിയാണ്. മൈക്കിള്‍ ഫൂക്കോയുടെ പനോപ്റ്റിക്കോണ്‍ എന്ന സങ്കല്‍പം നിരന്തര നിരീക്ഷണത്തിലൂടെ ആളുകളെ നിയന്ത്രിക്കുന്ന ശിക്ഷാപരമായ സാമൂഹിക നിയന്ത്രണ സംവിധാനത്തെ സൂചിപ്പിക്കുന്നു. എപ്പോഴും നിരീക്ഷിക്കപ്പെടുന്ന നിരമിത്രനെപ്പോലെയുള്ളവര്‍ ആനന്ദങ്ങളില്‍പ്പോലും ഭയചകിരാവുന്നു. അങ്ങനെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരെ സിസിടിവി നിരീക്ഷണത്തിന് വിധേയരാക്കി കളിയാക്കുന്ന അവസ്ഥ – അനുഭവിക്കുന്ന മനുഷ്യര്‍ക്കെല്ലാം നിരമിത്രനെ ചേര്‍ത്ത് നിര്‍ത്താനാവും.
പുരുഷമേഥാവിത്വത്തിന്റ പ്രതീകമായ കുന്തി
”എത്ര പ്രിയപ്പെട്ടവരില്‌നിന്നും ആനന്ദമേ സ്വീകരിക്കാവൂ. അവരില്‌നിന്നുള്ള അപമാനവും പീഡകളും മുഷിഞ്ഞ വസ്ത്രം പോലെയോ അശുദ്ധമായ ഭക്ഷണംപോലെയോ കരുതി ഉപേക്ഷിക്കണ”മെന്ന് പറഞ്ഞാണ് വിവാഹശേഷം ഹരിണി കൃഷ്ണയെ യാത്രയാക്കുന്നത്.
എന്നാല്‍ വിവാഹം കഴിഞ്ഞെത്തുന്ന കൃഷ്ണയോട്”ശരീരത്തിന്റെ കാര്യത്തില്‍ യജമാനന്റെ ഭൂമി കൈവശം വച്ചിരിക്കുന്ന പരിചാരികയാണ് താനെന്ന ബോധം വിട്ട് സ്ത്രീ പ്രവര്‍ത്തിക്കരു”തെന്ന് ഉപദേശിക്കുന്നുണ്ട് കുന്തി. ആദ്യം ധൃഷ്ടദ്യുമ്‌നന്റേയും പിന്നെ കുന്തിയുടേയും വാക്കിന്റെ പേരില്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന ദ്രൗപതിയെ നമുക്കിവിടെ കാണാം. രാജ്യാധികാരത്തിനായി തന്നൊണ് ദ്രൗപതി അഞ്ച് പേരുടെ ഭാര്യയാവട്ടെ എന്ന് കുന്തി തീരുമാനിക്കുന്നത്. അതിനായി ദ്രൌപതിയുടെ പൂര്‍വജന്മ കഥ കഥയും പടര്‍ത്തുന്നു. കൃത്യമായ ഏജന്‍സി ഫങ്ങ്ഷനുള്ള, ഇനി ഞാന്‍ ഉറങ്ങട്ടെയിലെ ദ്രൌപതി അല്ല ഇവിടെ കാണുന്ന ദ്രൌപതി എന്ന സാരം.
”അമ്മമാരെ ഭയക്കണം, പ്രത്യേകിച്ച് നീ. അമ്മമാര്ക്കാണ് മക്കളുടെ ജീവിതത്തെ മാറ്റിമറിക്കാന് പറ്റുക. അവര് കരുതലും കാവലുമാണെന്നു പറയും, പക്ഷെ സൂക്ഷിക്കണം, ജീവദായിനിയായ ജലത്തിനും തൊണ്ടയില്ത്തങ്ങി മനുഷ്യരെ കൊന്നുകളയാന് പറ്റും …’ കുന്തിയെപ്പറ്റിയോര്‍ക്കുമ്പോള്‍ നോവലിലെ ഈ വരി ഏറെ ചേര്‍ന്നതു തന്നെയാണ്.
”അമ്മേ, ഞാനായിരുന്നില്ല, ആ പന്തയമായിരുന്നു അദ്ദേഹത്തെ ആകര്ഷിച്ചതെന്നു തോന്നുന്നു” -‘ എന്ന് കൃഷ്ണ അമ്മയോട് പറയുമ്പോള്‍ അവളുടെ മനസ്സിലെ സങ്കടം തുറക്കപ്പെടുന്നു.
”മകനെ ദിവസക്കണക്കുവെച്ച് പത്‌നിക്ക് വിട്ടുകൊടുക്കുകയും തിരികെ വലിച്ചെടുത്ത് മടിയില്വെക്കുകയും ചെയ്യുന്ന ഔദാര്യം!” എന്ന് ഹിടുമ്പി ക്രുദ്ധയാവുന്നുണ്ട് പുസ്തകത്തില്‍ . പക്ഷേ അവളുടെ മകനും പിതാവിന്റെ അധികാരക്കൊതിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവരുന്നു.
ഇതിഹാസത്തിലുള്ള പബ്ലിക് റിലേഷന്‍സ് വര്‍ക്കുകള്‍
ലിംഗപദവി, ലിംഗബോധം, ഇവയില്‍ സമൂഹമേല്‍പ്പിക്കുന്ന ബാധ്യത മാത്രമല്ല, ആത്രേയകത്തിലെ കഥാകാലക്ഷേപ സംഘങ്ങളും ആധുനിക സമൂഹത്തിലുണ്ട്. അവര്‍ ഭരണകൂടത്തിനുവേണ്ടി വര്‍ത്തിക്കുന്നവരാണ്.ഇന്ന് നിലനില്‍ക്കുന്ന അധികാരികളുടെ പി ആര്‍ വര്‍ക്കിന്റെ പഴയ രൂപം തന്നെയാണത്. ഉത്തരാധുനികതയുടെ കാലത്ത് കഥാകാലക്ഷേപ സംഘങ്ങള്‍ ഒന്നുകൂടി പ്രാധാന്യം കൈവരിച്ചിരിക്കുന്നു. അധികാരത്തിന്റെ ചരട് അവരുടെ പ്രവൃത്തിക്കനുസരിച്ചാണ്. ഇലക്ഷനും വിജയവുമെല്ലാം തന്നെ.
പാപമല്ല- ലിംഗബോധവും ലൈഗികതയും
നിരമിത്രന്‍ പുരുഷനോ സ്ത്രീയോ എന്ന പരമ്പരാഗത ദ്വന്ത സങ്കല്‍പ്പങ്ങളിലേക്ക് ഒതുക്കാതെയാണ് എഴുത്തുകാരി നോവല്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ”ലൈംഗികത ഒഴുകുന്ന ഒരു ദ്രാവകം പോലെ ആണ്. ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിക്കനസരിച്ച് മാറാന്‍ കെല്‍പ്പുണ്ട്. യാതൊരു മാനദണ്ഡങ്ങള്‍ക്കും വിധേയമല്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണത്”.ഇതിഹാസ വിജയത്തിന് കാരണമായിട്ടും നിരമിത്രന് ആ പ്രാധാന്യം ഇന്നേവരെ ലഭിച്ചിട്ടില്ല എന്നിരിക്കിലും ലൈംഗിക -ലിംഗ ബഹുസ്വരകളുടെ ശബ്ദം കേട്ടുതുടങ്ങിയ കാലത്ത് നിരമിത്രനെ അതിന്റെ മുന്നണിപ്പോരാളിയായി കാണാം.
ലൈംഗിതകതയെക്കുറച്ചി സ്ത്രീ എഴുതുമ്പോള്‍ അത് അശ്ലീലമാകുന്ന സാഹചര്യത്തില്‍ കൃഷ്ണയുടെ സൌന്ദര്യവും നിരമിത്രന്റെ ലൈംഗികതയും ഒക്കെ കൃത്യമായ പാകതയോടെ എഴുത്തുകാരി പങ്കിടുന്നു. ലൈംഗിക ന്യൂനപക്ഷത്തിന്റെ ഒപ്പം നില്‍ക്കുന്നവരായി സ്ത്രീകളെയും അവതരിപ്പിക്കുന്ന എഴുത്തുകാരി ചൂഷണം ചെയ്യപ്പെടുന്നവര്ക്ക് ഒരുമിച്ച് നില്‍ക്കാം എന്ന സാധ്യതയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു.
മനുഷ്യനെ ചികിത്സിക്കുന്ന മനുഷ്യര്‍ അഥവാ ഭൂമിയിലെ ദൈവങ്ങള്‍
മനുഷ്യരില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഭിഷഗ്വരന്മാരാണ് ഇളയും ചൂഡകനും. ആത്രേയകത്തിലെ ചികിത്സാ സമ്പ്രദായത്തെ സംബന്ധിച്ച് പുറമെ കുറ്റം പറഞ്ഞും കളിയാക്കിയവരും തന്നെ രഹസ്യമായി അത് ഉപയോഗിച്ചുപോരുന്നു. അവരുടെ അന്തപുരങ്ങളില്‍ ആത്രേയകത്തിന്റെ മരുന്നുഗന്ധം പടരുന്നു. ഇരട്ടത്താപ്പുകളുടെ ഘോഷയാത്രയായ ജീവിതത്തിന്റെ ഏറ്റവും തമാശരൂപത്തിലുള്ള പ്രകടനമായി ഇത് കാണാം.
ചതി അഥവാ യുദ്ധതന്ത്രങ്ങള്‍
കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് യുദ്ധം ചെയ്ത നാഗന്മാരെ നയിച്ച ഘടോല്‍ക്കചന്‍ വീണയുടനെ പാണ്ഡവസേന നാഗമിത്രങ്ങളെ ആക്രമിക്കുന്നുണ്ട്. ചിലപ്പോള്‍ സ്വന്തം മുന്നണിയിലൊപ്പം നില്‍ക്കുന്നവരെ പോലും ആക്രമിച്ചുകൊണ്ട്, ചിലപ്പോള്‍ കൂട്ടക്കൊല നടത്തിക്കൊണ്ട്, ചിലപ്പോള്‍ സ്‌നേഹത്തില്‍ മധുരമായ് ചതിപൊതിഞ്ഞുവെച്ചുകൊണ്ട് ,വിവാഹം കൊണ്ട് അങ്ങനെ എത്രയെത്ര രീതിയിലാണ് പാണ്ഡവര്‍ യുദ്ധതന്ത്രങ്ങള്‍ മെനയുന്നത്. സ്‌നേഹവും പ്രണയവും ബന്ധുത്വവും ഒന്നും അവര്‍ക്ക് കാര്യമല്ല.

ഉപസംഹാരം
ജെമിനിയുടെ നാടോടി മഹാഭാരതത്തോടാണ് രാജശ്രീയുടെ ആത്രേയകം ചേര്‍ന്നുനില്‍ക്കുന്നത്. എത്ര ചുട്ടെരിച്ചാലും ചിലത് കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുമല്ലോ. തിരസ്‌കരിക്കപ്പെട്ടവരുെട പ്രതിനിധാനമാണ് ആത്രേയകം. ഭൂമിക്കടിയിലെ ജലക്കുടങ്ങള്‍ പൊട്ടിച്ച് ആത്രേയകത്തെ രക്ഷിക്കുന്ന നിരമിത്രന്‍ പക്ഷേ വിജയിക്കുമ്പോഴും തോറ്റുപോകുന്നു.
ആത്രേയകത്തെ മുന്‍ നിര്‍ത്തി, നിരമിത്രനിലൂടെ മഹാഭാരതത്തിന്റെ വളരെ വ്യത്യസ്തമായ ആഖ്യാനം മുന്നോട്ട് വെക്കുന്ന ഈ പുസ്തം ഇനിയും പലവായനകള്‍ അര്‍ഹിക്കുന്നുണ്ട്.
***
ആത്രേയകം
രചന : ആര്‍. രാജശ്രീ
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 450 രൂപ
ലേഖകപരിചയം

കവിത മനോഹര്‍
എഴുത്തുകാരി. കേരള സർവകലാശാലയുടെ പ്രൊഫ. പി.കെ.ബി. നായർ അവാർഡ്, പ്രൊഫ. എ അയ്യപ്പൻ ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. ജെൻഡർ, മതം, സ്ത്രീവാദം എന്നീ മേഖലകളിലായി സോഷ്യോളജി ഗവേഷണ പഠനങ്ങൾ വിവിധ അക്കാദമിക പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. കേരളസ്ത്രീയുടെ ആർത്തവ അയിത്തം സംബന്ധിച്ച പ്രബന്ധം ഗുവാഹത്തി സർവകലാശാലയുടെ ഇന്റർ നാഷണൽ സെമിനാറിലെ ബെസ്റ്റ് പേപ്പർ അവാർഡ് നേടി. ആനുകാലികങ്ങളിലും, മാസികകളിലും ഓൺലൈൻ പോർട്ടലുകളിലും സാമൂഹ്യവിഷയങ്ങളിൽ ലേഖനങ്ങളും, കവിതകളും, സിനിമാ വിശകലനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ ആകാശവാണി യുവവാണിയിൽ പുസ്തക നിരൂപണങ്ങൾ അവതരിപ്പിച്ചുവരുന്നു. ആദ്യ കവിത സമാഹാരം – ഋതുഭേദങ്ങളുടെ ജീവിതം.







No Comments yet!