ഒരു നോവൽ സാഹിത്യമൂല്യമുള്ളതാകുന്നതെങ്ങനെയാണ്? അതിലെ വിഷയങ്ങളുടെ ഗൗരവമാണോ അതിനു കാരണം? ചരിത്രവും പുരാണവും ജാതിയും ലിംഗവും ശരീരവും അധികാരവും യുദ്ധവും പ്രകൃതിയും മനുഷ്യന്റെ പുറന്തള്ളപ്പെട്ട ജീവിതങ്ങളും കടന്നുവരുന്നതുകൊണ്ടാണോ ഒരു കൃതി സാഹിത്യത്തിന്റെ ഉയർന്ന തലത്തിലേക്ക് എത്തുന്നത്? അതോ ആ വിഷയങ്ങളെ മനുഷ്യാനുഭവത്തിന്റെ ആഴങ്ങളിലേക്കിറക്കി, വായനക്കാരുടെ ഉള്ളിൽ ദീർഘകാലം പ്രതിധ്വനിക്കുന്ന അനുഭവമാക്കി മാറ്റാൻ കഴിയുന്നതുകൊണ്ടോ?
ആർ. രാജശ്രീയുടെ ആത്രേയകം വായിച്ചപ്പോൾ എന്റെ മനസ്സിൽ ഉയർന്ന ചോദ്യം ഇതാണ്. പുസ്തകം വായിച്ചുതീർത്ത് താഴെവച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന വാക്ക് ‘പൾപ്പ്’ എന്നായിരുന്നു. എന്നാൽ ആ വാക്കുകൊണ്ട് ഈ നോവലിനെ വിശേഷിപ്പിച്ചാൽ അതിലെ വിഷയസമ്പത്തിനെയും ഭാവനയെയും സാമൂഹികമായ സാദ്ധ്യതകളെയും വേണ്ടത്ര പരിഗണിക്കാതെയാകുമോ എന്ന സംശയവും പിന്നാലെയുണ്ടായി. അങ്ങനെയാണ് സാഹിത്യപൾപ്പ് എന്ന വിശേഷണത്തിലേക്കെത്തിയത്.

നോവലിന് കഥ വേണം; പക്ഷേ കഥ മാത്രം പോരാ. കഥാപാത്രങ്ങൾ വേണം; പക്ഷേ കഥാപാത്രങ്ങൾ മാത്രം പോരാ. വലിയ വിഷയങ്ങൾ വേണം; പക്ഷേ വിഷയങ്ങളുടെ വലുപ്പം മാത്രം പോരാ. ജീവിതത്തെ പകർത്താനുള്ള ഉപകരണം മാത്രമല്ല നോവൽ. ജീവിതത്തെ മറ്റൊരു തരത്തിൽ അറിയാനുള്ള വഴികൂടിയാണത്. മിലൻ കുന്ദേരയുടെ വാക്കുകളിൽ, “The novel’s sole raison d’être is to say what only the novel can say.” മറ്റൊരു തരത്തിലും കണ്ടെത്താനാവാത്തത് നോവലിലൂടെ കണ്ടെത്തുക എന്നതാണ് നോവലിന്റെ നിലനിൽപ്പിനുള്ള കാരണം. (The Art of the Novel.)
അതുകൊണ്ടുതന്നെ ഒരു വലിയ ചരിത്രസംഭവത്തെക്കുറിച്ചോ സാമൂഹികപ്രശ്നത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ അധികാരത്തെക്കുറിച്ചോ ശരീരത്തെക്കുറിച്ചോ പറയുന്നതുകൊണ്ടുമാത്രം ഒരു നോവൽ സാഹിത്യമായി മാറുന്നില്ല. അതിനപ്പുറം നോവലിന് എന്താണ് കണ്ടെത്താനുള്ളത് എന്നതാണ് ചോദ്യം. ഒരു മനുഷ്യൻ ഒരു സംഭവത്തെ എങ്ങനെ അനുഭവിക്കുന്നു? ആ അനുഭവം അവന്റെ ഓർമ്മയെയും ഭയത്തെയും ആഗ്രഹത്തെയും കുറ്റബോധത്തെയും ഏകാന്തതയെയും എങ്ങനെ മാറ്റുന്നു? പുറത്ത് സംഭവിച്ചതിനപ്പുറം, ആ സംഭവത്തിന്റെയുള്ളിൽ മനുഷ്യനെന്തു സംഭവിക്കുന്നു? നോവൽ കണ്ടെത്തേണ്ടത് പലപ്പോഴും അതൊക്കെയാണ്.
വിർജീനിയ വൂൾഫ് നോവലിന്റെ ഈ ആന്തരികലോകത്തെ മറ്റൊരു വഴിയിലൂടെ സമീപിക്കുന്നു. Modern Fiction എന്ന ലേഖനത്തിൽ, ഒരു സാധാരണ ദിവസത്തിലെ ഒരു സാധാരണ മനസ്സിലേക്ക് നോക്കുമ്പോൾ അതിൽ “A myriad impressions”, എണ്ണമറ്റ അനുഭവപ്രതീതികൾ, തുടർച്ചയായി പതിച്ചുകൊണ്ടിരിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. ജീവിതം ക്രമമായി നിരത്തിവച്ച സംഭവങ്ങളുടെ ഒരു പരമ്പരയല്ല, ബോധത്തിനുള്ളിൽ നിരന്തരം രൂപം മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെ പ്രവാഹം കൂടിയാണ് എന്നവർ അടിവരയിടുന്നു.
ഇവിടെ നിന്നാണ് നോവലിന്റെ സാഹിത്യമൂല്യത്തെക്കുറിച്ചുള്ള ഒരു പ്രധാന വ്യത്യാസം തെളിയുന്നത്. ഒരു സംഭവം നടക്കുന്നു എന്നത് വിവരണമാണ്; അതൊരു കഥയുമാകാം. എന്നാൽ ആ സംഭവം ഒരു മനുഷ്യന്റെയുള്ളിൽ എന്തു ചെയ്യുന്നു എന്നത് സാഹിത്യാനുഭവത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ പുറംസംഭവങ്ങളെ മാത്രം പകർത്തുകയല്ല നോവൽ ചെയ്യേണ്ടത്. അവയെ മനുഷ്യന്റെയുള്ളിലെ അനുഭവങ്ങളാക്കി മാറ്റണം. സംഭവങ്ങൾ അനുഭവങ്ങളായും കഥാപാത്രങ്ങൾ ജീവിക്കുന്ന മനുഷ്യരായും ആശയങ്ങൾ ജീവിതത്തിന്റെ സങ്കീർണ്ണതകളായും മാറുമ്പോഴാണ് നോവൽ സാഹിത്യത്തിന്റെ ആഴങ്ങളിലേക്കു കടക്കുന്നത്.
അതിനാൽ ഒരു നോവലിന്റെ സാഹിത്യമൂല്യം അതിൽ എത്ര വലിയ വിഷയങ്ങളുണ്ട് എന്നതിലല്ല; ആ വിഷയങ്ങൾ എത്ര ആഴത്തിൽ മനുഷ്യാനുഭവമായി രൂപാന്തരപ്പെടുന്നു എന്നതിലാണ്. വായനക്കാരെ അടുത്ത സംഭവത്തിലേക്ക് കൊണ്ടുപോകാനുള്ള കഴിവ് കഥപറച്ചിലിന്റെ ശക്തിയാണ്. വായന അവസാനിച്ചിട്ടും ഒരു കഥാപാത്രത്തിന്റെ വേദനയും ആശയക്കുഴപ്പവും ആഗ്രഹവും ഏകാന്തതയും വായനക്കാരുടെ ഉള്ളിൽ തുടരാനുള്ള കഴിവാണ് സാഹിത്യത്തിന്റെ മറ്റൊരു ശക്തി. പുറംലോകത്തെ വിവരിക്കുന്നതിൽനിന്ന് മനുഷ്യന്റെ ഉള്ളിലെ ലോകത്തെ കണ്ടെത്തുന്നതിലേക്കുള്ള യാത്രയാണ് നോവലിന്റെ ഏറ്റവും വലിയ സാഹിത്യസാദ്ധ്യതകളിലൊന്ന്. സാമൂഹിക നിരീക്ഷണം, ഭാഷ, രൂപഘടന, ഭാവന, പ്രതീകവ്യവസ്ഥ, ആഖ്യാനത്തിലെ പരീക്ഷണങ്ങൾ എന്നിവയും സാഹിത്യമൂല്യത്തിന്റെ ഭാഗമാണ്. ഈ മാനദണ്ഡം മുന്നിൽവച്ചുകൊണ്ടാണ് ആത്രേയകത്തെ വായിക്കേണ്ടതെന്നു തോന്നുന്നു.
വിഷയങ്ങളുടെ ഗൗരവവും ആഖ്യാനത്തിന്റെ സ്വഭാവവും
മഹാഭാരതം പോലെയുള്ള മഹത്തായ ഒരു ഇതിഹാസലോകത്തിൽനിന്നൊരു പാർശ്വകഥാപാത്രത്തെ എടുത്ത്, അയാളെ ചുറ്റിപ്പറ്റി പുതിയൊരു കഥാലോകം സൃഷ്ടിക്കുകയെന്നത് ചെറിയൊരു ഭാവനാപ്രവർത്തിയല്ല. അങ്ങനെ സൃഷ്ടിച്ച ആത്രേയകത്തിന്റെ ലോകത്ത് ചരിത്രവും പുരാണവും ശരീരവും ജാതിയും അധികാരവും ലൈംഗികതയും പ്രകൃതിയും ചികിത്സയും അക്രമവും പ്രതികാരവും അതിജീവനവുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ആത്രേയകത്തെ വെറുമൊരു കഥപറച്ചിലായി വായിച്ചുതീർക്കാൻ കഴിയില്ല. അതിനകത്ത് ചർച്ച ചെയ്യപ്പെടുന്ന, കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാവുന്ന, നിരവധി സാഹിത്യ-സാമൂഹിക തലങ്ങളുണ്ട്.
എന്നാൽ ഈ വിഷയങ്ങളുടെ ഗൗരവം മാത്രം ആത്രേയകത്തെ ഗൗരവസാഹിത്യത്തിന്റെ വിഭാഗത്തിൽ എത്തിക്കുന്നില്ല. കൃതിയുടെ വിഷയലോകവും ആഖ്യാനരീതിയും തമ്മിലുള്ള ബന്ധമാണ് ഇവിടെ നിർണായകം. എന്താണ് പറയുന്നത് എന്നതിനൊപ്പം എങ്ങനെയാണ് പറയുന്നത്, എന്തുതരം അനുഭവമാണ് വായനക്കാരിൽ സൃഷ്ടിക്കുന്നത്, കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും ആശയങ്ങളും വായനക്കാരുടെയുള്ളിൽ എത്രത്തോളം ആഴത്തിൽ പതിയുന്നു, എന്നതൊക്കെ ഒരു കൃതിയുടെ സാഹിത്യസ്വഭാവം തിരിച്ചറിയാൻ സഹായിക്കുന്ന ഈ ചോദ്യങ്ങളാണ്.
ഈ അർത്ഥത്തിൽ ആത്രേയകം കൗതുകകരമായ ഒരു ഇടനിലയിലാണ് നിൽക്കുന്നത്. അതിന്റെ വിഷയം സാഹിത്യത്തിന്റെ ഗൗരവമുള്ള മേഖലകളിൽനിന്നാണു വരുന്നത്. എന്നാൽ അതിന്റെ ആഖ്യാനശക്തി പ്രധാനമായും ജനപ്രിയസാഹിത്യത്തിന്റെ വേഗത്തോടും കൗതുകത്തോടും ചേർന്നുനിൽക്കുന്നു. അതുകൊണ്ട് സാഹിത്യപൾപ്പ് എന്ന വിശേഷണമാണ് കൂടുതൽ യോജിച്ചതെന്നു തോന്നുന്നു.
(ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. മികച്ച ആഖ്യാനശൈലി മാത്രം ഒരു നോവലിനെ മികച്ച സാഹിത്യമാക്കുന്നില്ല. വിഷയലോകം ശുഷ്കമാണെങ്കിൽ, മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെ ഉൾക്കൊള്ളാൻ അതിനു കഴിയുന്നില്ലെങ്കിൽ, ആഖ്യാനത്തിലെ മികവുകൊണ്ടുമാത്രം ആ കുറവ് പരിഹരിക്കാനാവില്ല.)
‘പൾപ്പ്’ എന്ന വാക്ക് ഇവിടെ അധിക്ഷേപമായല്ല ഉപയോഗിക്കുന്നത്. ജനപ്രിയവായനയെ താഴ്ന്നതായും ഗൗരവസാഹിത്യത്തെ ഉയർന്നതായും കാണുന്ന പഴയ “സാഹിത്യബോധവും” ഈ വിശേഷണത്തിനു പിന്നിലില്ല. പൾപ്പിന് അതിന്റേതായ ആഖ്യാനശാസ്ത്രമുണ്ട്. വേഗം, സസ്പെൻസ്, രഹസ്യം, ഞെട്ടൽ, സാഹസികത, ശരീരം, ലൈംഗികത, അക്രമം, അസാധാരണ കഥാപാത്രങ്ങൾ, അപരിചിതമായ ലോകങ്ങൾ, തുടർച്ചയായ സംഭവങ്ങൾ എന്നിവയാണ് അതിന്റെ പ്രധാന ചാലകശക്തികൾ. വായനക്കാരുടെ ശ്രദ്ധ നിലനിർത്തുകയും അടുത്ത പേജിലേക്കു നയിക്കുകയും ചെയ്യുക എന്നതതിന്റെ അടിസ്ഥാന വിജയമാണ്. അതിനർത്ഥം ഈ സവിശേഷതകൾ പൾപ്പ് എന്നു വിളിക്കാത്ത സാഹിത്യത്തിൽ തീരെയുണ്ടാകില്ല എന്നല്ല. ഈ ഘടകങ്ങളുടെ സാന്നിധ്യം മാത്രമല്ല, അവ കൃതിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് നിർണായകം. ഈ അർത്ഥത്തിൽ നോക്കുമ്പോൾ ആത്രേയകം മിക്കയിടങ്ങളിലും പൾപ്പിന്റെ ആഖ്യാനതന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്.
സംഭവങ്ങളുടെ വേഗവും അനുഭവത്തിന്റെ ആഴവും
ഒരു സംഭവത്തിനുശേഷം മറ്റൊന്ന്. ഒരു രഹസ്യത്തിനുശേഷം മറ്റൊരു രഹസ്യം. ഒരു സംഘർഷത്തിനുശേഷം അടുത്ത സംഘർഷം. കഥയുടെ ചലനം നിലയ്ക്കുന്നില്ല. വായനക്കാർ ഒരു സംഭവത്തിന്റെ മാനസികമായ ആഴത്തിലേക്ക് ഇറങ്ങിത്തുടങ്ങുമ്പോഴേക്കും കഥ മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. പുതിയൊരു കഥാപാത്രം വരുന്നു. പുതിയൊരു പ്രശ്നം ഉയരുന്നു. മറ്റൊരു ലോകം തുറക്കപ്പെടുന്നു. ഇത് എഴുത്തുകാരിയുടെ കഥപറച്ചിൽശേഷിയുടെ തെളിവാണ്. വിശാലമായ ഒരു കഥാലോകത്തെ വായനക്കാർക്ക് പിന്തുടരാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിക്കുക എളുപ്പമല്ല. സംഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ച് വായനാകൗതുകം നിലനിർത്താനും ഒരു കഥയെ മടുപ്പില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും കഴിവ് വേണം. രാജശ്രീയുടെ ആഖ്യാനത്തിൽ ഈ കഴിവുണ്ട്. എന്നാൽ ഇതുതന്നെയാണ് കൃതിയുടെ പരിമിതിയും.
ഒരു സംഭവം വായനക്കാരുടെ മനസ്സിൽ അനുഭവമായി പതിയുന്നതിനുമുമ്പ് അടുത്ത സംഭവം അതിനെ മറികടക്കുമ്പോൾ, അനുഭവത്തിന്റെ ആന്തരികസാന്ദ്രത കുറയുന്നു. കഥ മുന്നോട്ടുപോകുന്നു; പക്ഷേ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് വായനക്കാർ അതേ ആഴത്തിൽ പ്രവേശിക്കുന്നില്ല. സംഭവത്തിന്റെ പ്രത്യാഘാതം പലപ്പോഴും അതിന്റെ മാനസികമായ ദൈർഘ്യത്തിലല്ല, അതിൽനിന്ന് ജനിക്കുന്ന അടുത്ത സംഭവത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ് പൾപ്പിന്റെ ആഖ്യാനതന്ത്രവും ആന്തരികാനുഭവത്തെ കേന്ദ്രീകരിക്കുന്ന സാഹിത്യത്തിന്റെ രീതിയും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്. പൾപ്പിൽ ഒരു സംഭവം അടുത്ത സംഭവത്തിലേക്കുള്ള വഴിയാകുന്നു. കൂടുതൽ ആഴത്തിലുള്ള സാഹിത്യത്തിൽ, ചിലപ്പോൾ ഒരു സംഭവം അവസാനിച്ചാലും അതിന്റെ അനുഭവം കഥാപാത്രത്തിനുള്ളിൽ തുടർന്നുകൊണ്ടിരിക്കും. കഥ പുറമേ മുന്നോട്ടുപോകാതിരുന്നാലും മനുഷ്യന്റെ, അഥവാ കഥാപാത്രത്തിന്റെ, ഉള്ളിൽ പലതും സംഭവിച്ചുകൊണ്ടിരിക്കാം.
ഇത് എല്ലാ നോവലുകളും ഒരേ രീതിയിൽ എഴുതപ്പെടണം എന്ന വാദമല്ല. വേഗതയേറിയ ആഖ്യാനം സ്വതവേ സാഹിത്യവിരുദ്ധവുമല്ല. എന്നാൽ വേഗം കൃതിയുടെ പ്രധാന സൗന്ദര്യശാസ്ത്രമായി മാറുമ്പോൾ, അനുഭവത്തിന്റെ ആഴം അതിനു പിന്നിലാകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ആത്രേയകത്തിൽ ഈ അസന്തുലിതാവസ്ഥ പലപ്പോഴും അനുഭവപ്പെടുന്നു.
നിരമിത്രൻ: കഥാപാത്രമോ ആഖ്യാനകേന്ദ്രമോ?
നിരമിത്രൻ ആത്രേയകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നാണ്. ഒരു സമൂഹത്തിൽ അരികിലേക്ക് തള്ളപ്പെട്ട മനുഷ്യൻ. അപമാനവും അന്യതയും അനുഭവിക്കുന്ന മനുഷ്യൻ. പരിചിതമായ ലോകത്തിന്റെ സുരക്ഷയിൽനിന്ന് പുറത്തുപോകേണ്ടിവരുന്ന മനുഷ്യൻ. പുതിയൊരു ലോകത്തെ പരിചയപ്പെടുന്ന മനുഷ്യൻ. പുതിയ അറിവുകളും ബന്ധങ്ങളും ഏറ്റുവാങ്ങുന്ന മനുഷ്യൻ. ഒടുവിൽ പഴയ അധികാരങ്ങളെയും മൂല്യങ്ങളെയും നേരിടുന്ന മനുഷ്യൻ. ഈ ഘടനയിൽ ശക്തമായ ഒരു നോവലിന്റെ സാദ്ധ്യതയുണ്ട്. കാരണം പുറത്താക്കപ്പെട്ട ഒരാളുടെ കണ്ണിലൂടെ ലോകത്തെ വീണ്ടും കാണുക എന്നത് സാഹിത്യത്തിൽ വലിയൊരു സാദ്ധ്യതയാണ്. സമൂഹം കേന്ദ്രസ്ഥാനത്തു നിർത്തിയ മനുഷ്യനല്ല, അതിന്റെ അതിരിൽ നിർത്തപ്പെട്ടവനാണ് ലോകത്തെ വീക്ഷിക്കുന്നതെങ്കിൽ, ആ കാഴ്ചപ്പാടുതന്നെ വിമർശനാത്മകമായ ഒരു ഇടപെടലായി മാറാം.
ആത്രേയകത്തിൽ പക്ഷേ നിരമിത്രൻ ചിലപ്പോൾ സങ്കീർണ്ണമായ ഒരു മനുഷ്യവ്യക്തിത്വത്തെക്കാൾ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന ആഖ്യാനകേന്ദ്രമായി അനുഭവപ്പെടുന്നു. അവനിലൂടെ പുതിയ ലോകങ്ങൾ തുറക്കുന്നു. പുതിയ കഥാപാത്രങ്ങളെത്തുന്നു. പുതിയ സംഘർഷങ്ങളുണ്ടാകുന്നു. എന്നാൽ അവന്റെയുള്ളിൽ സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾക്കും ഓർമ്മകളുടെ ദീർഘപ്രതിധ്വനികൾക്കും ആശയക്കുഴപ്പങ്ങൾക്കും കുറ്റബോധങ്ങൾക്കും ഭയങ്ങൾക്കും ആഗ്രഹങ്ങൾക്കും എല്ലായ്പ്പോഴും പുറംസംഭവങ്ങളുടെ വിവരണത്തിനു നൽകിയിരിക്കുന്ന അതേയിടം ലഭിക്കുന്നില്ല.
കഥാപാത്രത്തെക്കുറിച്ച് പറയുന്നതും കഥാപാത്രത്തെ അനുഭവിപ്പിക്കുന്നതും രണ്ടാണ്. ഒരു കഥാപാത്രം എന്താണ് ചെയ്യുന്നത് എന്നതിനൊപ്പം, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, ആ പ്രവൃത്തിയുടെ ഭാരം അവന്റെയുള്ളിലെങ്ങനെ അടിഞ്ഞുകൂടുന്നു, അവന്റെ പ്രവൃത്തികൾ അവനെയെങ്ങനെ മാറ്റുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളിലാണ് പലപ്പോഴും സാഹിത്യത്തിന്റെ ആഴം രൂപപ്പെടുന്നത്.
കഥാപാത്രം ആശയങ്ങളുടെ പ്രതിനിധി മാത്രമായി നിൽക്കാതെ, പരസ്പരവിരുദ്ധമായ ആഗ്രഹങ്ങളും ഭയങ്ങളും ദൗർബല്യങ്ങളുമുള്ള ഒരു മനുഷ്യനായി മാറുമ്പോഴാണ് അയാൾ വായനക്കാരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്നത്. ആത്രേയകത്തിൽ കഥാപാത്രങ്ങൾ പലപ്പോഴും സംഭവങ്ങളുടെ പ്രവാഹത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്. ചില സന്ദർഭങ്ങളിൽ അവർ സാമൂഹികമായ ആശയങ്ങളുടെയും സംഘർഷങ്ങളുടെയും പ്രതിനിധികളായി കൂടുതൽ തെളിയുകയും, സങ്കീർണ്ണമായ മനുഷ്യസാന്നിദ്ധ്യങ്ങളായി വളരാനുള്ള ഇടം കുറയുകയും ചെയ്യുന്നു.
ഇതൊരു കഥാപാത്രത്തിന് മനഃശാസ്ത്രപരമായ വിശദീകരണം കുറവാണെന്ന ഒറ്റപ്പെട്ട പരാതിയല്ല. കഥയുടെ മുൻഗണന എവിടെയാണെന്ന ചോദ്യമാണ്. കഥാപാത്രത്തിന്റെയുള്ളിൽ സംഭവിക്കുന്നതിനെക്കാൾ, അയാളെ അടുത്തതായി എന്തു കാത്തിരിക്കുന്നു എന്നതിനാണ് ആഖ്യാനം കൂടുതൽ പ്രാധാന്യം നൽകുന്നതെങ്കിൽ, ആഖ്യാനത്തിന്റെ സ്വഭാവം സ്വാഭാവികമായും സംഭവകേന്ദ്രിതമാകും.
സാമൂഹികപ്രസക്തിയും സാഹിത്യാനുഭവവും
ഒരു നോവലിന് സാമൂഹികപ്രസക്തിയുണ്ടെന്നതുകൊണ്ടുമാത്രം അതിന് സാഹിത്യമൂല്യമുണ്ടാകുന്നില്ല.
എഴുത്തിൽ ജാതിയെക്കുറിച്ചു പറയാം. ലിംഗവിവേചനത്തെക്കുറിച്ചു പറയാം. ശരീരരാഷ്ട്രീയത്തെക്കുറിച്ചും അധികാരത്തിന്റെ ക്രൂരതയെക്കുറിച്ചും പുറന്തള്ളപ്പെട്ട മനുഷ്യരുടെ ജീവിതത്തെക്കുറിച്ചും പറയാം. പക്ഷേ ഇതൊന്നും സ്വയം സാഹിത്യമായി മാറുന്നില്ല. ഒരു വിഷയത്തെക്കുറിച്ച് പറയുന്നത് അതിനെ സാഹിത്യമായി അനുഭവിപ്പിക്കുന്നതിനു തുല്യമല്ല.
സാഹിത്യം ഒരു ആശയത്തെ മനുഷ്യാനുഭവമാക്കി മാറ്റുന്നു. ഒരു സാമൂഹികപ്രശ്നത്തെ ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ അനുഭവിപ്പിക്കുന്നു. ഒരു രാഷ്ട്രീയസത്യത്തെ മനുഷ്യന്റെ ബന്ധങ്ങളിലും തിരഞ്ഞെടുപ്പുകളിലും ഭയങ്ങളിലും ആഗ്രഹങ്ങളിലും കൊണ്ടുവരുന്നു. ഒരു വേദനയെ വായനക്കാരുടെ സ്വന്തം വേദനയുടെ നിഴലാക്കി ഒപ്പം നടത്തിക്കുന്നു.
ആത്രേയകത്തിൽ ആശയങ്ങളുടെ ശക്തി വ്യക്തമാണ്. എന്നാൽ അവയെ ആന്തരികാനുഭവങ്ങളാക്കി വികസിപ്പിക്കുന്നതിനേക്കാൾ കഥയുടെ ചലനത്തിനുള്ളിൽ വിന്യസിക്കാനാണ് പലപ്പോഴും കൂടുതൽ ശ്രദ്ധ. അതുകൊണ്ട് കൃതിയിൽ സാമൂഹികവും രാഷ്ട്രീയവുമായ സാദ്ധ്യതകൾ ധാരാളമുണ്ടെങ്കിലും അവയെല്ലാം ഒരേ അളവിൽ സാഹിത്യാനുഭവമായി മാറുന്നില്ല.
ഒരു നോവൽ വായനക്കാരെ ഒരു പ്രശ്നത്തെക്കുറിച്ച് ചിന്തിപ്പിച്ചേക്കാം. അതു പ്രധാനമാണ്. എന്നാൽ ഒരു പ്രശ്നത്തിന്റെ ശരിയും തെറ്റും വ്യക്തമാക്കുന്നതിലപ്പുറം, അതിനകത്തു ജീവിക്കുന്ന മനുഷ്യരുടെ വൈരുദ്ധ്യങ്ങളും ആശയക്കുഴപ്പങ്ങളും തിരിച്ചറിയാൻ സഹായിക്കുമ്പോഴാണ് സാഹിത്യസാദ്ധ്യത കൂടുതൽ വികസിക്കുന്നത്. മനുഷ്യജീവിതം ആശയങ്ങളുടെ തെളിവുകൾ നിരത്തിവയ്ക്കാനുള്ളയിടമല്ല. പലപ്പോഴും പരസ്പരം പൊരുത്തപ്പെടാത്ത സത്യങ്ങൾ ഒരുമിച്ചു ജീവിക്കുന്നയിടമാണ്.
ശരീരം: രാഷ്ട്രീയവും കൗതുകവും
ആത്രേയകത്തിൽ ശരീരം ഒരു പ്രധാന സാന്നിദ്ധ്യമാണ്. ശരീരം ഇവിടെ വെറും ജീവശാസ്ത്രപരമായ വസ്തുവല്ല. ജാതിയുടെയും ലിംഗത്തിന്റെയും അധികാരത്തിന്റെയും അപമാനത്തിന്റെയും ആഗ്രഹത്തിന്റെയും നിയന്ത്രണത്തിന്റെയുമിടമാണ്. ഈ നിലയിൽ നോക്കുമ്പോൾ ശരീരത്തെ കഥയുടെ കേന്ദ്രത്തിലേക്കു കൊണ്ടുവരുന്നത് കൃതിയുടെ നേട്ടമാണ്. സമൂഹം മറയ്ക്കാൻ ശ്രമിക്കുന്ന ശരീരങ്ങളെ ദൃശ്യമാക്കുക, ശരീരത്തിന്മേൽ പ്രവർത്തിക്കുന്ന അധികാരങ്ങളെ ചോദ്യം ചെയ്യുക, ശരീരത്തെ സാമൂഹികഘടനകളുമായി ബന്ധിപ്പിക്കുക എന്നിവയ്ക്കെല്ലാം വ്യക്തമായ രാഷ്ട്രീയപ്രസക്തിയുണ്ട്.
എന്നാൽ ശരീരത്തിന് പൾപ്പിൽ മറ്റൊരു ഉപയോഗവുമുണ്ട്. അത് വായനക്കാരുടെ കൗതുകത്തെ ഉണർത്തുന്നു. ഞെട്ടിക്കുന്നു. ആകർഷിക്കുന്നു. കഥയുടെ വേഗം കൂട്ടുന്നു. ശരീരത്തിന്റെ സാന്നിദ്ധ്യം ഒരു സാമൂഹികപ്രശ്നത്തെ തുറന്നുകാട്ടുന്നതിനൊപ്പം വായനാകൗതുകം നിലനിർത്താനുള്ള ഉപാധിയായും പ്രവർത്തിക്കാം. പൾപ്പ് ശരീരത്തെ കാണിക്കുന്നു; സാഹിത്യം ശരീരത്തിനകത്തെ അനുഭവത്തെ കേൾപ്പിക്കുന്നു.
ഈ വ്യത്യാസം ആത്രേയകത്തെ വായിക്കുമ്പോൾ നിർണായകമാണ്. ശരീരത്തിന്റെ സാന്നിദ്ധ്യം ശക്തമാണ്. എന്നാൽ ശരീരാനുഭവത്തിന്റെ മാനസികവും വൈകാരികവുമായ ആഴം എല്ലായിടത്തും അതേ ശക്തിയിൽ വികസിക്കുന്നില്ല. ശരീരം ചിലപ്പോൾ സാമൂഹികപ്രശ്നത്തിന്റെ അടയാളമാകുന്നു; ചിലപ്പോൾ കഥയുടെ ആവേശത്തിനുള്ള ഉപാധിയാകുന്നു. ഈ ഇരട്ടസ്വഭാവം കൃതിയുടെ പൾപ്പ് സ്വഭാവം വ്യക്തമാക്കുന്നു.
ശരീരത്തെക്കുറിച്ചെഴുതുന്നത് സാഹിത്യത്തിനു പുതിയൊരു സാദ്ധ്യത തുറക്കുന്നു. എന്നാൽ ശരീരത്തെ ദൃശ്യമാക്കുന്നതും ശരീരത്തിന്റെ അനുഭവലോകത്തെ തുറന്നുകാട്ടുന്നതും രണ്ടാണ്. അപമാനിക്കപ്പെട്ട ശരീരം അതിനെ ഏൽപ്പിച്ച അപമാനത്തോടൊപ്പം എങ്ങനെ ജീവിക്കുന്നു? ആ അനുഭവം ഒരാളുടെ ആത്മബോധത്തെയും ബന്ധങ്ങളെയും ആഗ്രഹങ്ങളെയും എങ്ങനെ മാറ്റുന്നു? ശരീരത്തിന്മേലുള്ള അധികാരം അവസാനിച്ചാലും അതിന്റെ ഓർമ്മ എങ്ങനെ തുടരുന്നു? ഇത്തരം ചോദ്യങ്ങൾക്ക് കഥയിൽ എത്രമാത്രം ഇടം ലഭിക്കുന്നു എന്നതും പ്രധാനമാണ്.
അക്രമവും അതിന്റെ ശേഷമുള്ള നിശ്ശബ്ദതയും
അക്രമത്തിനും ആത്രേയകത്തിൽ സമാനമായൊരു പങ്കുണ്ട്. അക്രമം സംഘർഷം സൃഷ്ടിക്കുന്നു. അപകടം വർദ്ധിപ്പിക്കുന്നു. കഥാപാത്രങ്ങളെ പുതിയ തീരുമാനങ്ങളിലേക്കു തള്ളുന്നു. വായനക്കാരുടെ ഉത്കണ്ഠ ഉയർത്തുന്നു. കഥയുടെ ഗതിയെ വേഗത്തിലാക്കുന്നു.
സാഹിത്യത്തിൽ അക്രമത്തിന്റെ ശക്തി പലപ്പോഴും അക്രമം നടന്ന നിമിഷത്തിലല്ല, അതിനുശേഷമാണ്. ഒരാളെ കൊല്ലുമ്പോൾ ശരീരം വീഴുന്നത് ഒരു സംഭവമാണ്. അതിനുശേഷം ജീവിച്ചിരിക്കുന്നവരുടെ ഉള്ളിൽ എന്തു സംഭവിക്കുന്നു? കുറ്റബോധം എവിടെ അടിഞ്ഞുകൂടുന്നു? ഭയം എങ്ങനെ മാറുന്നു? ഓർമ്മ എങ്ങനെ മുറിവായി തുടരുന്നു? മനുഷ്യൻ സ്വന്തം പ്രവൃത്തിയെ എങ്ങനെ നേരിടുന്നു? അതിജീവിച്ച ഒരാൾക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ കഴിയുമോ? ഇത്തരം ആന്തരികപ്രത്യാഘാതങ്ങൾക്ക് സാഹിത്യം ദീർഘമായ ഇടം നൽകാം. ചിലപ്പോൾ വിശദീകരണങ്ങൾക്കുപകരം മൗനത്തിന് ഇടം നൽകാം. വായനക്കാരെ ആ മൗനത്തിനകത്തേക്ക് കടക്കാൻ അനുവദിക്കാം.
ആത്രേയകത്തിൽ അക്രമം കൂടുതലായും കഥയുടെ ചലനശക്തിയായാണ് പ്രവർത്തിക്കുന്നത്. അത് അടുത്ത സംഘർഷത്തിലേക്കും പുതിയ സംഭവങ്ങളിലേക്കും വഴിതുറക്കുന്നു. അക്രമത്തിന്റെ അനുഭവപരമായ ശേഷിപ്പിനേക്കാൾ അതിന്റെ കഥാപരമായ ഫലത്തിനാണ് പലപ്പോഴും മുൻഗണന. ഈ അർത്ഥത്തിൽ അക്രമത്തിന്റെ അവതരണവും ഈ പുസ്തകത്തിൽ പൾപ്പിന്റെ സൗന്ദര്യശാസ്ത്രത്തോട് കൂടുതൽ അടുക്കുന്നു.
ഇതിനർത്ഥം അക്രമത്തെക്കുറിച്ചുള്ള ഓരോ ആഖ്യാനവും മന്ദഗതിയിലായിരിക്കണം എന്നല്ല. അക്രമത്തിന്റെ മാനസികമായ പ്രത്യാഘാതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചോദ്യം. അക്രമം ഒരു സംഭവമായി മാത്രം നിൽക്കുമ്പോൾ അത് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നു. അക്രമം മനുഷ്യന്റെ ഉള്ളിൽ തുടരുമ്പോൾ അത് അനുഭവത്തിന്റെ ആഴത്തിലേക്ക് കടക്കുന്നു.
ഭാഷയുടെ സുതാര്യതയും ആഖ്യാനത്തിന്റെ സിനിമാറ്റിക് സ്വഭാവവും
ആത്രേയകത്തിന്റെ ഭാഷ ലളിതമാണ്. സുതാര്യമാണ്. വളച്ചുകെട്ടുകളില്ലാത്തതാണ്. സംഭാഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും ദൃശ്യങ്ങൾക്കും മുൻഗണന നൽകുന്നു. ഭാഷ സ്വയം ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കുന്നില്ല. വായനയെ തടസ്സപ്പെടുത്താതെ കഥാലോകത്തിലൂടെ വായനക്കാരെ മുന്നോട്ടുകൊണ്ടുപോകുകയാണതിന്റെ പ്രധാന ധർമം. ഇതും ഒരു തിരഞ്ഞെടുപ്പാണ്.
സങ്കീർണ്ണമായ ഭാഷ ഉപയോഗിക്കാത്തത് സാഹിത്യപരമായ കുറവിന്റെ തെളിവല്ല. ചിലപ്പോൾ ലാളിത്യം തന്നെയാണ് ഏറ്റവും കഠിനമായ ശൈലി. ലളിതമായ വാക്കുകൾകൊണ്ട് മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകൾ അവതരിപ്പിക്കാൻ വലിയ കഴിവ് വേണം. അതുപോലെ, പാരായണക്ഷമതയെ തടസ്സപ്പെടുത്താതെ വിശാലമായൊരു കഥാലോകത്തിലൂടെ വായനക്കാരെ സഞ്ചരിപ്പിക്കുന്നതും എളുപ്പമല്ല. രാജശ്രീയുടെ ഭാഷയ്ക്ക് ഈ സുതാര്യതയുടെ കരുത്തുണ്ട്.
സംഭാഷണങ്ങൾ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നു. ചില സംഭാഷണങ്ങൾ രഹസ്യങ്ങൾ തുറക്കുന്നു. ചിലത് സംഘർഷങ്ങൾ ഉയർത്തുന്നു. മറ്റു ചിലത് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ മാറ്റമുണ്ടാക്കുന്നു. ദൃശ്യങ്ങൾ വേഗത്തിൽ മാറുന്നു. സംഭവങ്ങൾ വായനക്കാരുടെ മുന്നിൽ ദൃശ്യങ്ങളായി തെളിയുന്നു. ഈ സവിശേഷതയാണ് നോവലിന്റെ സിനിമാറ്റിക് സ്വഭാവം വർദ്ധിപ്പിക്കുന്നത്.
ഇതിനൊരു മറുവശവുമുണ്ട്. കഥയുടെ ഗതിയെ തടസ്സപ്പെടുത്താത്ത ഭാഷ, എല്ലായ്പ്പോഴും അനുഭവത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങണമെന്നില്ല. ഇതുമൂലം കഥാപാത്രത്തിന്റെ മനസ്സിലുയരുന്ന ആശയക്കുഴപ്പങ്ങൾ, ഓർമ്മകളുടെ ഒഴുക്ക്, പറയാനാവാത്ത അനുഭവങ്ങൾ, വിശദീകരണത്തിനപ്പുറമുള്ള മൗനങ്ങൾ എന്നിവയ്ക്കെല്ലായമുള്ളയിടം കുറയുന്നു. കഥാകൃത്തു തന്നെ എല്ലാം വിശദമായി വിവരിക്കുമ്പോൾ വായനക്കാർക്ക് സ്വയം കണ്ടെത്താനുള്ള ചില സാദ്ധ്യതകൾ ചുരുങ്ങുന്നു.
ഇവിടെ ഭാഷയെ ദൗർബല്യമെന്നു വിളിക്കുന്നതിനെക്കാൾ, കൃതിയുടെ ആഖ്യാനലക്ഷ്യവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പായി കാണുന്നതാണ് ശരി. ഈ തിരഞ്ഞെടുപ്പ് കഥയുടെ വേഗത്തിനും പാരായണക്ഷമതയ്ക്കും സഹായിക്കുന്നു. അതേസമയം, ഭാഷയിലൂടെ അനുഭവത്തിന്റെ ആഴങ്ങളിലേക്കു പ്രവേശിക്കുന്നതിനേക്കാൾ ദൃശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കഥ മുന്നോട്ടുകൊണ്ടുപോകുന്നതിനത് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇതും നോവലിനെ പൾപ്പിന്റെ ആഖ്യാനരീതിയോട് അടുപ്പിക്കുന്ന ഘടകമാണ്.
ഘടനയും വായനയുടെ ഉപഭോഗരീതിയും
ജനപ്രിയവായനയുടെ സ്വഭാവവുമായി അടുത്തുനിൽക്കുന്നതാണ് നോവലിന്റെ ഘടനയും. കഥ വികസിക്കുമ്പോൾ ഓരോ ഘട്ടവും അടുത്തതിലേക്കുള്ള കൗതുകം നിലനിർത്തുന്നു. ഓരോ അദ്ധ്യായവും അടുത്ത അദ്ധ്യായത്തിലേക്കുള്ള ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. അതിന്റെ ഉത്തരം തേടി വായനക്കാർ മുന്നോട്ടുപോകുന്നു. ഉത്തരം ലഭിക്കുമ്പോൾ പുതിയൊരു ചോദ്യം ഉയരുന്നു. ഇത് കഥപറച്ചിലിന്റെ മികവായി കാണാം. വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്നത് എഴുത്തുകാരിയുടെ കഴിവാണ്. എന്നാൽ ഇതൊരു പ്രത്യേക വായനാരീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വായനക്കാർ കഥയെ പതുക്കെ ധ്യാനിക്കുന്നതിനേക്കാൾ വേഗത്തിൽ അതിലൂടെ സഞ്ചരിക്കുന്നു. ഓരോ അദ്ധ്യായവും അടുത്ത അദ്ധ്യായത്തിലേക്കുള്ള വാതിലായി മാറുന്നു.
ഇവിടെയാണ് വായനാകൗതുകവും സാഹിത്യാനുഭവവും തമ്മിലുള്ള വ്യത്യാസം വീണ്ടും പ്രസക്തമാകുന്നത്. വായനക്കാർ അടുത്തതായി എന്തു സംഭവിക്കുമെന്ന് അറിയാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇതിനകം സംഭവിച്ചതിനെക്കുറിച്ച് എത്രനേരം ചിന്തിക്കുന്നു? ഒരു കഥാപാത്രത്തിന്റെ പ്രവൃത്തിയുടെ അർത്ഥം എന്താണ്? ആ പ്രവൃത്തി അയാളുടെ ജീവിതത്തിലെന്തു മാറ്റമുണ്ടാക്കി? അയാൾ നേരിട്ട പ്രതിസന്ധി അയാളുടെയുള്ളിൽ എന്തവശേഷിപ്പിച്ചു? കഥയുടെ വേഗം ഇത്തരം ചോദ്യങ്ങൾക്കുള്ള ഇടം കുറയ്ക്കുന്നുണ്ടോ?
ഒരു നോവൽ വായനക്കാരെ തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകുന്നത് തെറ്റല്ല. എന്നാൽ വായനക്കാരെ മുന്നോട്ടുകൊണ്ടുപോകുക എന്നതുതന്നെ കൃതിയുടെ പ്രധാന ലക്ഷ്യമായി മാറുമ്പോൾ, വായനയുടെ അനുഭവം ഒരു പ്രത്യേകതരം ഉപഭോഗരീതിയുമായി ചേരുന്നു. അതുകൊണ്ടാണയത്രേയത്തിന് എല്ലാ കൊട്ടാരങ്ങളും അരക്കില്ലങ്ങളാണെന്ന തോന്നലുണ്ടാകുന്നത്. അടുത്ത സംഭവത്തിനായുള്ള കാത്തിരിപ്പ് വായനയെ നയിക്കുന്നു. കഥയുടെ രഹസ്യങ്ങൾ ഓരോന്നായി തുറക്കപ്പെടുന്നു. വായനക്കാർ കഥാലോകത്തെ അനുഭവിക്കുന്നതിനൊപ്പം അതിന്റെ അടുത്ത ഘട്ടം അറിയാനുള്ള ആഗ്രഹത്താലും മുന്നോട്ടുപോകുന്നു.
ആത്രേയകത്തിൽ ഈ സ്വഭാവം ശക്തമാണ്. അതിന്റെ കഥപറച്ചിൽ വായനക്കാരെ വിട്ടുകളയുന്നില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ കഥയ്ക്കൊപ്പം നിൽക്കാനും അതിന്റെ അർത്ഥങ്ങളെക്കുറിച്ച് ആലോചിക്കാനും ആവശ്യമായ ഇടം കുറയുന്നു.
മഹാഭാരതത്തിന്റെ നിഴലുകളിൽനിന്നുള്ള പുതിയ ലോകം
യുദ്ധം, പ്രതികാരം, പ്രണയം, വഞ്ചന, അധികാരപ്പോരാട്ടം, ഗൂഢാലോചന, ലൈംഗികത, അത്ഭുതജന്മങ്ങൾ, ശാപങ്ങൾ, വേഷപ്പകർച്ചകൾ, ദൈവികത, മനുഷ്യദുരന്തം, കുടുംബവൈരങ്ങൾ, രാജാധികാരം, പുറന്തള്ളപ്പെട്ടവർ, ഇങ്ങനെ നീളുന്ന മഹാഭാരതത്തിന്റെ ലോകം ജനപ്രിയകഥകൾക്ക് അനന്തമായ സാദ്ധ്യതകൾ നിറഞ്ഞതാണ്. കഥയെഴുതുന്നവർക്ക് ഈ ലോകത്തുനിന്ന് പുതിയ കഥകൾ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല. എന്നാൽ മഹാഭാരതത്തിലെ പരിചിതരായ നായകരെ വീണ്ടും കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം അതിന്റെ അരികുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ കണ്ടെത്തി അയാളെ ചുറ്റിപ്പറ്റി പുതിയൊരു ലോകം പണിയുക എന്നത് രാജശ്രീയുടെ ഭാവനയുടെ നേട്ടമായി കാണണം.
പുരാണത്തിന്റെ കേന്ദ്രത്തിൽനിന്ന് അരികിലേക്ക് നീങ്ങുക എന്നത് ഒരു സാഹിത്യപരമായ തിരഞ്ഞെടുപ്പ് മാത്രമല്ല. അധികാരത്തിന്റെ ഔദ്യോഗിക ചരിത്രത്തിൽ ഇടം ലഭിക്കാത്തവരുടെ ജീവിതത്തിലേക്ക് നോക്കാനുള്ള ശ്രമം കൂടിയാണ്. മഹാഭാരതത്തിന്റെ മഹത്വത്തെ ആവർത്തിക്കുന്നതിനുപകരം അതിന്റെ നിഴലുകളിൽ പുതിയ മനുഷ്യരെ കണ്ടെത്താനുള്ള സാദ്ധ്യതയാണ് എഴുത്തുകാരി ഉപയോഗിക്കുന്നത്.
ഈ ശ്രമത്തിന് രാഷ്ട്രീയമായ പ്രസക്തിയുണ്ട്. ചരിത്രവും പുരാണവും നിലനിർത്തുന്ന കേന്ദ്ര-അരിക് ബന്ധങ്ങളെ ചോദ്യം ചെയ്യാനും, പരിചിതമായ കഥാലോകത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാനുമതിനു കഴിയും. എല്ലാവർക്കും പരിചിതമായ മഹാഭാരതത്തിലെ, ഓരോ കഥാപാത്രവും ഓരോ നിഴലും പക്ഷേ അതുപോലെ പരിചിതമല്ല. ആ നിഴലുകളിലേക്ക് കഥയുടെ വെളിച്ചമെത്തിക്കാൻ ശ്രമിക്കുന്നതിലൂടെ രാജശ്രീ ഒരു പുതിയ വായനാസാദ്ധ്യത തുറക്കുന്നു.
ഭാവനയുടെ വ്യാപ്തിയും ഇവിടെ അംഗീകരിക്കേണ്ടതാണ്. പുറന്തള്ളപ്പെട്ട ശരീരങ്ങൾക്കും മനുഷ്യർക്കും കഥയുടെ കേന്ദ്രത്തിൽ സ്ഥാനം നൽകാനുള്ള ശ്രമം പ്രധാനമാണ്. ശരീരം, ജാതി, ലിംഗം, അധികാരം എന്നിവയെ പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങളായി കാണാതെ മനുഷ്യജീവിതത്തെ നിർണയിക്കുന്ന ഘടകങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമവും ശ്രദ്ധേയമാണ്.
ചികിത്സ, ഔഷധസസ്യങ്ങൾ, വനജീവിതം, പ്രകൃതിയുമായുള്ള മനുഷ്യബന്ധം എന്നിവ നോവലിന് മറ്റൊരു തലം നൽകുന്നു. മനുഷ്യൻ പ്രകൃതിയെ കീഴടക്കുന്നവൻ മാത്രമല്ല, അതിനകത്തു ജീവിക്കുകയും അതിൽനിന്ന് അറിവും ജീവിതമാർഗങ്ങളും കണ്ടെത്തുകയും ചെയ്യുന്നവനാണ് എന്നൊരു ലോകബോധം ഇവിടെ ഉയർത്താൻ ശ്രമിക്കുന്നുണ്ട്. ഈ ഘടകങ്ങൾ കഥാലോകത്തെ കൂടുതൽ വിശാലമാക്കുന്നു.
ഇവയെല്ലാം എഴുത്തുകാരിക്ക് അർഹമായ അംഗീകാരം നൽകേണ്ട നേട്ടങ്ങളാണ്. എന്നാൽ ഒരു കൃതിയുടെ ഭാവനാപരമായ വ്യാപ്തിയും സാമൂഹികപ്രസക്തിയും അതിന്റെ ആഖ്യാനരീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകുന്നില്ല. ഒരു കൃതി എന്തെല്ലാം വിഷയങ്ങളെ ഉൾക്കൊള്ളുന്നു എന്നതും അവയെ എങ്ങനെയാണ് സാഹിത്യാനുഭവമാക്കി മാറ്റുന്നത് എന്നതും വ്യത്യസ്തമായ ചോദ്യങ്ങളാണ്.
സാഹിത്യവിഷയങ്ങൾ പൾപ്പിന്റെ ആഖ്യാനത്തിൽ
ആത്രേയകത്തിന്റെ മൂല്യം അതിന്റെ വിഷയങ്ങളിലുണ്ട്. ഭാവനയിലുണ്ട്. സാമൂഹികചോദ്യങ്ങളിലുണ്ട്. പരിചിതമായ പുരാണത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമത്തിലുണ്ട്. വിശാലമായ കഥാലോകത്തെ വായനക്കാർക്ക് പിന്തുടരാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിക്കുന്ന കഥപറച്ചിൽശേഷിയിലുമുണ്ട്.
എന്നാൽ ഈ മൂല്യങ്ങൾ എല്ലാം ചേർന്നിട്ടും കൃതിയുടെ അടിസ്ഥാന ആഖ്യാനസ്വഭാവം പൾപ്പിന്റെ വേഗത്തിൽനിന്ന് മോചിതമാകുന്നില്ല. വിഷയങ്ങളെ അവതരിപ്പിക്കുന്ന രീതി, സംഭവങ്ങൾ തമ്മിലുള്ള ബന്ധം, കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിലുള്ള പരിമിതികൾ, ശരീരവും അക്രമവും സൃഷ്ടിക്കുന്ന കൗതുകത്തിന് നൽകുന്ന പ്രാധാന്യം എന്നിവയെല്ലാം ചേർന്നാണ് ഈ സ്വഭാവം രൂപപ്പെടുന്നത്.
ഇവിടെ വിപണിയെ ലക്ഷ്യമിടുന്ന നോവൽ എന്ന വിശേഷണവും പ്രസക്തമാകുന്നു. എന്നാൽ വിപണി എന്നത് പുസ്തകം വിറ്റഴിക്കാനുള്ള ആഗ്രഹം മാത്രമല്ല. വായനക്കാരുടെ ശ്രദ്ധ എങ്ങനെ പിടിച്ചുനിർത്തണം, കഥയുടെ വേഗം എങ്ങനെ നിലനിർത്തണം, ഓരോ ഘട്ടത്തിലും പുതിയൊരു കൗതുകം എങ്ങനെ സൃഷ്ടിക്കണം എന്നതിനെ നിർണയിക്കുന്ന ആഖ്യാനബോധം കൂടിയാണ്.
എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ ലക്ഷ്യമിടാം. വായനക്കാരെ പിടിച്ചിരുത്തുന്ന കഥയെഴുതാം. സങ്കീർണ്ണമായ ആശയങ്ങളെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കാം. സസ്പെൻസ് ഉപയോഗിക്കാം. ലൈംഗികതയും അക്രമവും കൗതുകവും കഥയുടെ ഭാഗമാക്കാം. സ്വന്തമായൊരു വായനാസമൂഹത്തെ സൃഷ്ടിക്കാം. ഇവയൊന്നും സ്വതവേ സാഹിത്യവിരുദ്ധമല്ല. സാഹിത്യപരമായ മൂല്യങ്ങളുള്ള വിപണിസൗഹൃദമായ കൃതികളുമുണ്ട്. ഇവിടെ പക്ഷേ ഇത് വിപണിസൗഹൃദം മാത്രമുള്ള കൃതിയായി മാറിയിരിക്കുന്നു. അപ്പോൾ ഇതിനൊപ്പം മറ്റൊരു ചോദ്യമുയരുന്നു. ഏത് ഘടകമാണ് കൃതിയുടെ സൗന്ദര്യശാസ്ത്രത്തെ നിയന്ത്രിക്കുന്നത്?
ആത്രേയകത്തിൽ കഥയുടെ വേഗം, വായനാകൗതുകം, സംഭവങ്ങളുടെ തുടർച്ച, അസാധാരണമായ ലോകം, ശരീരവും ലൈംഗികതയും സൃഷ്ടിക്കുന്ന ആകർഷണം, സംഘർഷവും അക്രമവും സൃഷ്ടിക്കുന്ന ആവേശം എന്നിവ പലപ്പോഴും ആന്തരികമായ സാഹിത്യാനുഭവത്തെക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ടാണ് വിപണിസൗഹൃദം എന്ന വാക്ക് ഇവിടെ പ്രസക്തമാകുന്നത്. ഇത് ഒരു ആരോപണമല്ല. ഇവിടെ വിലയിരുത്തുന്നത് കൃതിയുടെ ആഖ്യാനത്തിൽ പ്രകടമാകുന്ന മുൻഗണനകളെയാണ്.
ആത്രേയകത്തിന്റെ പ്രത്യേകത, അത് പൂർണമായും പൾപ്പിൽ ഒതുങ്ങുന്നില്ല എന്നതാണ്. അതിന്റെ ഉള്ളിൽ സാഹിത്യത്തിന്റെ നിരവധി സാദ്ധ്യതകളുണ്ട്. ചില കഥാപാത്രങ്ങളിൽ, സാമൂഹികചോദ്യങ്ങളിൽ, ശരീരത്തെക്കുറിച്ചുള്ള സമീപനത്തിൽ, പുറന്തള്ളപ്പെട്ട ജീവിതങ്ങളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിൽ, പ്രകൃതിയെയും ചികിത്സയെയും കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ, മഹാഭാരതത്തെ പുതുതായി കാണാനുള്ള ശ്രമത്തിൽ, എല്ലായിടത്തും ഈ സാദ്ധ്യതകളുടെ വിത്തുകളുണ്ട്.
എന്നാൽ ആ വിത്തുകൾ വളരുന്ന മണ്ണ് പൾപ്പിന്റെ ആഖ്യാനരീതിയുടേതാണ്. അവയെ കൂടുതൽ ആഴത്തിലുള്ള മനുഷ്യാനുഭവങ്ങളാക്കി വികസിപ്പിക്കുന്നതിനേക്കാൾ കഥയുടെ ചലനത്തിനും കൗതുകത്തിനുമാണ് പലപ്പോഴും മുൻഗണന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആത്രേയകത്തെ വെറും ജനപ്രിയനോവൽ എന്നു വിളിച്ചാൽ അതിന്റെ സങ്കീർണ്ണത നഷ്ടപ്പെടും. എന്നാൽ ഗൗരവസാഹിത്യത്തിന്റെ മാനദണ്ഡങ്ങൾകൊണ്ടു മാത്രമതിനെ വിലയിരുത്താനുമാകില്ല. സാഹിത്യവിഷയങ്ങളുടെ സമൃദ്ധിയെ പൾപ്പിന്റെ ആഖ്യാനവേഗവുമായി ചേർത്തുനിർത്തുന്ന കൃതിയെന്ന നിലയിലാണതിനെ കാണേണ്ടത്.
വായനയ്ക്കുശേഷം അവശേഷിക്കുന്നത്
പൾപ്പിന്റെ വേഗത്തിനകത്തും ആഴമുള്ള മനുഷ്യാനുഭവങ്ങൾ സൃഷ്ടിക്കാനാകും. സാഹിത്യം എന്ന പേരിലെഴുതപ്പെട്ടിരിക്കുന്ന, മന്ദഗതിയിലുള്ള, ആഴമില്ലാത്ത, ആഖ്യാനങ്ങളും അനവധിയുണ്ട്. എന്നാൽ ഒരു കൃതി പ്രധാനമായും എന്തിനാണ് വായനക്കാരെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന ചോദ്യം പ്രസക്തമാണ്.
ആത്രേയകം കൂടുതലായി പൾപ്പിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അത് വായനക്കാരെ ഒപ്പം നടത്തിക്കുന്നു. പല ലോകങ്ങളും തുറക്കുന്നു. നിരവധി സംഭവങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും അയാളെ മുന്നോട്ടുകൊണ്ടുപോകുന്നു. എന്നാൽ ആ ലോകങ്ങളുടെ ആന്തരികമായ ഇരുട്ടുകളിലും വെളിച്ചങ്ങളിലും ദീർഘനേരം തങ്ങിനിൽക്കാനുള്ള ഇടം എല്ലായിടത്തും നൽകുന്നില്ല. കഥാപാത്രങ്ങളെ സംഭവങ്ങളിലേക്ക് തള്ളിവിടുന്നു; എന്നാൽ അവരുടെ ഉള്ളിലെ നിശ്ശബ്ദതകളെ കേൾക്കാൻ അത്രത്തോളം നിൽക്കുന്നില്ല.
വായനക്കാരെ വായിപ്പിക്കുന്നതിൽ വിജയിക്കുക എന്നതും, വായന അവസാനിച്ചിട്ടും അയാളുടെ ഉള്ളിൽ ദീർഘകാലം നിലനിൽക്കുന്ന സാഹിത്യാനുഭവം സൃഷ്ടിക്കുക എന്നതും രണ്ടാണ്. ആത്രേയകം ആദ്യത്തേതിൽ കൂടുതൽ ശക്തമാണ്. അതിലെ വിഷയങ്ങൾ കൂടുതൽ ആഴത്തിലുള്ള അനുഭവങ്ങളായി മാറാമായിരുന്ന പല സന്ദർഭങ്ങളിലും കഥയുടെ വേഗം അവയെ മറികടക്കുന്നതായി തോന്നുന്നു.
അതുകൊണ്ടാണ് ആത്രേയകം സാഹിത്യത്തെ ലക്ഷ്യമാക്കി പൾപ്പിലേക്ക് യാത്ര ചെയ്യുന്ന നോവലല്ല; പൾപ്പിന്റെ ആഖ്യാനരീതിയിൽ സാഹിത്യവിഷയങ്ങളെ വിന്യസിക്കുന്ന നോവലാണ് എന്നു തോന്നുന്നത്.
ഇവിടെ ‘വിന്യസിക്കുന്നു’ എന്ന വാക്കിനും കുറ്റാരോപണത്തിന്റെ അർത്ഥമില്ല. ഒരു വലിയ പുരാണപാരമ്പര്യത്തിൽനിന്നും സാമൂഹികചോദ്യങ്ങളിൽനിന്നും ശരീരരാഷ്ട്രീയത്തിൽനിന്നും പ്രകൃതിബോധത്തിൽനിന്നും കഥയുടെ അപാരമായ സാദ്ധ്യതകൾ കണ്ടെത്തി അവയെ വായനാസൗഹൃദമായ ആഖ്യാനത്തിലേക്ക് മാറ്റുകയാണ് എഴുത്തുകാരി ചെയ്യുന്നത്. അത് ഒരു സൃഷ്ടിപരമായ നേട്ടമാണ്. എന്നാൽ ആ നേട്ടം കൃതിയുടെ ആഖ്യാനപരമായ പരിമിതികളെ ഇല്ലാതാക്കുന്നില്ല.
ഒരു നോവലിന്റെ സാഹിത്യമൂല്യം അതിലെ വിഷയങ്ങളുടെ എണ്ണത്തിലും വലുപ്പത്തിലും മാത്രം അളക്കാനാവില്ല. വായന അവസാനിച്ചിട്ടും ആ വിഷയങ്ങൾ എന്താണുള്ളിൽ അവശേഷിപ്പിക്കുന്നത് എന്നിവയും പ്രധാനമാണ്.
അതിനാൽ ആത്രേയകത്തിന്റെ ഏറ്റവും അനുയോജ്യമായ വിശേഷണം സാഹിത്യപൾപ്പ് എന്നുതന്നെയാണെന്നാണെനിക്കു തോന്നുന്നത്. സാഹിത്യത്തിന്റെ വിഷയസമ്പത്തും പൾപ്പിന്റെ ആഖ്യാനവേഗവും ഒരേ ശരീരത്തിൽ വഹിക്കുന്ന കൃതി. ആത്രേയകത്തിലെ വിഷയസമ്പത്ത് എന്ന നേട്ടത്തിന് കൃതിയുടെ ആഖ്യാനപരമായ മുൻഗണനകളെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിൽനിന്നെന്നെ തടയാനാവില്ല.
സാഹിത്യത്തിന്റെ പുറംചട്ട ധരിച്ച പൾപ്പ് എന്നതിലുപരി, പൾപ്പിന്റെ വേഗത്തിൽ സഞ്ചരിക്കുന്ന (ചില) സാഹിത്യവിഷയങ്ങളുടെ ഒരു ലോകം; അതാണ് ആത്രേയകം. സാഹിത്യ ലോകത്തിൽ അടുത്തയിടെ ഉദയം കൊണ്ട, ഉദയം കൊണ്ടുകൊണ്ടേയിരിക്കുന്ന, ആഘോഷിക്കപ്പെട്ട, ആഘോഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന, സാഹിത്യ പൾപ്പിൽ ഒന്നുകൂടി, എന്നേ വായിച്ചപ്പോൾ തോന്നിയുള്ളൂ.
അതുകൊണ്ടു തന്നെ, ഇത്രയധികം സാഹിത്യവിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയെ വായിച്ചുതീർത്തപ്പോൾ, അതിന്റെ ഭാവനയെയും വിഷയസമ്പത്തിനെയും അംഗീകരിക്കുമ്പോഴും, മനസ്സിൽ അവശേഷിച്ചത് ഈ ഒരൊറ്റ വാക്കായിരുന്നു: മറ്റൊരു പൾപ്പ്.
ആത്രേയകം
രചന : ആര്‍. രാജശ്രീ
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 580 രൂപ







No Comments yet!