Skip to main content

നമ്മുടെ ലോകവും ആധുനികശാസ്ത്രവും

ആധുനികശാസ്ത്രം ചിന്തിക്കുന്നില്ലെന്നു പറഞ്ഞത് മാര്‍ട്ടിന്‍ ഹൈഡഗറാണ്. എഡ്മണ്ട് ഹുസേല്‍ യൂറോപ്യന്‍ ശാസ്ത്രങ്ങള്‍ക്കു വിമര്‍ശമെഴുതിയതിന്റെ തുടര്‍ച്ചയിലാണ് മറ്റൊരു തത്ത്വചിന്തകനില്‍ നിന്നും ഈ വാക്കുകള്‍ ലോകം കേള്‍ക്കുന്നത്. ഹൈഡഗര്‍ ഉദ്ദേശിച്ചത് ശാസ്ത്രത്തിനു ധര്‍മ്മചിന്തയില്ലെന്നാണ്. യാഥാര്‍ത്ഥ്യത്തെ അറിയാനുള്ള അതിതീവ്രമായ പ്രവര്‍ത്തനത്തിനിടയില്‍, യന്ത്രസമാനമായ പ്രവൃത്തിക്കിടയില്‍ ശാസ്ത്രം മറ്റൊന്നിനേയും പരിഗണിക്കുന്നില്ലെന്ന് ലകാന്‍ ഉള്‍പ്പെടെ പല ചിന്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ധര്‍മ്മചിന്തയില്ലാത്ത ശാസ്ത്രത്തില്‍ ധര്‍മ്മബോധത്തോടെ പണിയെടുക്കേണ്ട ചുമതല ശാസ്ത്രജ്ഞന്മാര്‍ക്കുണ്ടെന്ന് സ്ലോവേനിയന്‍ ചിന്തകനായ റാഡോ റിഹ പറയുന്നു. ജീവന്‍ തന്നെ ശാസ്ത്രവസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രത്തിലെ ധര്‍മ്മചിന്ത വളരെ പ്രധാനമായിരിക്കുന്നുവെന്നും റാഡോ റിഹ പറയുന്നുണ്ട്. കേരളത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന പലേ സംഘടനകള്‍ ഉണ്ടെങ്കിലും അവയൊന്നിന്റേയും ചിന്താവിഷയമായി ശാസ്ത്രത്തിലെ\ ശാസ്ത്രത്തിന്റെ ധര്‍മ്മബോധം മാറിത്തീര്‍ന്നിട്ടില്ല. ശാസ്ത്രപ്രവര്‍ത്തനത്തില്‍ നാശോന്മുഖമായ പ്രവണതകളുണ്ടെങ്കില്‍ അതിനു കാരണം അത് ഉപയോഗിക്കുന്നവരുടെ പ്രശ്‌നമാണെന്നോ സാങ്കേതികവിദ്യയുടെ പ്രശ്‌നമാണെന്നോ പറയുന്ന ഉപകരണാത്മകയുക്തിയുടെ രൂപത്തില്‍ മാത്രമാണ് അത് വിശദീകരിക്കപ്പെടുന്നത്. ശാസ്ത്രീയത ഇതര രുപങ്ങളിലുള്ള മതാത്മകതയായി അവതരിപ്പിക്കുകയും ദൈവത്തിനു പകരം ശാസ്ത്രദൈവത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവണതകളാണ് എവിടെയും കാണുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രഗവേഷണത്തിലും അദ്ധ്യാപനത്തിലും ഗവേഷണഫലങ്ങളുടെ പ്രയോഗത്തിലും …എല്ലാം നൈതികതയുടെയും ധാര്‍മ്മികതയുടെയും മൂല്യങ്ങള്‍ സൂക്ഷിക്കുകയും ശാസ്ത്രത്തിന്റെ ആന്തരികമൂലകങ്ങളെ അറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഡോ. ടി വി സജീവിന്റെ സ്ഥാനം അനന്യമായ ഒരു തലത്തില്‍ നില്‍ക്കുന്നതാണ്. ജീവന്‍ വലിയ തോതില്‍ കൗശലോപയോഗങ്ങള്‍ക്കു വിധേയമാക്കുന്ന ജീവശാസ്ത്രത്തിന്റെ മേഖലയിലാണ് അദ്ദേഹം പ്രവൃത്തിയെടുക്കുന്നതെന്ന കാര്യം ഡോ. സജീവിന്റെ സൈദ്ധാന്തികവും ദാര്‍ശനികവും നൈതികവുമായ നിലപാടിനെ കൂടുതല്‍ പ്രസക്തമാക്കുന്നതാണ്. ഡോ.ടി വി സജീവിന്റേതായി പുറത്തുവന്നിട്ടുള്ള ‘എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍’ എന്ന പുതിയ പുസ്തകവും അദ്ദേഹത്തിന്റെ ഈ സമീപനങ്ങളെയും നിലപാടുകളെയും ഉച്ചൈസ്തരം വെളിവാക്കുന്നതാണ്. പുസ്തകത്തിന്റെ ശീര്‍ഷകത്തില്‍ വരുന്ന ഭൂപടത്തെ കുറിച്ചുള്ള സൂചനകള്‍ ഭൂമിശാസ്ത്രത്തെ തദ്വാര ശാസ്ത്രവ്യവഹാരങ്ങളെ ചൂണ്ടുകയും അവ എല്ലാവര്‍ക്കും ഇടമുള്ളതാകണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നു. ശാസ്ത്രം നൈതികവും ധാര്‍മ്മികവുമാകണമെന്ന പ്രാര്‍ത്ഥനയും പ്രഖ്യാപനവുമാണിത്.

വനത്തിന്റെ ശബ്ദം അറിയാന്‍ ഏറ്റവും ഉപയുക്തമാകുന്നത് അവിടുത്തെ ശബ്ദരാശിയൂടെ ഏറ്റിറക്കങ്ങളെ അറിയുകയാണെന്ന ബെര്‍ണാഡ് ക്രോസിന്റെ തിരിച്ചറിവിനെ കുറിച്ച് , ആവര്‍ത്തനപട്ടികയില്‍ മെന്‍ഡലീഫ് രാസമൂലകങ്ങളെ അടുക്കിയപ്പോള്‍ ഒഴിഞ്ഞു കിടന്ന ഇടങ്ങളെ കണ്ടുപിടിക്കാനൂള്ള ശ്രമങ്ങള്‍ പുതിയ മൂലകങ്ങളെ കണ്ടെത്തുന്നതിലേക്കു നയിച്ചതു പോലെ വര്‍ഗീകരണത്തിന്റെയും ക്രമീകരണത്തിന്റെയും പദ്ധതികളിലൂടെ പരിണാമസിദ്ധാന്തത്തിലേക്ക് ഡാര്‍വിന്‍ എത്തിച്ചേരുന്ന രീതിശാസ്ത്രത്തെ കുറിച്ച്, മൃഗങ്ങള്‍ക്കു സംസ്‌കാരമില്ലെന്ന പൊതുബോധത്തില്‍ നിന്നും മാറി മൃഗങ്ങളിലെ സംസ്‌കാരത്തെ കുറിച്ചറിയാന്‍ ജെയ്ന്‍ ഗൂഡല്‍ ചിമ്പാന്‍സികളില്‍ നടത്തിയ നിരീക്ഷണങ്ങളെ കുറിച്ച്, ആ പഠനത്തിനിടയില്‍ ആയിരകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നേ പരിണാമധാരയില്‍ വഴി പിരിഞ്ഞ രണ്ടു ജീവജാലങ്ങള്‍ക്കിടയില്‍ നടന്ന ആശയവിനിമയത്തെ കുറിച്ച്, മുട്ടയോ കോഴിയോ ആദ്യമുണ്ടായത് എന്ന കൊച്ചുമിടുക്കിയുടെ ചോദ്യത്തിന് കോഴിക്കു മുന്നേയുണ്ടായിരുന്ന മറ്റൊരു ജീവി പരിണമിച്ചാണ് കോഴി ഉണ്ടായതെന്നു മറുപടി നല്‍കിയ മുതിര്‍ന്ന വിദ്യാര്‍ത്ഥിയെ കുറിച്ച് …
സജീവ് എഴുതുമ്പോള്‍ ശാസ്ത്രാവബോധപ്രചരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ ഒരു മാനമാണ് തെളിയുന്നത്.

നേരത്തെ സൂചിപ്പിച്ചതു പോലെ, കേരളത്തില്‍ ശാസ്ത്രാവബോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പലേ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശാസ്ത്രചിന്തയും ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ സംഭാവനകള്‍ നല്‍കിയ റോയ് ഭാസ്‌കറെ പോലൊരു പണ്ഡിതന്‍ അന്തരിച്ചപ്പോള്‍ അവര്‍ ആരെങ്കിലും അദ്ദേഹത്തെ അനുസ്മരിച്ചതായി അറിയുന്നില്ല! അദ്ദേഹം ഒരു അര്‍ദ്ധ ഇന്ത്യക്കാരനാണെന്ന കാര്യം പോലും അര്‍ഹവും ആദരപൂര്‍ണ്ണവുമായ ഒരു അനുസ്മരണത്തിനു കാരണമായില്ലെന്നാണ് എനിക്കു തോന്നുന്നത്. ഡോ. ടി വി സജീവ് റോയ് ഭാസ്‌കറിന്റെ അനുസ്മരണമായി എഴുതിയ ഒരു ലേഖനം ഈ പുസ്തകത്തിലുണ്ട്. ശാസ്ത്രത്തിന്റെ തത്ത്വദര്‍ശനത്തെ കുറിച്ച് ആക്ഷേപകരമായ രീതിയില്‍ പരാമര്‍ശിക്കുന്ന ഒരു സ്ഥിതിയാണ് കേരളീയബുദ്ധിജീവിതത്തിലുള്ളതെന്നു പറയണം. The unreasonable ineffectiveness of philosophy in natural sciences എന്ന വൈന്‍ബര്‍ഗിന്റെ നിലപാടിനെ പിന്‍പറ്റാനാണ് ഇവിടെ മിക്ക ശാസ്ത്രപ്രചാരകരും ശ്രമിക്കുന്നത്. ഇതിനു വിരുദ്ധമായ സജീവിന്റെ
സമീപനം ഭാസ്‌കറെ അനുസ്മരിക്കുന്ന ലേഖനത്തിലും കാണാം. ഇത്തരുണത്തില്‍, വലതുപക്ഷത്തിന് തീറെഴുതിക്കൊടുത്തിരിക്കുന്ന ആത്മീയതയുടെ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിക്കണമെന്ന റോയ് ഭാസ്‌കറുടെ വാക്കുകളെ സജീവ് ഓര്‍ത്തെടുക്കുന്നു. സാകല്യത്തില്‍ വസ്തുനിഷ്ഠവിവരങ്ങളത്രയും അറിയാന്‍ കഴിയാത്തതിനാല്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അറിയാന്‍ കഴിയില്ലെന്ന ഉത്തരാധുനികതയുടെ നിലപാടിനെതിരെ യാഥാര്‍ത്ഥ്യത്തിന്റെ അനന്തതയെ കുറിച്ചു പറയുന്ന ഭാസ്‌കറുടെ സമീപനത്തെ ഉദ്ധരിക്കുന്നു. അറിവിനായുള്ള അന്വേഷണവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവൂം റോയ് ഭാസ്‌കറിന് ഒന്നു തന്നെയായിരുന്നെന്ന് സജീവ് എഴുതിയിരിക്കുന്നു.

സൈലന്റ് വാലിയില്‍ ചീവീടുകളുടെ ശബ്ദം പോലും ഇല്ലാത്തതുകൊണ്ടാണ് അത് നിശബ്ദതയുടെ താഴ് വര എന്നറിയപ്പെടുന്നതെന്ന് ഒരു വിദ്യാര്‍ത്ഥിനി തന്റെ പ്രൊജക്ട് അവതരിപ്പിച്ചുകൊണ്ടു പറഞ്ഞതിനെ കുറിച്ച് ഒരു ലേഖനത്തില്‍ സജീവ് എഴുതുന്നുണ്ട്. ഈയിടെ ഞാന്‍ സൈലന്റ് വാലി സന്ദര്‍ശിച്ചപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് സൈലന്റ് വാലിയെ കുറിച്ച് ഇങ്ങനെ പ്രചരിക്കുന്നതിനെ കറിച്ചു പറയുകയും ഇവിടെ ചീവീടുകളുടെ ശബ്ദം നിറഞ്ഞിരിക്കുന്നുവല്ലോയെന്ന് ചോദിക്കുകയും ചെയ്തു. നേരത്തെ ചീവീടുകള്‍ ഇല്ലായാരിരുന്നിരിക്കാം, ഇപ്പോള്‍ നാം സഞ്ചരിക്കുന്ന വഴികളിലെല്ലാടവും ചീവീടുകളുണ്ടെന്ന് മുക്കാലിക്കാരനായ ഞങ്ങളുടെ ഡ്രൈവര്‍ വിനോദ് പറഞ്ഞത് ഓര്‍ക്കുന്നു. ബാലരമയില്‍ നിന്നും കിട്ടിയ വിവരമാണെന്ന് ആ വിദ്യാര്‍ത്ഥിനി സജീവിന്റെ ചോദ്യത്തിനു മറുപടിയായി പറയുന്നുണ്ട്. അതു തെറ്റാണെന്നു പറഞ്ഞെങ്കിലും ആ വിദ്യാര്‍ത്ഥിനിയെ മനസ്സിലാക്കുന്ന രീതിയില്‍ തിരുത്താന്‍ തനിക്കായില്ലെന്നും സജീവ് എഴുതുന്നു. ചെറിയ കാര്യങ്ങളില്‍ പോലും അനുഭവത്തെളിവുകള്‍ക്കും വസ്തുതകള്‍ക്കും അപ്പുറം ഇഷ്ട പുസ്തകത്തിലെ എഴുത്ത് ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോലും വിജയിക്കുന്നത് നമ്മുടെ ശാസ്ത്രാദ്ധ്യാപനത്തിലും പഠനത്തിലും നിലനില്‍ക്കുന്ന മതാത്മകതയുടെ മൂല്യങ്ങളെയാണ് കാണിക്കുന്നത്.

ശാസ്ത്രം എന്നതുകൊണ്ട് ശാസിക്കപ്പെട്ടത് എന്നാണ് അര്‍ത്ഥമെന്നും അത് ഒരു പഴയ പാരമ്പര്യത്തെ തുടരുന്ന വാക്കാണെന്നും അത് ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും വാദിക്കുന്നവരോടെന്നോണം താന്‍ ആധുനികശാസ്ത്രത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നു പറയുന്ന എഴുത്തുകാരന്‍, വാക്കിന് തെന്നിമാറുന്ന അര്‍ത്ഥങ്ങളുണ്ടെന്നും അതിന്റെ ഉത്ഭവസ്ഥാനങ്ങളെ അതിലംഘിക്കുന്ന അര്‍ത്ഥങ്ങള്‍ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന വാക്ക് നേടിയടുക്കുന്നുവെന്നും അറിയുന്നയാളാണ്. ഇപ്പോള്‍, നിരന്തരമായ ഉപയോഗത്തിലൂടെ മലയാളഭാഷയില്‍ ശാസ്ത്രം എന്ന വാക്ക് നിര്‍മ്മിച്ചെടുത്ത വ്യവഹാരമണ്ഡലങ്ങളെയാകെ തള്ളിക്കളയണമെന്ന ആവശ്യം ആശാസ്യമാണോയെന്ന ചിന്തയെ നിര്‍മ്മിക്കാനോ പങ്കുവയ്ക്കാനോ സജീവിന്റെ ഇടപെടലിനു കഴിയുന്നുണ്ട്. ശാസ്ത്രീയത എന്ന ഭാഷയിലെ പരികല്‍പ്പന മതാത്മകതക്കെതിരെ നില്‍ക്കുന്ന സമീപനവും നിലപാടുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരുടെയെങ്കിലും വാക്കുകളുടെ ഉറപ്പോ എഴുതിവയ്ക്കപ്പെട്ട പുസ്തകത്തിന്റെ വിശുദ്ധിയോ അല്ല; നിരന്തരനവീകരണക്ഷമത, ചിരവികസ്വരക്ഷമത, നിലനില്‍ക്കുന്ന സങ്കല്‍പ്പനങ്ങളെ ചോദ്യം ചെയ്യാനും സ്വയം വിമര്‍ശിക്കാനും തിരുത്താനുമുള്ള ശേഷി… ഇവയെല്ലാം ശാസ്ത്രീയതയുടെ മൂല്യങ്ങളെയും ആ പരികല്‍പ്പനയെയും ഇതര വ്യവഹാരങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു തലത്തില്‍ എങ്ങനെ പ്രതിഷ്ഠിക്കുന്നുവെന്ന് ഈ പുസ്തകത്തിന്റെ എഴുത്തുകാരനു ബോദ്ധ്യമുണ്ട്.

ആഗോളതാപനം, ശാസ്ത്രത്തിന്റെ രാഷ്ട്രീയം, കാട്, പരിസ്ഥിതി, ശാസ്ത്രവും ആദിവാസിസമൂഹങ്ങളും, മഹാമാരീ, നിപ്പ, പ്രളയം, കരിങ്കല്‍ ക്വാറികള്‍, ആന്ത്രപോസീന്‍, ആണവബാദ്ധ്യതാബില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നിങ്ങനെ വിഷയവൈവിദ്ധ്യം കൊണ്ട് ഈ പുസ്തകം സാകല്യത്തെ കീഴടക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നു തോന്നുന്നു. വസ്തുതകളുടെ കേവലവിവരണമല്ല, മൗലികചിന്തയുടെ അനുഭവം ഇതു നല്‍കുന്നു. ഒന്നും പാഴാകരുതെന്ന വിചാരത്തിലൂടെ വാക്കുകളിലും വസ്തുക്കളിലും സൂക്ഷ്മമായ ശ്രദ്ധ പുലര്‍ത്തുന്നു. ഡോ. ടി വി സജീവ് രചിച്ച ‘എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍’ മലയാളഭാഷയ്ക്ക്, സവിശേഷമായി ശാസ്ത്രകുതുകികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുന്നു.

***************************************************************

‘എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍’
ടി. വി സജീവ്
പ്രസക്തി ബുക് ഹൗസ്, പത്തനംതിട്ട
വില :  800/- രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.