Skip to main content

ഒറ്റയ്ക്കല്ല ഒരു പച്ച മരവും

വയസ്സാകുമ്പോൾ ഭക്ഷണത്തോടും രതിയോടും മറ്റു ഭൗതികവസ്തുക്കളോടും വിരക്തി വരുന്നത് സ്വാഭാവികമാണ്. എന്നാൽ, അദ്‌ഭുതമെന്നു പറയട്ടെ, എനിക്ക് ഇവയെക്കാളൊക്കെ വിരക്തി തോന്നിത്തുടങ്ങിയത് കവിതയോടാണ്. കവിതേ നിൻ പേരു കേട്ടാൽ പേടിയാം ലക്കു തെറ്റിയ/ കവികൂട്ടങ്ങൾ ചെയ്യുന്ന കടുംകൈകളാൽ എന്നല്ല കുമാരനാശാൻ എഴുതിയത് എന്നറിയാം. പക്ഷെ അത് അത്രയ്ക്കൊന്നും കവികളില്ലാത്ത കാലമായത് കൊണ്ടാണ് . ഇന്നത്തെ സ്ഥിതി അതാണോ?

ഡോ. ഷെരീഫും ഭാഷ മമ്മുവും

അങ്ങനെ ‘ഫാലിമി’യിൽ കണ്ട മുത്തശ്ശനെ പോലെ കാശിക്ക്, സോറി , അയോധ്യക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് SCERT ശില്പശാലയിലെ നിറസാന്നിധ്യമായ ഭാഷ (ഭാഷ മമ്മു ) “ഒറ്റയ്ക്കൊരു പച്ചമരം” എനിക്ക് സമ്മാനിക്കുന്നത്. ഇരുപത്തൊമ്പത് കവിതകളാണ് (ഭാഷയുടെ ആമുഖത്തെയും കവിതയായി കൂട്ടിയാൽ മുപ്പത്) സമാഹാരത്തിൽ. വഴി തെറ്റിപ്പോകണ്ട എന്ന് വിചാരിച്ച് വീരാൻകുട്ടിയുടെ അവതാരികയും ബിനീഷ് പുതുപ്പണത്തിന്റെ പഠനവും വായിക്കാതെ നേരെ കവിത വായിക്കാൻ തുടങ്ങി. പ്രണയവും സ്വപനങ്ങളും പൂക്കാലവും വിഹ്വലതകളും വെയിലും മഴയും മുന്തിരിവള്ളികളും ഭ്രാന്തും വകഞ്ഞു മാറ്റി കുറച്ചു ദൂരം നടന്നപ്പോഴാണ് “ഒറ്റയ്ക്കൊരു പച്ചമരം” കണ്ടത്. ഋതുക്കളെ വിവർത്തനം ചെയ്യുന്ന പച്ചമരം! കവിയുടെ പച്ചമരം മാത്രമല്ല, മനുഷ്യരും ഋതുക്കളെ വിവർത്തനം ചെയ്യാറുണ്ടല്ലോ എന്നോർത്ത് ഞെട്ടി – മഴക്കാലത്ത് എലിപ്പനി പിടിച്ച്, വൃശ്ചിക-ധനു-മകരങ്ങളിൽ പൊൻവെയിൽ മണിക്കച്ചയുടുത്ത് ചെത്തിനടന്ന് , മീനമേടങ്ങളിൽ സൂര്യതാപമേറ്റ് കരിഞ്ഞു …… ഓർക്കാപ്പുറത്താണ് ‘മൗനവിസ്ഫോടന’മുണ്ടായത്.

‘രക്തമെ നിക്കും, മാംസം നിനക്കും’, ‘സ്വാതന്ത്ര്യം നിനക്കും , സംരക്ഷണം എനിക്കും ‘ , ആകാശം നിനക്ക്, മേഘങ്ങളെനിക്ക്”, കാടും കാട്ടാറും കാട്ടുപൂവിന്റെ തേനും നിനക്ക്, കാടിന്റെ മൗനം മാത്രമെനിക്ക്’ എന്നൊക്കെ പായുമ്പോൾ പെണ്ണുരയുടെ മൊട്ടുസൂചി കൊണ്ട് കുത്തിപ്പൊട്ടിക്കുന്നത് സച്ചിദാനന്ദന്റെ ‘കോഴിപ്പ’ങ്കിനെയാണോ? ‘മുള്ളു പന്തുകളുടെ കാലത്ത്’ ഞാൻ വായിച്ച ഏറ്റവും മികച്ച കൊറോണക്കവിതയാണ്. വൈറസിന്റെ ഗ്രാഫിക്സിൽ തന്നെ ശക്തമായ ഭാവനയുണ്ട്. ഭാഷ അതൊന്നു കൂടി പൊലിപ്പിച്ചു എന്നേയുള്ളൂ. “പോണേനു മുൻപേ ‘ എന്ന നാടൻ പ്രയോഗത്തിന്റെ പരിഹാസം മാപ്രാകൾക്ക് നേരെത്തന്നെ. തീരെ ചിരിക്കാതെയായത് കൊണ്ട് പരിഹാസം പെട്ടെന്ന് പിടികിട്ടുകയില്ല. മയകോവ്സ്കി അടക്കം ജീവിതം മറന്നുപോയ കവികൾ എത്രയെത്ര! മാപ്രാകൾക്ക് അവരുടെ ജീവിതമല്ല ,അവരുടെ മരണവും കവിതകളുമാണ് വേണ്ടത്. “ആത്മഹത്യക്ക് മുൻപ് കവിതയുടെ പൂക്കൂട മറക്കാതെ തന്നേച്ചു പോണേ ” എന്ന് മാപ്രാകൾ നേരിട്ട് തന്നെ അഭിമുഖങ്ങളിൽ പറയുന്ന കാലം വരുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എല്ലാം ശരിയായെന്നു കരുതുമ്പോഴായിരിക്കും ഒന്നും ശരിയായില്ലെന്ന് മനസ്സിലാകുക , ചിരിച്ചുകൊണ്ട് വരവേൽക്കുന്ന മാലാഖകൾ മുഖംമൂടി വെച്ച പിശാചുക്കളാണെന്നു നിമിഷനേരം കൊണ്ട് വെളിപ്പെടും.

ഏറ്റവും നന്നായി കുശലാന്വേഷണം നടത്തുന്നത് മുപ്പത് വെള്ളിക്കാശിനു ഒറ്റിക്കൊടുത്ത യൂദാസ് തന്നെ! പക്ഷെ കുരിശിലേറിയത് അബദ്ധമായി പോയെന്നല്ല , ഒരു മരക്കുരിശ് കിട്ടിയിരുന്നെങ്കിൽ ഈ പാപികൾക്ക് വേണ്ടി ഇനിയും കുരിശിലേറാം എന്നേ കവികൾക്ക് (രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞു ചേർന്നവർക്കും) പറയാൻ കഴിയൂ. ‘തിരുവത്താഴത്തിന്റെ പിറ്റേന്ന്’ വീണ്ടുവിചാരമല്ല, വീണ്ടും വിചാരമാണ്. ബോധനശാസ്ത്രത്തിലെ നിർമ്മിതിവാദത്തെ ഒന്ന് തഴുകിപ്പോകുകയെങ്കിലും ചെയ്ത കവിക്കേ ‘ലാസ്റ്റ് ബെൽ’ പോലൊരു കവിത എഴുതാൻ കഴിയൂ. അധ്യാപിക വിദ്യാർത്ഥികളിൽ നിന്ന് പഠിക്കുക തന്നെയാണ്. രണ്ടു ബെല്ലുകൾക്കിടയിൽ ആരവങ്ങളെ ചങ്ങലക്കിട്ട കുട്ടികളാണ് വലിയ മൗനത്തെ മുഖത്തൊട്ടിച്ച് മുന്നിലിരിക്കുന്നത് എന്ന തിരിച്ചറിവിനോളം വലുതാണ് ആ ചങ്ങലയിൽ തന്നെയാണ് തന്നെയും ബന്ധിച്ചതെന്നും ‘പാഠം പഠിപ്പിക്കുന്ന’ ബഹളത്തിനിടയിലും തന്റെ മുഖത്തും ഒട്ടിച്ചു വെച്ചിരിക്കുന്നത് ആ വലിയ മൗനം തന്നെയാണെന്നുമുള്ള തിരിച്ചറിവ്. ‘സ്വപ്നത്തിന്റെ നൗകയിലേറി അനന്തസാഗരത്തിലെവിടെയോ അറിയാത്ത ദ്വീപിലേക്ക്’ തുഴയൽ അവരുടെയെന്ന പോലെ തന്റെയും ആഗ്രഹമാണ്. വിളിച്ച പഴയ മുദ്രാവാക്യങ്ങൾ പാഴാകുന്നത് കണ്ട് പ്രകൃതിയിൽ നിന്നും മനുഷ്യബന്ധങ്ങളിൽ നിന്നും സ്വാത്രന്ത്യവും ജനാധിപത്യവും സോഷ്യലിസവും കണ്ടെടുക്കാനുള്ള കവിയുടെ (വ്യർത്ഥ?) ശ്രമമാണോ “സ്വാതന്ത്ര്യം'”?

ഞാൻ അയോധ്യക്കുള്ള ടിക്കറ്റ് കാൻസൽ ചെയ്തു.


Dr. ഷെറീഫ് കക്കുഴി മാളിയക്കൽ

Writer, Editor, Translator.
University of Calicut – English Professor (Rtd)

***

ഒറ്റയ്‌ക്കൊരു പച്ചമരം
രചന : ഭാഷ മമ്മു
പ്രസാധനം : ഐ ബുക്‌സ്, കേരളം
വില : 100 രൂപ/-

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.