Skip to main content

കഥയുടെ ദേശരഹസ്യങ്ങൾ

ഏത് പുസ്തകം വായിക്കാൻ കൈയിലെടുത്താലും അതിലെ കഥകളിലേക്ക് നേരെ കടന്നു ചെന്ന് ആമുഖ പേജിനെ നിസ്സാരമായി കണ്ടില്ലെന്ന് നടിച്ചു തള്ളിക്കളയുന്ന എനിക്ക് ഇവിടം അതിന് സാധ്യമായില്ല. ഇതുവരെ ഒരിക്കൽ പോലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത തെയ്യത്തിന്റെയും കാവുകളുടെയും ചിത്രങ്ങൾ കണ്ണിൽ വന്നു കൊള്ളുന്ന പോലെ. അത്രക്കും അപൂർവ്വമായ ഒരു ബന്ധം ഞാനും ആ വരികളും എന്റെ ദൃഷ്ടികളും തമ്മിൽ ഉരുത്തിരിഞ്ഞ പോലെ. നിർബന്ധപൂർവമല്ലാതെ ആദ്യമായി ഞാൻ ഒരു ആമുഖത്തെ വായിച്ചു തീർത്തു. കാവും വള്ളിക്കെട്ടും നിറഞ്ഞ ഇടനാടൻ കുന്നിൻ പുറങ്ങളും തണൽ വിരിച്ച ഇടവഴിയും കാവുറയുന്ന തെയ്യങ്ങളും കാക്കപ്പൂ വിരിയുന്ന മാടായി പാറയും ഒക്കെ എന്നെയും മറുലോകങ്ങളിൽ എത്തിച്ചു. അപ്പോഴേക്കും ഞാനും ആ വരികളിലൂടെ ജീവിക്കാൻ തുടങ്ങിയിരുന്നു. ഞാൻ പഴയ നാട്ടിൻപുറംകാരി ആയി തുടങ്ങിയിരുന്നു.ആധുനികത എന്നിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടോ അത്രത്തോളം എന്റെ വായനയെയും അവ ബാധിച്ചിട്ടുണ്ട് എന്ന തിരിച്ചറിവോട് കൂടി കഥകളിലേക്ക് വായനയെ പറഞ്ഞു വിട്ടു.

‘ഞങ്ങൾ മൂവരും ഒരു മരത്തലപ്പിൽ ‘ തൊട്ട് ‘കാവിലെ ദൈവം ‘വരെ നീളുന്ന പത്തു കഥകൾ. ഇവയിലെല്ലാം ജീവിതവും മരണവും ദേശവും മറുദേശവും നമ്മൾ ജീവിച്ചു വന്നതും ജീവിക്കാൻ കൊതിക്കുന്നതുമായ ആവാസ വ്യവസ്ഥകളും ഒരുപോലെ പരസ്പരം ഇടകലരുന്നുണ്ട്. ഭംഗിയായി എഴുതി വെച്ച വരികളിൽ തിങ്ങി നിൽക്കുന്ന അനേകമനേകം നിറമുള്ള കാഴ്ചകൾ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞു.

വീട്ടുമുറ്റത്ത് അതിരിനോട് ചേർന്നു നിൽക്കുന്ന ഉയരമുള്ള മാവും താഴെ നിന്ന് നോക്കുമ്പോൾ സങ്കൽപ്പിക്കാനാവുന്ന അതിനു മുകളിലുള്ള ലോകവും മരത്തലപ്പിൽ കയറിയാൽ കാണാവുന്ന കണ്ണെത്താ ദൂരവും. വായനക്കൊടുവിൽ വല്ലാത്ത ഭാരം നെഞ്ചിൽ കഴച്ചു. ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. ഇത്തരം കഥകൾ വായിക്കാത്ത എനിക്ക് വേറിട്ടൊരു വായന തന്നു ‘ഞങ്ങൾ മൂവരും ഒരു മരത്തലപ്പിൽ ‘ എന്ന കഥ. ഇതിൽ ജീവിതവും മരണവും തമ്മിലുള്ള അതിർത്തികളെ പരിശോധിക്കുന്നുണ്ട്.വീട്ടുമുറ്റത്തെ മാവ്, പനക്കാട്ട് കുന്ന്, വരണ്ട പുഴ തുടങ്ങിയ പശ്ചാത്തലങ്ങൾ കഥയിലെ പ്രധാന ഇടങ്ങളാണ്.ഇവ മിഥുട്ടന്റെ ഏകാന്തതയും കൃഷ്ണേട്ടന്റെ രക്ഷാപ്രവർത്തനവുമായി ഒത്തുചേരുന്നു. കഥ, ഇടം, കാലം, ബന്ധുത്വം എന്നിവ നിർവചിക്കുന്നു. ഒടുവിൽ ആ മരത്തലപ്പിലെ ലോകം ഞാനും സങ്കൽപ്പിച്ചു തുടങ്ങിയിരുന്നു. കാണുന്ന മരങ്ങളിലെയൊക്കെ മരത്തലപ്പുകൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
വായനക്കൊടുവിലും എളേമ്മയും കൃഷ്ണേട്ടനും അപ്പുവും മിഥുട്ടനുമൊക്കെ എന്റെ കൂടെ പോന്നു. കുറച്ചു നേരം ഞാനാ മരത്തലപ്പിലെ സുഖകരമായ ഇരിപ്പിടത്തിലിരുന്നു കാഴ്ചകൾ കണ്ടു.കഥ പറഞ്ഞു പോവുന്ന ഭാഷയും രീതിയും വളരെ വ്യത്യസ്തമായി തോന്നി.എത്ര സൂക്ഷ്മതയോടെയാണ് പ്രകൃതിയെയും മനുഷ്യരെയും ഓർമ്മകളെയും ചുറ്റുപാടുകളെയും ജീവജാലങ്ങളെയും കഥാകൃത്ത് നിരീക്ഷിക്കുന്നതും വരികളാക്കി അടുക്കിപ്പൊറുക്കി വെച്ചിട്ടുള്ളതും.

കഥയെങ്ങനെ രൂപം കൊള്ളുന്നു എന്നും കഥ എഴുത്തുകാരന്റെ മാത്രമല്ല പലരിലൂടെയും പടർന്നു തളിർത്തു ഉരുവാക്കപ്പെടുന്നതാണ് എന്ന സത്യം പറഞ്ഞു വെക്കുന്ന കഥയായ,വിനീതും അപർണയും ചന്തുവും കനിമൊഴിയും ആദിമൊഴിയും അഴിശ്ശിയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ‘ആദിമൊഴിയും കനിമൊഴി’യും നല്ലൊരു വായന തന്നു.

പ്രഭാകരൻ എന്ന കുടുംബസ്ഥനിലൂടെ പറഞ്ഞു തുടങ്ങുന്ന ‘കാലിക്കോ ‘ എന്ന കഥ. പൂച്ചകൾക്ക് അഭയം കൊടുക്കുന്ന പ്രഭാകരനും അച്ഛനെ ശരിവെക്കുന്ന മകൾ അമ്മുവും യോജിപ്പില്ലായ്മ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന ഭാര്യ ആശയും. അവിടം പുതുതായി വന്ന കാലിക്കോ നിറത്തിലുള്ള പൂച്ചയെ വളർത്തുന്നതിൽ ആശ വിസ്സമ്മതം അറിയിക്കുകയും പിന്നീട് അത് കുരുടൻ പാമ്പിനെ ആക്രമിക്കുന്നത് കാണുമ്പോൾ രാമകൃഷ്ണനെന്ന പഴയ അന്തേവാസിയായ പൂച്ചയെ ഓർമ്മ വരുന്ന ആശ അതിനെ വളർത്താൻ തീരുമാനിക്കുകയും അതിനെ ‘രമ’ എന്ന് പേരിട്ടു വിളിക്കുകയും ചെയ്യുന്നതാണ് കഥ.കഥ പറഞ്ഞു പോവുന്ന ഭാഷയും രീതിയും വ്യത്യസ്തമാണ്. കാവും പുലിദൈവവും കാടും കുന്നും വള്ളിക്കെട്ടുകളും പൂക്കളും മഞ്ചാടി മരങ്ങളും ചന്ദനക്കാടും ഒക്കെ എത്ര മനോഹരമായാണ് ചിത്രങ്ങളായി വായനയിൽ നമ്മുടെ ഉള്ളിൽ തളം കെട്ടി നിൽക്കുന്നു. ഒരു സാധാരണ ആശയത്തെ എങ്ങനെ അവതരണ രീതികൊണ്ട് മികച്ചതാക്കാം എന്ന് പറഞ്ഞു വെക്കുന്നു ഈ കഥ.

‘ഭക്ഷണ ലീല ‘ എന്ന കഥ വായിച്ചു തീരുമ്പോൾ കല്യാണ ബിരിയാണിയും കുടുക്കാച്ചി ബിരിയാണിയും ഇറച്ചിപ്പത്തലും ചെമ്മീൻ ചോറും ഒക്കെ എന്റെ വയറും വായനയിലൂടെ ആണെങ്കിലും നിറഞ്ഞു. അവസാനം ഒരു ചിരി ചുണ്ടിൽ വരുത്തി തീർന്നു പോവുമ്പോൾ കഥയിലെ ‘കിരൺ ‘ ആയിപ്പോവേണ്ടി വന്ന പഴയ നിമിഷങ്ങളെ ഞാൻ ഓർത്തു പോയി. തീറ്റയും കുടിയും വിരുന്നും എണ്ണമറ്റ വിഭവങ്ങളും സൽക്കാര പ്രിയവും മത്സരവും നർമ്മവവും ഒക്കെയായി വായിച്ചവസാനിച്ച നല്ലൊരു കഥ.

രണ്ടു ദേശങ്ങളുടെയും കാലഘട്ടങ്ങളുടെയും കഥ പറയുന്നു ‘വെയിലും മഞ്ഞും’. മൈസൂരിൽ അഗ്രി ബിസിനസ്‌ ചെയ്യുന്ന കഥാപാത്രത്തിന്റെ വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള കടുംപിടുത്തങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. അന്നത്തെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കള്ളന്മാരാൽ ആക്രമിക്കപ്പെട്ട ഒരു വ്യക്തി അയാളുടെ ബൈക്കിൽ ആശുപത്രിയിൽ എത്തിക്കുമെന്ന പ്രതീക്ഷയിൽ കയറുന്നു. മുമ്പ് തമിഴ്നാട്ടിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന കതിരേശൻ എന്ന വ്യക്തിയിലേക്ക് അയാളുടെ ഓർമ്മകൾ പാഞ്ഞു പോവുന്നു. അവിടം നൽകിയ നല്ലതും ചീത്തയുമായ ഓർമ്മകളിൽ മുഴുകി ഭൂതകാലത്തിന്റെ കെട്ടഴിക്കുകയാണ് ഈ കഥയിൽ.

‘ബെംഗളൂരു ഈസ്റ്റ്‌’ ജീവിതത്തോട് ഒട്ടി നിൽക്കുന്ന കഥയാണ്. ബന്ധങ്ങൾക്കിടയിൽ സംഭവിക്കുന്ന വിളളലുകൾ കഥയായി അവതരിപ്പിക്കപ്പെടുമ്പോൾ വായിക്കുന്നവന്റെ നെഞ്ചിൽ കുത്തിക്കയറുന്ന മൂർച്ചയുള്ള വാക്കുകൾ കഥയിൽ കാണാം. പ്രണയിച്ചു വിവാഹിതരായ അരുണും അനുവും പലരുടെയും പ്രതീകങ്ങളാണ്. ഒരുമിച്ചു ജീവിക്കുന്നുണ്ടെങ്കിലും ഒരു പുതപ്പിന്റെ രണ്ടറ്റത്തുമായി കിടന്നു രാത്രികൾ വെളുപ്പിക്കുന്ന നിസ്സഹായമായ വിവാഹ ബന്ധങ്ങൾ. അവരിലേക്കാണ് കഥയുടെ നോട്ടം ചെന്നെത്തുന്നത്. പുസ്തക വായന ഇഷ്ടപ്പെട്ടിരുന്ന അരുണിന് യാദൃശ്ചികമായി കിട്ടുന്ന ‘ഹ്യൂമൻ റിലേഷൻഷിപ് ആൻഡ് ബിയോണ്ട് ‘ എന്ന പുസ്തകം,കഥയിൽ ഡോക്ടർ മൂർത്തിയെന്ന കഥാപാത്രത്തിലേക്ക് കഥയെ ആനയിക്കുന്നു. ബന്ധത്തിൽ വന്ന വിള്ളലിനെ പറ്റി അദ്ദേഹത്തോട് സംസാരിക്കുന്ന ഭാഗം വളരെ മനസ്സിൽ തൊട്ടു.

“എൻ്റെ വൈവാഹിക ജീവിതം അവതാളത്തിലാണ്.”

പടർന്നുകയറി പലവഴിയായ അലങ്കാരച്ചെടികളെ നോക്കി അരുൺ പറഞ്ഞു.

“കാരണം?”

“കാരണം ചെറിയ ഈഗോ പ്രശ്‌നങ്ങളും വാക്കുതർക്കങ്ങളും ഒക്കെയാണ്.”

“ആർക്കാണ് ഈഗോ?”

“അതിൽ എനിക്ക് ഇപ്പോഴും കൺഫ്യൂഷനുണ്ട്.” അവൻ അയാളെ പോലെ താടിയ്ക്ക് കൈ വച്ചു.

“സ്ത്രീകൾ എക്സ്പ്രസ് ചെയ്യുന്നത് പിടിക്കാറില്ല അല്ലേ? ഐ മീൻ അവർ എപ്പോഴെങ്കിലുമൊന്ന് ശബ്ദമുയർത്തുന്നത്, അല്ലെങ്കിൽ ഫ്ര സ്റ്റേഷൻ പ്രകടിപ്പിക്കുന്നത് ഒക്കെ”

മൂർത്തി തന്നെ ചോദ്യം ചെയ്യുന്നത് പോലെ അവന് അനുഭവപ്പെട്ടു വെങ്കിലും അത് പ്രകടിപ്പിക്കാതിരിക്കാൻ ആവതും ശ്രമിച്ചു.

“ഞാൻ അഭിപ്രായങ്ങളെ മാനിക്കാതിരുന്നിട്ടില്ല ഡോക്ടർ” അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“ഇഷ്‌ടാനിഷ്‌ടങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കുന്നതിനെ കുറിച്ചല്ല പറയുന്നത് അരുൺ. നിങ്ങൾ നിങ്ങളുടേതായ എല്ലാ വികാ രങ്ങളും അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്. പക്ഷേ തിരിച്ചിങ്ങോട്ട് നിങ്ങൾക്ക് സഹിക്കുന്നില്ല, അല്ലേ”

അവന് അയാളോട് യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല. അറിയാതെ ഒന്ന് തലയാട്ടി തറയിലേയ്ക്ക് നോക്കിയവനിരുന്നു.

“അതായത്, നിങ്ങളൊരു ശബ്ദ‌വും അവൾ ഒരു ടേപ്പ് റെക്കോർഡറുമാവുന്നു. അരുൺ, സംസാരിക്കുക മാത്രം ചെയ്യാതെ,അവളെ കൂടി കേൾക്കൂ, കേട്ടുകൊണ്ടിരിക്കൂ..”

ഒരു സ്ത്രീ അല്ലാഞ്ഞിട്ട് കൂടി ഇത്തരത്തിൽ എഴുതാൻ കഴിഞ്ഞ കഥാകൃത്തിനോട് സ്നേഹം തോന്നിയ നേരങ്ങൾ. എത്ര മനോഹരമായാണ് തന്റെ ഓരോ കഥാപാത്രങ്ങളെയും അദ്ദേഹം മനസ്സിലാക്കി വെച്ചിട്ടുള്ളത്.കഥയുടെ അവസാനം തിരിച്ചറിവിനെ, നഷ്ട്ടപ്പെട്ടു പിന്നീട് കുറെയധികം കാലങ്ങൾക്ക് ശേഷം തിരിച്ചു കിട്ടുന്ന സ്നേഹത്തെ, മനോഹരമായി ചേർത്ത് വെക്കുന്നത് വായിക്കാം. ബന്ധങ്ങൾക്ക് മൂല്യം നഷ്ട്ടപ്പെട്ടു തുടങ്ങുന്ന കാലത്ത് അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെടാവുന്ന നല്ലൊരു കഥ.

മനുഷ്യനെ പോലെ ബാക്കി എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശം ആണുള്ളതെന്ന് വിളിച്ചോതുന്ന “പൂവൻ” എന്ന കഥ. തറവാട്ടിലെ ഗുരുതിക്കു ശേഷം ബാക്കിയായ മൃത പ്രായനായ പൂവൻ കോഴിയെ വെള്ളവും വറ്റും കൊടുത്തു വളർത്തുന്ന അമ്മൂമ്മ.അതിന്റെ നേരം നോക്കാതെയുള്ള കരച്ചിൽ ശല്യമായും അലോസരമായും കാണുന്ന അമ്മാവൻ. അമ്മൂമ്മയുടെ എതിർപ്പ് അവഗണിച്ചു പൂവനെ കൊല്ലാനുള്ള ദൗത്യം സതീശനെ ഏൽപ്പിക്കുന്നു. ഒടുവിൽ സതീശന്റെ കൈകളിൽ നിന്ന് തെന്നി കുറുക്കന്മാർ കൊണ്ട് പോവുമ്പോൾ അമ്മൂമ്മ പറയുന്നുണ്ട് “കുറുക്കൻ കൊണ്ട്പോയാലെന്താ, നിങ്ങള് കോയീനെ വളർത്താൻ ആയിരുന്നില്ലല്ലോ, തിന്നാനല്ലേ, അപ്പൊ നിങ്ങക്ക് മാത്രം തിന്നാൽ മതീന്നാ, മൻച്ചൻമാരേ!”

ചോളപ്പാടങ്ങൾക്കിടയിലൂടെ ആടിയുലഞ്ഞിഴഞ്ഞു നീങ്ങുന്ന പച്ച നിറത്തിലുള്ള തമിഴ്നാട് സ്റ്റേറ്റ് ബസ്സിൽ നിന്നു നിലാപ്പക്കം എന്നാ സ്ഥലത്തേക്ക് യാത്ര തുടങ്ങുന്ന മുത്തുവിന്റെയും വെറും 22 വയസ്സ് മാത്രം പ്രായമുള്ള ആദ്യ ജോലിക്കാരനായ എഞ്ചിനീയറുടെയും ജീവിതം പറഞ്ഞു തുടങ്ങുന്നു ‘നിലാപക്കം ‘ എന്ന കഥ.
എസ്‌കവേഷനു വേണ്ടി കുഴിച്ച കുഴികൾ മൂടാനുള്ള നിർദ്ദേശപ്രകാരം രാത്രിയിൽ തന്നെ പുറപ്പെടേണ്ടി വരുകയും ഒരുപിടി മണ്ണ് പോലും മുകളിലും താഴെയുമാവാതെ മൂടി വെച്ച് മരണത്തിൽ അവസാനിച്ചു പോവുന്നു മുത്തു എന്ന കഥാപാത്രം. ജോലി സ്ഥലങ്ങളിൽ തൊഴിലാളികൾ അനുഭവിക്കുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെപ്പറ്റി പറഞ്ഞു കഥ തീർന്നു പോവുമ്പോൾ “നമ്മൾ കണ്ടു ശീലിച്ച ചുറ്റുവട്ടങ്ങൾക്കപ്പുറമുള്ള കാഴ്ചകളൊക്കെ നമുക്ക് ആസ്വാഭാവിക കാഴ്ചകൾ ആണ് എന്ന സത്യം നമ്മിൽ വന്നു തൊടുന്നുണ്ട്.

300 വർഷങ്ങൾക്ക് മുമ്പ് നഷ്ട്ടമായ കിഴക്കേ പോതിയുടെ വെള്ളിവാൾ തേടിയുള്ള പ്രകാശനെന്ന കഥാപാത്രത്തിന്റെ യാത്രയാണ് ‘മീനക്കൊടിവെയിലിൽ ‘ എന്ന കഥ. മുമ്പ് കേട്ടിട്ടില്ലാത്ത വായിക്കുമ്പോൾ മനസിലാവാത്ത കണ്ണൂര് ഭാഷയുടെ ചുവ ഉള്ളത് കൊണ്ടാവണം രണ്ടും മൂന്നും വായനകൾ വേണ്ടി വന്നു കഥയിലേക്ക് ആഴ്ന്നിറങ്ങാൻ. തെയ്യവും പോതിയും ഭഗവതിയും ഓർമ്മകളിലില്ലാത്ത എനിക്ക് വായനക്കൊടുവിൽ കഥാകൃത്തിനോട് അസൂയ ഉളവാക്കി. നരയൻ കണ്ണനും കരുമകനും കാവിൽ തെക്കൻ പൊള്ളയും പൂക്കച്ചയും മോലോത്തപ്പനും ഒക്കെ നിറഞ്ഞു നിന്ന നല്ല വായന.

പുസ്തകത്തിലെ അവസാന കഥയായ ‘കാവിലെ ദൈവം ‘ കാവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.അച്ഛന്റെ മഹിന്ദ്രാ ജീപ്പിന്റെ മുൻപിലത്തെ സീറ്റിൽ പുറംകാഴ്ചകൾ കണ്ടിരിക്കുന്ന മകനിൽ നിന്ന് ആരംഭിക്കുന്ന കഥ. ഒടുവിൽ കാഴ്ചകൾ കണ്ടും ആസ്വദിച്ചും ഉള്ള ആ യാത്ര അവസാനിക്കുന്നത് ഒരു ചെറിയ വീടിന്റെ മുമ്പിൽ ആണ്. കാട് പോലെ പടർന്നു കയറിയ വെളുത്ത താടി മീശയുമായി ഒരു വൃദ്ധൻ അവരെ വരവേൽക്കുകയും ‘കാവിലെ ദൈവ’മെന്ന് അവൻ അദ്ദേഹത്തെ വിളിക്കുന്നു. അവനു അത്തരം ഇടങ്ങളോടുള്ള താല്പര്യം അച്ഛൻ വർണിക്കുമ്പോൾ ‘ഒന്നിൽ തളിർത്തു മറ്റേതിൽ തളിർക്കാതെ മറ്റൊന്നിൽ തളിർത്ത വലുതായ വള്ളി പോലെ അല്ലെ എന്ന് അപ്പാപ്പൻ പറഞ്ഞു ചിരിക്കുന്നുണ്ട്. മറുപടിയായി അച്ഛൻ ‘രണ്ടിൽ നിന്നും ഇപ്പോൾ നടുവിലേക്ക് പടർന്നു കയറിയിട്ടുണ്ട്’ എന്ന് ഉത്തരം നൽകുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ വേരുകൾ പഴമയിൽ പതിഞ്ഞിരിക്കുന്നു എന്ന് ഉദ്ദേശിക്കുന്നുവെന്ന് മനസിലാക്കാം.

പുസ്തകത്തിലെ അവസാന കഥയായ ‘കാവിലെ ദൈവം ‘ കാവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.അച്ഛന്റെ മഹിന്ദ്രാ ജീപ്പിന്റെ മുൻപിലത്തെ സീറ്റിൽ പുറംകാഴ്ചകൾ കണ്ടിരിക്കുന്ന മകനിൽ നിന്ന് ആരംഭിക്കുന്ന കഥ. ഒടുവിൽ കാഴ്ചകൾ കണ്ടും ആസ്വദിച്ചും ഉള്ള ആ യാത്ര അവസാനിക്കുന്നത് ഒരുപാട് ചെറിയ വീടിന്റെ മുമ്പിൽ ആണ്. കാട് പോലെ പടർന്നു കയറിയ വെളുത്ത താടി മീശയുമായി ഒരു വൃദ്ധൻ അവരെ വരവേൽക്കുകയും ‘കാവിലെ ദൈവ’മെന്ന് അവൻ അദ്ദേഹത്തെ വിളിക്കുന്നു. അവനു അത്തരം ഇടങ്ങളോടുള്ള താല്പര്യം അച്ഛൻ വർണിക്കുമ്പോൾ ‘ഒന്നിൽ തളിർത്തു മറ്റേതിൽ തളിർക്കാതെ മറ്റൊന്നിൽ തളിർത്ത വലുതായ വള്ളി പോലെ അല്ലെ എന്ന് അപ്പാപ്പൻ പറഞ്ഞു ചിരിക്കുന്നുണ്ട്. മറുപടിയായി അച്ഛൻ ‘രണ്ടിൽ നിന്നും ഇപ്പോൾ നടുവിലേക്ക് പടർന്നു കയറിയിട്ടുണ്ട്’ എന്ന് ഉത്തരം നൽകുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ വേരുകൾ പഴമയിൽ പതിഞ്ഞിരിക്കുന്നു എന്ന് ഉദ്ദേശിക്കുന്നുവെന്ന് മനസിലാക്കാം.

എത്ര മനോഹരവും വ്യത്യസ്തവുമായാണ് ഇദ്ദേഹം കഥകൾ എഴുതുന്നത്! കഥ പറഞ്ഞു പോവുന്ന രീതിയേയും പ്രശംസിക്കാതിരിക്കാൻ ആവുന്നില്ല. സാധാരണ വായനക്ക് ഇരിക്കുന്ന ആരും ഇവിടം വരേണ്ടതില്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു. എഴുതിയെഴുതി തഴക്കം വന്ന അക്ഷരങ്ങളെ മാത്രമേ ഇവിടെ കാണാനാവൂ. വായനയുടെ പുതിയ തലങ്ങൾ നൽകിയ നല്ലൊരു കഥാ പുസ്തകം.


ഞങ്ങള്‍ മൂവരും ഒരു മരത്തലപ്പില്‍
രചന : അര്‍ജുന്‍ രവീന്ദ്രന്‍
പ്രസാധനം : ലോഗോസ് ബുക്‌സ്
വില : 210 രൂപ

No Comments yet!

Your Email address will not be published.