Skip to main content

ബോംബെ മണിയോര്‍ഡറുകളും മുംബൈ ജീവിത പാളങ്ങളും

 

മുംബൈ എന്ന ബോംബെ മലയാളിയുടെ തൊഴില്‍ പ്രവാസത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ്. നമ്മുടെ ആഭ്യന്തര തൊഴില്‍ കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ അങ്ങേയറ്റം പ്രധാന്യമുള്ള ഈ നഗരത്തെക്കുറിച്ച്് വിശദവും സമഗ്രവുമായ ഒരു പുസ്തകത്തിന്റെ അഭാവം മലയാളത്തിലുണ്ടായിരുന്നു. ആ കുറവ് സജി ഏബ്രഹാം രചിച്ച ‘മുംബൈ ചരിത്രവും വര്‍ത്തമാനവും’ എന്ന 600 പേജുകള്‍ വരുന്ന ഗ്രന്ഥത്തിലൂടെ (പ്രസാധനം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം/നാഷണല്‍ ബുക്ക്സ്റ്റാള്‍) ഇപ്പോള്‍ നികത്തപ്പെട്ടിരിക്കുന്നു. സ്വന്തം മുംബൈ ജീവിതമാണ് ഗ്രന്ഥകാരനെ ഇതിന്റെ രചനയിലേക്ക് നയിച്ചത്. കോളനികാല ചരിത്രത്തില്‍ നിന്നും ആരംഭിക്കുന്ന ബോംബെ/മുംബൈ ആഖ്യാനം ഏറ്റവും സമകാലികമായ സന്ദര്‍ഭങ്ങളിലൂടെ കൂടുതല്‍ വിശദമാക്കപ്പെടുന്നു എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികള്‍ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നുണ്ടെങ്കിലും അത്തരം ജീവിതത്തെ മുന്‍നിര്‍ത്തി തങ്ങള്‍ അതിജീവനമാര്‍ഗങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളെക്കുറിച്ച് എഴുതുന്നത് പൊതുവില്‍ കുറവാണ്. നോവലുകളും ചെറുകഥകളുമായി ഇത്തരം പല സന്ദര്‍ഭങ്ങളും നമ്മുടെ സാഹിത്യത്തിലുണ്ടെങ്കിലും നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പെട്ട ആത്മകഥാപരവും തൊഴില്‍ പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള സന്ദര്‍ഭങ്ങള്‍ പങ്കുവെക്കുന്നതുമായ എഴുത്തുരീതി മലയാളത്തില്‍ ഇന്നും കുറവാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ മലയാളി ജീവിതത്തെക്കുറിച്ചുള്ള എഴുത്തുകള്‍. അത്തരമൊരു സന്ദര്‍ഭത്തെക്കൂടി അഭി സംബോധന ചെയ്യുന്നതാണ് ഈ പുസ്തകം. മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ ദുരന്തത്തില്‍ നാലു പേര്‍ മരിച്ച വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്ന ദിവസങ്ങളിലാണ് ഈ പുസ്തകം വായിക്കുന്നത്. മുംബൈ ഒരേ പോലെ മനുഷ്യന് ജീവിതം നല്‍കുകയും അതേ പോലെ അപഹരിക്കുകയും ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന നഗരം കൂടിയാണ്. ഈ തിരിച്ചറിവില്‍ വായിക്കുമ്പോള്‍ അതിജീവനം എത്രമാത്രം ക്ലേശകരമായ മനുഷ്യ പ്രവൃത്തിയാണ് എന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുകയും ചെയ്യുന്നു.

പുസ്തകത്തിന്റെ പിന്‍ചട്ടയിലെ ബ്ലര്‍ബ് ഇങ്ങിനെ വായിക്കാം : കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവത്വത്തിന്റെ സ്വപ്‌നനഗരിയായിരുന്നു മുംബൈ. കരിതുപ്പുന്ന തീവണ്ടികളിലും ബോട്ടുകളിലും യാത്രയുടെ ദുരിത പര്‍വ്വങ്ങള്‍ താണ്ടി തന്നില്‍ അഭയം തേടിയെത്തിയവരെ മുംബൈ എക്കാലവും വിടര്‍ത്തിയ കരങ്ങള്‍ നീട്ടി സ്വാഗതം ചെയ്തു. മുംബൈ നിര്‍വ്വചിച്ച പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള വിസ്മയിപ്പിക്കുന്ന ആധുനിക സങ്കേതങ്ങളും കേരളത്തിലും തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലം. അവിടെ നിന്നെത്തുന്ന മണിയോര്‍ഡറുകള്‍ക്കായി കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കണ്ണും നട്ടിരുന്ന കാലം. ലോകത്തിനും കാലത്തിനും മുന്‍പേ സഞ്ചരിച്ച മുംബൈ സാക്ഷ്യം വഹിച്ച ചരിത്ര സംഭവങ്ങളും സംഘര്‍ഷങ്ങളും അനവധിയാണ്. സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന സങ്കീര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ മുംബൈയുടെ ചരിത്രത്തിലുടനീളം കാണാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക സിരാകേന്ദ്രമായി നില കൊള്ളുന്ന മഹാനഗരത്തിന്റെ സമഗ്ര ചരിത്രം ഇതാദ്യമായി മലയാളത്തില്‍.

പിന്‍ച്ചട്ടക്കുറിപ്പില്‍ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളുടെ പല തലങ്ങളിലും തട്ടുകളിലും പാളികളിലുമുള്ള വിശദാംശങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ആ നിലയില്‍ പ്രസാധകരുടെ അവകാശവാദം ‘ഇതാദ്യമായി മഹാനഗരത്തിന്റെ സമഗ്ര ചരിത്രം’ ശരിയാണെന്ന് അംഗീകരിക്കേണ്ടിയും വരുന്നു. കോളറയും പ്ലേഗും വസൂരിയും കോവിഡും എങ്ങിനെയെല്ലാം മുംബൈയെ മാറ്റി മറിച്ചു, നഗരം അതില്‍നിന്നെല്ലാം എങ്ങിനെ അതിജീവിച്ചു എന്നതിനെക്കുറിച്ച് പുസ്തകം പലയിടങ്ങളിലായി പറയുന്നുണ്ട്. രോഗങ്ങളേയും പകര്‍ച്ച വ്യാധികളേയും കുറിച്ച് വിശദീകരിക്കുമ്പോള്‍ രോഗം/അതിജീവനം എന്ന എക്കാലത്തും മനുഷ്യന്റെ സര്‍ഗ രചനകളില്‍ ഇടം പിടിച്ച ഒരു പ്രമേയത്തെ കൈകാര്യം ചെയ്യുന്ന നിലയിലേക്ക്‌ ഗ്രന്ഥകാരന്റെ ഗദ്യം ഉയരുന്നുണ്ട്. വിഖ്യാത നോവലിസ്റ്റും സാഹിത്യ നൊബേല്‍ ജേതാവുമായ ഒര്‍ഹാന്‍ പാമുക്ക് തന്റെ ‘പ്ലേഗ് രാത്രികള്‍’ എന്ന നോവലില്‍ ബോംബെയിലെ  പ്ലേഗ് കാലത്തെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്. ലക്ഷക്കണക്കിനാളുകള്‍ക്ക് അതിജീവിക്കാന്‍ ഇടമൊരുക്കിയ ഒരു നഗരത്തെക്കുറിച്ചെഴുതുമ്പോള്‍ എന്തുകൊണ്ടാണ് രോഗകാലത്തെക്കുറിച്ചെഴുതുന്നത്? മനുഷ്യ ജീവിതത്തില്‍ പൊതുവായും, പ്രവാസജീവിതത്തില്‍ സവിശേഷമായുമുള്ള അതിജീവനത്തിനായി രോഗവുമായുള്ള പോരാട്ടം എന്ന ആശയം തന്നെയാണ് സജി ഏബ്രഹാമിന്റെ മുംബൈ നഗരത്തെക്കുറിച്ചുള്ള എഴുത്തിലും സജീവമായി പ്രവര്‍ത്തിക്കുന്നത്.
ഒരുപക്ഷെ രോഗകാലങ്ങളെക്കുറിച്ചുള്ള ഓര്‍ത്തെടുക്കല്‍ അതിജീവനപ്പോരാട്ടം എന്ന ആശയത്തെ കൂടുതല്‍ ശക്തമാക്കുകയാണെന്ന് പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാക്കാം. ഈ പുസ്തകത്തിന്റെ ആലോചനാ കേന്ദ്രവും ഈ ആശയം തന്നെയാണെന്നതാണ് സവിശേഷമായ കാര്യം.

ബോംബെയിലേക്ക് ആദ്യമായി എത്തിയ മലയാളി ആരായിരിക്കും? ആര്‍ക്കും കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. മലയാളി കുടിയേറിയ ഏതു പ്രദേശത്തെക്കുറിച്ചും ഇത്തരമൊരു ചോദ്യം ഉയരാറുണ്ട്. പക്ഷെ, കൃത്യമായ മറുപടി ലഭിക്കാറില്ല. മലയാളിയുടെ തൊഴില്‍ പ്രവാസ/കുടിയേറ്റ ചരിത്രത്തിലെ പ്രധാന പ്രശ്‌നമാണിത്. വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളെക്കുറിച്ചുമുള്ള കൃത്യമായ ഉത്തരങ്ങള്‍ നല്‍കുന്ന രേഖകളുടേയും ഓര്‍മ്മകളുടേയും കുറവ്. ബോംബെയിലേക്കുള്ള മലയാളി കുടിയേറ്റത്തിനൊപ്പം ഗ്രന്ഥകാരന്‍ ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു കാര്യം മലയാളിയുടെ ഗള്‍ഫ് അടക്കമുള്ള വിദേശനാടുകളിലേക്കുള്ള കുടിയേറ്റത്തിന്റേയും പ്രവാസത്തിന്റേയും ഹബ്ബായി മുംബൈ പവര്‍ത്തിച്ചു എന്നതാണ്.

ഒരു കാലത്ത് ബോംബെയിലൂടെയല്ലാതെ ഗള്‍ഫ് പോക്ക് സാധ്യമായിരുന്നില്ല. വിസക്കു വേണ്ടി പതിനായിരങ്ങള്‍ ഈ നഗരങ്ങളില്‍ മാസങ്ങളോളം കെട്ടിക്കിടന്നു. വിസ കിട്ടാനുള്ള മെഡിക്കല്‍ നടത്തിയിരുന്നതും ഇവിടെയുള്ള ക്ലിനിക്കുകളില്‍ ആയിരുന്നു. പില്‍ക്കാലത്ത് മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ വാതിലും ഇതേ നഗരം തന്നെയായിരുന്നു. അതായത്, ഇന്നത്തെ കേരളം സാധ്യമാകുന്നതില്‍ ഇന്ത്യയില്‍ ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത് ബോംബെ എന്ന മുംബൈയായിരുന്നു എന്നര്‍ഥം. ഇപ്പറഞ്ഞ കാര്യത്തിന്റെ പല തട്ടുകളിലുള്ള വിശദീകരണങ്ങള്‍ പുസ്തകത്തിന്റെ താളുകളില്‍നിന്നും വായനക്കാര്‍ക്ക് ലഭിക്കുന്നു. ബോംബെ വാല എന്ന് ആദ്യ കാലത്ത് വിളിക്കപ്പെട്ട മനുഷ്യര്‍ പിന്നീട് എങ്ങിനെ ബോംബെ കേരളം സൃഷ്ടിച്ചു എന്നതിനെക്കുറിച്ചാണ് പുസ്തകം കൂടുതലായി വിശദീകരിക്കുന്നത്‌ ഈ നഗരത്തില്‍ ജീവിതം കണ്ടെത്താന്‍ വന്ന് വലിയ വ്യവസായ സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച മലയാളികള്‍, ബോളിവുഡില്‍ ഇടം ലഭിച്ചവര്‍, വലിയ കലാകാരന്‍മാര്‍, എഴുത്തുകാര്‍ (ഇവരെക്കുറിച്ച് ‘പ്രതിഭകളുടെ ജന്‍മഭൂമി’ എന്ന അധ്യായം വിശദമായി ചര്‍ച്ച ചെയ്യുന്നു), ഏറ്റവും അടിത്തട്ടിലെ ജീവിതം കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുന്നവര്‍, തൊഴിലില്‍ മുന്നേറുന്ന സ്ത്രീകള്‍ – ഇതോടൊപ്പം കേരളത്തിലെ എല്ലാ മതവിശ്വാസങ്ങളുടേയും പ്രതിനിധികള്‍, അവരുടെയെല്ലാം ആരാധനാലയങ്ങള്‍, കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധകളും സംഘടനകളും- ലോകമെങ്ങുമുള്ള മലയാളി ഡയസ്‌പോറയുടെ എല്ലാ സ്വഭാവങ്ങളും മുംബൈയില്‍ കാണാം, ഒരുപക്ഷെ മലയാളിയുടെ ‘ഗ്ലോക്കല്‍’ (ആഗോളമായിരിക്കുമ്പോഴും പ്രാദേശികമായിരിക്കുക) എന്ന സ്വഭാവ പ്രതിഭാസത്തിന്റെ പിറവി ഈ നഗരത്തിലായിരുന്നുവോ എന്നത് പ്രവാസ-ഡയസ്‌പോറ ഗവേഷകര്‍ പഠിക്കേണ്ട കാര്യമാണ് എന്ന് ഈ പുസ്തകം പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നു. പ്രവാസ ഭൂമികളില്‍ എവിടെയുമെന്നപോലെ ഇവിടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മലയാളികള്‍ മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് ട്രെയിന്‍ യാത്രകളില്‍ കൊള്ളയടിക്കപ്പെട്ടവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളടക്കം മലയാളി സംഘടനകള്‍ സജീവമായുണ്ടായിരുന്നു. ലാത്തൂര്‍ ഭൂകമ്പ ദുരിത മേഖലയില്‍ മുംബൈ മലയാളികള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം വലിയ തോതില്‍ അംഗീകാരവും പ്രശംസയും പിടിച്ചു പറ്റിയതാണ്.

ഇതോടൊപ്പം ബോംബെ എന്ന മുംബൈയെ വലിയ പ്രതിസന്ധിയിലാഴ്ത്തിയ രണ്ടു ഘടകങ്ങള്‍ വര്‍ഗീയതയും അധോലോകവും- എങ്ങിനെ ഈ നഗരത്തെ കൊടിയ മാനുഷിക ശൂന്യതയില്‍ എത്തിച്ചു എന്നതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ സാധാരണ വാണിജ്യ സിനിമകളുടേത് പോലെയല്ലെന്നും അത്‌ ചില സന്ദര്‍ഭങ്ങളില്‍ ഈ നഗരത്തെ അക്ഷരാര്‍ഥത്തില്‍ നരകമാക്കി മാറ്റി എന്നും ഗ്രന്ഥകാരന്‍ കൃത്യമായ ഉദാഹരണങ്ങള്‍ സഹിതം പറയുന്നുണ്ട്.
അധോലോകം പിന്നെ പിന്നെ ശുഷ്‌കമായി. എന്നാല്‍ വര്‍ഗീയത പല രൂപത്തില്‍ മുംബൈയില്‍ ശക്തമാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യവും പുസ്തകം വെളിപ്പെടുത്തുന്നു. മുംബൈയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലേക്കും പ്രവേശിക്കാന്‍ കഴിഞ്ഞ വര്‍ഗീയതയുടെ അടിപ്പടവുകളെക്കുറിച്ചുള്ള സൂചനകള്‍ ഈ താളുകളില്‍ വായനക്കാര്‍ക്ക്‌ കണ്ടെത്താനാകും.

മുംബൈ മലയാളി ജീവിതത്തെ സമഗ്രമായി സമീപിക്കാന്‍ ഗ്രന്ഥകാരന് പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ‘മുംബൈയിലെ മലയാളി ഭൂമിക’ എന്ന ശീര്‍ഷകത്തിനു കീഴെയുള്ള 14 അധ്യായങ്ങളില്‍ കഴിയുന്നുണ്ട്.
ആരക്കോണം വഴി വന്ന കരിവണ്ടികള്‍’ എന്ന ഈഭാഗത്തെ ആദ്യ അധ്യായം മലയാളിയുടെ സ്വപ്ന
നഗരത്തിലേക്കുള്ള യാത്രയുടെ പൂര്‍ണ്ണ ചിത്രം നല്‍കുന്നു. ബ്രിട്ടീഷുകാര്‍ ഒരിക്കലും ഇന്ത്യയെ കീഴടക്കിയില്ല, പകരം റെയില്‍വേ ആണത് ചെയ്തത്‌ എന്നു പറയാറുള്ള വിരുദ്ധോക്തിയെ ഓര്‍മ്മിപ്പിക്കുന്നതാണ് 1930തുകളിലേ തുടങ്ങിയ മലയാളിയുടെ ഈ നഗരത്തിലേക്കുള്ള യാത്രകള്‍. (ആദ്യ മുംബൈ മലയാളി സമാജം 1934ല്‍ രൂപീകരിച്ചിരുന്നു) മുംബൈയിലെ ഡബ്ബവാലകളെക്കുറിച്ചും (ഭക്ഷണം ജോലി സ്ഥലങ്ങളില്‍ ചോറ്റുപാത്രത്തില്‍ എത്തിച്ചു കൊടുക്കുന്നവര്‍) ടാക്‌സിക്കാരെക്കുറിച്ചും സബേര്‍ബര്‍ ട്രെയിനുകളെക്കുറിച്ചുമെല്ലാം അടുത്തറിയുമ്പോള്‍ വായനക്കാരും അറിയാതെ ‘മുംബൈക്കര്‍’ ആയി മാറുന്നു.

1992 Mumbai Riots

ബലാല്‍സംഗത്തിനിരയായി 42 വര്‍ഷം ബോധമില്ലാതെ ആശുപത്രിക്കിടക്കയില്‍ കിടന്ന് സമീപകാലത്ത് മരിച്ച അരുണ ഷാന്‍ബാഗ് എന്ന നഴ്സിന്റെ ജീവിതവും, എല്ലാ കാലത്തും അവരെ പരിചരിച്ച സഹപ്രവര്‍ത്തകരെക്കുറിച്ചും പറയുമ്പോള്‍ മുംബൈ എന്ന നഗരത്തിന്റെ ഇരുട്ടും വെളിച്ചവും നാം ഒരേപോലെ അനുഭവിക്കുന്നു. മുംബൈ കോടതികളിലെ വിധികള്‍ പലപ്പോഴും എങ്ങിനെ ഇന്ത്യന്‍ ജുഡീഷ്യറിയെത്തന്നെ സ്വാധീനിച്ചു എന്ന അധ്യായം വളരെയേറെ ആഴത്തില്‍ എഴുതപ്പെട്ടതാണ്. ഉജാല രാമചന്ദ്രനും ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും റസൂല്‍ പൂക്കുട്ടിയും മാധവിക്കുട്ടിയും എം.പി. നാരായണപ്പിള്ളയും ആനന്ദും നിരവധി സംഗീതജ്ഞരും അടക്കം എത്രയോ മലയാളി പ്രതിഭകളുടെ വേരോട്ടം നടത്തിയ നഗരം കൂടിയാണിത്. നടന്‍ ശങ്കരാടി ബോംബെ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി പിന്നീടാണ് അഭിനയരംഗത്തേക്ക് തിരിഞ്ഞതെന്ന കാര്യം ഒരുപക്ഷെ ഈ പുസ്തകത്തിലായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ മലയാളിയുടെ ഉയര്‍ച്ച-തകര്‍ച്ചകളുടെ നിരവധി സത്യകഥകള്‍ വായിക്കുമ്പോള്‍ പല സിനിമകളും തോറ്റു പോകുന്നുവെന്ന അനുഭവം തീര്‍ച്ചയായും ഉണ്ടാകുന്നു.

രണ്ട്‌ ഭാഗങ്ങളിലായി 50 അധ്യായങ്ങളിലൂടെയാണ് സജി ഏബ്രഹാം നഗരചരിത്ര വിവരണം നടത്തുന്നത്. ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരേ പോലെ രസിച്ചു വായിക്കാന്‍ കഴിയുമെന്നതാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. കോളനി-രാജഭരണ കാലം മുതല്‍ ഏറ്റവും പുതിയ കാലം വരെയുള്ള വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളത്‌ ആഴത്തിലും പരപ്പിലുമാണ്. ഇത് ഏത് വിഭാഗത്തില്‍ പെട്ട വായനക്കാര്‍ക്കും ഉപകാരപ്രദമാണ്. പ്രത്യേകിച്ചും ഗവേഷകര്‍ക്ക്. എഴുത്തില്‍ സ്വീകരിച്ചിരിക്കുന്ന മികച്ച ഗദ്യാവതരണം തന്നെയാണ് എല്ലാ വിഭാഗം വായനക്കാരേയും ആകര്‍ഷിക്കും വിധത്തിലുള്ള പുസ്തക രചന സാധ്യമാക്കിയിരിക്കുന്നത്.

പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ ഇങ്ങിനെ വായിക്കാം: പുറം കാഴ്ച്ചയില്‍ തികച്ചും യാന്ത്രികമായ ഈ മഹാനഗരം അതിന്റെ ഉള്ളടരുകളില്‍ ഒരുപാട്‌ വൈവിദ്ധ്യങ്ങളും സങ്കീര്‍ണ്ണതകളും സംഭ്രമ ലോകങ്ങളും സൗന്ദര്യ നടനങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ആനന്ദ് മുതല്‍ വികാസ് സ്വരൂപ് വരെയുള്ള ഒട്ടനവധി പ്രതിഭാശാലികള്‍ ഈ നഗരത്തിന്റെ ഉള്ളടരുകളില്‍ പങ്കു പറ്റിയവരാണ്. പുറംതോടിനെ ഭേദിച്ച് ഉള്ളടരുകളിലേക്ക്‌ കടക്കുമ്പോള്‍ അപാരമായ അനുഭവ ലോകത്തിലേക്കാണ് നാം കടക്കുന്നത്. ദൈനംദിന ജീവിതം ഉന്തി നീക്കാനുള്ള വലിയ തിരക്കില്‍ പെട്ട് ഉള്ളറകളിലേക്ക്‌ കടക്കാന്‍ കഴിയാത്തവര്‍ക്കാണ് മുംബൈ കേവലമൊരു യാന്ത്രികവും വിരസവുമായ നഗരമായി തോന്നുന്നത്. അനുഭവങ്ങള്‍ അതിന്റെ വിചിത്ര സൗന്ദര്യത്തോടെ നിറഞ്ഞാടുന്ന ഈ മഹാനഗരത്തിന്റെ ഉള്‍ത്തളങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ നാം അതിശയം കൂറുന്നു! വിസ്മയചകിതരാകുന്നു! പിന്നെ നാം ഈ നഗരത്തെ തീവ്രമായി പ്രണയിച്ചു തുടങ്ങുന്നു. മനുഷ്യജീവിതങ്ങള്‍ക്ക് ശതകോടി മുഖങ്ങളുണ്ടെന്ന്‌
തെര്യപ്പെടുത്തുന്ന ഒരു നഗരം എങ്ങിനെയാണ് പ്രിയങ്കരമാകാതിരിക്കുക.

മനുഷ്യ ജീവിതത്തിന്റെ ശതകോടി മുഖങ്ങള്‍ കണ്ടെത്താന്‍ ഒരു മലയാളി എഴുത്തുകാരന്‍ നടത്തിയ ശ്രമത്തില്‍ നിന്നാണ് വലിയൊരു കാന്‍വാസില്‍ മുംബൈയെക്കുറിച്ചുള്ള ഈ നോണ്‍ ഫിക്ഷന്‍ കൃതി സാധ്യമായിരിക്കുന്നത്. ഈ നഗരത്തില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്നത് തുണി മില്ലുകളായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ള തൊഴിലാളികള്‍ ഈ മേഖലയിലേക്ക് അന്നം തേടി എത്തി. ഇതിനെക്കുറിച്ചെഴുതിയ അധ്യായത്തിന്റെ തലക്കെട്ട് ‘തൊഴിലാളികള്‍ നെയ്‌തെടുത്ത നഗരം’ എന്നാണ്. ഈ പുസ്തക രചനയുടെ അടിസ്ഥാന കാഴ്ച്ചപ്പാടും ഇതു തന്നെ. ഏത് നഗരവും കൊട്ടാരവും വമ്പന്‍ പണക്കാരനേയും നിര്‍മ്മിക്കുന്നത് തൊഴിലാളികളാണ് എന്ന സത്യം. ബോംബെ എന്ന മുംബൈയെ ഉണ്ടാക്കിയ എല്ലാ തൊഴിലാളികളേയും ഈ പുസ്തകം ഓര്‍ക്കുന്നു. അത്‌ തന്നെയാണ് എഴുത്തിന്റെ തത്വശാസ്ത്രവും. അതു തന്നെയാണ് പുസ്തകത്തിന്റെ ശക്തിയും സൗന്ദര്യവും. അങ്ങിനെയല്ലാതെയായിരുന്നു ഈ പുസ്തകത്തിന്റെ എഴുത്തെങ്കില്‍ അത് സത്യമാകുമായിരുന്നില്ല. സത്യത്തിന്റെ സൗന്ദര്യം തന്നെയാണ് ഈ പുസ്തകത്തിന്റെ താളുകളുടെ ഹൃദയമിടിപ്പ്.

(2025 ജൂണ്‍ 22ന് ‘ഞായര്‍ സുപ്രഭാത’ത്തില്‍ പ്രസിദ്ധീകരിച്ചത്)

*******

മുംബൈ ചരിത്രവും വര്‍ത്തമാനവും
വില : 800 രൂപ
പ്രസാധനം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം/നാഷണല്‍ ബുക്ക്സ്റ്റാള്‍

No Comments yet!

Your Email address will not be published.