Skip to main content

ആഗസ്റ്റ് 16 – ആദിവാസിജീവിതങ്ങളുടെ കഥാകാരന്‍ നാരായന്‍ ഓര്‍മ്മദിനം

ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റായിരുന്നു നാരായന്‍. കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞത് ആദിവാസി ജീവിതം പ്രമേയമാക്കി ശ്രദ്ധേയ രചനകള്‍ നടത്തിയ അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്. നൂറ്റാണ്ടുകള്‍ നീണ്ട ചൂഷണത്തില്‍ സഹികെട്ട ഒരു ജനത ഉണര്‍ച്ചയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ സാമൂഹിക സൂചനയാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. മുതുവാന്മാരും ഊരാളികളും അടങ്ങുന്ന ഗോത്രവര്‍ഗ്ഗത്തിന്റെ ജീവിതം മലയാളസാഹിത്യത്തിലേയ്ക്ക് പ്രവേശിച്ചത് നാരായന്റെ കൃതികളിലൂടെയാണ്.

1940 സെപ്റ്റംബര്‍ 26-ന് ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ജനനം. നാരായണന്‍ എന്നായിരുന്നു ശരിയായ പേര്. സ്‌കൂള്‍ പ്രവേശനകാലത്ത് തെറ്റി എഴുതിയതിനെ തുടര്‍ന്ന് ആ പേരില്‍ തന്നെ തുടരുകയായിരുന്നു. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1995-ല്‍ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു.

1998-ല്‍ പ്രസിദ്ധീകരിച്ച ‘കൊച്ചരേത്തി’ എന്ന ആദ്യ നോവലിലൂടെ സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ജീവിച്ചവരുടെ കീഴ്‌നോട്ടങ്ങളായിരുന്ന ആദിവാസി ആഖ്യാനങ്ങളെ അദ്ദേഹം തിരുത്തിയെഴുതി. 1999-ല്‍ നോവലിന് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു.

ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, നിസ്സഹായന്റെ നിലവിളി, ഈ വഴിയില്‍ ആളേറെയില്ല, പെലമറുത, ആരാണു തോല്‍ക്കുന്നവര്‍ തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഗോത്രജീവിതത്തെ അക്ഷരങ്ങളിലാക്കിയ നാരായന്‍ 2022 ഓഗസ്റ്റ് 16-ന് അന്തരിച്ചു.

സ്‌കൂളില്‍ മറ്റു കുട്ടികളേക്കാള്‍ മിടുക്കനായിരുന്നു നാരായന്‍. ദാരിദ്ര്യമായിരുന്നു കൂട്ടുകാരന്‍. വിശപ്പായിരുന്നു സഹപാഠി. ഇന്റര്‍വെല്‍ സമയത്തും ഉച്ചഭക്ഷണനേരത്തുമെല്ലാം ക്ലാസില്‍ത്തന്നെ വയര്‍ അമര്‍ത്തിപ്പിടിച്ചിരിക്കുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ വസ്തുവകകള്‍ എന്തെങ്കിലും കാണാതെപോയാല്‍ നാരായന്‍ പ്രതിയാകും എന്നൊരാള്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോള്‍ ഇരിക്കാനൊരിടം തേടി പുറത്തിറങ്ങി. ചെന്നുനിന്നതു സ്‌കൂളിനടുത്തുള്ള മഹാത്മാ വായനശാലയില്‍. പുസ്തകങ്ങളോടുള്ള പ്രേമം കൊണ്ടല്ല വായനശാലയില്‍ എത്തിയത്. അറിവു നേടാനുള്ള വ്യഗ്രത കൊണ്ടുമല്ല. സ്വസ്ഥമായി ഇരിക്കാനൊരിടം.

വായനശാലയിലെ പെരുമാള്‍ നാരായന് ഇരിക്കാനിടം കൊടുത്തു; വായിക്കാന്‍ പുസ്തകങ്ങളും. ആദ്യപുസ്തകം എഴുതാനിരുന്നപ്പോള്‍ കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളില്‍നിന്നുള്ള ആസ്വാദകശേഷി നാരായന് ഉപയോഗപ്പെട്ടു. ആ പുസ്തകം മലയാളത്തില്‍ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. സാഹിത്യത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചതിന്റെ പേരില്‍. ആ അര്‍ഥത്തില്‍ ഒരു യുഗത്തിന്റെ സ്രഷ്ടാവ് കൂടിയാണ് നാരായന്‍.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.