
മരത്തിന്റെ ജഡത്വം
നിന്ന് മടുക്കാഞ്ഞിട്ടില്ല.
മാറാനാഗ്രഹമില്ലാഞ്ഞിട്ടുമല്ല.
ജഡത്വം ഭീകരമാണ്.
എന്ന തിരിച്ചറിവിലെന്ന് മരം.
***
ചിരിക്കാന്‍ മറക്കുമ്പോള്‍
ജീവിക്കാനും മറക്കുന്നു
പരിസരം മറന്ന്
കൈകൊട്ടി ചിരിക്കരുത്.
വാപൊത്താതെ
പല്ല് കാട്ടി ചിരിക്കരുത്.
ശബ്ദമുണ്ടാക്കി ചിരിക്കുമ്പോള്‍
ചുറ്റുമാരുമുണ്ടാവരുത്.
ഒടുവിലൊടുവില്‍
കണ്ണീരില്ലാതെ കരയാനും
അക്ഷരമില്ലാതെ എഴുതാനും പഠിച്ചു.
വിശ്വാസമില്ലാതെ പ്രാര്‍ഥിക്കാനും
പ്രണയമില്ലാതെ ഭോഗിക്കാനും
അവള്‍ക്കെളുപ്പമായി.
***
മാധവി
ചായയില്‍ പാട കെട്ടി.
ഉറുമ്പതില്‍ വീണ് ചത്തു.
ഇനിയതില്‍ കാല്‍പ്പനികമായൊന്നും പറയാനില്ല.
ഡിവോഴ്‌സ് ലഭിച്ച മാധവി
കുടുംബകോടതയില്‍ നിന്ന് പുറത്തിറങ്ങി.
ലേണേഴ്‌സെടുക്കണം.
ബാക്കി പഠിക്കണം.
ജോലി തുടരണം.
***
പെണ്ണുറക്കം
പ്രേമത്തിന്റെ എല്ലാ കടങ്ങളും
കൊടുത്ത് തീര്‍ക്കണം.
കുഴിമാടത്തില്‍ സ്വസ്ഥമായുറങ്ങണം.
ആറ് മണിയായാലും
കണ്ടോണ്ടിരുന്ന സിനിമ
കണ്ട് തന്നെ തീര്‍ക്കണം.
അലക്കാനൊരു കൂട നിറയെ മുഷിഞ്ഞ
തുണിക്കെട്ടില്ലാത്ത ദിവസങ്ങളറിയണം.
തോര്‍ത്ത് ചോദിച്ച് ഭര്‍ത്താവോ,
ചോറ്റുപാത്രം തപ്പിത്തരാന്‍ പറഞ്ഞ് മകനോ വരില്ലെന്നുറപ്പില്‍
നഷ്ടപ്പെട്ട ഉറക്കങ്ങള്‍ ആസ്വദിച്ച് തീര്‍ക്കണം.
***







ഒരു പക്ഷെ ഇനി ഒരു 20 വർഷം കൂടി കഴിയുമ്പോൾ.. ഇങ്ങനെ ഒരു വിഷയത്തിൽ കവിത എഴുതാൻ സാധിക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്.. എൻ്റെ മോളോട് സംസാരിക്കുമ്പോൾ തന്നെ എനിക്ക് അതു മനസ്സിലാകുന്നുണ്ട്.. ഞാൻ ഉൾപ്പെടുന്ന വർഗത്തിൻ്റെ സുവർണ്ണ കാലം അസ്തമിക്കുന്ന കാഴ്ച വിദൂരം അല്ല