മുന്നിൽ നിന്നാണ്
അയാൾ വെല്ലുവിളിച്ചത്;
അയാളുടെയത്ര
കൂട്ടമോ
ആഴമോ
നിറമോ
സംഗീതമോ
സൗന്ദര്യമോ
ലോകമോയില്ലത്രെ
ഞാനൊരു
പാമ്പിനെ പോലെ
തുറയിട്ടിരുന്നു
ചിലന്തിയെപ്പോലെ
വീടു പണിതു
നൂൽപ്പാലങ്ങളിലൂടെ
നടന്നു
ശവക്കല്ലറകളുടെ
ശൂന്യസ്ഥലികളിൽ
കാവൽ നിന്നു
പൂന്തോട്ടങ്ങളിൽ
ഒളിച്ചിരുന്നു
അനാദിയായ
ശബ്ദത്തിൽ
ലയിച്ചിരുന്നു
നിശബ്ദത ഒരിരപിടിയൻ
തന്ത്രമാണെന്ന് വിചാരിച്ചാവാം
എൻ്റെ മൗനത്തെ
അയാൾ വെല്ലുവിളിച്ചതേയില്ല…
***
:: കവിപരിചയം ::
സ്മിത സി.
സ്മിത സി. കൊല്ലം ജില്ലയിലെ പുനലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഇപ്പോൾ കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപികയായി ജോലി ചെയ്യുന്നു .
മരത്തിനാകാശം പോലെ എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.









No Comments yet!