
അന്തിമാനം ചുവന്ന നേരം
മൂന്ന് പേരവര്‍ക്കരികെ
ദൈവം പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.
ചൊല്‍ക നിങ്ങള്‍ക്കെന്തിത്ര കലഹപ്രിയത മക്കളെ..?
ഞങ്ങള്‍ പുതിയകാല സാഹിത്യം വായിച്ച് അഭിപ്രായം പങ്കുവയ്ക്കുകയാണ്.
കേട്ടവാറെ ദൈവം ധൂളിയായി അത്യുന്നതങ്ങളില്‍ വിലയം പ്രാപിച്ചു.
ശേഷം,
മൂന്നില്‍ ഒന്നിനെ കാണാതായി.
സാന്ധ്യശോഭ മറയും നേരം മഹിഷമേറി യമധര്‍മനെത്തി.
അവരിരുവരും പറഞ്ഞുകൊണ്ടേയിരുന്നു.
എന്താണ് മക്കളെ നിങ്ങളെയലട്ടുന്ന തീവ്രപ്രശ്‌നം…?
മലയാളസാഹിത്യത്തിലെ പുത്തന്‍ പ്രവണതയെ കുറിച്ചുള്ള സംഭാഷണം
അന്നേരം വായുവില്‍ ചുഴറ്റി ചുഴറ്റിവന്നൊരു കാറ്റ്
രണ്ടുപേരെയും ബാക്കിവയ്ക്കാതെ കൊണ്ടുപോയ്…!
നിലാെവൊളി വിതറും നേരം
ബൈബിളും, ഖുറാനും, ഭഗവത്ഗീതയും
ഒരുമിച്ച് വാഴുമിടത്ത്
വിഷാദമൂകമായ ജനതയെ കണ്ടെത്തി.
കുടിവെള്ളമില്ല, വെളിച്ചമില്ല, മാറാരോഗം,
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വിലയോട് വില.
‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നാല്‍
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം’ എന്നൊരു ബോര്‍ഡ് കണ്ട്
ബുദ്ധനും, നബിയും, ക്രിസ്തുവും, കൃഷ്ണനും
പടിയിറങ്ങി പോയി.
ഗാന്ധി പ്രതിമ മാത്രം തനിച്ചായി!
***







No Comments yet!