Skip to main content

പാബ്ലോ നെരൂദ – ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവി

‘എനിക്കു വിലക്കൂ അപ്പം,
നിന്റെ ഹിതമതാണെങ്കില്‍,
എനിക്കു വിലക്കൂ വായുവും,
എന്നാലെനിക്കു വിലക്കരുതേ നിന്റെ ചിരി.”

ഷേക്‌സ്പിയറിനുശേഷം ലോകം ഏറ്റവും വായിച്ച വിശ്വമഹാകവിയും ഒരു മലയാള മഹാകവിയെപ്പോലെ മലയാളികള്‍ക്ക് പരിചിതനുമാണ് പാബ്ലോ നെരൂദ. പ്രണയം, രാഷ്ട്രീയം, പ്രകൃതി, ചരിത്രം, സാധാരണ വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കവിതകള്‍ ശ്രദ്ധേയമാണ്. ചിലിയുടെ മരുഭൂമികളെയും തീരപ്രദേശങ്ങളെയും കുറിച്ച് നെരൂദ എഴുതിയ കവിതകളും ഏറെ പ്രശസ്തമാണ്.

1904 ജൂലൈ 12-ന് ചിലിയിലെ പാരാലില്‍ ജനനം. നെഫ്താലി റിക്കാഡൊ റെയെസ് ബസാള്‍ട്ടോ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കവിതയെഴുത്തുവിനോദം അച്ഛനറിഞ്ഞ് വഴക്ക് പറയാതിരിക്കാനായി 16-ാം വയസ്സില്‍ സ്വീകരിച്ച പേരാണ് നെരൂദ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതയെഴുതി തുടങ്ങിയ നെരൂദയെ അവിടുത്തെ ഹെഡ്മിസ്ട്രസും പിന്നീട് സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയ കവയിത്രിയുമായ ഗബ്രിയേല മിസ്ട്രല്‍ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു.

പാബ്ലോ നെരൂദ – യൗവ്വനകാലം

ദാരിദ്ര്യവും ഏകാന്തതയും നിറഞ്ഞ യൗവനാരംഭ ദിനങ്ങളിലാണ് നെരൂദയുടെ കവിതകള്‍ പുഷ്‌കലമായത്.
1924-ല്‍ പ്രസിദ്ധീകരിച്ച ‘ഇരുപത് പ്രേമകവിതകളും ഒരു നിരാശാഗീതവും’ ചിലയിലെങ്ങും പ്രശസ്തനാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകങ്ങളില്‍ ഒന്നാണിത്. ഏഷ്യയില്‍ ചെലവിട്ട കഷ്ടപ്പാടും ഏകാന്തതയും നിറഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും രചിച്ച ‘ഭൂമിയിലെ വാസം 1925-31’ എന്ന കാവ്യം നവശൈലി വായനക്കാരെ ആകര്‍ഷിച്ചു. മനുഷ്യന്റെ ഒറ്റപ്പെടല്‍, ദുരിതം, മരണചിന്തകള്‍ എന്നിവ ഈ കവിതകളില്‍ കാണാം.

സ്‌പെയിനിലെ വിഖ്യാതനായ കവി ഫെഡറികോ ഗാര്‍സിയാ ലോര്‍ക്കയുമായുള്ള ബന്ധമാണ് നെരൂദയെ ലോകപ്രശസ്തനാക്കിയത്. 1936-ല്‍ സ്പാനീഷ് ആഭ്യന്തര യുദ്ധകാലത്ത് എഴുതിയ പ്രശസ്ത കാവ്യമാണ് ‘സ്‌പെയിന്‍ എന്റെ ഹൃദയത്തില്‍’. ലാറ്റിനമേരിക്കയും പൗരാണികചരിത്രവും സംസ്‌കാരവും സ്വപ്നങ്ങളും ജീവിതാവസ്ഥകളുമെല്ലാം ചിത്രീകരിച്ച നിരവധി കവിതകളടങ്ങിയ വിഖ്യാത കാവ്യമാണ് 1950-ല്‍ രചിച്ച ‘കാന്റോ ജനറല്‍’. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൃഷ്ടിയായി ഇത് കണക്കാക്കപ്പെടുന്നു. ലളിതമായ പുതിയകാവ്യശൈലി അവതരിപ്പിച്ച കാവ്യമാണ് ‘എലമെന്റല്‍ ഓഡ്‌സ്’.

ക്രെപസ് കുലാറിയോ, പൊളിറ്റിക്കല്‍ പോയംസ്, എസ്ട്രാവഗാരിയോ, വണ്‍ ഹണ്‍ഡ്രഡ് ലവ് സോംഗ്‌സ് – മറ്റു പ്രശസ്ത കൃതികളാണ്. 1971-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1945-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ത്ഥിയായി ചിലി പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് നേതാവായ സാല്‍വതോര്‍ അലന്‍ഡെ പ്രസിഡന്റാകുന്നതില്‍ മുഖ്യപങ്കുവഹിച്ചു. 1973-ല്‍ ചിലി ഭരണകൂടത്തെ അമേരിക്കന്‍ സഹായത്തോടെ സൈന്യം അട്ടിമറിക്കുകയും പ്രസിഡന്റ് അലന്‍ഡെയെ വധിക്കുകയും ചെയ്തത് നെരൂദയെ തളര്‍ത്തി.

പാബ്ലോ നെരൂദ – നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയപ്പോള്‍

ബര്‍മ, ശ്രീലങ്ക, സിംഗപ്പൂര്‍, സ്‌പെയിന്‍, ഫ്രാന്‍സ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഒരു നയതന്ത്രജ്ഞനായി നെരൂദ
സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പാനിഷ് ആഭ്യന്തരയുദ്ധമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ആഴത്തില്‍ സ്വാധീനിച്ചത്. വിശ്വസഞ്ചാരിയും ലോക പൗരനുമായി ജീവിച്ച പാബ്ലോ നെരൂദ 1973 സെപ്റ്റംബര്‍ 23-ന് ദുരൂഹസാഹചര്യത്തില്‍ അന്തരിച്ചു.

നെരൂദയുടെ കവിതകള്‍ ലളിതമായ ഭാഷയും ശക്തമായ ബിംബങ്ങളുംകൊണ്ട് സമ്പന്നമാണ്. സാധാരണക്കാരന്റെ വികാരങ്ങളെയും ജീവിതത്തെയും അദ്ദേഹം തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ചു. തന്റെ ജീവിതാനുഭവങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം കവിതകളാക്കി മാറ്റി, അതുവഴി ഒരു മഹാകവിയെന്ന നിലയില്‍ ലോകസാഹിത്യത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

സ്പാനീഷ് ഭാഷയില്‍ നെരൂദ എഴുതിയ നിരവധി കവിതകളും സമാഹാരങ്ങളും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നെരൂദയുടെ ആത്മകഥയായ ‘മെമ്മയേഴ്‌സ്’ ന് മലയാളത്തില്‍ രണ്ടു വിവര്‍ത്തനങ്ങളുണ്ട്. ഇന്ത്യയുമായി അദ്ദേഹത്തിന് ഗാഢബന്ധമുണ്ടായിരുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.