Skip to main content

മറ്റൊരാള്‍ സിനിമയിലെ കാറും വെള്ളാപ്പള്ളിയുടെ തീണ്ടല്‍ ജാതിക്കാരും

കെ.ജി. ജോര്‍ജിന്റെ രണ്ടാം ഓര്‍മ്മദിവസം ആയതുകൊണ്ട് അദ്ദേഹത്തിന്റെ ”മറ്റൊരാള്‍” എന്ന ഒരു സിനിമ വെറുതെ ഒന്ന് ഓടിച്ച് നോക്കി കണ്ടു. എന്തുകൊണ്ടായിരിക്കാം ആ സിനിമയിലെ സീമയുടെ ഭാര്യയുടെ കഥാപാത്രം ഒരു കാര്‍ സെയില്‍സ്മാന്റെ കൂടെ പോയത് എന്നത് ആലോചിച്ചപ്പോഴാണ് ആ സിനിമ ഒന്ന് ഓടിച്ച് കാണാന്‍ തോന്നിയത്. പല തരത്തിലുള്ള റീസണുകള്‍, പല തരത്തിലുള്ള വായനകള്‍ ഉണ്ടാകുമ്പോഴും, എനിക്ക് ഉടക്കിയത് അതിലെ ഒരു സീന്‍ ആണ്. അതൊരു ഒന്നൊന്നര ഗംഭീര സീന്‍ ആണെന്ന് തന്നെ പറയേണ്ടിവരും. ഒരു വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജനാര്‍ദ്ദനന്റെ ഭര്‍ത്താവ് ആയ ആ മനുഷ്യന്‍ തന്റെ അംബാസഡര്‍ കാര്‍ ഓടിച്ച് വീട്ടിലേക്ക് വരുമ്പോള്‍, ഒരു പുതിയ മാരുതി കാറും കൊണ്ട് ഒരു കാര്‍ സെയില്‍സ്മാന്‍ ആ വീടിന്റെ മുറ്റത്ത് ഇടം പിടിച്ചിട്ടുണ്ടാകും. ഒരു കാര്‍ മാത്രം ഇടാനുള്ള ഇടം ഉള്ള മുറ്റത്ത് കരമനയുടെ അംബാസഡര്‍ കാര്‍ പിന്നെ കയറ്റി ഇടാന്‍ സ്ഥലം ഇല്ലാതാകുന്നു. അയാള്‍ വരുന്നതിനു മുമ്പ് ആ മാരുതി കാര്‍ സെയില്‍സ്മാന്‍ ആ വീട്ടില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച് കൊണ്ട് ആ വീടിന്റെ ഭാഗം ആകുന്നുമുണ്ട്. ഭര്‍ത്താവായ ജനാര്‍ദ്ദനന്‍ ഒരു പുറംപോക്ക് കൂടെ ആകുന്നു അവിടെ.

കേരളത്തിലെ ചില പുതിയ തൊഴില്‍ മേഖലകളും അത്തരം തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുന്ന ചില സാമൂഹിക അട്ടിമറികളും അതി സൂക്ഷ്മതയോടെയും രസകരവുമായാണ് ഈ സിനിമ കാണിക്കുന്നത്. ഈ സിനിമയിലെ കാര്‍ സെയില്‍സ്മാന്‍ ഒരു ദളിത് കീഴാള കോളനിയില്‍ നിന്നുള്ള മനുഷ്യനാണ്. പക്ഷെ ആ തൊഴില്‍ അയാളെ ആ വീടിന്റെ മുറ്റം വരെ എത്തിക്കുന്നു. ട്രെയിന്‍ എന്ന ഒരു വ്യവസ്ഥിതിയുടെ വികാസം മൂലം ഒരു ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷന്‍ വികസിക്കുന്നതും, അവിടെ രാജു എന്ന ചെറുപ്പക്കാരന്‍ ഒരു ചായക്കട ഇടുന്നതും, ആ റെയില്‍വേ സ്റ്റേഷന്‍ കാരണം അവിടേക്ക് ഒരു ടൂറിസ്റ്റ് ലേഡി കടന്നു വരുകയും ചെയ്യുന്ന ഒരു തീം ആണ് ആര്‍ കെ നാരായന്റെ ”ദി ഗൈഡ്” എന്ന നോവലിലെത്. അവിടെ ചായകടക്കാരന്‍ എന്ന രീതിയില്‍ നിന്ന് ആധുനികതയുടെ പുതിയ ഒരു തൊഴില്‍ മേഖലയായ ഒരു ഗൈഡിന്റെ ജോലിയിലേക്ക് രാജു മാറുന്നു. അങ്ങനെ ആണ് ഒരു വിവാഹിതയായ ഒരു സ്ത്രീയുമായി രാജു ആ നോവലില്‍ പ്രണയത്തില്‍ ആകുന്നത്. ”തെരെ മേരെ സപ്‌നേ അബ് ഏക് രംഗ് ഹേ” എന്ന ഹിറ്റ് പാട്ടുണ്ടായ സിനിമയായി ഈ നോവല്‍ മാറിയപ്പോള്‍ അത് ഇന്ത്യയില്‍ വലിയ ഹിറ്റ് സിനിമ ആവുകയും ചെയ്തു.

ഏതാണ്ട് അതേ രീതിയില്‍, ഒരു കോളനിയിലെ ഒരു തെരുവിലെ കുടുസു വീട്ടില്‍ താമസിക്കുന്ന ഒരു മനുഷ്യന്‍ ഒരു മാരുതി കാറിന്റെ സെയില്‍സ്മാന്‍ ആകുന്നതോടൊപ്പം ഒരു എലൈറ്റ് കുടുംബത്തിന്റെ മുറ്റത്തേക്ക് അധികാരത്തോടെയും തന്റെ കാര്‍ വില്‍ക്കാന്‍ വരുന്നു. അയാള്‍ വരുന്നത് എണ്‍പതുകളില്‍ ഹിറ്റ് ആയിരുന്ന മാരുതി കാറിന്റെ പുതിയ മോഡല്‍ വില്‍ക്കാന്‍ കൂടെയാണ്. ആ മനുഷ്യന്റെ കൂടെ സീമ പിന്നീട് ഒളിച്ചോടി ആ തെരുവിലെ വീട്ടില്‍ പോയി ജീവിക്കുന്നു. അയാളുടെ മാരുതി കാറിനു മുമ്പില്‍ ജനാര്‍ദ്ദനന്റെ അംബാസഡര്‍ കാര്‍ ഒരു പഴയ ബിംബമായി മാറുന്നു. അതുപോലെ, ആ സിനിമയില്‍ തന്നെ ഒരു അഡ്വര്‍ടൈസിംഗ് ഏജന്‍സിയിലെ കോപ്പിരൈറ്റര്‍ ആയി പുതിയ ഒരു തൊഴില്‍ മേഖലയില്‍ പൊളിക്കുന്ന ഉര്‍വശിയും വരുന്നു. ഒരു പൈപ്പിന്റെ ചുവട്ടില്‍ ഇരുന്നു, ഉര്‍വശി തന്റെ തൊഴിലുമായി ബന്ധപ്പെട്ടു തനിക്ക് ”പറക്കാനാണ്” ആഗ്രഹം എന്നൊക്കെ പറയുകയും ചെയ്യുന്നു. കെ ജി ജോര്‍ജ് എന്ന സംവിധായകന്‍ ആധുനികതയുടെ ഒരു യാത്ര മെഷീന്‍ ആയ കാര്‍, അതിന്റെ പുതിയ ഫാഷന്‍, അതിന്റെ കൂടെ രൂപപ്പെടുന്ന പുതിയ തൊഴില്‍ മേഖല-ഒക്കെ കൂടി ചേര്‍ന്ന് ഒരു കാലത്തെ മനുഷ്യരുടെ ബന്ധങ്ങള്‍ക്കിടയില്‍, കുടുംബത്തിലൊക്കെ രൂപപ്പെടുന്ന വിള്ളലുകളും പതാര്‍ച്ചകളും-ചിത്രീകരിക്കുന്ന സിനിമാറ്റിക് ബ്രില്യന്‍സ് കാണുമ്പോള്‍ കയ്യടിച്ച് പോകും.

K G George

ഈ സിനിമയെ രസകരമായി ഇന്നലത്തെ വെള്ളാപ്പള്ളിയുടെ ഒരു പ്രസ്താവനയുമായി യോജിപ്പിക്കാവുന്നതാണ്. ‘ഞാന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറാതിരിക്കാന്‍ ഞാന്‍ തീണ്ടല്‍ ജാതിക്കാരനല്ലല്ലോ?’ എന്നാണു വെള്ളാപ്പള്ളി ചോദിക്കുന്നത്. തീണ്ടല്‍ ജാതിക്കാര്‍ സിനിമ ടാക്കീസ്, ഓഫീസുകള്‍, ബസ്സുകള്‍, ഉത്സവ പറമ്പുകള്‍ ഒക്കെ പിടിച്ചെടുത്തു കൊണ്ടാണ് കേരളത്തിലെ പൊതു ഇടങ്ങളിലേക്ക് കയറിയത്. വീടുകളിലേക്ക് കയറുന്നതിനേക്കാള്‍, റോഡ്, പൊതു ഇടങ്ങള്‍, എന്നിവയിലൂടെ പല വിധ അധികാരങ്ങളിലൂടെ കയറിയാണ് കീഴാളര്‍ അവരുടെ അധികാരങ്ങളിലേക്കും സമത്വഭാവനയിലേക്കും ഉയര്‍ന്നത്. ആധുനീകതയിലെ കാര്‍ പോലുള്ള വികാസങ്ങള്‍ തീണ്ടല്‍ ജാതിക്കാര്‍ കയറുന്നതിലൂടെ അവര്‍ അവരുടെ ആധികാരികമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അത്തരം ആധുനികതയില്‍ പല വിധ സമൂഹങ്ങള്‍ നടത്തിയ അനവധി പിടിച്ചടക്കലുകളെ നിഷേധിക്കുന്ന അപര സമൂഹങ്ങളോടുള്ള വംശീയത ആണ് വെള്ളാപ്പള്ളിയെ ‘എനിക്ക് കാറില്‍ കയറിക്കൂടാത്തത് തീണ്ടല്‍ ജാതിക്കാരനായത് കൊണ്ടാണോ?’ എന്ന് വെള്ളാപ്പള്ളിയെ കൊണ്ട് ചോദിപ്പിക്കുന്നത്.

പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും

വെള്ളാപ്പള്ളിയും ഇടതുപക്ഷവും ഒന്നും ഈ നൂറ്റാണ്ടില്‍ മാറില്ലെങ്കിലും ഒരു നാല് ദശകങ്ങള്‍ക്ക് മുമ്പേ ആധുനികതയുടെ ചില മാറ്റങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന ആട്ടിമറികള്‍ രേഖപ്പെടുത്തിയ സംവിധായകന്‍ കൂടെ ആണ് കെ.ജി. ജോര്‍ജ്. അത് ഒക്കെ കൊണ്ടാണ് കെ.ജി. ജോര്‍ജിനെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായി കണ്ടത്, അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നത്.

No Comments yet!

Your Email address will not be published.