Skip to main content

ഞാന്‍ ഗന്ധര്‍വ്വന്‍

വിണ്ണവര്‍ ലോകത്തിനപ്പുറം
നിന്റെയി നന്മയെഴും ഭൂമിയെ മാനിച്ച
ഗന്ധര്‍വ്വന്‍ ഞാന്‍ പ്രിയ കന്യേ,
നിന്‍ പ്രണയമഹാസൂര്യരശ്മികളാം
തന്ത്രികള്‍ മീട്ടി ഞാന്‍
പാടുന്നെന്‍ ഹൃദയരാഗങ്ങള്‍,
പല്ലവിക്കപ്പുറം വേര്‍പ്പെട്ടുപോയ്‌
ദിവ്യകന്യാവനമെങ്കിലും
ചരണത്തില്‍ നീയേകിയ
പ്രേമവലയത്തില്‍,
എന്നെ മറന്നുപോയി;
ദേവനിയമങ്ങള്‍ കാറ്റില്‍
പറപ്പിച്ചയെനിക്കായ്
വിധിച്ചു ശിക്ഷയുമെന്‍ ലോകം,
അമ്മയില്ലാത്തയെന്നെ കൈയൊഴിഞ്ഞു
ദേവാംഗണങ്ങള്‍,
അണിയേണമാഗ്‌നേയകങ്കണങ്ങളെന്‍ കൈകളില്‍,
പുണരേണം മായാഗ്‌നിയില്‍ ചുട്ട
നഗ്‌നാപ്‌സര വിഗ്രഹങ്ങള്‍ ആയിരമാണ്ടുകളില്‍,
നിനക്കായ് പാടിയ
കണ്ഠം നിലച്ചു പോയ്
രാഗം മറന്നുപോയി,
രൂപം നിഴലിച്ചുപോയി,
എങ്കിലുംനിന്‍ സ്മരണയൊന്നാലെ
ശീതളമായ് ഭവിക്കുമേവതും,
അന്ത്യയാമവും കഴിഞ്ഞു
പോകുവാന്‍ നേരമായ്,
നിന്റെ ഭൂമിയിലൊരുനാള്‍ പിറന്നു
മണ്ണോടു മണ്ണുചേരുന്നതും
നിനവു കണ്ടു ഞാനെന്‍ മിഴിച്ചെപ്പടയ്ക്കുന്നിതാ…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.