Skip to main content

വീടു വിട്ടോടികള്‍

കാറ്റിന്റെ ഭാഷ പഠിച്ച
ഇച്ചിരിയമ്മൂമ്മ
ഒന്നില്‍നിന്ന്
മറ്റൊന്നിലേയ്‌ക്കെന്നും
വീടുവിട്ടോടിക്കൊണ്ടിരുന്നു.

ആദ്യ ശനിയാഴ്ചകളില്‍
കൃത്യമായി
ഹാജര്‍ രേഖപ്പെടുത്തും.
അപ്പൂപ്പന്‍താടികള്‍
തലയില്‍ പടര്‍ത്തി,
പല്ലില്ലാമോണയുടെ
ചെമക്കേച്ചിരിയില്‍
ജനാലവഴിയൊരാരവം
മഴക്കാലത്തായാലും
തട്ടിക്കേറി വരും.

”ഇച്ചിരിയമ്മൂമ്മേ,
പൊട്ടന്‍ വന്നേ,
ഇച്ചിരിയമ്മൂമ്മേ,
പൊട്ടന്‍ വന്നേ”

”പോടാ പുള്ളാരേ’
യെന്നൊറ്റയാട്ടില്‍
പേടിച്ചരണ്ട
രണ്ടമ്മിഞ്ഞകള്‍
ആടിക്കുഴഞ്ഞു
ലഞ്ഞടങ്ങും.

ഭാണ്ഡമിറക്കി
ക്യൂട്ടിക്കുറാ ടിന്നിന്റെ
നാണയത്താരാട്ടില്‍
വിളറിപ്പോയ
നിലാക്കാട്ടുവള്ളി തണുത്തറയില്‍
പടര്‍ന്നുറങ്ങും.

കഞ്ഞിയൂതിക്കുടിക്കുന്ന
മഞ്ഞച്ചിരി കുഴച്ച നാട്ടുവര്‍ത്താനത്തിന്റെ സ്വാദിറക്കം കഴിഞ്ഞ്
സ്വാതന്ത്ര്യത്തിന്റെ ചെരുപ്പെടുത്തിട്ടപ്പോഴതാ
പിന്‍വിളിയുടെ
മടക്കപ്പായ
ചുരുട്ടിക്കെട്ടിയതു
മൂലയിലിരുന്നു
തേങ്ങുന്നു.
ആ രണ്ടു കുഞ്ഞുകണ്ണുകളിലെ
തിളക്കം
ഒക്കത്തേറിപ്പോയി
വാതില്‍
കൊട്ടിയടച്ചു
സാക്ഷയിട്ടു.

മയില്‍പ്പീലി,
കളറ്മിഠായിപ്പൊതികള്‍
തറയില്‍ ചിതറി…

നാഴിയരി ശീലം.
ഉറക്കച്ചടവിനോട്
വടിയെടുത്ത്
പടിക്കലെത്തി
തിരിച്ചൊറ്റനോട്ടത്തില്‍ കുഞ്ഞിക്കണ്ണുകള്‍
കോര്‍ത്തുവലിച്ചു.

ഭൂമിയില്‍
വീടുകള്‍ക്കെല്ലാം അതിരുകളുള്ളതു
എനിക്കറിയുമ്പോലെ അവര്‍ക്കറിയില്ലല്ലോ!

***

No Comments yet!

Your Email address will not be published.