Skip to main content

വിധിവിഹിതം

ഐറിനയുടെ BASHERT എന്ന ദീര്‍ഘ കവിത പ്രശസ്തമാണ് . വിവര്‍ത്തനത്തിന് എളുപ്പം വഴങ്ങാത്ത ഒരു യിദ്ദിഷ് വാക്കാണ് BASHERT. ഒഴിവാക്കാനാകാത്തത് , അനിവാര്യമായത് എന്നൊക്കെ ഏകദേശം അര്‍ത്ഥം വരും. ഞാനതിനെ ‘വിധിവിഹിതം ‘ എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഈ കവിതയുടെ ആദ്യ രണ്ടു ഭാഗങ്ങളുടെ വിവര്‍ത്തനം ‘ അന്യോന്യം’ ത്രൈമാസികത്തിന്റെ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.


വിധിവിഹിതം (മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്ന വാക്കുകള്‍)

മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു
ഈ വാക്കുകള്‍.
മരിച്ചു പോയവര്‍,
സ്‌നേഹം കിട്ടാഞ്ഞതിനാല്‍
ഒറ്റപ്പെട്ടതിനാല്‍, അതിനെ ഭയന്നതിനാല്‍
പിടിച്ചു നില്‍ക്കാനാകാതെ പോയതിനാല്‍
ഒന്നും ആവശ്യപ്പെടാനാവാഞ്ഞതിനാല്‍
എല്ലാരും ഒഴിച്ചു മാറ്റിയതിനാല്‍
രോഗങ്ങളാല്‍ വലഞ്ഞതിനാല്‍
ശരീരങ്ങള്‍ തകര്‍ന്നതിനാല്‍
അതീവ ജാഗ്രത കാട്ടിയതിനാല്‍
പിടിപാടുകള്‍ ഇല്ലാഞ്ഞതിനാല്‍
വിശ്വാസങ്ങള്‍ പൊയ്‌പോയതിനാല്‍
ആര്‍ക്കും വേണ്ടെന്നറിഞ്ഞ്
മരിക്കാന്‍ കൊതിച്ചതിനാല്‍

മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു
ഈ വാക്കുകള്‍.
മരിച്ചു പോയവര്‍,
ഏകാന്തതയിലും
അതിനെ സ്‌നേഹിച്ചതിനാല്‍
സുഹൃത്തുക്കള്‍ ഏറെ ഉണ്ടായതിനാല്‍
എല്ലാരേയും വലിച്ചടുപ്പിച്ചതിനാല്‍
വിപല്‍ സാദ്ധ്യതകള്‍
ഏറെറടുത്തതിനാല്‍
ധാര്‍ഷ്ഠ്യങ്ങളില്‍ നിന്ന് വഴങ്ങിക്കൊടുക്കാഞ്ഞതിനാല്‍
ഏറെ പ്രതീക്ഷിച്ചതിനാല്‍

മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു
ഈ വാക്കുകള് .
ഒരു കാര്‍ഡ് കളഞ്ഞു പോയതിനാല്‍
ഒരക്കം വിട്ടു പോയതിനാല്‍
ഒരു കിടക്ക നിഷേധിക്കപ്പെട്ടതിനാല്‍
ഇടങ്ങളൊക്കെയും തീര്‍ന്നു പോയതിനാല്‍
മറ്റൊരിടവും ഇല്ലാതിരുന്നതിനാല്‍

മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു
ഈ വാക്കുകള്‍.
ആരും ശ്രദ്ധയോടെ പിന്തുടരാതിരുന്നതിനാല്‍
ആരോ ക്ഷീണത്തില്‍ മറന്നു പോയതിനാല്‍
എല്ലാം ദൈവത്തിന് വിട്ടു കൊടുത്തതിനാല്‍

ആരോ വൈകിപ്പോയതിനാല്‍
വരാതെ പോയതിനാല്‍
കാത്തിരിക്കാന്‍ പറഞ്ഞിട്ടും
കാത്തു നില്‍ക്കാനാവാതെ പോയതിനാല്‍

മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു
ഈ വാക്കുകള്‍
മരണം ഒരു ശിക്ഷയായതിനാല്‍
ഒരു പാരിതോഷികമായതിനാല്‍
അന്ത്യവിശ്രമമായതിനാല്‍
അനാദിയായ കൊടുമയായതിനാല്‍

മരിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു
ഈ വാക്കുകള്‍…

***

ഐറിന ക്ലെഫിഷ് — വിധിവിഹിതത്തിന്റെ ശബ്ദം

ഗാസയിലെ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ വീണ്ടും ഐറിന ക്ലെഫിഷിനെ ഓര്‍ക്കുന്നത്. യഹൂദരും മുസ്ലീങ്ങളും തമ്മിലുള്ള മതപരമായ സംഘര്‍ഷമായി അവിടുത്തെ പ്രശ്‌നങ്ങളെ ലഘൂകരിച്ചു മനസ്സിലാക്കുന്നതും അങ്ങനെ പ്രചരിപ്പിക്കുന്നതും കാണുമ്പോള്‍. Anti-Semitism അഥവാ ജൂത വിരോധം എന്നത് ക്രിസ്ത്യന്‍ യൂറോപ്പിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ക്രിസ്ത്യന്‍ യൂറോപ്പിന്റെ ജൂതഹത്യകളുടെ ചില ഉദാഹരണങ്ങള്‍ താഴെ –

1096- റൈന്‍ലാന്‍ഡ് കൂട്ടക്കൊല
1290- പുറത്താക്കല്‍ വിളംബരം (Edict of expulsion)
1348-1351 – പ്ലേഗിന്റെ വ്യാപന കാലത്ത്
അത് പടരാന്‍ ജൂതന്മാരാണ് ഉത്തരവാദികള്‍ എന്നു പറഞ്ഞ് യൂറോപ്പില്‍ നടന്ന ജൂത കൂട്ടക്കൊലകള്‍
1391- സ്‌പെയിനില്‍ ജൂതരുടെ കൂട്ടക്കൊല
1492- സ്‌പെയിനില്‍ നിന്ന് ജൂതന്മാരെ പുറത്താക്കല്‍
1648-1657- ഉക്രെയിനില്‍ കൊസാക്കുകള്‍ നടത്തിയ ജൂതഹത്യകള്‍
1821-1906- റഷ്യന്‍ സാമ്രാജ്യത്തില്‍ നടന്ന നിരവധി ജൂത വംശഹത്യകള്‍

ഇതിന്റെയൊക്കെ പാരമ്യമായിരുന്നു രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജര്‍മ്മനിയില്‍ അരങ്ങേറിയ ജൂത വംശഹത്യകള്‍. ഈ ചരിത്രം മുഴുവന്‍ തമസ്‌ക്കരിച്ചു കൊണ്ടാണ് ജൂത-ഇസ്ലാം സംഘര്‍ഷത്തിന്റെ പുതിയ വ്യാജചരിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്.

Gandhiji

പലസ്തീന്‍ പ്രശ്‌നമെന്നത് രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ , വിജയികളായ സാമ്രാജ്യത്വ ശക്തികള്‍ നിര്‍മ്മിച്ച, ആധുനിക കാലത്തെ ഒരു രാഷ്ട്രീയ സംഘര്‍ഷമാണ്. തദ്ദേശവാസികളായ പലസ്തീനികളെ അവരുടെ ജന്മനാട്ടില്‍ നിന്ന് ഇറക്കി വിട്ട് , അവിടെ ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചതു വഴി ഉടലെടുത്ത സംഘര്‍ഷം. ഗാന്ധി ഉള്‍പ്പടെയുള്ള വിവേകികളായ മനുഷ്യര്‍ ഈ നടപടിയെ അന്നു തന്നെ എതിര്‍ത്തിരുന്നു. ഇന്നും പലസ്തീനികള്‍ പൊരുതുന്നത് അവരുടെ ജന്മനാടിനു വേണ്ടിയാണ് , അല്ലാതെ മറ്റൊരു മതത്തിനെതിരെ സ്വന്തം മതരാഷ്ട്രം സ്ഥാപിക്കാനല്ല.

Irena Klepfisz

ഞാന്‍ വീണ്ടും ഐറിന ക്ലെഫിഷിലേക്ക് വരാം. ഐറിന ക്ലെഫിഷ് മലയാളത്തിന് സുപരിചിതയല്ല.
1941 ല്‍ പോളണ്ടിലെ ഒരു ജൂത ചേരിയിലാണ് (ghetto) ഐറിന ജനിച്ചത്. 1943 ലെ വിഖ്യാതമായ വാഴ്‌സാ ഉയിര്‍ത്തെഴുന്നേല്‍പില്‍ അച്ഛന്‍ മിഹാല്‍ ക്ലെഫിഷ് രക്തസാക്ഷിയായി. അപ്പോള്‍ ഐറിന ഒരു കത്തോലിക്കാ അനാഥ മന്ദിരത്തിലായിരുന്നു. പിന്നെ അമ്മ റോസ ക്ലെഫിഷ് വന്ന് അവളെ ദൂരെ ഗ്രാമങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കര്‍ഷകരുടെയിടയില്‍ കത്തോലിക്കരെന്ന വ്യാജേന ഒളിച്ചു താമസിച്ചു. യുദ്ധാനന്തരം 1946 ല്‍ സ്വീഡനിലേക്കും 1949 ല്‍ അമേരിക്കയിലേക്കും കുടിയേറി. ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്നു.

ഒരു ജൂത, ഫെമിനിസ്റ്റ് ,ലെസ്ബിയന്‍ കവി എന്ന് ഐറിന സ്വയം നിര്‍വ്വചിക്കുന്നു. കുട്ടിക്കാലത്തൊന്നും സ്വന്തം ഭാഷ- യിദ്ദിഷ്- സംസാരിക്കാന്‍ പോലും വീട്ടില്‍ അനുവാദമില്ലായിരുന്നു. വായില്‍ നിന്ന് വീഴുന്ന ഒരു യിദ്ദിഷ് വാക്കു പോലും അവരുടെ ജൂത സ്വത്വത്തെ ഒറ്റുകൊടുക്കും എന്നതിനാല്‍. മാതൃഭാഷ എന്നതിന് അന്ന് മരണ ഭാഷ എന്നായിരുന്നു അര്‍ത്ഥം. അമേരിക്കയില്‍ എത്തിയതിനു ശേഷമാണ് അവര്‍ യിദ്ദിഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതും തന്റെ വേരുകളിലേക്കുള്ള യാത്രകള്‍ ആരംഭിക്കുന്നതും. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നത് ഐറിനയുടെ നീതിബോധത്തെ ഉജ്ജ്വലമാക്കുന്നു. The Jewish Women’s Committee to End the Occupation of the West Bank and Gaza (JWCEO) എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് ഐറിന.

നാസികളാല്‍ സ്വന്തം പിതാവ് ഉള്‍പ്പടെ നിരവധി ബന്ധുക്കള്‍ കൊല ചെയ്യപ്പെട്ട , നിരവധി യാതനകള്‍ അനുഭവിച്ച ഒരു ജൂത സ്ത്രീ, പലസ്തീനിലെ ഇസ്രയേലി അധിനിവേശത്തെ എതിര്‍ക്കുന്നു , അതിനു വേണ്ടി ഒരു സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നത് ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നേരത്തെ ചൂണ്ടിക്കാട്ടിയ മത സംഘര്‍ഷം എന്ന വ്യാജ നിര്‍മ്മിതിയെ മറികടക്കാന്‍ അത് നമ്മെ സഹായിക്കും.


വിവ: പ്രതാപന്‍

No Comments yet!

Your Email address will not be published.