Skip to main content

ഗുസ്താവ് കോര്‍ബെയുടെ Stone Breakers

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഫ്രാന്‍സില്‍ രൂപപ്പെട്ട ‘റിയലിസ്റ്റ്’ പ്രസ്ഥാനത്തിന്റെ ചിത്രകലയുടെ മേഖലയിലെ അനിഷേധ്യനായ നേതാവ് ഗുസ്താവ് കോര്‍ബെ (Gustave Courbet) ആയിരുന്നു. 1819 -ല്‍ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം പതിനാലാം വയസ്സുമുതല്‍ ചിത്രകല അഭ്യസിച്ചുതുടങ്ങി. ഇരുപതാം വയസ്സില്‍ അക്കാലത്ത് യൂറോപ്യന്‍ ചിത്രകലയുടെ തലസ്ഥാനമായി അറിയപ്പെട്ടുതുടങ്ങിയിരുന്ന പാരീസിലെത്തി. പാരീസ് അന്ന് പൊതുവില്‍ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള പുരോഗമനവാദികളായ രാഷ്ട്രീയപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും ഒരു താവളംകൂടിയായിരുന്നു.

Jules Champfleury

പാരീസിലെ ആദ്യവര്‍ഷങ്ങള്‍ കോര്‍ബെ നന്നായി അധ്വാനിച്ചു. കാല്പനികഭാവമുള്ളവയായിരുന്നു ആദ്യകാലരചനകളില്‍ പലതും. നഗരത്തിലെ ബുദ്ധിജീവി വൃത്തങ്ങളില്‍പ്പെട്ട പലരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിത്തീര്‍ന്നു. ഫ്രഞ്ച് കവി ബോദ്ലെയര്‍, രാഷ്ട്രീയചിന്തകന്‍ പ്രൂദോണ്‍ (Pierre Joseph Proudhon), എഴുത്തുകാരന്‍ Jules Champfleury തുടങ്ങിയവരെല്ലാം ഈ സംഘത്തില്‍പ്പെട്ട ചിലരാണ്. കോര്‍ബെയുടെ സ്റ്റുഡിയോയുടെ അടുത്തുള്ള ഒരു സ്ഥലത്തായിരുന്നു പതിവായി ഈ സുഹൃത്തുക്കള്‍ ഒത്തുകൂടിയിരുന്നത്. പൊതുവില്‍ ഇടതുപക്ഷ ആശയങ്ങളാല്‍ ആവേശഭരിതരായ ഈ സൗഹൃദവൃത്തത്തില്‍നിന്നുമാണ് റിയലിസം എന്ന കലാപ്രസ്ഥാനം രൂപമെടുക്കുന്നത്.

Pierre Joseph Proudhon

അടിസ്ഥാനപരമായി വര്‍ത്തമാനകാലത്തെ സാമൂഹ്യ വിഷയങ്ങളോട് പ്രതിബദ്ധതയുള്ളതും ജീവിതത്തെ ചമയങ്ങളില്ലാതെ, പരുക്കന്‍ സ്വഭാവങ്ങളോടെ, അതിന്റെ തനിമയില്‍ അവതരിപ്പിക്കുന്നതുമാണ് റിയലിസ്റ്റു കല. കോര്‍ബെയുടെ കാര്യത്തില്‍ ആദ്യകാലത്തെ റൊമാന്റിക് ആഭിമുഖ്യമുള്ള വിഷയങ്ങള്‍ക്കുപകരം ഇപ്പോള്‍ അദ്ദേഹം കര്‍ഷകരുടെയും തൊഴിലാളികളുടെയും നിത്യജീവിതദൃശ്യങ്ങളു മറ്റും കൂടുതലായി വരയ്ക്കാന്‍ തുടങ്ങി. ഈ ചിത്രങ്ങള്‍ പൊതുവില്‍ നിലനിന്നിരുന്ന വരേണ്യ ഭാവുകത്വത്തെ വെല്ലുവിളിക്കുന്നവയായിരുന്നു. കോര്‍ബെയുടെ ചിത്രങ്ങള്‍ രാഷ്ട്രീയ പ്രസ്താവനകളാണെന്ന് പ്രൂദോണിനെപ്പോലെയുള്ള പ്രശസ്തരായ സുഹൃത്തുക്കള്‍ വ്യാഖ്യാനിക്കുകയും ചെയ്തു.

Expo 1855 | Disdéri Salon carré France

1855 -ല്‍ ഫ്രഞ്ച് ഗവണ്മെന്റ് സംഘടിപ്പിച്ച ‘Salon’ എന്ന് അറിയപ്പെട്ടിരുന്ന പ്രധാനപ്പെട്ട ഒരു ‘ഔദ്യോഗിക’ പ്രദര്‍ശനത്തില്‍ കോര്‍ബെയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതെ നിരസിച്ചു. അദ്ദേഹത്തിന്റെ ചില മുന്‍ നിലപാടുകളോടുള്ള പ്രതികരണമായിട്ടായിരുന്നു അത്. കലാകാരന്റെ ആത്മാഭിമാനവും സ്വാതന്ത്ര്യവും പ്രഖ്യാപിച്ചുകൊണ്ട് കോര്‍ബെ ഔദ്യോഗിക പ്രദര്‍ശനത്തിന് സമാന്തരമായി പ്രദര്‍ശനഹാളിന് എതിര്‍വശത്തായി സ്വന്തം ചിത്രങ്ങളുടെ ഒരു ഏകാംഗ പ്രദര്‍ശനം സംഘടിപ്പിച്ചു. ഒരുപക്ഷേ 1885 -ലെ Salon ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത് റിയലിസം എന്ന ബാനറില്‍ സംഘടിപ്പിക്കപ്പെട്ട കോര്‍ബെയുടെ ആ സമാന്തരപ്രദര്‍ശനത്തിന്റെ പേരിലാണ്.

1849 -ല്‍ കോര്‍ബെ വരച്ച ‘The Stone Breakers’ റിയലിസ്റ്റു പ്രസ്ഥാനത്തിന്റെ ചിത്രകലയിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ സാക്ഷാത്കാരങ്ങളില്‍ ഒന്നാണ്. ഏതാണ്ട് 8.5 അടി വീതിയുള്ള ഈ എണ്ണച്ചായചിത്രത്തില്‍ അധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു തൊഴിലാളികളെ യഥാര്‍ത്ഥ മനുഷ്യകാരത്തിന്റെ വലിപ്പത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. അവരില്‍ ഒരാള്‍ പ്രായംകുറഞ്ഞ ഒരു കുട്ടിയാണ്. ശാരീരികനിലകളും കീറിപ്പറിഞ്ഞ വസ്ത്രവുംമറ്റും അവര്‍ നയിക്കുന്ന ദരിദ്രവും ദുരിതം നിറഞ്ഞതുമായ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നു. മില്ലെയുടെയും മറ്റും പെയിന്റിങ്ങുകളില്‍ കാണാറുള്ള കാല്പനികഭാവം ഇവിടെ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

Stone Breakers

The Stone Breakers എന്നറിയപ്പെടുന്ന സുപ്രസിദ്ധമായ ഈ പെയിന്റിങ് ഇന്ന് നിലവിലില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത്, 1945 -ല്‍ ജര്‍മ്മനിയില്‍ സഖ്യശക്തികള്‍ നടത്തിയ ഒരു ബോംബാക്രമണത്തില്‍ ഈ ചിത്രം അഗ്‌നിക്കിരയായി നഷ്ടപ്പെട്ടുപോയി. (ഏറെക്കുറെ ഇതിനോട് സാമ്യമുള്ള കോര്‍ബെ വരച്ച മറ്റൊരു ‘Stone Breakers’ ഇപ്പോഴുമുണ്ട്.)

ഗുസ്താവ് കോര്‍ബെ
ജനനം: 1819 – മരണം: 1877

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.