Skip to main content

ആ വിചിത്ര സന്ധ്യ

ആ സന്ധ്യ
കുറച്ച് വിചിത്രമായിരുന്നു;
ഈ സന്ധ്യയും…
അന്നു നീ അരികിലുണ്ടായിരുന്നു,
ഇന്നും നീയുണ്ടരികില്‍…

കിഷോര്‍ പാടുന്നു…
വഹീദാ റഹ്‌മാന്‍ പുഞ്ചിരിക്കുന്നില്ല…

എനിക്കാണ് ചിരി വരുന്നത്.

അന്ന്,
അന്ന് നീ അരികിലുണ്ടായിരുന്നു
എങ്കിലോ ഉണ്ടായിരുന്നില്ല താനും…
ഇന്നു നീ തീര്‍ച്ചയായും അരികിലില്ല
അതൊരു തോന്നലല്ല…

ഇന്നെനിക്കറിയാം
ആ സന്ധ്യയില്‍
നീ എന്നെയോര്‍ത്തല്ല
മൂളിപ്പാട്ടു പാടിയിരുന്നത്…
നിന്റെ ഗൂഢമായ പുഞ്ചിരി
എനിക്കുവേണ്ടിയായിരുന്നില്ല…

അരികിലുള്ളപ്പോള്‍ ചതിക്കുന്ന,
അകലെയാവുമ്പോള്‍ തെളിയുന്ന,
പ്രണയം എന്ന
ചിരപുരാതന മൂഢസ്വപ്നം
കാറുള്ള സന്ധ്യകളില്‍
വന്നു മൂടിപ്പൊതിയുന്ന
മൗനമഞ്ഞ്
വിലയറിയാന്‍
വിലയില്ലായ്മയറിയാനും,
അതുരുകിമായണം
പൂര്‍ണ്ണമായി…

***

ആ വിചിത്ര സന്ധ്യ – വോ ഷാമ് കുഛ് അജീബ് ഖാമോഷീ എന്ന പഴയ ഹിന്ദി സിനിമയിലെ ഹിറ്റ് ഗാനം

One Reply to “ആ വിചിത്ര സന്ധ്യ”

Your Email address will not be published.