Skip to main content

ബെട്ടിയിട്ട ബായത്തടി

ഉറങ്ങുമ്പോൾ
ബെട്ടിയിട്ട പോലെ കിടക്കണം.
ബായത്തടി പോൽ നീണ്ടുനിവർന്ന്.
നോ ചിന്താസ്, നോ പെൺചന്തീസ്
നോ ഓർമ്മകൾ, നോ ടെൻഷൻ.

ലൈറ്റ് ഓഫായാൽ
സകലതും ഓഫ്.
ഭൂതവും ഭാവിയും ഓഫ്.
ഓട്ടപ്പാച്ചിലും ചാണക്യതന്ത്രവും
കാലുവാരലും ഓഫ്.
ചരിത്രവും ശാസ്ത്രവും സിദ്ധാന്തവും ഓഫ്.

ബെട്ടിയിട്ട പോലെ ഓർമ്മകൾ,
ബെട്ടിയിട്ട പോലെ പ്രയോഗങ്ങൾ,
രാത്രിയിൽ, ഭൂമി
വാഴത്തടകളാൽ നീണ്ടുനിവർന്നു.

പ്രണയം മറന്ന്,വിഷാദം മറന്ന്,
ലോകവും ആത്മവും മറന്ന്,
കുലസ്ത്രീയും കുലപുരുഷുവും
കുലവാഴയുമാകാതെ,
മറവിയുടെ ബ്ലാക്ക്ബോർഡാൽ
ഉടലാകെ പുതച്ചുമൂടി,
സർവ്വലഹരികളെയും പിന്തള്ളി,
ശുദ്ധശൂന്യതയായി,
ജപമില്ലാ ധ്യാനനിരതനായങ്ങനെ.
അനന്തശായിയെ നോക്കൂ
ബെട്ടിയിട്ട രണ്ട് ബായത്തടികൾ!

കോടികളുടെ പെരുക്കങ്ങളിൽ നിന്ന്
പൂജ്യത്തിലേക്കു മടങ്ങി,
തൊങ്ങലും തൂവലും കൊഴിച്ച്,
അസ്ഥിമാംസഭാരങ്ങൾ മറന്ന്,
നിദ്രയുടെ ഇളംകാറ്റിൽ
ഒഴുകിയൊഴുകിയൊഴുകി…
ആകാശം നീണ്ടുനിവരാനുള്ള
വിശാലമാം ബെഡ്ഢായിക്കരുതി,
തിരകളില്ലാ കാറ്റിൽ തെന്നിത്തെന്നി,
സുഷുപ്തിയുടെ ആലിലയിലെ കണ്ണനായി,
ഒഴുകിനിറയുന്ന നിദ്രാടനങ്ങൾ.

എവറസ്റ്റ് പൊടിഞ്ഞ് മൺതരിയാകുന്നത്
ഭാരം പൊഴിച്ചുറങ്ങാനല്ലേ?
പൂക്കൾ കൊഴിയുന്നതും
മണ്ണിൽ തലചായ്ച്ചുറങ്ങാനല്ലേ?

ഉറങ്ങൂ,രാവുകുമാരാ,
കിടക്കയല്ലോ തപോഭൂമി!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ബെട്ടിയിട്ട ബായത്തടി”

  1. ​”ഉറക്കത്തിൻ്റെ നിശ്ശബ്ദമായ ലോകം കവി ഭംഗിയായി പകർത്തിയിരിക്കുന്നു. ഇരുളിൻ്റെ ആഴവും സ്വപ്നങ്ങളുടെ വർണ്ണവും മികച്ച കാവ്യഭാഷയിൽ അവതരിപ്പിച്ചു.”

Your Email address will not be published.