Skip to main content

കാവല്‍ മാലാഖ

അനാഥാലയത്തില്‍ പത്തൊമ്പത് പിഞ്ചുകുട്ടികള്‍
ഉപേക്ഷിക്കപ്പെട്ടവര്‍
അവരെ നോക്കാന്‍ മൂന്നു ആയമാര്‍
സ്‌നേഹിക്കപ്പെടാത്തവര്‍
സ്‌നേഹിക്കാനറിയാത്തവര്‍

കുഞ്ഞുങ്ങള്‍ പാലിനും ഉമ്മയ്ക്കും
സ്പര്‍ശത്തിനും കരഞ്ഞുകൊണ്ടേയിരുന്നു

ആയമാര്‍ അവരെ ശപിച്ചു
ഓരോരുത്തരേയും അവര്‍ പിശാചിന്റെ സന്തതികള്‍ എന്നു വിളിച്ചു
കുട്ടികള്‍ ദീര്‍ഘനേരം അപ്പിയിലും മൂത്രത്തിലും കുതിര്‍ന്നു കിടന്നു
കുളിപ്പിക്കാതെ, വസ്ത്രം മാറ്റാതെ
ദിവസങ്ങളോളം ദുര്‍ഗന്ധത്തില്‍ കഴിഞ്ഞു…

കൂട്ടത്തിലായിരുന്നു അവനും
അവിഹിതഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍
മണ്ണെണ്ണയെടുത്തു കുടിച്ച് ആത്മഹത്യ ചെയ്ത
അമ്മയുടെ മകന്‍
അവന്റെ മേലാസകലം പൊള്ളിയിരുന്നു
തൊലിയടര്‍ന്ന് രക്തം പൊടിഞ്ഞിരുന്നു
തണുപ്പിലും ചൂടിലും കുപ്പായമിടാന്‍ കഴിയാത്തതിനാല്‍
അവന് തണുത്തു ഉഷ്ണിച്ചു

മറ്റു കുട്ടികള്‍ ഉറങ്ങുമ്പോഴും അവനുറങ്ങിയില്ല
മറ്റു കുട്ടികള്‍ കരയാതിരിക്കുമ്പോഴും അവന്‍ കരഞ്ഞു
അവന്‍ മരിച്ചു പോകാന്‍ ആയമാര്‍ പ്രാര്‍ത്ഥിച്ചു
നേര്‍ച്ചകള്‍ നേര്‍ന്നു

അവന്റെ കാവല്‍ മാലാഖ മാത്രം ദുഃഖിതയായിരുന്നു

അവനെ തഴുകാന്‍ കാറ്റിനോടും
അവനായി താരാട്ടുപാടാന്‍ കിളികളോടും
പാല്‍ ചുരത്താന്‍ നിലാവിനോടും
നോവിക്കാത്ത പുതപ്പാകാന്‍ രാത്രിയോടും
അവള്‍ പറഞ്ഞു നോക്കി
പക്ഷെ കുഞ്ഞുങ്ങള്‍ കിടക്കുന്ന മുറിയില്‍
ജാലകങ്ങളില്ലായിരുന്നു

കാറ്റിനു കടന്നു വരാനായില്ല
കിളിയൊച്ച അവന് കേള്‍ക്കാനായില്ല
നിലാവിന് പഴുതില്ലായിരുന്നു
രാത്രിയേക്കാള്‍ കടുത്ത ഇരുട്ടായിരുന്നു
കാവല്‍ മാലാഖ പരിശ്രമം കൈവിട്ടില്ല
കുറച്ചകലെ ഒരു വീട്ടില്‍
ഭാഗ്യവാനായ ഒരു കുഞ്ഞുണ്ടായിരുന്നു
അവന്റെയമ്മ അവനായി സ്‌നേഹത്തോടെ പാടി
കരുതലോടെ ഊട്ടി
ക്ഷമയോടെ കൊണ്ടു നടന്നു
തൊട്ടിലാട്ടിയുറക്കി
കാവല്‍ മാലാഖ അവരുടെ വീട്ടില്‍ ചുറ്റിത്തിരിഞ്ഞു
അമ്മ പാടിയ പാട്ടിന്റെ ചില വരികളില്‍
അമ്മയൂട്ടിയ ചോറിന്റെ മണത്തില്‍
അമ്മ വിരലുകളില്‍, ഉമ്മകളില്‍
തന്റെ ചിറകുകള്‍ മുക്കി
മാലാഖ കുഞ്ഞിനടുത്തെത്തി
അദൃശ്യയായി, അസ്പൃശയായി
അവള്‍ ചിറകു കുടഞ്ഞു

അന്നാദ്യമായി ആ കുഞ്ഞു സ്വപ്നത്തില്‍ ചിരിച്ചു…

***

6 Replies to “കാവല്‍ മാലാഖ”

Your Email address will not be published.