Skip to main content

കളങ്കാവല്‍ – താരശരീരങ്ങളിലൂടെ പൊളിയുന്ന മൊറാലിറ്റികള്‍

കളങ്കാവലില്‍ മമ്മൂട്ടിയുടെ സ്റ്റാന്‍ലി എന്ന കഥാപാത്രം നടത്തുന്ന ആദ്യത്തെ ഒരു കൊലപാതകത്തിലാണ് തിയേറ്ററില്‍ നിറഞ്ഞ കയ്യടി ഉണ്ടാകുന്നത്. പോപ്പുലര്‍ ആര്‍ട്ട് ആയ സിനിമയിലെ ഒരു ഷോട്ടിലൂടെ പൊതുബോധത്തില്‍ കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി പലതരത്തിലുള്ള ഉള്‍പ്പിരിവുകളിലൂടെ ഒരു നടന്‍ തിരിഞ്ഞും മറിഞ്ഞും രൂപപ്പെടുത്തിയ താരശരീരത്തിന്റെ ഇമേജറി അയാള്‍ തന്നെ തകര്‍ത്തു പൊളിച്ച് ദൂരെ എറിയുന്നതിനുള്ള ഒരു ഷിഫ്റ്റിന് കൂടിയുള്ള ഒരു കയ്യടി ആയി അത് മാറുന്നുണ്ട്. ഒരു സിനിമ എന്നത് ആസ്വദിക്കുന്നതിനും അതിന്റെ തിരക്കഥ, ആര്‍ക്ക്, സിനിമാറ്റിക് രൂപഘടന, കഥാപരിസരം എന്നതിനപ്പുറം കാലങ്ങളായി സമൂഹം രൂപപ്പെടുത്തിയതും അല്ലാത്തതുമായ ഇമേജറികളെ പൊളിക്കുന്നതിനുള്ള ഒരു പ്രോസസിംഗും കൂടെ ആകാം എന്നതിന്റെ ഗംഭീര ഉദാഹരണവും ആണ് ഈ സിനിമ. അതിനെ തിയേറ്ററിലെ ഇരുട്ടില്‍ ഗൂഡമായി ഓരോരുത്തരും ആഹ്ലാദം കണ്ടെത്തുന്നുമുണ്ടാകാം.

കേരളം/ഇന്ത്യ/സാമൂഹിക മൂല്യങ്ങള്‍/മൊറാലിറ്റി എന്നൊക്കെ വെച്ചുകൊണ്ട് സമൂഹം സൃഷ്ടിച്ച സൈക്കോളജിക്കല്‍ ഫാസിസത്തിനെതിരെ തിയേറ്ററിലെ ഇരുട്ടില്‍ ഓരോ വ്യക്തിയും രൂപപ്പെടുത്തുന്ന പ്രതികരണത്തിന്റെ ഒരു കൂട്ടരൂപം കൂടെയായിരിക്കാം ആ കൊലപാതകത്തിനുള്ള കയ്യടി. (അല്ലാതെയും ഉള്ള അനേകം റീഡിംഗ്സ് ഈ സിനിമയെ കുറിച്ച് ഉണ്ടായേക്കാം)

ഈ സിനിമ കണ്ടതിന് ശേഷം ഒരു ക്യൂറിയോസിറ്റിക്കായി ആണ് സയനൈഡ് മോഹന്‍ എന്ന ഒരു മനുഷ്യന്റെ ‘ചരിത്രം’ വിശദീകരിക്കുന്ന വല്ലാത്തൊരു കഥ എന്നൊരു പരിപാടി കണ്ടത്. അതില്‍ പറയുന്ന ഒരു കാര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു സൈക്കോളജിസ്റ്റ് അയാളെ നിര്‍ണ്ണയിക്കുന്നത് ഒരു ആന്റി സോഷ്യല്‍ സൈക്കി ഉള്ള ആളെന്ന രീതിയിലാണ്. സമൂഹത്തെ ഒരു ഒറ്റ കണ്‍സ്ട്രക്ഷന്‍ ആക്കി അതിനെ ഒരു മോറല്‍ സിസ്റ്റം ആക്കി ചിലരെ ആന്റി സോഷ്യല്‍ സൈക്കിയിലേക്ക് തിരിച്ചു വിടുന്ന സൈക്കോളജിക്കല്‍ സ്റ്റഡീസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ശരിക്കും ചിരിയാണ് വന്നത്.

അതവിടെ നില്‍ക്കട്ടെ, അതിനപ്പുറം പലതരം സ്ട്രക്ചറുകളിലൂടെയും രൂപപ്പെടലുകളിലൂടെയും സ്വയം തകരലുകളിലൂടെയും രൂപപ്പെടുന്ന സമൂഹം എന്ന സ്റ്റേറ്റ്, പൊളിറ്റിക്കല്‍, ആക്ടിവിസ്റ്റ് അങ്ങനെ പല തരത്തിലുള്ള ഘടനകളിലൂടെ രൂപപ്പെടുന്ന മോറല്‍ ഫാസിസ്റ്റ് രൂപഘടനകളില്‍ നിന്ന് വിഘടിച്ച് ഒറ്റക്ക് നിന്നുകൊണ്ട് മിസ്റ്റീരിയസ് ആയി ഒരു ട്രാന്‍സ്-ട്രിപ്പ്-ആഹ്ലാദം രൂപപ്പെടുത്തുന്ന സ്റ്റാന്‍ലി എന്ന കഥാപാത്രം ഒരു അട്ടിമറിയാണ്. ഏറ്റവും വലിയ രസം, ഇതേ സമൂഹം കൊമ്പത്ത് കയറ്റിവെച്ച ഒരു താരശരീരത്തിലൂടെ, ആ താരശരീരത്തെ അയാള്‍ പൊളിച്ചുകൊണ്ടാണ് അത് ചെയ്യുന്നത് എന്നതാണ്.

ഒരു പക്ഷേ മമ്മൂട്ടി എന്ന സ്വത്വത്തിന്-അത് സ്റ്റേറ്റ്, സമൂഹം, ഫാന്‍സ്, അവാര്‍ഡുകള്‍, ആരാധകര്‍, ഫോളോവര്‍സ് ഒക്കെ ചേര്‍ന്ന് രൂപപ്പെടുത്തി ചാര്‍ത്തി കൊടുത്ത ഒരു ‘സിംഹാസനം’ – കട്ടബോറായി അയാള്‍ക്ക് തന്നെ തോന്നിയിട്ടുണ്ടാകാം. കഴിഞ്ഞ നാല്പതു വര്‍ഷമായി ലഡ്ഡുവിന്റെ മുകളില്‍ ഇരിക്കുന്ന ഈച്ചയെ പോലെ അയാള്‍ക്കും മടുത്തിട്ടുണ്ടാകാം. തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ അതില്‍ നിന്ന് കുതറി മാറാനും സമൂഹത്തിന്റെ ഇത്തരം ചാര്‍ത്തിക്കൊടുക്കലുകളുടെ ‘പൊള്ളത്തരത്തില്‍’ നിന്ന് മാറാനും ആ നടന്‍ ശ്രമിച്ചിട്ടുണ്ടാകാം. അത്തരമൊരു വേറെ ട്രിപ്പിന്റെ ലഹരിയുടെ അന്വേഷണത്തിലൂടെയാകാം തന്നെ, സമൂഹത്തെയും സ്റ്റേറ്റിനെയും നടുവിരല്‍ കാണിക്കുന്ന ഒരു കഥാപാത്രത്തിലേക്ക് അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നത്. റിയല്‍ ലൈഫിലെ സമൂഹത്തിലെ നായകത്വത്തില്‍ നിന്ന് കുതറി മാറാന്‍ ഒരു മെറ്റാ റിയാലിറ്റി ആയ സിനിമയിലെ വില്ലത്തരത്തിലൂടെ അയാള്‍ ശ്രമിക്കുന്നത് അങ്ങനെ കൂടെയായേക്കാം. ‘റിയല്‍’ സൊസൈറ്റിയില്‍ അതിന് ശ്രമിച്ചാല്‍ അയാള്‍ പെടും.

സയന്റിഫിക് ടെക്‌നോളജി, ട്രാക്കിംഗ് സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇന്നത്തെ ഭരണകൂടം ചില ആപ്പുകളിലൂടെ മനുഷ്യരുടെ സ്വകാര്യതയിലേക്ക് കടന്നുകൂടുന്ന രീതിയില്‍ അതിന്റെ ഫാസിസ്റ്റ് രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. ഭരണകൂടത്തിന്റെ ട്രാക്കിംഗ് സിസ്റ്റമായ സൈബര്‍ വിങ്ങിനെ എടുത്ത് ഈ സിനിമയുടെ അവസാനം വരെ കബളിപ്പിച്ച് മുന്നോട്ട് പോകുന്ന സ്റ്റാന്‍ലിയുടെ ഒറ്റയാന്‍ ബുദ്ധി ഫിക്ഷന്‍ രൂപത്തില്‍ കണ്ടിരിക്കുന്നത് ഒരേ പൊളിയാണ്. കുറ്റം – ശിക്ഷ, മൊറാലിറ്റി -കുറ്റവാളിത്തം എന്നീ മോറല്‍ സ്റ്റിഗ്മകളുടെ ഇടയില്‍ സമൂഹത്തില്‍ വിഘടിച്ച് നില്‍ക്കുന്ന ഒറ്റപ്പെട്ട മനുഷ്യന്റെ ഗെയിമുകള്‍ സ്റ്റേറ്റിനെ കബളിപ്പിച്ച് ”ഒന്ന് പോയി പണി നോക്കടാ ഊവേ” എന്ന രീതിയില്‍ സിനിമാറ്റിക് ഫിക്ഷനില്‍ അവതരിപ്പിക്കപ്പെടുന്നത് രസകരമാണ്. അതിന് ഈ സമൂഹം നാല്‍പ്പത് വര്‍ഷക്കാലം ചേര്‍ത്ത് നിര്‍ത്തിയ താരശരീരം തന്നെ ഉപയോഗിച്ചു പണി കൊടുത്തു എന്നതാണ് അതിലെ ചതി. ലോകത്തിലെ സമൂഹത്തിലെ ഏറ്റവും വലിയ ക്ലൈമാക്‌സ് ഷിഫ്റ്റ് ആണത്. ചില ഞെട്ടിപ്പിക്കുന്ന ത്രില്ലര്‍ സിനിമ ക്ലൈമാക്‌സുകള്‍ പോലെ.

സമൂഹം പല മോറല്‍ സ്റ്റിഗ്മകളിലൂടെ കുറ്റവാളികള്‍ ആക്കി ഒറ്റപ്പെടുത്തിയ മനുഷ്യര്‍ ഒക്കെ സ്റ്റാന്‍ലിയെ ആഘോഷിക്കുന്നുണ്ടാകാം. ആ കഥാപാത്രത്തിന്റെ സ്റ്റേറ്റ് വിരുദ്ധതയും സമൂഹത്തിന്റെ അധികാരങ്ങളെ നടുവിരല്‍ കാണിക്കുന്നതും ഒരു സെന്‍സര്‍ ബോര്‍ഡ് മന്ദബുദ്ധികള്‍ക്കും ഈ ജന്മത്തില്‍ മനസ്സിലാകില്ല. സിനിമ എന്ന ടെക്‌നോളജിക്കല്‍ മാധ്യമത്തിന്റെ മെറ്റാ ഇമേജറിയില്‍ അയാള്‍ സ്റ്റേറ്റ് മിഷനറിയുടെ ഭാഗമായി ആ സ്റ്റേറ്റിനെ തന്നെ പണി കൊടുക്കുന്നത് കാണുന്നത് തന്നെ വമ്പന്‍ പൊളിയാണ്.

താരം, അഭിനേതാവ്, സമൂഹത്തില്‍ സ്വീകാര്യനായ ഐക്കണ്‍, കള്‍ട്ട് ഫിഗര്‍, സ്റ്റേറ്റിന് അതീവ സ്വീകാര്യനായ വ്യക്തി എന്നിങ്ങനെ സ്വീകരിക്കപ്പെട്ട ഒരു ആളായി ഉണ്ടായിരുന്ന മമ്മൂട്ടി എന്ന സ്വത്വത്തില്‍ നിന്നും സിനിമ എന്ന മെറ്റാ ഫിക്ഷനിലെ ഒരു കഥാപാത്രമായി അതെ സ്വത്വങ്ങളെ പൊളിച്ച് മാറ്റുന്ന അട്ടിമറി അതെ താരം/അതെ ഐക്കണ്‍ (മമ്മൂട്ടി) തന്നെയാണ് ഇവിടെ നടത്തുന്നത്-ഇതുതന്നെ കള്‍ച്ചറല്‍ പൊളിറ്റിക്‌സിലെ വലിയ തിരിച്ചടിയാണ്.

അതിനപ്പുറം, അല്ലെങ്കില്‍ അതിനു പുറമെ അതെ സമൂഹം അതിന്റെ ജാതീയ ഘടന, അധികാരം, മൊറാലിറ്റി എന്നിവ ഉപയോഗിച്ച് കുറ്റവാളിയാക്കി, ജാതി അതിക്രമങ്ങളിലൂടെ, ജ്യോഗ്രഫിക്കല്‍ ഡിസ്‌പ്ലേസ്‌മെന്റിലൂടെ, വംശീയതയുടെ അപരത്വത്തിലേക്ക് പലപ്പോഴും തള്ളിയിട്ടിരുന്ന റിയല്‍ ലൈഫിലെ വിനായകനെ ആണ് ഈ സിനിമ മെറ്റാ റിയാലിറ്റിയില്‍ ഒരു നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. അതാണ് ഇതിന്റെ ഏറ്റവും വലിയ സൗന്ദര്യം. അങ്ങനെ സമൂഹം, സമൂഹം സിംഹാസനം കൊടുക്കുന്ന ചില വ്യക്തികള്‍, പുറമ്പോക്കിലേക്ക് അടിച്ചോടിക്കുന്ന ശരീരങ്ങള്‍, സ്റ്റേറ്റിന് സ്വീകാര്യനായ വ്യക്തികള്‍ എന്നിവ ഒക്കെ ചേര്‍ത്ത് നിര്‍മ്മിച്ച ഒരു ‘റിയാലിറ്റി’യില്‍ നിന്ന് സിനിമ ഒരു മാജിക്കല്‍ റിയലിസത്തിലൂടെ അവയെ മുഴുവന്‍ അട്ടിമറിച്ച് നായകശരീരങ്ങളെ പൊളിച്ചു വിട്ട്, ഇതേ സമൂഹത്തെയും സ്റ്റേറ്റിനെയും ആക്ടിവിസങ്ങളെയും മൊറാലിറ്റിയെയും നടുവിരല്‍ കാണിക്കുന്നു എന്ന അന്യായ ട്രിപ്പ് നല്‍കുന്ന ഒരു ടെക്സ്റ്റ് ആയി കളങ്കാവില്‍ മാറുന്നു. അതുകൊണ്ടുതന്നെ ആ സിനിമ കണ്ടിട്ട് മൂന്ന് നാലു ദിവസം കഴിഞ്ഞിട്ടും അത് എന്നെ വിട്ടുപോകാതെ കൂടെ ചേരുന്നത്.

മലയാള സിനിമയിലെ ഒരു ചരിത്രമാണ് കളങ്കാവല്‍.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.