Skip to main content

കളങ്കാവല്‍ എന്ന ലെവിയത്താന്‍

കേരളത്തിലെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന സിനിമയാണ് ”കളങ്കാവല്‍”. സിനിമയുടെ പേരില്‍ത്തന്നെ വലിയൊരു പുതുമയുണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ ഒരു രസമുള്ള പേരാണ് കളങ്കാവല്‍. മമ്മൂട്ടി സിനിമ കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. മമ്മൂട്ടി പ്രതിനായകവേഷത്തില്‍ എത്തുന്ന സിനിമയെന്നതും വിനായകന്‍ നായക വേഷത്തില്‍ വരുന്ന സിനിമയെന്നതും കളങ്കാവലിന് കൂടുതല്‍ പ്രേക്ഷകശ്രദ്ധ കിട്ടാനുള്ള കാരണമാണ്. എന്തായാലും തീയേറ്ററില്‍ എത്തുന്നതിന് മുന്‍പുതന്നെ കാണികളുടെ മനസ്സില്‍ ആകാംഷ നിറച്ച ചിത്രം ഇറങ്ങി മൂന്നുനാള്‍ പിന്നിടുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയെ തെറ്റിച്ചിട്ടില്ല എന്ന സൂചനയാണ് നിറഞ്ഞ തീയേറ്ററുകള്‍ സൂചിപ്പിക്കുന്നത്. ഒരു വ്യാവസായിക ഉല്‍പ്പന്നം എന്ന നിലയില്‍ കളങ്കാവല്‍ എന്ന സിനിമ അതിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു കഴിഞ്ഞിരിക്കുന്നു. ആ നിലയ്ക്ക് സിനിമ അമ്പതുകോടിയിലേക്കോ നൂറു കോടിയിലേക്കോ വളര്‍ന്നാലും ആരും അത്ഭുതപ്പെടേണ്ടതില്ല. സിനിമയുടെ തുടക്കത്തില്‍ തന്നെ ആരാണ് വില്ലന്‍ ആരാണ് കുറ്റവാളി എന്ന് കാണികളോട് കൃത്യമായി പറഞ്ഞതിനു ശേഷവും പരിണാമഗുപ്തിയുടെ തീവ്രതയനുഭവിക്കാന്‍ കാണികള്‍ക്ക് കഴിയുന്നു എന്നത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ക്രാഫ്റ്റ്മാന്‍ഷിപ്പില്‍ അവര്‍ക്കുള്ള വൈദഗ്ദ്യവും കയ്യടക്കവും സൂചിപ്പിക്കുന്നു. സിനിമ സ്‌ക്രീനിന്റെ ഒരു ഭാഗത്തിലൂടെ വില്ലന്‍ അയാളുടെ ക്രൂരതകള്‍ മുഴുവന്‍ പുറത്തെടുക്കുമ്പോള്‍ മറുപകുതിയില്‍ അയാളിലേക്ക് മെല്ലെ മെല്ലെ അടുക്കുന്ന പോലീസ് ഓഫിസറും ഉണ്ടാക്കുന്ന വൈകാരികമായ സമ്മര്‍ദ്ദം താങ്ങുക മനക്കട്ടി കുറഞ്ഞ കാണികള്‍ക്ക് അത്രയെളുപ്പം ആവില്ല.

നമുക്കൊക്കെ മിക്കവാറും നല്ല പാചകക്കാര്‍ കൂടിയായ സുഹൃത്തുക്കള്‍ ഉണ്ടാവുമല്ലോ. പാചകം നന്നായി ചെയ്യുക രുചിയുള്ള സാധനങ്ങള്‍ ഉണ്ടാക്കുക എന്നതിനപ്പുറം ചെയ്യുന്ന പ്രവൃത്തിയില്‍ ശരീരവും മനസ്സും അര്‍പ്പിക്കുന്ന ചിലരെ കണ്ടിട്ടുണ്ടാവുമല്ലോ. അവര്‍ വെറും പാചകം മാത്രമല്ല ചെയ്യുന്നത്. അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ സമ്പൂര്‍ണ്ണമായി അവരുടെ മനസ്സും ശരീരവും അര്‍പ്പിക്കുന്നു. ചെയ്യുന്ന പ്രവൃത്തിയുടെ ഓരോ അംശവും അറിഞ്ഞും ആസ്വദിച്ചുമാകും അവര്‍ പാചകം ചെയ്യുക. മമ്മൂട്ടി അവതരിപ്പിക്കുന്ന സ്റ്റാന്‍ലി ദാസ് ഇത്തരമൊരു വ്യക്തിയാണ്. അയാള്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായി മുഴുകുകയും, അതിന്റെ ഓരോ അംശവും ആസ്വദിച്ച് ചെയ്യുകയും, ചെയ്യുന്ന പ്രവൃത്തിയില്‍ നിന്നും ലഭിക്കുന്ന ആഹ്ലാദത്തിന്റെ അവസാന തുള്ളിവരേയും രുചിക്കുകയും, ഏര്‍പ്പെടുന്ന കാര്യത്തില്‍ നിന്നും ലഭിക്കുന്ന സുഖാനുഭവത്തെ വീണ്ടുംവീണ്ടും കിട്ടാനായി ഏതറ്റംവരേയ്ക്കും പോകാന്‍ മടിയില്ലാത്തതുമായ ആളാണ് സ്റ്റാന്‍ലി ദാസ്. ചന്തയില്‍പോയി എല്ലാ കടകളിലും കയറിയിറങ്ങി തനിക്ക് വേണ്ടവയെല്ലാം വാങ്ങി, അവയെല്ലാം ചേര്‍ത്തത് തനിക്കാവശ്യമായ ഭക്ഷണം ഏറ്റവും രുചികരമായി ഉണ്ടാക്കി കഴിച്ചതിന് ശേഷം പാത്രം കഴുകി അടുക്കളയും വൃത്തിയാക്കി ഉറങ്ങാന്‍ പോകുന്ന അത്രയും ലാഘവത്തോടെയാണ് സ്റ്റാന്‍ലി ദാസ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്.

സ്റ്റാന്‍ലി ദാസ് ഒരു സാധാരണ പോലീസുകാരനാണ്. ഭാര്യയും കുഞ്ഞുമായി കഴിയുന്ന ഒരു ഗൃഹസ്ഥന്‍. ഭാര്യക്ക് ഒപ്പം സീരിയല്‍ കാണുകയും തിന്നുകയും കുടിക്കുകയും ഒക്കെ ചെയ്യുന്ന ഒരു വെറും സാധാരണ മനുഷ്യന്‍. എന്നാല്‍ പുറമെയുള്ള സാധാരണത്വത്തിന് പുറകില്‍ കൃത്യമായി അയാള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള അസാധാരണമായ മറ്റൊരു ലോകവും മറ്റൊരു സ്റ്റാന്‍ലി ദാസുമുണ്ട്. ആ ലോകത്തിലേക്കാണ് കാണികളെ സംവിധായകനും തിരക്കഥാകൃത്തും നയിക്കുന്നത്. നമ്മുടെയൊക്കെ ഉള്ളില്‍ ഇരട്ടവ്യക്തിത്വങ്ങള്‍ ഉണ്ട്. കൊല്ലാനും മോഷ്ടിക്കാനും ബലാല്‍ക്കാരം ചെയ്യാനുമൊക്കെ മോഹിക്കുന്ന ഒരു അദൃശ്യവ്യക്തിത്വം നമുക്കെല്ലാമുണ്ട്. മറ്റുള്ളവര്‍ അറിയാത്തത്ര, അറിയാത്തിടത്തോളം ആ അദൃശ്യവ്യക്തിത്വത്തെ തൃപ്തിപ്പെടുത്താന്‍ നമ്മളൊക്കെ ശ്രമിക്കും. തന്റെ മനോഹരമായ ശരീരത്തിനകത്ത് ഏറ്റവും ഗോപ്യമായി അയാള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള തന്നിലെ അദൃശ്യ വ്യക്തിത്വത്തെ തൃപ്തിപ്പെടുത്താന്‍ ഏതറ്റംവരെപ്പോകാനും സ്റ്റാന്‍ലിക്ക് മടിയില്ല. അതിനുവേണ്ടി എന്ത് ചെയ്യാനും അയാള്‍ക്ക് മടിയില്ല. സ്വന്തം സുഖത്തെ തേടുന്നതിന് തടസ്സം നില്‍ക്കുന്ന ആരെയും എതിര്‍ക്കാനും അയാള്‍ക്ക് യാതൊരു പേടിയോ മടിയോ ഇല്ല. തന്റെ ഉള്ളിന്റെയുള്ളില്‍ ചങ്ങലപൊട്ടിച്ചു പുറത്ത് വരാന്‍ വെമ്പുന്ന ഒരു സ്റ്റാന്‍ലി ദാസും, കുടുംബസ്ഥനായ, പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ള മറ്റൊരു സ്റ്റാന്‍ലി ദാസും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങളെ മമ്മൂട്ടി അനായാസം കൈകാര്യം ചെയ്യുന്നുവെന്നത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ അദ്ധേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വരുന്ന ജയകൃഷ്ണനെന്ന പോലീസുകാരന്‍ സ്റ്റാന്‍ലി ദാസുണ്ടാക്കുന്ന രുചികരമായ വിഭവങ്ങളുടെ ഗന്ധമറിയുന്നതോടെയാണ് സിനിമ അതിന്റെ വശ്യമായ എന്നാല്‍ പേടിപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കടക്കുന്നത്. വിനായകനെ സംബന്ധിച്ചിടത്തോളം അദ്ധേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്ന ഒരു കഥാപാത്രമാണ് ജയകൃഷ്ണനെന്ന പോലീസുകാരന്‍. സ്റ്റാന്‍ലി ദാസുണ്ടാക്കുന്ന ഭ്രമാത്മകമായ ഒരുലോകത്തിനകത്തേക്ക് കടക്കുന്ന ജയകൃഷ്ണന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ ഏറ്റവും സൂക്ഷ്മമായും എന്നാല്‍ തീവ്രമായും വിനായകന്‍ അവതരിപ്പിക്കുമ്പോള്‍ ഏറ്റവും ചെറിയ ശരീരചലനങ്ങളിലൂടെ എങ്ങനെയാണ് അനുഭവങ്ങളുടെ വലിയൊരു ലോകത്തെ കാണികളിലേക്ക് മികച്ച അഭിനേതാക്കള്‍ കൊണ്ടുവരുന്നതെന്നാണ് നമ്മള്‍ തീയേറ്ററില്‍ അറിയുന്നത്. തന്റെ ശരീര ചലനങ്ങളെ ഏറ്റവും മിതമായ നിലയിലേക്ക് ചുരുക്കി അഭിനയിക്കുന്ന വിനായകന്റെ ജയകൃഷ്ണന്‍ മലയാളി പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും പുതിയൊരനുഭവമായിരിക്കും.

സൂക്ഷിച്ചു നോക്കിയാല്‍ ജയകൃഷ്ണനും സ്റ്റാന്‍ലി ദാസും തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയില്‍ അമിതാനന്ദം കണ്ടെത്തുന്നവര്‍ ആണെന്ന് കാണാം. ഒരാള്‍ ചെയ്യുന്നത് നിയമവിധേയവും മറ്റേയാള്‍ ചെയ്യുന്നത് നിയമവിരുദ്ധവും ആണെന്ന വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ രണ്ടുപേരും തങ്ങളുടെ പ്രവൃത്തിയില്‍ അത്യാനന്ദം തിരയുന്നവരാണ്. മറ്റാരും അറിയാതെ തന്റെ ആനന്ദത്തെ അനുഭവിക്കാനുള്ള സ്റ്റാന്‍ലി ദാസിന്റെ ശ്രമത്തിന്റെ മറുവശമാണ് കുറ്റവാളിയെ പിടിക്കാനുള്ള ആഗ്രഹം ഒരു മാറാബാധയായി ജയകൃഷ്ണനെ വരിഞ്ഞുമുറുക്കുന്നതും. രണ്ടുപേരും അവരുടെ മനസ്സുകളുടെ തടവറയിലാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് മിഴിവ് കൂടുന്നത്, ഏത് നിമിഷവും താന്‍ തിരയുന്നയാള്‍ തന്റെ വലയില്‍ വീഴുമെന്ന വിനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ശുഭാപ്തിവിശ്വാസമാണ്. തിരയലും ഒളിക്കലും ഉണ്ടാക്കുന്ന വൈകാരിക രസത്തെ അതിന്റെ പരമാവധിയിലേക്ക് കൊണ്ടുപോകാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.

ആദ്യ സീനില്‍തന്നെ വില്ലനെ കാണികള്‍ക്ക് കാണിച്ചുകൊടുത്തതിനു ശേഷവും രണ്ടേകാല്‍ മണിക്കൂര്‍ അവരുടെ ശ്രദ്ധ പിടിച്ചു നിര്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞുവെന്നതാണ് അവരുടെ ശക്തി. ഒന്ന് പാളിപ്പോയാല്‍ അതോടെ സിനിമയുടെ കട്ടയും പടവും മടങ്ങിപ്പോകും എന്നതുറപ്പാണ്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല ജയകൃഷ്ണനൊപ്പം സ്റ്റാന്‍ലി ദാസിന് പുറകെ കാണികളെല്ലാം തീയേറ്ററില്‍ സഞ്ചരിക്കുകയായിരുന്നു. മമ്മൂട്ടി എന്ന താരരാജാവിന്റെ ശരീരത്തിന്റെ സൌന്ദര്യവും സ്റ്റാന്‍ലി ദാസെന്ന കഥാപാത്രത്തിന്റെ മനസിലെ വൈകൃതങ്ങളും ചേരുമ്പോള്‍ ഉണ്ടാകുന്ന ദൃശ്യാനുഭവം അനിര്‍വചനീയമാണ്. ഇത്തരമൊരു കഥാപാത്രത്തെ ഏറ്റവും വിശ്വസനീയമായി മലയാളത്തില്‍ ചെയ്യാന്‍ മറ്റൊരു നടന്‍ ഉണ്ടാകുമോ എന്നത് സംശയമാണ്. മമ്മൂട്ടി അഭിനയത്തിന്റെ അനന്തസാദ്ധ്യതകള്‍ കാണിക്കുമ്പോഴും മറുവശത്ത് വിനായകന്റെ ജയകൃഷ്ണന്‍ അക്ഷോഭ്യനായി തന്റെ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് പോയതുകൊണ്ട് രണ്ടു കാര്യങ്ങള്‍ സംഭവിച്ചു.ഒന്ന് കളങ്കാവല്‍ എന്നൊരു മികച്ച ചിത്രം നമുക്ക് ലഭിച്ചു. മറ്റൊന്ന് വിനായകനില്‍ നിന്നും മമ്മൂട്ടിയില്‍ നിന്നും മലയാള സിനിമയ്ക്ക് ഇനിയും നേടാന്‍ ഒരുപാടുണ്ട് എന്നുറപ്പായി നമുക്ക് പറയാന്‍ പറ്റും.
തോമസ് ഹോബ്‌സിന്റെ വിശ്വവിഖ്യാതമായ പുസ്തകമാണ് ”ലെവിയത്താന്‍”. അധികാരത്തിന്റെ നിയന്ത്രണത്തില്‍ അല്ലെങ്കില്‍ മനുഷ്യനെപോലെ ഏറ്റവും അപകടകാരിയായ മറ്റൊരു മൃഗമില്ലെന്നാണ് ലെവിയത്താനിലൂടെ തോമസ് ഹോബ്‌സ് പറയാന്‍ ശ്രമിക്കുന്നത്. നിയമത്തിന് വിധേയമല്ലാത്ത ഒരു സമൂഹത്തില്‍ എല്ലാ മനുഷ്യരും മറ്റുള്ളവരെ പേടിക്കുകയും സ്വയം കൊല്ലപ്പെടുന്നതിന് മുന്‍പ് അപരനെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യരുടെ ജീവിതം ‘solitary, poor, nasty, brutish, and short.’ ആകുമെന്നാണ് ഹോബ്‌സ് പറഞ്ഞത്. മനസ്സിന്റെ അബോധതലങ്ങളില്‍ മനുഷ്യനോളം വൃത്തികെട്ട മറ്റൊരു മൃഗം ഇല്ലെന്നാണ് ഫ്രോയ്ഡും പറഞ്ഞത്. മനുഷ്യന്‍ സ്വാര്‍ത്ഥനായ മൃഗമാണെന്നാണ് ലെവിയത്താനിലൂടെ ഹോബ്‌സ് പറയാന്‍ ശ്രമിച്ചത്.

എന്നാല്‍ മനുഷ്യനൊരു സാമൂഹ്യജീവിയാണെന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. മനുഷ്യരുടെ സാമൂഹ്യജീവിതത്തിന്റെ മാധുര്യത്തെയാണ് ആഡം സ്മിത്ത് അദ്ധേഹത്തിന്റെ വെല്‍ത്ത് ഓഫ് നേഷന്‍ എന്ന പുസ്തകത്തില്‍ വിവരിച്ചത്. സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും മഹത്തായ മാതൃകയെ ആണ് കമ്യൂണിസത്തിലൂടെ മാര്‍ക്‌സും പറയാന്‍ ശ്രമിച്ചത്. ഫ്രോയ്ഡ് പറഞ്ഞ ഏറ്റവും വലിയ വൃത്തികെട്ട മൃഗമായ മനുഷ്യനില്‍ കരുണയുടെ വലിയ ലോകങ്ങള്‍ ഉണ്ടെന്നാണ് മാര്‍ക്‌സും ആഡം സ്മിത്തും രണ്ടു രീതിയില്‍ പറഞ്ഞത്. അനുകൂലമായ സാഹചര്യത്തില്‍ ഒരു മനുഷ്യന്‍ എന്ത് ചെയ്യും എന്ന് അയാള്‍ക്ക് പോലും പ്രവചിക്കാന്‍ കഴിയാത്തത്ര നിഗൂഡമാണ് നമ്മുടെ മനസെന്നാണ് ഫ്രോയ്ഡ് പറഞ്ഞത്. ഫ്രോയ്ഡ് പറഞ്ഞ മനുഷ്യനെതന്നെയാണ് അദ്ധേഹത്തിനും മുന്‍പ് ‘solitary, poor, nasty, brutish, and short.’ ആയ ലെവിയത്താന്‍ ജീവിതത്തെക്കുറിച്ച് തോമസ് ഹോബ്‌സും പറയുന്നത്. കളങ്കാവലിലെ സ്റ്റാന്‍ലി ദാസ് തോമസ് ഹോബ്‌സിന്റെ ലെവിയത്താന്‍ ആണ്. അയാളുടെ ജീവിതം ‘solitary, poor, nasty, brutish, and short.’ ആണ്. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാവരുടെ ഉള്ളിലും സ്റ്റാന്‍ലി ദാസും ലെവിയത്താന്മാരും ഉണ്ടാകും എന്നാണ് ഫ്രോയ്ഡ് ഉറപ്പിച്ചുപറഞ്ഞത്. ആര്‍ക്കും പ്രവേശനമില്ലാത്ത നമ്മുടെ മനസ്സുകളില്‍ നമ്മളൊക്കെ ലെവിയത്താന്മാര്‍ ആയതുകൊണ്ടാകും യേശുദേവന്‍ പറഞ്ഞത് ”നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്ന്. ഒരാള്‍ സ്റ്റാന്‍ലി ദാസാകുമോ അതോ ജയകൃഷ്ണനാകുമോ എന്നത് അവസരങ്ങളുടെ അഭാവം നിശ്ചയിക്കുന്ന ഒരു സാധ്യത മാത്രമാണ്. ഓരോ മനുഷ്യരിലും ഇവര്‍ രണ്ടുപേരും ഉണ്ടെന്നാണ് ഫ്രോയ്ഡ് പറഞ്ഞത്. എല്ലാവരും തീയേറ്ററില്‍ത്തന്നെ പോയി കാണേണ്ട മനോഹരമായ സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടിയോ വിനായകനോ എന്നല്ല മറിച്ച് രണ്ടുപേരും ചേര്‍ന്നൊരുക്കുന്ന സിനിമാറ്റിക്ക് അനുഭവമാണ് കളങ്കാവല്‍.

സിനിമയുടെ സംവിധായകന്‍ ജിതിന്‍ കെ. ജോസ്, തിരക്കഥയില്‍ ജിതിനൊപ്പം നിന്ന ജിഷ്ണു ശ്രീകുമാര്‍, ക്യാമറാമാന്‍ ഫൈസല്‍ അലി ശബ്ദസാന്നിധ്യം നല്‍കിയ മുജീബ് മജീദ്, സിനിമയില്‍ അഭിനയിച്ചതും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാവരോടും മലയാളി പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നു. ഇത്ര നല്ലൊരു സിനിമ നല്‍കിയതിന്. സിനിമയില്‍ വന്നുപോകുന്ന നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. പുരുഷബീജം പതിക്കാനുള്ള മണ്ണ് മാത്രമാണ് സ്ത്രീ ശരീരമെന്ന ഭാരതീയ ആപ്തവാക്യത്തെയാണ് സിനിമ അവരിലൂടെ നമ്മളിലേക്ക് പകരുന്നത്. വൈകുന്നേരത്തെ അത്താഴവും കഴിച്ച് കുടുംബത്തിനൊപ്പം സീരിയലും കണ്ടുറങ്ങുന്ന മാന്യനായ സ്റ്റാന്‍ലി ജോസും, പുരുഷന്‍ വിത്ത് വിതയ്ക്കുന്ന മണ്ണാണ് സ്ത്രീയെന്ന ആപ്തവാക്യവും ചേരുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യന്‍ ഉണ്ടാകുന്നത് എന്നാണ് ഫ്രോയ്ഡ് പറഞ്ഞത്. ഫ്രോയ്ഡിയന്‍ സൈക്കോ അനാലിസിസിന്റെ അനന്ത സാദ്ധ്യതകള്‍ തുറന്നിടുന്ന സ്റ്റാന്‍ലി ജോസ് നിര്‍ബന്ധമായും തീയേറ്ററില്‍ പോയിത്തന്നെ കാണേണ്ട കഥാപാത്രമാണ്. അവിടെ ചെന്നാലേ നിങ്ങള്‍ക്ക് ജയകൃഷ്ണന്റെ അന്വേഷണത്തിന്റെ രസം നുകരാന്‍ കഴിയൂ. അസുരനെ വധിക്കുന്ന കാളിയുടെ കഥയാടുന്ന ക്ഷേത്രാചാരമാണ് കളങ്കാവല്‍. ഒന്നുള്ളിലേക്ക് നോക്കിയാല്‍ നമ്മളെല്ലാം കളങ്കാവലില്‍ ആണുള്ളത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.