ശബരിമലയിലെ സ്വർണം കളവു പോയ വിഷയത്തിൽ കേരളത്തിലെ മാധ്യമ സിംഹങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി എന്ന ചെങ്ങാതിയുടെ വീടിനു മുന്നിൽ ഏതോ സിനിമയിൽ ഇന്ദ്രൻസ് “തമ്പുരാനേ…..” എന്ന് വിളിക്കുന്നതുപോലെ വിധേയൻ തൊമ്മിയായി “തിരുമേനിക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട്?” എന്ന് ചോദിച്ചിരുന്നു. ഒരു മാതിരി പൊന്തന്മാട ലൈൻ ആയിരുന്നു അന്ന് മാധ്യമ റിപ്പോർട്ടർ സിംഹങ്ങൾക്ക്. അത്തരം ഒരു പോറ്റിയെ അയാളുടെ ഉടായിപ്പ് ഫ്രോഡ് പരിപാടിയെ “പോറ്റിയെ കേറ്റിയെ” എന്ന ഒരൊറ്റ പാരഡി പാട്ട് കൊണ്ട് അട്ടിമറിച്ച് പോപ്പുലർ കൾച്ചറിൽ അയാളെ എക്‌സ്‌പോസ് ചെയ്തു എന്നതാണ് അതിമനോഹരമായ കാര്യം.
കേരളം സമൂഹത്തിൽ പാരഡി പാട്ടുകളുടെ തലത്തൊട്ടപ്പനായിരുന്നു വി.ഡി. രാജപ്പൻ. ആധുനികതയുടെയും പുരോഗമനത്തിന്റെയും കേരള നവോത്ഥാന ഉടായിപ്പിൽ വി.ഡി. രാജപ്പൻ പുറത്തായിരുന്നു, അല്ലെങ്കിൽ ഒരു അണ്ടർവേൾഡ് ആയിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് പോൺ സിനിമകൾ കാണുന്നതുപോലെ വി.ഡി. രാജപ്പന്റെ പാട്ടുകൾ പുരോഗമന സ്പേസിൽ ഞങ്ങൾക്ക് ഒളിച്ചിരുന്ന് കേൾക്കേണ്ടതായി വന്നിട്ടുണ്ട്. വി.ഡി. രാജപ്പൻ ഇങ്ങനെ കേരളത്തിലെ അടിത്തട്ടിലെ ജനങ്ങളെ ചിരിപ്പിച്ചപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ അതിനെ തള്ളി പറഞ്ഞു നാടകങ്ങളുടെയും കഥാപ്രസംഗങ്ങളുടെയും ജോൺ എബ്രഹാമിന്റെ സിനിമകളെയും ആഘോഷിച്ചു. വി.ഡി. രാജപ്പൻ വെറും നാലാം തരക്കാരനായി.
അതേസമയം കേരളത്തിലെ പോപ്പുലർ കൾച്ചറിൽ മറ്റൊരിടത്ത് തമ്പുരാൻ/പോറ്റി ടീമുകളെ എടുത്ത് കൊമ്പത്ത് വെക്കുന്ന സിനിമകൾ പോപ്പുലർ കൾച്ചറിൽ വ്യാപകമായി. (അതിനു വേറെ കാഴ്ചകളും ഉണ്ടായി. അത് ഇപ്പോൾ ഇവിടെ പറയുന്നില്ല). ആര്യൻ, ചിത്രം, അമൃതം ഗമയ, അരവിന്ദന്റെ വാസ്തുഹാര അടക്കം ബ്രാഹ്മണ മഹാത്മ്യം വിളിച്ചോതി. മലയാള സിനിമാ പാട്ടുകളിൽ ഒരു വിഭാഗം അഗ്രഹാരങ്ങളെ വാഴ്ത്തിപ്പാടി. പിന്നെ നാദിർഷ ടീമിന്റെ ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഓണത്തിന് ഇറങ്ങുന്ന കാസറ്റുകളിലൂടെയാണ് പാരഡി ഗാനങ്ങൾ വീണ്ടും തിരിച്ചു വരുന്നത്.
കേരളത്തിലെ പുരോഗമന ഇടതുപക്ഷം എന്നത് ഒരു ബ്രാഹ്മണിക് ലോജിക് ആണെന്ന് പുതിയ നൂറ്റാണ്ടിൽ വ്യാപകമായി വായിക്കപ്പെടുകയും പൊതു ബോധത്തിൽ അത്തരം ആശയങ്ങൾ ഉയർന്നുവരികയും ചെയ്തു. ഇത് ഉൾക്കൊള്ളാൻ ഇടതുപക്ഷത്തിന് ആയതുമില്ല. അങ്ങനെ പറഞ്ഞവരെ സ്വത്വവാദികൾ എന്ന് പറഞ്ഞു ചാപ്പ കുത്തുകയും ചെയ്തു. ബുദ്ധിജീവികൾ, ആക്ടിവിസ്റ്റുകൾ, ചിന്തകർ ഒക്കെ കുറെ വര്ഷങ്ങളായി പറഞ്ഞ കാര്യങ്ങൾ ഒരൊറ്റ പാട്ടിലൂടെ, കേരളം അധോലോകം എന്ന് പറഞ്ഞു തള്ളിയ പാരഡിയിലൂടെ പോപ്പുലർ കൾച്ചറിൽ എല്ലാവരിലേക്കും എത്തിച്ചു എന്നതാണ് “പോറ്റിയെ കേറ്റിയെ…..” എന്ന ഒരൊറ്റ പാട്ടിലൂടെ ചെയ്യുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മോന്തക്ക് പൊന്നീച്ച പാറുന്ന പൊട്ടിക്കലാണ്. ആക്ടിവിസ്റ്റുകൾ, ബുദ്ധിജീവികൾ ഒക്കെ സംസാരിച്ചാൽ അത് എവിടെവരെ പോകും എന്ന് ഇടതുപക്ഷത്തിനു നന്നായി അറിയാം. പക്ഷേ പോപ്പുലർ കൾച്ചറിൽ കേരളത്തിന്റെ മുക്കിലും മൂലയിലും ഈ പാട്ട് ഹിറ്റ് ആയതോടെ ഇടതുപക്ഷം എക്‌സ്‌പോസ്‍ഡ് ആയതുകൊണ്ടാണ് ഇപ്പോൾ ഇവർ വാലിന് തീ പിടിച്ചപോലെ മതവികാരം വൃണപ്പെടുത്തി എന്ന് പറഞ്ഞു ഓടുന്നത്. വല്ലാത്ത ഒരു ഗതികേടാണ് അത്. ഒരു വികാസവുമില്ലാത്ത ഒരു ഇടപ്പാടാണതു. അത് കൊണ്ട് തന്നെ ആണ് ഇപ്പോഴും ഇടതു പക്ഷത്തിന്റെ ദേശീയ ഗാനം “നാമീ മണ്ണ് പൊന്നാക്കും നാളെ..”, “ചോര വീണ മണ്ണിൽ ..”, “കൊല്ലപ്പരീക്ഷ അടുക്കാറായി സഖാവേ..” ഒക്കെ ആയി മാറുന്നത്.
കേരളത്തിലെ സിനിമാ പാട്ടിലെ പോപ്പുലർ കൾച്ചർ പഴയ വയലാർ മുതൽ ഇങ്ങു ഗിരീഷ് പുത്തഞ്ചേരി വരെ ഉണ്ടാക്കിയ ഒരു സംവേദനത്തിന്റെ സൗന്ദര്യശാസ്ത്രം പുതിയ പാട്ടുകാർ ആകെ അട്ടിമറിച്ചിട്ടുണ്ട്. കേരളീയ ഗ്രാമീണതയിൽ നിന്ന് വിട്ടുകൊണ്ട്, കാവ്യാത്മകതക്ക് നടു വിരൽ കാണിച്ചുകൊണ്ട്, പുതിയ പോസ്റ്റ്-മോഡേൺ ലൈഫിലെ ജെനറേഷനോട് ഇവരുടെ പാട്ടുകൾ വൈബ് ക്രിയേറ്റ് ചെയ്യുന്നു. അതുകൊണ്ട് തന്നെ കേരളത്തിന്റെ പോപ്പുലർ കൾച്ചറിൽ വേടൻ പോലുള്ളവർ സ്വീകാര്യരാകുന്നത്. അത് പൊളിറ്റിക്സ് മാത്രമല്ല, അവരുടെ പാട്ടുകളിലെ ശബ്ദം, ബോഡി മൂവ്‌മെന്റ്സ്, ഉപയോഗിക്കുന്ന മൈക്ക്, ജനങ്ങളോടുള്ള ഇന്ററാക്ഷൻ, ഉപയോഗിക്കുന്ന വാക്കുകൾ ഒക്കെ അതിനു ടൂളുകൾ ആകുന്നു. ഇല്ലുമിനാട്ടി എന്ന പാട്ടൊക്കെ ഹിറ്റ് ആകുന്നത് അങ്ങനെ ആണ്. ഇവിടെ അത്തരത്തിൽ കഴിഞ്ഞ പത്തിരുപതു വർഷം ബ്രാഹ്മണിസത്തിനെതിരെ പറഞ്ഞ തിയറികൾ, ബ്രാഹ്മണിക് ഇടതുപക്ഷത്തിനെതിരെ ഉയർന്ന ശബ്ദങ്ങൾ “പോറ്റിയെ കേറ്റിയെ…” എന്ന ഒരൊറ്റ പാട്ടിലൂടെ കേരളത്തിലെ പൊതു സമൂഹത്തിൽ തീ പടർത്തി എന്നതാണ് ഈ പാട്ടിന്റെ വിജയം.
അതുകൊണ്ട് തന്നെ “പോറ്റിയെ കേറ്റിയെ” എന്ന പാട്ട് കേരളം ചരിത്രത്തിലെ ബ്രാഹ്മണിക് സാംസ്കാരികതയിൽ ഒരു അട്ടിമറിയാണ്. ഇനിയും ഫ്രോഡുകളായ പോറ്റിമാരെ കളിയാക്കുന്ന പാട്ടുകൾ ഉണ്ടാകട്ടെ.







No Comments yet!