Skip to main content

വിലായത്ത് ബുദ്ധ – ബൈനറികളുടെ ലാബറിന്ത്

‘വിലായത്ത് ബുദ്ധ’ ഒരിക്കൽ കൂടി വായിക്കാൻ തോന്നി, സിനിമ കാണും മുൻപ്. സോഷ്യൽ മീഡിയ തൽക്ഷണനിരൂപകരുടെ റേറ്റിങ്ങിൽ മതിപ്പുളവാക്കാത്ത സിനിമ കണ്ടത് നോവൽ വായനയിൽ നിന്നുളവായ ഒരേയൊരു താല്പര്യത്തിൽ ജി.ആർ. ഇന്ദുഗോപന്റെ നോവലിന് സംവിധായകൻ ജയൻ നമ്പ്യാർ സാക്ഷാത്ക്കരിച്ച അനുകല്പനം (Adaptation) കണ്ടത് നന്നായി എന്ന നിനവിൽ തിയ്യറ്റർ വിട്ടിറങ്ങി. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ പടമാകെ ബൈനറികളുടെ ലാബറിന്ത്. തിയ്യറ്റർ വിട്ടുപോരുമ്പോൾ കാഴ്ചയ്ക്കപ്പുറവും ഒപ്പവും ആലോചിക്കാവുന്ന ചില കാര്യങ്ങൾ ! മുക്തിപഥത്തിലെത്താതെ അലോസരപ്പെടുത്തുന്ന കാഴ്ചയും വിചാരങ്ങളും .

സിനിമയിലെ സ്ഥലം, ദേശം മറയൂരാണ്. ‘മറ’ വേദവും മറ്റൊരാർത്ഥത്തിൽ കക്കൂസും ആണ് (മറപ്പുര). ബുദ്ധവേദത്തിന്റെ മഞ്ഞയും കക്കൂസിലെ മലമഞ്ഞയും ഗന്ധ-നാറ്റ, ശ്ലീല – അശ്ലീല, അമല – മല ബൈനറികളായി നോവലിലെന്നപോലെ സിനിമയുടെ ദൃശ്യാഖ്യാനത്തിനകത്ത് ചലിക്കുന്നു.

പ്രണയവും പ്രതികാരവും ഉദ്വേഗവും നിറഞ്ഞ 'വിലായത്ത് ബുദ്ധ'; റിവ്യു | Vilaayath Budha Review | Vilaayath Budha Rating | Vilaayath Budha Malayalam Review

മറയൂരിലെ ചന്ദനവും ഭൗമസൂചികാ പദവി നേടിയ ശർക്കരയും മഞ്ഞനിറം. കാഴ്ചയിലും പദവിയിലും ശ്രേഷ്ഠമായത്. പക്ഷേ, വെളുപ്പിന് മുന്നിൽ മഞ്ഞ കറയാണ്. പേര്ദോഷമുള്ള ചെമ്പകത്തിന്റെയും മകൾ ചൈതന്യത്തിന്റെയും ഉപജീവനമാർഗം കൂടിയാണ് ശർക്കര. പക്ഷേ ആ മഞ്ഞയിലല്ല, ലൈംഗിക അരാജകത്വത്തിന്റെ മഞ്ഞക്കറയിലാണ് ആ സ്ത്രീകളുടെ ജീവിതത്തെ സമൂഹം എന്നന്നേക്കുമായി ചവിട്ടിത്തേക്കുന്നത്.

നാട്ടിലെ പ്രമാണിയും പൊതു കാര്യ – രാഷ്ട്രീയ പ്രസക്തനും അധ്യാപകനും സദാചാര കോവിദനുമാണ് തൂവെള്ള ഭാസ്കരൻ. (അദ്ദേഹത്തിന്റെ ഭാഷയിൽ യശോധാവള്യം!)

അങ്ങനെ പേരെടുത്ത തൂവെള്ള ഭാസ്കരൻ തീട്ടക്കുഴിയിൽ വീഴുന്നതോടെയാണ് സിനിമ നിറത്തെപ്പറ്റിയും
രുചി – ഗന്ധ വിനിമയങ്ങളെപ്പറ്റിയും കലഹിച്ചു തുടങ്ങുന്നത്. ശീലക്കേട് കൊണ്ട് പേരുകേട്ട അമ്മയും മകളും താമസിക്കുന്ന വീടിന്റെ പിന്നാമ്പുറത്തെ തീട്ടക്കുഴിയിലാണ് ഭാസ്കരൻ വീണ് സദാചാര ഗതി അടയുന്നത്. പുതിയ തൂവെള്ളക്കുപ്പായം തുന്നിയത് വാങ്ങാൻ പോയതാണ് ത്രിസന്ധ്യക്ക്. കുറുക്ക് വഴി തേടി വീണത് തീരാകളങ്കത്തിൽ. നാട്ടുകാരുടെ മുമ്പിൽ എല്ലാ അർത്ഥത്തിലും നാറുന്നു അയാൾ. അങ്ങനെ തൂവെള്ള ഭാസ്ക്കരന് തീട്ടം ഭാസ്ക്കരൻ എന്ന് മറ്റൊരു പേര്. പേര് എടുക്കുന്നതും ചാർത്തിക്കിട്ടുന്നതും തിരിയാപൊരുളായി സങ്കടച്ചിരിയിൽ.

വിസർജ്യത്തിന്റെ നാറ്റവും യശസ്സിനേറ്റ കളങ്കവും മാറ്റാൻ വീട്ടുമുറ്റത്ത് വളരുന്ന ചന്ദനമരം മതി എന്ന തീർപ്പിൽ പൊതുബോധത്തിൽ നിന്ന് ഉൾവലിയുന്നു ഭാസ്കരൻ. സർവ്വഗുണ-വരേണ്യമായ ആ ചന്ദനമരം വിലായത്ത് ബുദ്ധ എന്ന ഇനത്തിൽപ്പെട്ടത്. സദാചാരത്തിന്റെ ഗന്ധം പരത്താൻ സ്വന്തം പട്ടടയിൽ ചന്ദനമുട്ടി നിരത്തണമെന്ന് കരുതി ചന്ദനക്കൊള്ളക്കാരിൽ നിന്ന് വിലായത്ത് ബുദ്ധയെ കാക്കാൻ തോക്കെടുത്ത് ജാഗ്രതയോടെ കാവൽ നിൽക്കുന്നു. ബുദ്ധന് കാവൽ തോക്ക് എന്ന മുഴുത്ത ചിരി ദൃശ്യഭാഷയിൽ.

നാട്ടിലെ കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരൻ ഡബിൾ മോഹനനാണ് മുന്നിലെ വെല്ലുവിളി. മോഹനന്റെ കണക്കിൽ 60 സെൻറീമീറ്ററിൽ 11 ബുദ്ധന്മാർ കിടന്ന് വീർപ്പു മുട്ടുന്ന ഉരുപ്പടി.

ഹിംസയും പ്രമാണിത്തവും വരേണ്യബോധവും ഒന്നിക്കുന്ന യശോധാവള്യവിഭ്രാന്തികൾ ! തിരസ്കൃതരും അപമാനിതരും ധാർമിക ദംഷ്ട്രയിൽ ഇരകളുമായിപ്പോയ മനുഷ്യരുടെ അതിജീവനവും ചേർന്ന് രൂപപ്പെടുന്ന സംഘർഷങ്ങൾ. ദൃശ്യഭാഷയിലും ആഖ്യാനത്തിലുമുള്ള ബൈനറി ഫ്രെയിമുകൾ കൊണ്ട് സിനിമ സാംസ്കാരത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നു. നോവലിൽ സ്വാഭാവികമായി ഉൾചേർന്ന ധ്വനിമാനങ്ങൾ ചലച്ചിത്രാഖ്യാനത്തിൽ തമസ്കരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, കൂടുതൽ മിഴിവോടെ നമ്മുടെ പൊതുബോധവരേണ്യ ധാരണകളുടെ മഞ്ഞക്കാമിലക്കാഴ്ചകളോട് നിർദാക്ഷിണ്യം ഏറ്റുമുട്ടുകയും ചെയ്യുന്നു.


വിലായത്ത് ബുദ്ധ
രചന : ജി.ആര്‍. ഇന്ദുഗോപന്‍
പ്രസിദ്ധീകരണം : മാതൃഭൂമി ബുക്‌സ്
വില : 210 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “വിലായത്ത് ബുദ്ധ – ബൈനറികളുടെ ലാബറിന്ത്”

  1. പലപ്പോഴും നോവൽ സിനിമയാകുമ്പോൾ പലതും നഷ്ടപ്പെട്ട തോന്നൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് സിനിമ കാണാൻ പോകാതിരുന്നത്. ഇത്രയും നല്ല വിലയിരുത്തൽ കണ്ടപ്പോൾ കാണാൻ തീരുമാനിച്ചു. നോവൽ വളരെ ഇഷ്ടപ്പെട്ടു. സ്ക്കൂൾ ലൈബ്രറിയിൽ വാങ്ങിയിരുന്നു. വായിച്ച പ്ലസ്ടു കുട്ടികളും ഇഷ്ടപ്പെട്ടതായി പറഞ്ഞപ്പോൾ സന്തോഷം തോന്നി.

Your Email address will not be published.