Skip to main content

ശ്രീനിവാസന്റെ ട്രോളുകളിലൂടെ അട്ടിമറിക്കപ്പെട്ട ഇടങ്ങൾ

മലയാളം സിനിമയിൽ എൺപതുകളിലെ സിനിമകളിൽ അത്യന്തം നാടകീയമായ ഒരു പ്രെസന്റേഷൻ രൂപപ്പെട്ടിരുന്നു. എം.ടി.യുടെ സിനിമകളിൽ ഒക്കെ കഥാപാത്രങ്ങൾ തന്നെ കഥ പറയുന്ന രീതിയിലേക്ക് വലിച്ചുനീട്ടിക്കൊണ്ട് പോകുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. തൃഷ്ണ പോലുള്ള സിനിമകളിൽ ഇത്തരം സ്വന്തം കഥ പറഞ്ഞു / ഫ്‌ളാഷ്‌ബാക്ക് പറഞ്ഞു വെറുപ്പിക്കുന്ന സിനിമാറ്റിക് ഡെലിവറികൾ പോലും ഉണ്ടായിരുന്നു. കേരളത്തിൽ വ്യാപകമായ നാടക സംസ്കാരത്തിൽ നിന്നും രൂപപ്പെട്ടതും അതുപോലെ മലയാള സിനിമയിൽ കച്ചവട സിനിമകളിലെ അതിവൈകാരികതകളും വ്യാപകമായി സ്വീകരിക്കപ്പെട്ടു. വൈകാരികത വലിയ രീതിയിൽ പ്രകടിപ്പിക്കുന്ന നടന്മാരെ വലിയ നടന്മാർ എന്ന രീതിയിൽ വാഴ്ത്തിപ്പാട്ടലുകൾ ഉണ്ടായി.

ഇത്തരം അതിവൈകാരികത നിറഞ്ഞ ഡയലോഗുകളെയും അതുപോലെ അതിവൈകാരികത നിറഞ്ഞ അഭിനയ രീതികളെയും കണക്കറ്റു ട്രോളിയ ഒരു അഭിനയ ശരീരം / തിരക്കഥാ കൃത്ത്/സംവിധായകൻ ആയിരുന്നു ശ്രീനിവാസൻ. സിനിമയെ മാത്രമല്ല, ഒരു കാലഘട്ടത്തിലെ സിനിമയെ തന്നെ ട്രോളുന്ന ഒരു പരിപാടി കൂടി ശ്രീനിവാസൻ നടത്തി.

“അല്ല, ഞാൻ ഈ വീട്ടിലെ ആരാണ്?”

എന്ന സന്ദേശത്തിലെ കോട്ടപ്പള്ളിയിലെ തിലകനോടുള്ള ചോദ്യം , അതേ കാലഘട്ടങ്ങളിൽ പല സിനിമകളിലും പല നടന്മാരും സ്വന്തം കുടുംബങ്ങളിൽ സ്വന്തം അസ്തിത്വത്തെക്കുറിച്ച് ചോദിച്ച ചോദ്യങ്ങളുടെ ഒരു ട്രോൾ ആയി കണക്കാക്കാൻ പറ്റും.

“ഓ… അച്ഛൻ ആയിരുന്നോ? ഞാൻ കരുതി വല്ല കുത്തക മുതലാളിയും ആയിരിക്കും”

എന്ന് പറയുമ്പോൾ മനുഷ്യർ സാമൂഹിക ഇടങ്ങളിൽ സീരിയസ് ആകാൻ ശ്രമിച്ചു പരാജയപ്പെടുന്ന പല അവസ്ഥകളായും കണക്കറ്റു കളിയാക്കുക എന്നതും കൂടി ആയിരുന്നു. ഈ ക്രിയേറ്റഡ് സീരിയസ്നെസ് കേരള സമൂഹത്തിലും സിനിമകളിലും ഉണ്ടായിരുന്നു എന്ന് വേണം കണക്കാക്കാൻ. വല്ലാത്ത മസിൽ പിടുത്തങ്ങളെ അന്യായമായി ശ്രീനിവാസൻ കളിയാക്കി. അതിന്റെ ഒരു മാകുടോദാഹരണമാണ് വടക്ക് നോക്കി യന്ത്രത്തിൽ സ്വന്തം അനിയനോട്

“നീ എപ്പോൾ വന്നു ? നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ശോഭേ വാ..”

എന്ന ഡയലോഗ്.

കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്നൊക്കെ മലയാളി തള്ളി മറി ക്കുന്നതിനെ കളിയാക്കുന്നതിന്റെ ഒരു ക്ലാസിക് എക്‌സാംപിൾ ആണ്

“അയ്യോ അച്ഛാ പോകല്ലേ….”

എന്ന ഒരു ഡയലോഗ്. കുടുംബബന്ധം, അച്ഛൻ എന്ന സ്ഥാനം, രക്തബന്ധം എന്നിവയൊക്കെ ചേർത്തുവെച്ച് ഏതൊരു അവസ്ഥയിലും ബന്ധങ്ങളെ തിരിച്ചു വിളിക്കും എന്ന കുടുംബ ബന്ധങ്ങളുടെ ഒരു കൺസെപ്റ്റിനെ അടിമുടി കളിയാക്കി വിടുകയാണ് ആ സീനിലൂടെ ശ്രീനിവാസൻ ചെയ്യുന്നത്. ശ്രീനിവാസന്റെ തന്നെ സന്ദേശം എന്ന സിനിമയിൽ മക്കളെ തിരിച്ചു വിളിച്ച് ചേർത്തുപിടിക്കുന്ന ഒരു സീനിനെ പോലും “അയ്യോ അച്ഛാ പോകല്ലേ” എന്ന സീനിന്റെ നിർമ്മിതിയിലൂടെ കണക്കിന് കളിയാക്കുന്നുണ്ട്. എൺപതുകളിൽ കുടുംബങ്ങളുടെ കൂടിച്ചേരലുകൾ, കുടുംബങ്ങളുടെ തകർച്ചകൾ, കുടുംബങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ തുടങ്ങിയ അനേകം ഫോർമാറ്റുകളിലൂടെ ആയിരുന്നു ഗ്ലോബലൈസേഷൻ മുമ്പെയുള്ള ഭൂരിഭാഗം സിനിമകളുടെയും രൂപങ്ങൾ ഉണ്ടാകുന്നത്. എം.ടി.യുടെയും ലോഹിതദാസിന്റെയും പല സിനിമകളും അതിന് ഉദാഹരണങ്ങൾ ആണ്. ശ്രീനിവാസന്റെ സിനിമകളിൽ പോലും അത്തരം രൂപകങ്ങൾ ഉണ്ടായിട്ടുമുണ്ട്. പക്ഷേ അത്തരം ഒരു സിനിമാറ്റിക് രൂപങ്ങളെ ശ്രീനിവാസൻ തന്നെ “അയ്യോ അച്ഛാ പോകല്ലേ…” പോലുള്ള സീനുകളിലൂടെ കളിയാക്കി വിടുന്നു.

ശ്രീനിവാസൻ എന്ന താരശരീരത്തിന്റെ ഒരല്പം ഓവർ ദി ടോപ്പ് അഭിനയത്തിന്റെയും എക്സ്പ്രഷന്റെയും രീതികളിലൂടെ മലയാള സിനിമ തന്നെ ഒരു കാലത്ത് രൂപീകരിച്ച് വിജയിപ്പിച്ച അതിവൈകാരിക അഭിനയങ്ങളെയും സിറ്റുവേഷനുകളെയും ശ്രീനിവാസൻ കണക്കറ്റു കളിയാക്കുന്നു. അതുകൊണ്ടുതന്നെ ആണ്

“ഡൗൺ ട്രോഡൻ എ ക്വസ്റ്റിൻ മാർക്ക് വായിച്ചിട്ടുണ്ടോ?”

എന്ന ചോദ്യത്തിലൂടെ ഓവർ ദി ടോപ്പ് ആയി പെരുമാറുന്ന സിനിമയിലെയും സമൂഹത്തിലെയും പല രൂപങ്ങളെയും കൊന്നു കൊല വിളിക്കുന്നത്. ഇത്തരം വായനകൾ വലിയ സംഭവങ്ങൾ ആക്കിയ പലരും സിനിമകളിലും സമൂഹത്തിലുമുണ്ടായിരുന്നു.

ശ്രീനിവാസന്റെ ഇത്തരം സിനിമകൾക്ക് ശേഷം അത് കണ്ട പുതിയ തലമുറകളും ഹോളിവുഡ് വിദേശ സിനിമകളിൽ ആകൃഷ്ടരായ പുതിയ തലമുറകളും ഇത്തരം അതിനാടകീയതകളെ വിട്ട് സിനിമയിലെ പെർഫോമൻസുകൾ പരമാവധി സെറ്റിൽ ആക്കുവാനുള്ള ശ്രമം പോസ്റ്റ് ഡിജിറ്റൽ കാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമയിലെ അതിനാടകീയതകളെ ഉത്പാദിപ്പിച്ച എം.ടി.യെയും ലോഹിതദാസിനെയും അത്തരം സിനിമകളെ അടക്കം ആരും അറിയാതെ ട്രോളി മലയാള സിനിമയുടെ ഭാഷയ്ക്ക് പുതിയ ഒരു രൂപം നിർമ്മിക്കുന്നതിൽ ശ്രീനിവാസൻ വിജയിച്ചിട്ടുമുണ്ട്. അതുപോലെ ശ്രീനിവാസന്റെ അഭിനയശരീരത്തിൽ ഓവർ എക്സ്പ്രഷൻ ഹാസ്യത്തിലൂടെ അതിവൈകാരികതയെ തള്ളിക്കളഞ്ഞു ജനങ്ങളെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് സിനിമ എന്ന ഒരു മാധ്യമത്തിന്റെ മലയാളത്തിലെ ചരിത്രപരമായ ഒരു അട്ടിമറി കൂടെ ആണ്. അഭിനയങ്ങളുടെയും സീൻ മേക്കിങ്ങിന്റെയും രീതികളെ തന്നെ ആ മാധ്യമത്തെ തന്നെ കളിയാക്കി അട്ടിമറിച്ച ഒരു രൂപകമുണ്ടാക്കിയ കലാകാരൻ ആയിരുന്നു ശ്രീനിവാസൻ.

“ഞാനൊരു മലയാള നോവലിസ്റ്റ് ആണ്”

എന്നു പറയുമ്പോൾ ചിരിക്കുന്നതും സാഹിത്യം ഏതോ കൊമ്പത്തെ പരിപാടി ആണെന്ന ഒരു ഭാവങ്ങളെ, സമൂഹത്തിലെ ചിലർ സൃഷ്ടിച്ചെടുക്കുന്ന സ്ഥാനങ്ങളെ അഹംഭവങ്ങളെ ട്രോളി കൊന്നു കൊല വിളിക്കുകയാണ്. ഈ ലോകത്തിൽ ചെറിയ മനുഷ്യർ മാത്രമേ ഉള്ളൂ എന്ന ഒരു സെൻ രീതികളിലേക്ക് ശ്രീനിവാസൻ്റെ സിനിമകളും കളിയാക്കളുകളും നമ്മളെ കൊണ്ട് പോകുന്നും ചെറിയ മനുഷ്യരായിരിക്കുക എന്നതും ഒരു സൗന്ദര്യമാണ്.

No Comments yet!

Your Email address will not be published.