Skip to main content

ലോകം സുഖനിദ്രയി ലാണ്ടപ്പോള്‍ ഉണര്‍ന്നിരുന്ന ‘ദുര്‍മന്ത്രവാദിനി’

പ്രശസ്ത എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ലോകസഞ്ചാരിയുമായ അനില്‍കുമാര്‍ എ.വി.യുടെ തിങ്കളാഴ്ച പംക്തി തുടരുന്നു:

അനിൽകുമാർ എ. വി.

നുറുങ്ങുകള്‍ – 2

ഇറ്റാലിയന്‍ നിയമപണ്ഡിതയും മനുഷ്യാവകാശപോരാളിയുമായ ഫ്രാന്‍സെസ്‌ക പാവോള അല്‍ബനീസ് 2022 മെയ് ഒന്ന് മുതല്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ (യു.എന്‍.) പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരികയാണ്. 2025 ഏപ്രിലില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി സ്ഥിരപ്പെടുത്തി. ആ പദവി വഹിക്കുന്ന ആദ്യ വനിത. പലസ്തീന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയ ഇസ്രയേല്‍ നടപടികളെ വിമര്‍ശിച്ച അവര്‍ ആദ്യ റിപ്പോര്‍ട്ടില്‍ യു.എന്‍. അധിനിവേശവും വര്‍ണവിവേചനവും അവസാനിപ്പിക്കാന്‍ അംഗരാജ്യങ്ങള്‍ ഒരു പദ്ധതി വികസിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും പലസ്തീനികള്‍ വംശീയ ഉന്മൂലനത്തിന് ഇരയാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. 2024 മാര്‍ച്ച് 26 ന് ഗാസയിലെ ഇസ്രയേലി പ്രവര്‍ത്തനങ്ങള്‍ വംശഹത്യയ്ക്ക് സമാനമാണെന്ന് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിനെ ധരിപ്പിച്ചു. അതോടുള്ള ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന്റെ പ്രതികരണം അല്‍ബനീസ് ജൂത-ഇസ്രയേല്‍ വിരുദ്ധ പക്ഷപാതിയെന്ന ആക്ഷേപമായിരുന്നു. പലസ്തീന്‍ അധിനിവേശത്തില്‍ നിന്നും, ഗാസ വംശഹത്യയില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ലാഭം കൊയ്യുന്നുവെന്ന് വ്യക്തമാക്കി 2025 ജൂണില്‍ മറ്റൊരു റിപ്പോര്‍ട്ടും പുറത്തിറക്കി. മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റഡ്, ആമസോണ്‍ തുടങ്ങിയവയുള്‍പ്പെടെ 48 കോര്‍പ്പറേറ്റുകള്‍ക്കുനേരെ വിരല്‍ ചൂണ്ടുകയുമുണ്ടായി. അതേ മാസം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ എക്സില്‍ നെതന്യാഹുവിനെ അഡോള്‍ഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് മുന്‍ യു.എന്‍. മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ ക്രെയ്ഗ് മൊഖിബറിന്റെ പോസ്റ്റിന് അല്‍ബനീസ് പിന്തുണയേകി. നാസി സല്യൂട്ടുകളോടെ ഹിറ്റ്ലറെ സ്വാഗതം ചെയ്യുന്ന ജനക്കൂട്ടത്തിന്റെയും യു.എസ്. കോണ്‍ഗ്രസ് നെതന്യാഹുവിനെ സ്വാഗതം ചെയ്യുന്നതിന്റെയും ഫോട്ടോകളും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെല്ലാമുള്ള പ്രതികാരമായി ട്രംപ് ഭരണകൂടത്തിന് കീഴിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി വകുപ്പ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14203 പ്രകാരം അല്‍ബനീസിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. അവരെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ 2023 ഏപ്രില്‍ 26-ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇറ്റാലിയന്‍ അവകാശ ഗ്രൂപ്പുകള്‍, എം.പി.മാര്‍, നിയമജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ ഒപ്പിട്ട കത്ത് പ്രസിദ്ധീകരിച്ചു.

Lift the blockade on Gaza and stop the genocide - Amnesty International

അമേരിക്കന്‍ പ്രതികാരങ്ങള്‍

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജോര്‍ജ്ടൗണ്‍ സര്‍വകലാശാല അല്‍ബനീനെ അഫിലിയേറ്റഡ് സ്‌കോളര്‍മാരുടെ പട്ടികയില്‍ നിന്ന് നീക്കുകയും സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്ന് അവരുടെ പ്രൊഫൈല്‍ ഇല്ലാതാക്കുകയും ചെയ്തു. അവരെ 2026ലെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു; ഗാസ ആസ്ഥാനമായുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയ്ക്കൊപ്പം ബ്രസീല്‍, ദക്ഷിണാഫ്രിക്ക, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ള 300 പ്രൊപ്പോസര്‍മാര്‍ നോമിനേഷനില്‍ ഒപ്പുവെക്കുകയുമുണ്ടായി. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികളുടെ ധൈര്യത്തിനും പരിശ്രമത്തിനും സ്ഥിരോത്സാഹത്തിനുള്ള ആദരവിന്റെ പ്രകടനമായിരുന്ന നാമനിര്‍ദ്ദേശം രാഷ്ട്രീയ വിഭജനങ്ങള്‍ക്കതീതമായ സമാധാനത്തിനുള്ള സംഭാവനയെ പ്രതിനിധീകരിച്ചു. സായുധ സംഘട്ടനത്തിനിടയില്‍ ജീവന്‍ പണയപ്പെടുത്തി മെഡിക്കല്‍ ജോലികള്‍ ചെയ്യുന്ന ഗാസ ആസ്ഥാനമായുള്ള ഡോക്ടര്‍മാരായ ഡോ. ഹുസാം അബു സഫിയ, ഡോ. സാറ അല്‍-സഖ എന്നിവരെയും നാമനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ആരോഗ്യ സൗകര്യങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും അടിസ്ഥാനാവശ്യങ്ങളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ ജീവന്‍ രക്ഷിക്കുന്നതിലൂടെയും മെഡിക്കല്‍ ധാര്‍മികത പാലിക്കുന്നതിലൂടെയും അവര്‍ എല്ലാ ദിവസവും മാനവികതയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ തിരിച്ചറിയുന്നുവെന്നായിരുന്നു വിലയിരുത്തല്‍.

വിമര്‍ശനത്തിന്റെ അതിര്‍രേഖ ലംഘിച്ച വ്യക്ത്യാധിക്ഷേപങ്ങള്‍

2024-ലെ പാസ്ബ്ലൂ യുഎന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അല്‍ബനീസ് 2025 ഫെബ്രുവരി 12-ന് ഡച്ച് ഡ്രൈസ് വാന്‍ ആഗ്റ്റ് പ്രൈസും നേടി. ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള മികച്ച രേഖപ്പെടുത്തലിന് ഇറാനിയന്‍ ‘ഡോ. ടാഗി എബ്റ്റേക്കര്‍ അവാര്‍ഡും ലഭിച്ചതുമെല്ലാം വിമര്‍ശനത്തിന്റെ എല്ലാ അതിര്‍രേഖകളും ലംഘിച്ച വ്യക്ത്യാധിക്ഷേപത്തിന് അല്‍ബനീസിനെ പലവട്ടം ഇരയായി. ‘ഗാസ വംശഹത്യ: കൂട്ടായ കുറ്റകൃത്യം’ എന്ന ശീര്‍ഷകത്തില്‍ ഇസ്രയേലും സഖ്യകക്ഷികളും തുല്യപങ്കാളികളാണെന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷമാണ് പരാമര്‍ശങ്ങള്‍ അമാന്യമായത്. ഐക്യരാഷ്ട്രസഭയിലെ ഇസ്രയേലി അംബാസഡര്‍ ഡാനി ഡാനോണ്‍ 2025 ഒക്ടോബര്‍ 30ന് ജനറല്‍ അസംബ്ലിയില്‍ അവരെ ദുര്‍മന്ത്രവാദിനിയെന്നാണ് വിശേഷിപ്പിച്ചതും. അല്‍ബനീസ്, ദുര്‍മന്ത്രവാദിനിയായ താങ്കള്‍ നുണയും വിദ്വേഷവും ഉപയോഗിച്ച് ഇസ്രയേലിനെ ശപിക്കാന്‍ ശ്രമിച്ചു. ഈ റിപ്പോര്‍ട്ട് മന്ത്രവാദ പുസ്തകത്തിലെ മറ്റൊരു പേജാണ്. അതിലെ ഓരോ പുറവും ശൂന്യമായ മന്ത്രങ്ങള്‍ മാത്രം. എല്ലാ ആരോപണങ്ങളും പ്രവര്‍ത്തിക്കാത്തവ. കാരണം, താങ്കള്‍ പരാജയപ്പെട്ട മന്ത്രവാദിനിയാണ്. അതിനാല്‍ ആ വിഷം ഫലപ്രദമാവാതെ നിര്‍വീര്യമായെന്നും വിശദീകരിച്ചു. വംശഹത്യ നടത്തുന്ന രാജ്യത്തിന് തന്റെ കണ്ടെത്തലുകളുടെ സത്തയോട് പ്രതികരിക്കാന്‍ കഴിയുന്നില്ലെന്നത് വിചിത്രവും വ്യാമോഹപരവുമാണ്. ആഭിചാരക്രിയയ്ക്കുള്ള അറിവും അധികാരവുമുണ്ടെങ്കില്‍ കുറ്റകൃത്യങ്ങള്‍ തടയാനും ഉത്തരവാദികള്‍ ശിക്ഷ നേരിടുന്നുവെന്ന് ഉറപ്പാക്കാനും ഉപയോഗിക്കുമായിരുന്നു. മന്ത്രങ്ങള്‍ ഉണ്ടാക്കാന്‍ ശരിക്കും കഴിവുണ്ടെങ്കില്‍ അവ പ്രതികാരത്തിനായി ഉപയോഗിക്കില്ല; മറിച്ച്, നിങ്ങളുടെ കുറ്റകൃത്യങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഉപകരണമാക്കുമെന്നായിരുന്നു അവരുടെ പ്രതികരണം.

ആയിരങ്ങളെ സാക്ഷിയാക്കി ഇറ്റലിയിലെ പ്രകാശനം

ഏറ്റവുമൊടുവില്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ വംശഹത്യാപരമ്പര മുന്‍നിര്‍ത്തി രചിച്ച ഉപന്യാസങ്ങളുടെയും വ്യക്തിപരമായ ചിന്തകളുടെയും സമാഹാരമായ ‘വെന്‍ ദി വേള്‍ഡ് സ്ലീപ്‌സ്: സ്റ്റോറീസ് വേര്‍ഡ്സ് ആന്‍ഡ് വൂണ്ട്സ് ഓഫ് പലസ്തീന്‍’ (ലോകം ഉറങ്ങുമ്പോള്‍: പലസ്തീനിലെ കഥകള്‍, വാക്കുകള്‍, മുറിവുകള്‍) എന്ന പുസ്തകത്തിനെതിരെയായി തടസങ്ങള്‍. 2025 ആഗസ്ത് 10ന് ഇറ്റലിയുടെ തെക്കന്‍ കാമ്പാനിയ മേഖലയിലെ വിദൂര ഗ്രാമമായ സാന്റ് ആന്‍ഡ്രിയ ഡി കോണ്‍സയിലെ പ്രധാന ചത്വരത്തില്‍ വിവിധ തുറകളില്‍ നിന്നുമുള്ള ആയിരക്കണക്കിനാളുകള്‍ നിറഞ്ഞ ചടങ്ങിലായിരുന്നു അതിന്റെ പ്രകാശനം.

When the World Sleeps: Stories, Words, and Wounds of Palestine eBook : Albanese, Francesca, Conti, Gregory: Amazon.in: Kindle Store

ആള്‍ക്കൂട്ടത്തിന്റെ ഐക്യദാര്‍ഢ്യത്തില്‍ ആവേശഭരിതയായ അല്‍ബനീസിന്റെ പ്രതികരണം ഒരു മഹാശക്തിയുടെ അനുമതി ലഭിക്കുക യെന്നാണ് അര്‍ഥമാക്കുന്നത്. അത് എന്നെയാകെ മാറ്റിമറിക്കുന്നു. സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും ആഴത്തില്‍ ബാധിക്കുന്നുവെന്നായിരുന്നു. പലസ്തീന്റെ കൊളോണിയല്‍ പശ്ചാത്തലത്തെയും ഉപരോധിക്കപ്പെട്ട ജനങ്ങളുടെ ന്യായമായ പരാതികളെയും കുറിച്ചുള്ള തന്റെ ഗ്രാഹ്യത്തെ രൂപപ്പെടുത്താന്‍ സഹായിച്ച ആഴത്തിലുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ അല്‍ബനീസ് പുതിയ പുസ്തകത്തില്‍ പങ്കുവെക്കുന്നു; പലസ്തീന്‍ എന്ന കുറ്റത്തിന് കൊല്ലപ്പെട്ട ആറുവയസുകാരി ഹിന്ദ് റജബ് മുതല്‍ ഡോക്ടര്‍മാര്‍, പണ്ഡിതന്മാര്‍, കലാകാരന്മാര്‍, സുഹൃത്തുക്കള്‍, അഭയാര്‍ത്ഥികള്‍ വരെ. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ നഷ്ടങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിനും ആ സാക്ഷ്യങ്ങള്‍ ശക്തിപകരുമെന്നാണ് പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഗാസ മുനമ്പ് പൂര്‍ണമായും കൈവശപ്പെടുത്താനുള്ള നെതന്യാഹുവിന്റെ പദ്ധതികളോട് അവര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിന്റെ അവസാനത്തിന്റെ ആരംഭമാണ്. അത് വളരെ വ്യക്തം. തീര്‍ച്ചയായും നമുക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല, പക്ഷേ അതേക്കുറിച്ച് ഉറപ്പുണ്ടെന്നാണ് സംഗീതജ്ഞന്‍, ഗായകന്‍, നാടക രചയിതാവ്, ആക്ടിവിസ്റ്റ് എന്നിങ്ങനെയും പ്രശസ്തനായ ബള്‍ഗേറിയയില്‍ ജനിച്ച ഇറ്റാലിയന്‍ നടന്‍ സലോമോന്‍ മോണി ഒവാഡിയയുടെ വാക്കുകള്‍. ഉപരോധങ്ങളും ആയുധ നിരോധനങ്ങളും ഏര്‍പ്പെടുത്തിയും വ്യാപാര കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചും സയണിസ്റ്റ് ഭരണകൂടത്തിന്റെ ഗുരുതരമായ ദുരുപയോഗങ്ങള്‍ സര്‍ക്കാരുകള്‍ അഭിസംബോധന ചെയ്യേണ്ടത് അത്യാവശ്യമാണെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗം മാറ്റ്ജാസ് നെമെക് യു.എന്‍. റിപ്പോര്‍ട്ടര്‍ പ്രസ് ടിവിയോട് സംസാരിച്ചതിന്റെ പൊരുള്‍.

ഇരുട്ടില്‍ നിന്ന് ഒരു ചന്ദ്രന്‍ ഉദിക്കും

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേലി വംശഹത്യ തടയാനുള്ള തന്റെയും സമാന ചിന്താഗതിക്കാരായ ജനങ്ങളുടെയും ദൃഢനിശ്ചയം അല്‍ബനീസ് വീണ്ടും ഉറപ്പിച്ചു. യൂറോപ്പും അമേരിക്കയും ഇസ്രയേലിനെ തടഞ്ഞില്ലെങ്കില്‍ ഗാസ പൂര്‍ണമായും കൈവശപ്പെടുത്തപ്പെടും. അത് ലജ്ജാകരമാണ്. അത് തടയാന്‍ നമ്മള്‍ ഇപ്പോള്‍തന്നെ എല്ലാം ചെയ്യണം. ധാരാളം ഇസ്രയേലികള്‍ തെരുവുകളിലിറങ്ങാന്‍ തയ്യാറാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പലസ്തീനികളുടെ കൂട്ടക്കൊലയ്ക്കും അവരുടെ വംശീയ ഉന്മൂലനത്തിനും എതിരാണെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം ചിന്തകള്‍ സമൃദ്ധമായി പങ്കുവെച്ചവയാണ് ‘പലസ്തീനിയന്‍ റെഫ്യൂജീസ് ഇന്‍ ഇന്റര്‍നാഷണല്‍ ലോ(അന്താരാഷ്ട്ര നിയമത്തില്‍ പലസ്തീന്‍ അഭയാര്‍ഥികള്‍), ‘എ മൂണ്‍ വില്‍ റൈസ് ഫ്രം ദി ഡാര്‍ക്ക്നെസ്: റിപ്പോര്‍ട്സ് ഓണ്‍ ഇസ്രയേല്‍സ് ജെനോസൈഡ് ഇന്‍ പലസ്തീന്‍ ( ഇരുട്ടില്‍ നിന്ന് ഒരു ചന്ദ്രന്‍ ഉദിക്കും: പലസ്തീനിലെ ഇസ്രയേലി വംശഹത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍) തുടങ്ങിയ പഠനങ്ങളും. വംശഹത്യ നടത്തുന്ന ഇസ്രയേല്‍ തങ്ങളുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ യുദ്ധക്കുറ്റകൃത്യങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളും മറച്ചുപിടിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു.

A Moon Will Rise from the Darkness: Reports on Israel's Genocide in Palestine eBook : Albanese, Francesca, Turner, Mandy, Takkenberg, Lex, Falk, Richard, Dugard, John, Lynk, Michael, Turner, Mandy, Takkenberg, Lex: Amazon.in:

അതിനാല്‍ 15 പലസ്തീന്‍ ഡോക്ടര്‍മാരെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതുപോലെ പുസ്തകങ്ങളെയും ഭയപ്പെടുന്നു. ഇസ്രയേല്‍ വിരുദ്ധത ആരോപിച്ച് അല്‍ബനീസിന്റെ പുതിയ കൃതിയുമായി ബന്ധപ്പെട്ട് ആമസോണ്‍ പേയ്മെന്റുകള്‍ തടയണമെന്ന് പ്രമുഖ ജൂത പൗരാവകാശ സംഘടനകള്‍ ആവശ്യമുയര്‍ത്തിയിരിക്കയാണ്. പുസ്തകം വില്‍ക്കുന്നത് ഫെഡറല്‍ ഉപരോധ നിയമത്തിന്റെ ലംഘനമാകുമെന്ന് അത് ആമസോണിന് മുന്നറിയിപ്പ് നല്‍കുകയും അതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിര്‍ത്താന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. പേയ്മെന്റുകളോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കുന്നതില്‍ അല്‍ബനീസിന് വിലക്കുണ്ടെന്ന് നാഷണല്‍ ജൂത അഡ്വക്കസി സെന്റര്‍ മേധാവി മാര്‍ക്ക് ഗോള്‍ഡ്ഫെഡര്‍ എക്സില്‍ രേഖപ്പെടുത്തുകയുമുണ്ടായി.

No Comments yet!

Your Email address will not be published.