കുറ്റകരമായ മൗനത്തിന്
ഒരു നാൾ നിങ്ങൾ
വിചാരണ ചെയ്യപ്പെടും.
അടുത്ത ഗ്രാമത്തിലെ
കൊള്ളിവെപ്പിനെ പറ്റിയോ
അയലത്തെ വീട്ടിലെ
കുഞ്ഞിൻ്റെ കരച്ചിലിനെ പറ്റിയോ
മലിനമാക്കപെട്ട പുഴയെ പറ്റിയോ
എന്തിനെ പറ്റിയായിരുന്നു
നിങ്ങളുടെ മൗനമെന്ന്
വിചാരണയിൽ ചോദിക്കാതിരിക്കില്ല.
എനിക്കറിയാം
എന്തിനാണ് നമ്മൾ മൗനം പാലിക്കുന്നത് എന്ന്.
ചുരുണ്ട മുടി നിവർന്ന് നിൽക്കാൻ –
നിവർന്ന മുടി ചുരുണ്ടു നിൽക്കാൻ.
വെളുക്കാൻ –
വെളുത്തവർ കൂടുതൽ
വെളുക്കാൻ.
ഓരോ “ടച്ചി” ലും
അത്ഭുതങ്ങൾ വിരിയിക്കാൻ.
അനുസരണയുള്ള വാല്യക്കാരെ കിട്ടാൻ
എല്ലാം അനുസരിക്കുന്ന
വളർത്തു മൃഗങ്ങളെ കിട്ടാൻ.
നീ എന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞിട്ടേ ഇല്ല.
നിൻ്റെ പട്ടിയെ പറ്റി പലവട്ടം പറഞ്ഞിട്ടുണ്ട്.
മിണ്ടാതിരിക്കുമ്പോഴാണ്
സന്തോഷമെന്നതിനാൽ
നീ കൂടുതൽ നേരം
പ്രർത്ഥിക്കുന്നു.
മിണ്ടാതിരിക്കുന്നതാണ്
സമാധാനം എന്നുറപ്പിച്ച്
കലഹങ്ങളെ തള്ളി പറയുന്നു.
തെരുവിലെ മുഷിഞ്ഞ പെൺകുട്ടി
എന്നോട് വിശക്കുന്നു എന്ന് പറഞ്ഞപ്പോഴാണ്
ഞാൻ നിന്നോടുള്ള പ്രണയെത്തെ ഓർത്തെടുത്തത്.
എനിക്കറിയാം
മൗനം ഒരു നാൾ വിചാരണ ചെയ്യപെടും.
ഓരോ മൗനവും
കടന്നുകയറ്റങ്ങളുടെ സമ്മതം കൂടിയാണെന്നതിനാൽ
വിചാരണ എങ്ങിനെ ഒഴിവാക്കാൻ കഴിയും.
***







No Comments yet!