Skip to main content

പുനർനിർമ്മിതി

മഞ്ഞുമലയുരുകുന്നു
വേരിന്റെ ഹൃദയത്തിൽ
മണ്ണിലാഴ്ന്നാഭൂമി
ധ്യാനമാർന്നെങ്കിലും
വേര് സൂക്ഷിച്ചു ചിദംബരാകാശവും
വേനലിൻ ജ്വാലയും
ആഷാഢവർഷവും

പ്രളയത്തിനൊടുവിലെ
മായയാകാമത്
പ്രണയത്തിനൊടുവിലെ
മൗനമാകാമത്
ചിരപരിചയത്തിന്റെ
ശൂന്യബോധം കണ്ട്
മരവിച്ച മനസ്സിന്റെ.
കരുതലാകാമത്..

വേരിന്റെ പച്ചപ്പുണങ്ങാതെ
കാത്തൊരാൾ.
പ്രാണന്റെ പക്ഷിക്ക് കൂട്ടായിരുന്നൊരാൾ
ആരായിരിക്കും
സമുദ്രതീരങ്ങൾക്ക്
പാടുവാൻ സന്തൂർ
കൊടുത്ത് പോകുന്നത്
ആരായിരിക്കും ഉടഞ്ഞ
സ്വപ്നങ്ങളെ
നൂലിൽ കൊരുത്ത്
ഹാരങ്ങളാക്കുന്നത്
ആരായിരിക്കും
ഉറഞ്ഞ മഞ്ഞിൽ നിന്ന്
കാലത്തിനെ കടന്നെത്തി
നോക്കുന്നത്..

ഇല കൊഴിഞ്ഞാലും
ഋതുക്കളുടെ ഭാഷയിൽ
സ്മൃതിയതുണ്ടാവും
പുനർ നിർമ്മിതിക്കായി
ലയമതുണ്ടാവും
നിലച്ച ഗാനങ്ങൾക്ക്
പ്രകൃതിസ്വരങ്ങളാ-
യാരൂഢമന്ത്രമായ്..

അയനകാലങ്ങൾ
ഇതേ പോലെ ഭൂമിക്ക്
പരിചിതം എല്ലാം
മഹാകാന്തമെന്ന പോൽ
അയനകാലങ്ങൾ
ഇതേ പോലെയതിലുണ്ട്
വഴിപിരിയൽ, വിരഹം
സമാഗമം, ശിശിരവും…

***

No Comments yet!

Your Email address will not be published.