Skip to main content

ഫെബ്രുവരി 14 – കമ്മ്യൂണിസ്റ്റ് ബുദ്ധന്‍ എന്നറിയപ്പെട്ടിരുന്ന ആര്‍. സുഗതന്‍ ഓര്‍മ്മദിനം

അര നൂറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ 20 വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച ഇങ്ങനെയൊരു നേതാവ് ഇനി കേരളത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആലപ്പുഴ ജില്ലയിലെ സഹോദര സംഘത്തിന്റെയും പിന്നീട് യുക്തിവാദി സംഘത്തിന്റെയും ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു ആലപ്പുഴയിലെ ശ്രീധരന്‍ സാര്‍ എന്ന ആര്‍.സുഗതന്‍ സാര്‍.

ആര്‍ സുഗതന്‍

ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീധരന്‍ പിന്നീട് സഹോദരന്‍ അയ്യപ്പന്റെ ആരാധകനും അനുയായിയുമായി മാറി. തനിക്ക് 17 ഓ 18 ഓ വയസുള്ളപ്പോള്‍ തന്നെ ആലപ്പുഴ ടൗണില്‍ ആദ്യമായി യുവാക്കളെ സംഘടിപ്പിച്ച് സഹോദര സംഘത്തിന്റെ യുണിറ്റ് ആരംഭിച്ചത് ശ്രീധരന്‍ എന്ന സുഗതന്‍ സാര്‍ ആയിരുന്നു. അന്ന് സംഘടനാബലത്തില്‍ എസ്എന്‍ഡിപി യോഗത്തെക്കാള്‍ ശക്തമായിരുന്നു സഹോദരസംഘം. എസ്എന്‍ഡിപി യോഗത്തിന് ആദ്യ ശാഖ ഉണ്ടാകുന്നത് പോലും ടി.കെ. മാധവന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ്, അതിന് മുന്‍പ് കേന്ദ്ര നേതൃത്വവും കൊല്ലത്തെ യോഗം ഓഫീസും വിവേകോദയം പത്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1917 മുതല്‍ തന്നെ സഹോദര സംഘത്തിന് കൊച്ചിയിലും തിരുവിതാംകൂറിലും നിരവധി യൂണിറ്റുകള്‍ ഉണ്ടായിരുന്നു. അവയില്‍ എല്ലാ ജാതിയിലും പെട്ട ധാരാളം യുവാക്കള്‍ അംഗങ്ങളായും ഉണ്ടായിരുന്നു. മൊത്തം അംഗസംഖ്യയുടെ കാര്യത്തിലും സഹോദര സംഘമായിരുന്നു എസ്എന്‍ഡിപിയെക്കാള്‍ മുന്നില്‍. ടികെ മാധവന്‍ വന്നതിന് ശേഷമാണ് എസ്എന്‍ഡിപി യോഗത്തില്‍ അംഗസംഖ്യ വര്‍ദ്ധിക്കുന്നത്. 1921 ഒക്കെയാകുമ്പോള്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ശക്തമായ യുവജന പ്രസ്ഥാനമായി സഹോദരസംഘം മാറിയിരുന്നു. 1935 നവംബര്‍ 11 ന് കൊച്ചിയില്‍ പച്ചാളം അയ്യപ്പന്‍കാവില്‍ വെച്ച് സഹോദരസംഘം യുക്തിവാദിസംഘത്തില്‍ ലയിക്കുന്നതുവരെ ധാരാളം അനുയായികള്‍ ഉള്ള ഒരു പ്രസ്ഥാനമായിരുന്നു സഹോദര സംഘം.

About Brotherhood | The Frontline Newsletter - Frontline
സഹോദരന്‍ അയ്യപ്പന്‍

കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നാരായണഗുരുവിന്റെ പ്രതിഷ്ഠ തടയാന്‍ പോലും സഹോദരസംഘക്കാര്‍ക്ക് ആയത്, അവര്‍ അന്ന് എസ്എന്‍ഡിപിയെക്കാള്‍ ശക്തമായ പ്രസ്ഥാനമായിരുന്നു എന്നതുകൊണ്ട് കൂടിയാണ്. അല്ലെങ്കില്‍ ഭക്തശിരോമണികള്‍ കെസിയെ പഞ്ഞിക്കിടുമായിരുന്നില്ലെ?

‘സാഹോദര്യം പുലരാന്‍ വര്‍ണ്ണാശ്രമ ധര്‍മ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി സഹോദര സംഘം 1921 ല്‍ ആലുവയില്‍ വെച്ചു നടത്തിയ ”സമസ്ത കേരള സഹോദര സമ്മേളനം” വന്‍ വിജയമായിരുന്നു,
അതില്‍ പെരിയാര്‍, കെപി വള്ളോന്‍, എം സി ജോസഫ്. മിതവാദി കൃഷ്ണന്‍. ഡോ. പിപി ആന്റണി, സിവി കുഞ്ഞിരാമന്‍, രാമവര്‍മ്മ തമ്പാന്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, സി. കേശവന്‍, പി കെ കോരുമാസ്റ്റര്‍ തുടങ്ങിയവര്‍ക്കൊപ്പം ആര്‍. സുഗതനും അന്ന് പ്രസംഗിച്ചിരുന്നു.

സഹോദര സംഘത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഹോദരന്‍ അയ്യപ്പനോടും എം.സി ജോസഫിനോടും ഒക്കെ ഉണ്ടായിരുന്ന ബന്ധം മൂലം പിന്നീട് 1926 ല്‍ യുക്തിവാദി സംഘം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെയും ഭാഗമായി സുഗതന്‍ സാര്‍ മാറി. അങ്ങിനെ ആലപ്പുഴയിലെ യുക്തിവാദി സംഘത്തിന്റെയും ആദ്യകാല നേതാവായി അദ്ദേഹം. യുക്തവാദിയായിരിക്കുമ്പോഴും ബുദ്ധമത ദര്‍ശനത്തോട് വലിയ പ്രതിപത്തി പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് ഔപചാരികമായി ബുദ്ധമതം സ്വീകരിച്ച് ശ്രീധരന്‍ എന്ന പേര് സുഗതന്‍ എന്നാക്കി മാറ്റി. അക്കാലത്ത് ആലപ്പുഴ ലേബര്‍ അസോസിയേഷന്‍ നടത്തി വന്നിരുന്ന നിശാപാഠശാലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

സഹോദരന്‍ അയ്യപ്പനെപ്പോലെ തന്നെ ഒട്ടേറെ സമരരൂപങ്ങളുടെ സൃഷ്ടാവ് കൂടിയാണ് ആര്‍ സുഗതന്‍. കേരളത്തില്‍ ആദ്യമായി പിക്കറ്റിങ് എന്ന സമരായുധപ്രയോഗം നടന്നത് ആലപ്പുഴ പട്ടണത്തില്‍ അര്‍ സുഗതന്റെ നേതൃത്വത്തിലാണ്. സി കേശവനെപ്പോലെ ആര്‍ സുഗതനും രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്. സി. കേശവന്‍ പ്രസംഗത്തിന്റെ പേരിലാണ് രാജ്യദ്രോഹി ആയതെങ്കില്‍ ആര്‍ സുഗതന്‍ ഒരു കവിത എഴുതിയതിനാണ് രാജ്യദ്രോഹി ആയത്.

Freedom Fighter C. Kesavan Honoured on Postage Stamps | Mintage World
സി. കേശവന്‍

അധികാരികള്‍ അദ്ദേഹമെഴുതിയ ‘മെയ്ദിനം’ എന്ന കവിതയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്നു വര്‍ഷത്തേക്കായിരുന്നു തടവുശിക്ഷ. അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ 20 വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച നേതാവാണ് ആര്‍. സുഗതന്‍.

അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച സുഗതന്‍ പിന്നീട് മുഴുവന്‍ സമയ തൊഴിലാളി പ്രവര്‍ത്തകനായി മാറി. 1930 ല്‍ ആലപ്പുഴ ലേബേഴ്സ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും 1936 ല്‍ ലേബര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ മുഖപത്രമായ ‘തൊഴിലാളി’യുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലതവണ മര്‍ദ്ദനവും അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. 1943 ല്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വവും സ്വീകരിച്ചത്.

കൂടാതെ കേരളത്തിലും ഇന്ത്യയിലും ആദ്യമായി തോട്ടികളെ സംഘടിപ്പിച്ചത് എം എം ലോറന്‍സ് ആണെന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണ്. കൊച്ചിയില്‍ അദ്ദേഹമാണ് അത് ചെയ്തത്. 1937-ലെ ‘തൊഴിലാളി’വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വായിച്ചാല്‍ ആര്‍, സുഗതന്‍ ആലപ്പുഴ പട്ടണത്തിലെ തോട്ടികള്‍ക്കിടയില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് മനസിലാകും. ‘സഖാവ് സുഗതന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍’ (പേജ് 52 –55) നാലു പുറങ്ങളിലായി അദ്ദേഹം തോട്ടികളെ കുറിച്ചെഴുതിയ ഒരു സുദീര്‍ഘ ലേഖനം ചേര്‍ത്തിട്ടുണ്ട്. 1947 ലാണ് തകഴിയുടെ ‘തോട്ടിയുടെ മകന്‍’ പ്രസിദ്ധീകരിച്ചത്.

ആ ലേഖനത്തിലെ ചിലവരികള്‍ ചുവടെ:

‘ചെത്തുകാരനും ഒരു തൊഴിലാളിയാണ് അയാളെപ്പറ്റി ശ്രീ നാരായണന്‍ തിരുവായ്‌മൊഴിഞ്ഞതിങ്ങനെയാണ് :-‘ചെത്തുകാരന്റെ ദേഹം നാറും, വീടുനാറും, അവന്‍ തൊട്ടതൊക്കെ നാറും.’എന്നാല്‍ തോട്ടിയെപ്പറ്റി ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. ഒരു കാര്യം തീര്‍ത്തുപറയാം, തോട്ടി തൊടുന്നിടത്തു നാറ്റം ഇല്ലാതാകും. തോട്ടി തൊടാത്തിടമൊക്കെ നാറി പുഴുക്കുകതന്നെചെയ്യും……’

Mahatma Gandhi Biography, Early Life and Education, Contributions To Indian  Independence Struggle, and Writings
മഹാത്മാഗാന്ധി

തോട്ടികള്‍ മഹാത്യാഗികളാണെന്നു മാഹാത്മജി ഒരിക്കല്‍ പറഞ്ഞുപോയി. അത് അദ്ദേഹത്തിന്റെ ശുദ്ധഗതി. അതിനെ ആര് ഗണിക്കുന്നു? കോലാട്ടിന്‍ പാലുകുടിച്ചു മധുരനാരങ്ങായും തിന്നു മുട്ടോളം കട്ടിമുണ്ടുടുത്തു പകല്‍ക്കിനാവുകാണുന്ന ആ പാവപ്പെട്ട മെലിഞ്ഞ മനുഷ്യന്റെ നേരീയ വാക്ക്. സുഖസമൃദ്ധിയില്‍ കിടന്നു നീന്തിപ്പു ളച്ചുകൊണ്ടു, മലമൂത്രവിസര്‍ജനാധിക്യം വഴി പരിസരം നാറ്റുന്ന ‘ചതുര്‍വിധ വിഭവക്കാരായ’ ബുഭുക്ഷുക്കള്‍ ചെവിക്കൊള്ളുകയില്ല. അതിനു തോട്ടിക്കു ഒരു ചേതവുമില്ല. ഏറ്റവും താണുനില്‍ക്കുന്ന തോട്ടിയുടെ നോട്ടത്തില്‍ അങ്ങേ അറ്റവും ഇങ്ങേ അറ്റവും ഒരുപോലെതന്നെ…’

തുച്ഛമായ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം പാര്‍ട്ടിക്ക് തന്നെ സംഭാവന നല്‍കി. നിയമസഭാംഗം എന്ന നിലയ്ക്ക് കിട്ടിയിരുന്ന വേതനവും പാര്‍ട്ടിക്ക് നല്‍കി, പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് എളിയ ജീവിതം നയിച്ച. അവിവാഹിതനായിരുന്നു അദ്ദേഹം. ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ താമസസ്ഥലം.

1957 ല്‍ കാര്‍ത്തികപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വിമോചന സമരത്തിന് ശേഷം നടന്ന 1960 ലെ തിരഞ്ഞെടുപ്പിലും വന്‍മരങ്ങള്‍ കടപുഴകിയപ്പോള്‍ കാര്‍ത്തികപ്പള്ളിയില്‍ അദ്ദേഹം വിജയം ആവര്‍ത്തിച്ചു എന്ന് മാത്രമല്ല ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

1964 ല്‍ പാര്‍ട്ടി രണ്ടായി. അദ്ദേഹം മാതൃസംഘടനയായ സി പി ഐയില്‍ തന്നെ ഉറച്ചു നിന്നു, ഇതോടെ മറുഭാഗത്തുള്ളവര്‍ പ്രകോപിതരായി ആര്‍ സുഗതനെതിരെ അപവാദ പ്രചരണം അഴിച്ചുവിടുകയും, അദ്ദേഹത്തെ വര്‍ഗ്ഗവഞ്ചകനാക്കി മുദ്രയടിക്കുകയും ചെയ്തു. പാര്‍ട്ടി പിളര്‍പ്പിനൊപ്പം വര്‍ഗ്ഗ ബഹുജന സംഘടനകളും പിളര്‍ന്നു.

1965 ല്‍ അമ്പലപ്പുഴയില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍ സുഗതന്‍ ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് കൃഷ്ണക്കുറുപ്പാണ് അന്ന് വിജയിച്ചത്. അതോടെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോടു വിടപറഞ്ഞു.

പിന്നീട് ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള കൃഷ്ണഭവന്‍ ലോഡ്ജിലെ ഒമ്പതാം നമ്പര്‍ മുറിയില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. രോഗം മൂര്‍ച്ഛിച്ച അദ്ദേഹത്തെ ഒടുവില്‍ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വേണ്ടി തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചു. സ്വന്തം പുസ്തകങ്ങള്‍ ചില സഖാക്കള്‍ക്ക് വീതിച്ചുനല്‍കി, കൈയിലുണ്ടായിരുന്ന ആകെ സമ്പാദ്യമായ അഞ്ചുരൂപയുടെ ഒരു നാഷണല്‍ പ്‌ളാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് ഒരു തൊഴിലാളി സഖാവിന്റെ കൊച്ചുമകള്‍ക്ക് സമ്മാനിച്ച്, ആര്‍ സുഗതനെന്ന കമ്യൂണിസ്റ്റ് ബുദ്ധന്‍ ആലപ്പുഴയോട് വിടപറയുകയായിരുന്നു.

Today, we reminisce and honour the revolutionary legacy of P Krishna Pillai,  who laid the foundations of Kerala's communist movement and played a  pivotal role in our Renaissance. Fondly called 'Comrade,' he
പി. കൃഷ്ണപിള്ള

തിരുവനന്തപുരത്ത് പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസില്‍ താമസിച്ച് ചികിത്സ തുടര്‍ന്നെങ്കിലും രോഗം അനുദിനം മൂര്‍ച്ഛിച്ചു. 1970 ഫെബ്രുവരി 13 ന് തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍ സുഗതന്‍ പിറ്റേന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. ഫെബ്രുവരി 15 ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സഖാവ് കൃഷ്ണപിള്ളയുടെ കുഴിമാടത്തിനരികെ തന്നെ അദ്ദേഹത്തിനും അന്ത്യവിശ്രമമൊരുക്കി.

No Comments yet!

Your Email address will not be published.