Skip to main content

ഡിജിറ്റല്‍ ലോകത്തിലെ ധാര്‍മ്മിക പ്രതിസന്ധികള്‍

സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ന് മലയാളികളെ സംബന്ധിച്ച് അവരുടെ നിത്യജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത സംഗതികളില്‍ ഒന്നാണ്. ഏത് പ്രായത്തിലുള്ള ആളുകളും സാമൂഹ്യ മാധ്യമങ്ങളുടെ കാണികളായൊ സാമൂഹ്യമാധ്യമ തീന്‍മേശയിലെ വിഭവങ്ങള്‍ ഒരുക്കുന്നവരായൊ വേഷമിടുന്നവരാണ്. മലയാളിയുടെ നിത്യജീവിതത്തെ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ അവരുടെ രുചികളെ, വസ്ത്രധാരണ രീതികളെ, സിനിമ കാണല്‍ രീതികളെ, അവരുടെ കുടുംബബന്ധങ്ങളെ, രാഷ്ട്രീയ നിലപാടുകളെ ഒക്കെ സ്വാധീനിക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഇന്ന് വളര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സര്‍, യൂട്യൂബര്‍, വ്‌ലോഗര്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടല്ലോ. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തം ഉള്ളവര്‍ ഫേസ്ബുക്കും യൂടുബും ഇന്‍സ്റ്റാഗ്രാമും വാട്‌സ്ആപ്പും ഒക്കെയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം ഇന്ന് മലയാളികളെ സംബന്ധിച്ച് ഏറ്റവും സ്വാഭാവികമായ ഒന്നായി മാറിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ കടന്നുപോകാതെ കടന്നുപോകുന്ന ഒരു ദിനം മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അത്രയ്ക്കുണ്ട് അതിനകത്തെ നമ്മുടെ അഭിരമിക്കല്‍. ഡിജിറ്റല്‍ ലോകം ഇന്ന് നമ്മുടെ വീട് തന്നെയായിട്ടുണ്ട് എന്ന് പറഞ്ഞാലത് അതിശയോക്തിയാവില്ല. സ്‌നേഹവും പ്രണയവും കാമവും പ്രതികാരവും രാഷ്ട്രീയവും ആത്മീയതയും ജ്ഞാനവും വിരക്തിയും എന്തിന് സന്യാസം വരെ ആളുകള്‍ ഡിജിറ്റല്‍ ലോകത്തിലൂടെ തേടുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണ്. എന്നാല്‍ യാന്ത്രികമായ ഒന്നല്ല സാമൂഹ്യ മാധ്യമങ്ങള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്ന എല്ലാവരേയും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയും. സാമൂഹ്യ മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത അവയ്ക്ക് വാസ്തവങ്ങളെ കൃത്യമായി മറയ്ക്കാനുള്ള കഴിവുണ്ടെന്നുള്ളതാണ്.

സാങ്കേതിക വിദ്യകളും മനുഷ്യരുടെ കൌശലവും ഒത്തുചേരുമ്പോള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തൊരു ലോകത്തെ സൃഷ്ടിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയും. വാസ്തവത്തില്‍ നിന്നും ഭാവനയില്‍ നിന്നും അകന്ന് വ്യാജങ്ങളുടെതായ ഒരു വാസ്തവികതയെ സാമൂഹ്യ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു; ആ വ്യാജലോകത്തില്‍ ആളുകള്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നത് വര്‍ത്തമാന ലോകത്തിലെ സാമൂഹ്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട സ്‌ക്രിപ്റ്റുകളുടെ പിന്‍ബലത്തില്‍ ഉണ്ടാക്കുന്ന പ്രോഗ്രാമുകളിലൂടെ അസത്യങ്ങളുടെ ഒരു Alternative Reality ഉണ്ടാക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട്. ലക്ഷകണക്കിന് ആളുകള്‍ ഫോളോവേഴ്‌സ് ആയുള്ള സോഷ്യല്‍ മീഡിയാ സെലിബ്രിറ്റീസ് പോലും ആത്മഹത്യയിയില്‍ ഒടുങ്ങുമ്പോളാണ് സോഷ്യല്‍ മീഡിയാ സദസ്സിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അവരുടെ വ്യക്തിത്വം, കടന്നുപോയ അവരുടെ യഥാര്‍ത്ഥ ജീവിതം അവരുടെ റീല്‍ ജീവിതത്തില്‍ നിന്നും എത്രമേല്‍ അകലെയായിരുന്നു എന്ന സത്യം നമ്മള്‍ തിരിച്ചറിയുക. ഒരാള്‍ക്ക് അയാളെ സമ്പൂര്‍ണ്ണമായി മറയ്ക്കാനും മറ്റൊരാളായി സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാനുമുള്ള വലിയൊരു സാധ്യതയാണ് സാമൂഹ്യ മാധ്യമങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്നത്. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി വിനോദവും വിജ്ഞാനവും മാത്രമല്ല ആളുകള്‍ വിറ്റഴിക്കുന്നത്. വര്‍ഗീയതയും, അധാര്‍മ്മിക രാഷ്ട്രീയവും ലൈംഗീക അരാജകത്വവും വരെ ആളുകള്‍ വിറ്റഴിക്കുന്നുണ്ട്. ഇവിടെയാണ് കേവല വിജ്ഞാന വിനോദ ഉപാധികള്‍ എന്നതിനപ്പുറം സമൂഹ്യജീവിതത്തെ സമ്പൂര്‍ണ്ണമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നായി സാമൂഹ്യ മാധ്യമങ്ങള്‍ മാറുന്നു എന്നതിന്റെ പ്രാധാന്യം കിടക്കുന്നത്.

Virtual Reality vs Augmented Reality: Key Differences - Meadows School of the Arts, SMU

ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുക്കുന്ന വ്യാജ ലോകത്തെ വിറ്റഴിക്കാനും അതിലൂടെ പണം സമ്പാദിക്കാനും കഴിയും എന്നത് സാമൂഹ്യ മാധ്യമങ്ങളെ കൂടുതല്‍ പ്രശ്‌നഭരിതമാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ content creators നേരിടുന്ന വലിയ കിടമത്സരമുണ്ട്. ഏത് നിമിഷവും തങ്ങളുടെ റേറ്റിങ്ങും ജനപ്രീയതയും കുറയാമെന്നും ഈ മേഖലയില്‍ നിന്ന് തന്നെ തങ്ങള്‍ അപ്രത്യക്ഷരായിപോകുമെന്ന വലിയൊരു അസ്തിത്വ ഭീതിയവരെ വലയം ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക അസ്തിത്വ വ്യഥയെ മറികടക്കാന്‍ ഏതറ്റം വരെയും പോകാന്‍ അവര്‍ തയ്യാറാകുന്നു. അപ്പോഴാണ് തങ്ങളുടെ content ന് വേണ്ടി ആളുകളുടെ സ്വകാര്യതയെ വരെ വിറ്റഴിക്കാന്‍ അവര്‍ തയ്യാറാകുന്നത്. തങ്ങളുടെ ക്യാമറക്കണ്ണില്‍ പതിയുന്ന ഏതൊന്നിനെയും യാതൊരു തത്വദീക്ഷയും കൂടാതെ വിറ്റഴിക്കാന്‍ പറ്റുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നമാക്കി അവര്‍ മാറ്റുന്നു. ഇത്തരം അധാര്‍മ്മിക content നിര്‍മ്മിതിയുടെ ബലിയാടായിട്ടാണ് കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്‍പ് ഒരു യുവാവ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. തങ്ങളുടെ contents ഏത് വിധേനെയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആക്കുക എന്നത് ആര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു കാര്യമാണിന്ന്. സാമൂഹ്യ മാധ്യമങ്ങളില്‍ എന്ത് കാണണം എന്നത് നമ്മുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു കാര്യമല്ല. സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നമ്മുടെ കാഴ്ച്ചയുടെ അഭിരുചികളെ മാറ്റാം എന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
വളരെ ടോക്‌സിക്ക് ആയ contents സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വരുകയും അവ നിര്‍ബന്ധമായും കാണേണ്ട സാഹചര്യത്തിലേക്ക് സാങ്കേതിക വിദ്യ നമ്മളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നിശ്ചയിക്കുക കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെ പ്രൊമോട്ട് ചെയ്യുക ആളുകളില്‍ മത ജാതി വൈരം നിറയ്ക്കുക ഒക്കെ സാമൂഹ്യ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന മോശം കാര്യങ്ങളില്‍ ചിലത് മാത്രമാണ്.

The Presentation of Self in Everyday Life by Erving Goffman (Anchor, c. 1970) - Fonts In Use

സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി അവനവനെ തന്നെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ നിരന്തരം പ്രദര്‍ശിപ്പിക്കാനുള്ള അടങ്ങാത്ത ത്വര ആളുകളില്‍ വളരുന്നതിനെ പറ്റിയാണ് അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ Erving Goffman അദ്ധേഹത്തിന്റെ വളരെ പ്രശസ്തമായ ‘The presentation of self in everyday life’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ തീയേറ്ററുകള്‍ ആണെന്നും അതില്‍ വേഷമിട്ട് അടുന്നവരാണ് നമ്മളെല്ലാം എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തികള്‍ മാത്രമല്ല കോര്‍പറേറ്റ് സ്ഥാപനങ്ങളും ഭരണകൂടങ്ങളും ഈ നിര്‍മ്മിത വ്യക്തിത്വത്തെ പ്രദര്‍ശിപ്പിക്കാനുള്ള നിരന്തര ശ്രമത്തിലാണ്. സാമൂഹ്യ മാധ്യമങ്ങള്‍ എന്നത് സാങ്കേതിക വിദ്യകളും ആളുകളുടെ സര്‍ഗ്ഗാത്മകതയും മാത്രം ഒത്തുചേരേണ്ട ഇടമല്ല. ഉന്നതമായ ധാര്‍മ്മികതയും മൂല്യബോധവും ഒത്തുചേരേണ്ട ഇടം കൂടിയാണത്. ധാര്‍മ്മികത ഇല്ലാതാകുമ്പോഴാണ് അപരന്‍ നമുക്ക് വെറും content മാത്രമാകുന്നത്. അന്യരെ ബഹുമാനിക്കാന്‍ കഴിയുന്ന, അവരുടെ സ്വകാര്യതയെ മാനിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് മാത്രമേ ധാര്‍മ്മിക ബോധത്തോടെ സമൂഹ്യമാധ്യമങ്ങളില്‍ ഇടപെടാന്‍ കഴിയൂ. സംഘടിതമായ സൈബര്‍ ബുള്ളിയിംഗ് മറ്റൊരു തരത്തില്‍ നോക്കിയാല്‍ ആള്‍ക്കൂട്ടകൊലയുടെ ഡിജിറ്റല്‍ രൂപങ്ങള്‍ തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ നമുക്ക് മുന്‍പിലൊരുക്കുന്ന ഭ്രമാത്മകമായ ലോകത്തില്‍ നിന്നും നമുക്ക് ഒളിച്ചോടാന്‍ കഴിയില്ല. അത്തരമൊരു അകറ്റി നിര്‍ത്തല്‍ ഏതാണ്ട് അസാധ്യമായ തരത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്. ആ നിലയ്ക്ക് നമ്മള്‍ തന്നെ മുന്‍കരുതലുകള്‍ എടുത്തെ മതിയാവൂ.

No Comments yet!

Your Email address will not be published.