Skip to main content

 തീപ്പകുതി

ഞാനൊരു സ്ത്രീ,

മദ്ധ്യവയസ്ക,

സൂര്യൻ്റെ ചൂട് നെഞ്ചിൽ ചുമന്നവൾ,

പരിപൂർണ്ണത
വീടിൻ ചുമരുകളിൽനിന്ന്
എൻ്റെ നേർക്ക് ചാടിവീഴാനോങ്ങും
അലിഖിത നിയമം…

വട്ടം തെറ്റാത്ത ചപ്പാത്തി,
ഉപ്പു കുറയാത്ത കറി,
അടുക്കോടെ വിളങ്ങുന്ന അലമാര…
എല്ലാം എനിക്കായ് തീർത്ത അളവുകോലുകൾ.

ഒരിക്കലാവീടെൻ കൈളിൽ തിളങ്ങി,
ഭർത്താവിൻ
ആലിംഗനങ്ങളിൽ ഞാൻ പുഷ്പിണിയായി,
കുഞ്ഞുങ്ങൾതൻ ചിരികളെൻ മനം നിറച്ചു.

ഈ മദ്ധ്യാഹ്ന കൊടുംചൂടിൽ
എനിക്കില്ലൊരു
പുൽക്കൊടിതൻ തണൽ

മറവിയുടെ വിരലുകൾ
ഓർമ്മയ്ക്ക് ശവക്കച്ചതുന്നുമ്പോൾ,

ചിന്തകൾ ചിതറി തെറിക്കുന്നു,
പേരുകൾ വഴുതി മറയുന്നു.

പലകുറി മധുരം ചേർത്ത ചായയും,
ഉപ്പിടാത്ത കറിയും വിളമ്പി,
പാതി ചീകി മിനുക്കിയ മുടിയിഴ തഴുകി,
അളവുകൾ തെറ്റി
അഴകുകൾ വറ്റി
മെലിഞ്ഞു തളരുന്നു ജീവിതം.

പറയാൻ മറന്ന വാക്കുകളെന്നുടെ
അധരത്തിനരികിൽ കുമിഞ്ഞുകൂടുന്നു.

മസ്തിഷ്കത്തിലെ ചെറുവിളക്കുകൾ
അണഞ്ഞുപോകുന്നു.

അന്ധമാം ഭീതിയിൽ ചെറുതിരി വെട്ടം തിരയുന്നു
ഉള്ളുരുക്കത്തിൻ്റെ പാതിര.

മറവികൾ തെറ്റുകളുടെ മേൽവിലാസത്തിൽ
വിചാരണ ചെയ്യപ്പെടുന്നു
ചെയ്തികൾ എന്നുടെ നാട്യങ്ങളായ്
വ്യാഖ്യാനിക്കപ്പെടുന്നു.

ചിരി മുറിഞ്ഞ്, കൈകൾ പതറി,
ഉള്ളിൽ ഭയം
ചിലന്തിവല മുറുക്കുമ്പോൾ
അടുക്കളയിൽ ഇടവിട്ട് പാത്രങ്ങൾ ഉടയുന്നു,
ഉള്ളിലെ പൊട്ടലുകളെന്ന പോലെ…

ജീവിതത്തിൻ നിറം മങ്ങാൻ തുടങ്ങുന്നു,
വെയിലത്തുണക്കിയ വസ്ത്രം പോലെ….

കണ്ണാടി മുൻപിൽ
പ്രതിബിംബം നോക്കി തിരയുന്നു ഞാൻ,

മഞ്ഞുമൂടിയ ഇന്നലെകളെ,
പൊടിയടിഞ്ഞു മങ്ങും ഇന്നിനെ

ഇന്നീ, മദ്ധ്യാഹ്നജീവിത വെയിലിൽ,
സന്ധ്യയെ ഓർത്തു നടുങ്ങുന്നു.
അന്തിമായുമ്പോൾ
ഇരുട്ട് മാത്രമല്ല,
സ്വയം നഷ്ടപ്പെടുന്നൊരു രാത്രി കൂടി
കാത്തിരിക്കുന്നതറിയുന്നു…

എനിക്ക് വേണ്ടത് പരിപൂർണ്ണതയല്ല,
പകരമൊരു കൈ പിടുത്തം,
“നിന്നിൽ തെറ്റില്ലെന്ന് “
ചെവിയിൽ മന്ത്രിക്കപ്പെടുമൊരു
ഹൃദയത്തിന്നിണക്കം.

എനിക്കു
രോഗം ഡിമെൻഷ്യ,
മറവി എന്നുടെ കുറ്റമല്ല,
മനസിലാക്കപ്പെടാത്തതതെന്നുടെ ദൗർഭാഗ്യം.
നിങ്ങളുടെ ഓർമ്മകൊണ്ട്
എന്നെ കല്ലെറിയാതിരിക്കുക…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

6 Replies to “ തീപ്പകുതി”

  1. നന്നായിരിക്കുന്നു… എന്നാലും മധ്യവയസ്ക എന്ന് സ്വയം വിളിക്കാൻ കാണിച്ച ധൈര്യം കൊള്ളാം… 😀

  2. 👍👍നന്നായിട്ടുണ്ട്.. ഞാനും മറവിരോഗത്തെ കുറിച്ച് വ്യത്യസ്തമായ കവിത എഴുതി. കവിതയുടെ പേര് “എസ്തർ “

  3. 👍👍നന്നായിട്ടുണ്ട്.. ഞാനും മറവിരോഗത്തെ കുറിച്ച് വ്യത്യസ്തമായ കവിത എഴുതി. കവിതയുടെ പേര് “എസ്തർ “

Your Email address will not be published.