Skip to main content

അവന്‍ പറയുമ്പോള്‍

നിന്റെ മുടിയും മുഖവും വിരലുകളും
എന്തു ഭംഗിയാണെന്ന് പറയുമ്പോള്‍
എനിക്കതറിയാമെന്ന് പറയൂ…
നിനക്കെന്തൊരു ബുദ്ധിയാണെന്ന് പറയുമ്പോള്‍
അവന്റെ കണ്ണുകളിലേയ്ക്കുറ്റുനോക്കൂ…

നിന്റെ രാഷ്ട്രീയത്തോട്, നിലപാടുകളോട്
യോജിക്കുന്നുവെന്ന് പറയുമ്പോള്‍
സംസാരിച്ചു നോക്കാമെന്ന് പറയൂ…
വിമര്‍ശനമുണ്ടന്നോ
വിയോജിപ്പുണ്ടന്നോ പറയുമ്പോള്‍
ഒരു മേശക്കിരുപ്പുറമിരുന്ന്
ഒരു കപ്പ് കാപ്പി കുടിക്കൂ…

പരസ്പരം പുതുക്കാനാവുമെങ്കില്‍
ഒരു കപ്പ് കാപ്പി കൂടി പറയൂ…
കൂടുതല്‍ മധുരമുള്ളത്
സ്‌നേഹമെന്നോ പ്രണയമെന്നോ
പറയുമ്പോള്‍
ഒരു കാരണമില്ലെങ്കിലും
കാത്തിരിക്കാന്‍ പറയൂ…
തുടര്‍ന്നങ്ങോട്ട്…

അവനിന്നലെ കണ്ട സിനിമ
വായിച്ചുക്കൊണ്ടിരിക്കുന്ന പുസ്തകം,
പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷ, രാഷ്ട്രീയം,
ഏതെന്ന് ചോദിക്കൂ…
പറഞ്ഞുകൊണ്ടേയിരിക്കൂ…

നിനക്കിനിയുമെത്താനുള്ള വഴികളില്‍
അവന്റെ ഭാവനയെന്താണെന്ന് പരിശോധിക്കൂ…
പിണങ്ങുമ്പോലെ നിന്നോളമാഴത്തില്‍
ഇണങ്ങാനും അറിയുമെങ്കില്‍ മാത്രം
അവനോടൊപ്പം ചിരിക്കൂ…

വിരലുകളുടെ താളത്തില്‍
അവനൊരു ഒരു പാട്ടു മൂളുന്നുണ്ടോ?
ഒരു മേഘശകലം നിന്റെയുള്ളിലലയുന്നുണ്ടോ
ഒരപ്പുപ്പന്‍താടി കണ്ണിലുടക്കുന്നുണ്ടോ?
കണ്ണടച്ചാലും സ്ഫടികജലം പോലെ
അവനുള്ളില്‍ നിറയുമെങ്കില്‍
നെഞ്ചോട് ചേര്‍ത്തുമ്മവയ്ക്കൂ…

പ്രാക്തനരായ രണ്ടു മനുഷ്യര്‍
ഭൂമിയിലാദ്യമായി കണ്ടുമുട്ടുമ്പോലെ
ആരാദ്യം ആരാദ്യമെന്ന് തൊട്ട് തൊട്ടറിയൂ…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

3 Replies to “അവന്‍ പറയുമ്പോള്‍”

Your Email address will not be published.