Skip to main content

നിസ്സംഗനായ ഒരുവൻ

അവൻ ഒന്നിലും വിചാരപ്പെടുന്നില്ല.
വീട്ടിലേക്കുള്ള വെള്ളം അവർ വിഛേദിക്കുമ്പോൾ
അവൻ പറയുന്നു :
‘സാരമില്ല ! മഞ്ഞുകാലം എത്താറായി.’
അവർ വൈദ്യുതി ഒരു മണിക്കൂർ
നിർത്തി വെക്കുമ്പോൾ
അവൻ കോട്ടുവായിടുന്നു :
‘സാരമില്ല ! സൂര്യൻ തന്നെ ധാരാളം .’
ശമ്പളം വെട്ടിച്ചുരുക്കുമെന്ന് അവർ
ഭീഷണിപ്പെടുത്തുമ്പോൾ
അവൻ പറയുന്നു :
‘സാരമില്ല ! മദ്യവും പുകയിലയും
ഒരു മാസം വേണ്ടെന്ന് വെക്കും ഞാൻ .’
അവനെ അവർ തുറുങ്കിലടക്കുമ്പോൾ
അവൻ പറയുന്നു :
‘സാരമില്ല, കുറച്ചു കാലത്തേക്ക്
എന്നോടൊപ്പം ഞാൻ ഏകനായിരിക്കും,
ഓർമ്മകളുടെ തുണയിൽ .’
അവനെ അവർ വീട്ടിലേക്ക്
തിരിച്ചയക്കുമ്പോൾ
അവൻ പറയുന്നു :
‘സാരമില്ല ! ഇതെന്റെ വീടാണ്.’

ഒരിക്കൽ ദേഷ്യത്തോടെ
ഞാനവനോട് ചോദിച്ചു :
‘നാളെ നീയെങ്ങിനെ ജീവിക്കും?’
അവൻ പറഞ്ഞു :
‘നാളെ എന്നെ ബാധിക്കുന്നില്ല.
എന്നെ പ്രലോഭിപ്പിക്കാത്ത
ഒരാശയമാണ് അത്.
ഞാനെന്തോ അതാണ് ഞാൻ :
ഒന്നും എന്നെ മാറ്റുകയില്ല ,
ഒന്നിനെയും ഞാൻ മാറ്റാത്തതു പോലെ .
അതു കൊണ്ട് എന്നിൽ നിന്ന്
സൂര്യനെ മറച്ചു പിടിക്കാതിരിക്കൂ !’
ഞാനവനോട് പറഞ്ഞു :
‘ഞാൻ മഹാനായ അലക്സാണ്ടറോ
ഡയോജിനിസോ അല്ല.’

അവൻ പറഞ്ഞു :
‘പക്ഷെ നിസ്സംഗത ഒരു ദർശനമാണ്
അത് പ്രത്യാശയുടെ ഒരു രൂപമാണ്.’

***


വിവ : പ്രതാപൻ

No Comments yet!

Your Email address will not be published.