കനിവേറെപ്പെയ്ത പകലിൽ
പരുക്കൻ ചേലചുറ്റി വന്നൊരു
കവി, കാടിനെയറിഞ്ഞവളെന്നെ
വിളിച്ചു നിശബ്ദതാഴ്വരയിലേക്ക്
ഹരിതഗേഹം, മെലിഞ്ഞും, തടിച്ചും
കുറുകിയും, പിണഞ്ഞും, തമ്മിൽ
പൊതിഞ്ഞും നീരായ്, നരിയായ്
കനിവായ്, കാമമായിരുട്ടായ് നിന്നു
എന്നെ നോക്കുന്നോ ഇലമറയിൽ
നിന്നു നീലക്കണ്ണുകൾ, കാറ്റിലൊ
ളിച്ചൊരാവേഗം,സൂക്ഷ്മസ്പർശം
മൺപാതയിലമർന്ന നഖക്കൂർപ്പ്
കടമ്പിൻ മുടിയിൽനിന്നിറ്റു വീഴുന്നു
മഴനാരുകൾ, വേരിൽ പൊടിഞ്ഞു,
പൊഴിഞ്ഞു പേരറിയാപാമ്പിൻപടം
പാതമുറിച്ചു പായുന്നു കീരിപ്പട
വഴി നീളെ പിണ്ഡം, നീരില്ലാതെ
മണമില്ലാതെ, തൂർന്ന താരകൾ
നീരാടി, നിറച്ചുണ്ടാനകൾ പോയ
വഴി,തോഴിയായ് വന്നു പേടികൾ
അന്ത്യകൂദാശയരുളുന്നൊരായിരം
ചീവീടുകൾ, പാതിരികളോയിവർ
മരണത്തിലേക്കുള്ള പാഥേയമോ
സൈരന്ധ്രിയിലേക്കുള്ളയീ യാത്ര
പുഴ ചിരിച്ചു , വിരൽ തൊടുന്നു
പോയൊരാന വരില്ലിനിയീ വഴി
ഉയരുന്നാന മതിൽ, വൈദ്യുതി,
ഉയിരല്ലേയവർക്കും പ്രിയം സഖീ!
***







No Comments yet!