Skip to main content

സ്ത്രീയായി ആരും ജനിക്കുന്നില്ല; മറിച്ച്, സ്ത്രീയായി മാറുന്നതാണ്

19-year-old Simone de Beauvoir's Resolutions for a Life Worth Living – The Marginalian

ഫ്രഞ്ച് ദാര്‍ശനികയും എഴുത്തുകാരിയും 20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകരില്‍ ഒരാളുമായ സിമൊണ്‍ ദെ ബൊവാര്‍ എഴുതിയ, 1949 ല്‍ പ്രസിദ്ധീകരിച്ച, ദ സെക്കന്റ് സെക്‌സ് ആധുനിക ഫെമിനിസ്റ്റ് ചിന്തയുടെ ഏറ്റവും സ്വാധീനമുള്ള പുസ്തകങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ‘One is not born, but rather becomes, a woman’ (സ്ത്രീയായി ആരും ജനിക്കുന്നില്ല, മറിച്ച് സ്ത്രീയായി മാറുന്നതാണ്) എന്ന പ്രശസ്തമായ ഏഴ് വാക്കുകള്‍ ഈ കൃതിയുടെ കേന്ദ്ര ആശയത്തെ സൂചിപ്പിക്കുന്നു. സമൂഹത്തിന്റെ സംസ്‌കാരവും ആചാരങ്ങളും പ്രതീക്ഷകളും ചേര്‍ന്നാണ് ഒരാളെ ”സ്ത്രീ”യാക്കി രൂപപ്പെടുത്തുന്നത് എന്ന ആശയമാണ് ഇതിലൂടെ ദെ ബൊവാര്‍ മുന്നോട്ടുവെച്ചത്. ഈ വാക്യം പിന്നീട് ലോകമെമ്പാടുമുള്ള സ്ത്രീപക്ഷ ചര്‍ച്ചകളിലും സാമൂഹ്യശാസ്ത്ര പഠനങ്ങളിലും വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന സിദ്ധാന്തപരമായ നിലപാടായി മാറി. അവര്‍ മുന്നോട്ടുവച്ച, സ്ത്രീകളുടെ സ്ഥാനം, സ്വാതന്ത്ര്യം, സമൂഹഘടന എന്നിവയെക്കുറിച്ചുള്ള ആഴമുള്ള ചിന്തകള്‍ ആധുനിക ഫെമിനിസ്റ്റ് ചര്‍ച്ചകളുടെ അടിസ്ഥാനമായി.

The Second Sex

1908 ജനുവരി 9-ന് പാരീസിലാണ് സിമോണ്‍ ദെ ബൊവാര്‍ ജനിച്ചത്. സ്ത്രീകള്‍ക്ക് വളരെ വ്യക്തമായ സാമൂഹിക ചട്ടങ്ങളുള്ള ഒരു സമൂഹം നിലനിന്നിരുന്ന കാലഘട്ടത്തിലാണവര്‍ വളര്‍ന്നു വന്നത്. അനുസരണയുള്ളവളാകുക, മതവിശ്വാസമുള്ളവളാകുക, ശാന്തമായി പെരുമാറുക, സമൂഹം നിര്‍ണ്ണയിച്ച സ്ഥാനത്തെ സ്വീകരിക്കുക, ചോദ്യങ്ങള്‍ ചോദിക്കരുത് എന്നതൊക്കെ ആ ചട്ടങ്ങളുടെ ഭാഗമായിരുന്നു. സ്ത്രീയുടെ ജീവിതം പ്രധാനമായും കുടുംബത്തിലും വിവാഹത്തിലും ഒതുങ്ങേണ്ടതാണെന്നായിരുന്നു ആ കാലഘട്ടത്തിലെ പൊതു ധാരണ.
എന്നാല്‍ സിമോണ്‍ ഈ ചട്ടങ്ങളെല്ലാം ചോദ്യം ചെയ്തു. ബാല്യത്തില്‍ തന്നെ സാഹിത്യത്തിലും ദാര്‍ശനികശാസ്ത്രത്തിലും വലിയ താല്‍പ്പര്യം കാണിച്ചു. മറ്റ് പെണ്‍കുട്ടികള്‍ ”ശ്രേഷ്ഠമായ പെരുമാറ്റം” പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവള്‍ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. സോര്‍ബോണ്‍ സര്‍വകാലാശാലയില്‍ നിന്നവര്‍ ദാര്‍ശനികശാസ്ത്രം പഠിച്ചു. 21-ാം വയസ്സില്‍ ഫ്രാന്‍സിലെ ഏറ്റവും പ്രൗഢമായ agrégation പരീക്ഷയില്‍ വിജയിച്ചു. രണ്ടാം റാങ്കോടെ. ഒന്നാം സ്ഥാനം നേടിയത് ലോകപ്രശസ്ത ദാര്‍ശനികനായ സാര്‍ത്രെ ആയിരുന്നു. പിന്നീട് ഇവര്‍ ജീവിതകാലം മുഴുവന്‍ ബൗദ്ധിക പങ്കാളികളായി. അസ്തിത്വവാദ ചിന്താഗതിയുടെ വളര്‍ച്ചയില്‍ ഇരുവരും പ്രധാന പങ്കുവഹിച്ചു.

Jean-Paul Sartre | Biography, Ideas, Existentialism, Being and Nothingness, & Facts | Britannica
Jean-Paul Sartre

സാര്‍ത്രെയും, ദെ ബൊവാറും പരമ്പരാഗത സാമൂഹിക ചട്ടങ്ങളെ അംഗീകരിച്ചിരുന്നില്ല. അവര്‍ വിവാഹം കഴിച്ചില്ല, അവരുടെ ബന്ധം പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. സമൂഹം ”പവിത്രം” എന്നു കരുതിയ പല മാനദണ്ഡങ്ങളെയും അവര്‍ ചോദ്യം ചെയ്തു. ആദ്യകാലത്ത് സാര്‍ത്രെയുടെ പേര് കൂടുതല്‍ പ്രശസ്തമായിരുന്നെങ്കിലും, പിന്നീട് ദെ ബൊവാറിന്റെ ബൗദ്ധിക സ്വാധീനം വളരെ വ്യാപകമായി വളര്‍ന്നു.

1949-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദ സെക്കന്റ് സെക്‌സ് ഒരു വിപുലമായ ദാര്‍ശനികവും സാമൂഹികവുമായ പഠനമാണ്. സ്ത്രീയെക്കുറിച്ചുള്ള ചരിത്രപരവും ജീവശാസ്ത്രപരവും മാനസികശാസ്ത്രപരവും സാംസ്‌കാരികവുമായ ധാരണകളെ അവര്‍ അതില്‍ വിശദമായി പരിശോധിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍: ‘One is not born, but rather becomes, a woman.’ എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നു. അതൊരു ദാര്‍ശനിക പ്രഖ്യാപനമായിരുന്നു. ദെ ബൊവാര്‍ ജൈവലിംഗത്തെ നിഷേധിച്ചില്ല. എന്നാല്‍ സമൂഹം ”സ്ത്രീ”യെക്കുറിച്ച് നിര്‍മ്മിച്ചിരിക്കുന്ന ധാരണകളാണ് പ്രധാനമായും മനുഷ്യരെ സ്വാധീനിക്കുന്നത് എന്നായിരുന്നു വാദം. ”സ്ത്രീ” എന്നത് സ്വാഭാവികമായൊരു സ്വഭാവമല്ല; മറിച്ച് സമൂഹം രൂപപ്പെടുത്തിയ ഒരു സാമൂഹിക നിര്‍മാണമാണ് എന്ന്.

സ്ത്രീയെ സാവധാനമുള്ളവള്‍, വികാരാധീനയായവള്‍, വീട്ടില്‍ മാത്രം ഒതുങ്ങേണ്ടവള്‍, പുരുഷനേക്കാള്‍ രണ്ടാം സ്ഥാനത്തുള്ളവള്‍ എന്നിങ്ങനെ സമൂഹം നിര്‍വചിച്ചിരിക്കുന്നു. ഈ നിര്‍വചനങ്ങള്‍ പ്രകൃതിയുടെ നിയമങ്ങളല്ല; അവ ചരിത്രവും സംസ്‌കാരവും ചേര്‍ന്ന് രൂപപ്പെടുത്തിയവയാണ് എന്നവര്‍ വാദിച്ചു. ദെ ബൊവാറിന്റെ പ്രധാന സിദ്ധാന്തങ്ങളില്‍ ഒന്നാണ് സ്ത്രീയെ ”മറ്റൊരാള്‍” (the Other) ആയി കാണുന്ന സാമൂഹിക സമീപനം. മനുഷ്യചരിത്രത്തില്‍ പുരുഷനെ സാധാരണ മനുഷ്യന്റെ മാനദണ്ഡമായി കണക്കാക്കുകയും സ്ത്രീയെ അതിന്റെ ഉപവിഭാഗമായി കാണുകയും ചെയ്തുവെന്നാണ് അവരുടെ നിരീക്ഷണം.

ഈ ഗ്രന്ഥത്തില്‍ അവര്‍, ജീവശാസ്ത്രത്തെ തെറ്റായി ഉപയോഗിച്ച് അസമത്വം ന്യായീകരിക്കുക, മാനസികശാസ്ത്ര സിദ്ധാന്തങ്ങള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ”പ്രശ്‌നം” ആയി ചിത്രീകരിക്കുക, സാഹിത്യത്തില്‍ സ്ത്രീയെ പരിമിതമായ രീതിയില്‍ അവതരിപ്പിക്കുക, സാമ്പത്തിക ഘടനകള്‍ സ്ത്രീയെ ആശ്രിതാവസ്ഥയില്‍ നിര്‍ത്തുക, നിയമങ്ങള്‍ സ്ത്രീയുടെ കീഴ്വഴക്കത്തെ സ്ഥാപനമാക്കുക, തുടങ്ങി സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനുപയോഗിക്കുന്ന ഒട്ടനവധി രൂപങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ ഏറ്റവും ശക്തമായ നിരീക്ഷണം, സ്ത്രീകളുടെ അടിച്ചമര്‍ത്തല്‍ നിയമങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും മാത്രമല്ല; പതിവുകളിലൂടെയും ദൈനംദിന സാമൂഹിക പരിശീലനങ്ങളിലൂടെയും അത് തുടരുന്നു എന്നതാണ്.
ഇതിനുദാഹരണങ്ങളായി, സ്ത്രീകള്‍ ശാന്തമായി സംസാരിക്കണം, കൂടുതല്‍ സ്ഥലം കൈവശപ്പെടുത്തരുത്, പുരുഷന്മാര്‍ക്ക് മുന്‍ഗണന, മറ്റുള്ളവരുടെ സൌകര്യത്തിനു മുന്‍തൂക്കം, എപ്പോഴും സൌമ്യതയോടെയുള്ള പെരുമാറ്റം എന്നിങ്ങനെയുള്ള സാമൂഹിക അച്ചടക്ക നിബന്ധനകളെന്ന് വിളിക്കുന്നവയെ എടുത്തു കാണിക്കുന്നു. ചെറിയവയെന്ന് തോന്നുന്ന ഈ സാമൂഹിക പരിശീലനങ്ങളാണ് സ്ത്രീകളെ സ്വയം പരിമിതപ്പെടുത്തുന്ന ഘടനയായി മാറ്റുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Simone de Beauvoir: a presiding spirit of our ambiguous project — The Unreliable Narrators

സെക്കന്റ് സെക്‌സ് പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ വലിയ വിവാദങ്ങള്‍ക്കത് കാരണമാക്കി. പ്രത്യേകിച്ച് സ്ത്രീയുടെ ലൈംഗികത, വിവാഹം, മാതൃത്വം എന്നിവയെക്കുറിച്ച് തുറന്നടിച്ച് സംസാരിച്ചത് പരമ്പരാഗത സമൂഹത്തെ അസ്വസ്ഥമാക്കി. 1956-ല്‍ കാത്തലിക് സഭ ഈ ഗ്രന്ഥത്തെ ഔദ്യോഗികമായി നിരോധിച്ചു. അത് കത്തോലിക്ക സഭയുടെ നിരോധിത ഗ്രന്ഥങ്ങളുടെ പട്ടികയായ Index Librorum Prohibitorum ല്‍ ഉള്‍പ്പെടുത്തി. ചില സര്‍ക്കാരുകളും വിമര്‍ശകരും ഈ പുസ്തകം ”അശ്ലീലവും അപകടകരവുമായ ആശയങ്ങള്‍” പ്രചരിപ്പിക്കുന്നതായി ആരോപിച്ചു. സിമോണ്‍ ദെ ബൊവാറിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു. അവരെ ”സ്ത്രീസൗമ്യതയില്ലാത്തവള്‍”, ”പുരുഷവിരോധിയായവള്‍” എന്നിങ്ങനെ വിശേഷിപ്പിച്ചു. എന്നാല്‍ ഈ വിമര്‍ശനങ്ങളും നിരോധനവും പുസ്തകത്തിന്റെ പ്രചാരമോ സ്വാധീനമോ കുറച്ചില്ല. മറിച്ച് അത് കൂടുതല്‍ വ്യാപകമായി വായിക്കപ്പെടാന്‍ കാരണമായി. ചില രാജ്യങ്ങളില്‍ പുസ്തകം അനൗദ്യോഗികമായി പ്രചരിച്ചു. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ അത് രഹസ്യമായി വായിച്ചു. സ്ത്രീകള്‍ പരസ്പരം പകര്‍പ്പുകള്‍ കൈമാറി.

അവരുടെ ജീവിതാനുഭവങ്ങളെ വിശദീകരിക്കാന്‍ ഒരു ഭാഷ ഈ പുസ്തകം വഴി ലഭിച്ചതായി അനേകം സ്ത്രീകള്‍ പിന്നീട് പറയുകയുണ്ടായി. മുമ്പേ നിര്‍ണ്ണയിക്കപ്പെട്ട സാമൂഹിക വേഷങ്ങള്‍ നല്‍കുന്ന അസന്തോഷം, പുരുഷനെ കേന്ദ്രമാക്കിയ സാമൂഹിക ഘടന, സ്ത്രീത്വം ഒരു പ്രകടനമെന്ന അനുഭവം എന്നിവയ്‌ക്കൊക്കെ എതിരായുള്ള ഒരു ദാര്‍ശനിക ഭാഷ ഈ പുസ്തകം നല്കി.

1960-കളിലും 1970-കളിലും ഉയര്‍ന്നുവന്ന രണ്ടാം തരംഗ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഈ പുസ്തകം വലിയ പ്രചോദനമായി. സ്ത്രീകളുടെ തൊഴില്‍ അവകാശം, വിദ്യാഭ്യാസ സമത്വം, പ്രജനനാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഈ പുസ്തകം ബൗദ്ധിക അടിത്തറയായി പ്രവര്‍ത്തിച്ചു. നിരവധി ചിന്തകര്‍ ദെ ബൊവാറിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ഇന്നത്തെ ജെന്‍ഡര്‍ പഠനങ്ങളിലെ ‘gender is a social construct’ എന്ന ആശയത്തിന്റെ അടിസ്ഥാനവും ദെ ബൊവാറിന്റെ ഈ പുസ്തകത്തിലാണ്.
ദെ ബൊവാര്‍ ഇത് കൂടാതേയും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദ മന്‍ഡാരിന്‍സ് എന്ന നോവല്‍ ഫ്രാന്‍സിലെ പ്രമുഖ സാഹിത്യ പുരസ്‌കാരമായ Prix Goncourt നേടി. പല സാമൂഹിക പ്രസ്ഥാനങ്ങളിലും അവര്‍ സജീവമായി പങ്കെടുത്തു. 1971-ല്‍ ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നപ്പോള്‍, 343 സ്ത്രീകള്‍ ഒപ്പുവെച്ച പ്രസിദ്ധമായ Manifesto of the 343 യില്‍ അവരുമുണ്ടായിരുന്നു.

Simone de Beauvoir | KALW

1986 ഏപ്രില്‍ 14-ന് 78-ാം വയസ്സില്‍ ദെ ബൊവാര്‍ അന്തരിച്ചു. ”One is not born, but rather becomes, a woman.’ – എന്ന ഏഴ് വാക്കുകള്‍ മനുഷ്യര്‍ ലിംഗത്തെക്കുറിച്ച് ചിന്തിക്കുന്ന രീതിയെ തന്നെ മാറ്റിമറിച്ചു എന്ന് നിസ്സംശയം പറയാവുന്നതാണ്.

No Comments yet!

Your Email address will not be published.