മലയാള പുസ്തകചരിത്രത്തിലെ വ്യത്യസ്തമായ കൃതികളില്‍ ഒന്നായ ചാരം ചിത്രകാരനും ഡിസൈനറും എഴുത്തുകാരനുമായ ഹരിദാസ് എ. കെ.യുടെ ആത്മകഥയാണ്. ഒപ്പം ഇഞ്ചപ്പുഴമല എന്ന ദേശത്തിന്റെയും അവിടുത്തെ പാര്ശ്വവല്കരിക്കപ്പെട്ട മനുഷ്യരുടെയും കഥ. മഴുവന്നൂരിലെ കിളികുളത്തിന് അടുത്തുള്ള ഇഞ്ചപ്പുഴമല പാറക്കെട്ടുകളും മരക്കൂട്ടങ്ങളും നിറഞ്ഞ വിജനവും നിഗൂഢവുമായ കുന്നിന്‍പ്രദേശമാണ്. പുറംലോകവുമായുള്ള ബന്ധങ്ങള്‍ കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശം. പ്രേതങ്ങളും ഭൂതങ്ങളും പാമ്പുകളും കുറുക്കന്മാരും നിറഞ്ഞ, മനുഷ്യവാസം കുറഞ്ഞ ദേശം. ഇഞ്ചപ്പുഴമല എന്ന ദേശത്തിന്റെയും അവിടത്തെ മനുഷ്യരുടെയും സൂക്ഷ്മമായ ജീവിതചിത്രീകരണമാണ് ചാരം.

ദേശമുദ്രകളുടെ പുസ്തകം
വരകള്‍ കൊണ്ടും വരികള്‍ കൊണ്ടും ദേശത്തെയും മനുഷ്യരെയും ഡോക്യുമെന്റ് ചെയ്തിരിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്ഥലത്തെ പ്രധാന ദിവ്യനില്‍ വിനീത ചരിത്രകാരനായി കഥാകൃത്ത് പ്രത്യക്ഷപ്പെടുന്നതുപോലെ ഇഞ്ചപ്പുഴമലയുടെ സ്വന്തം ചരിത്രകാരനായി ആത്മകഥാകാരന് മാറുന്നു. പ്രാകൃതമായ ദേശത്തെയും മനുഷ്യരെയും സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതിലൂടെ ഓര്‍മ്മകളുടെ ചരിത്രവല്‍ക്കരണമാണ് ഹരിദാസിന്റെ ലക്ഷ്യം. പ്രാകൃതം എന്ന വാക്കിന് അപരിഷ്കൃതം എന്നല്ല വിവക്ഷ, പ്രകൃതിയുമായി കൂടുതല്‍ ജൈവബന്ധമുള്ള നാടും മനുഷ്യരും എന്ന സങ്കല്പനത്തിലാണ് അത്തരമൊരു പ്രയോഗം. പ്രാകൃതനാണ് മനുഷ്യന് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗം ഓര്‍ക്കുക. പൊതുസമൂഹം ക്ലിപ്തപ്പെടുത്തിയ സാംസ്കാരികഭൂമികയ്ക്കു പുറത്താണ് ഇഞ്ചപ്പുഴമലയുടെ സ്ഥാനം.
നാടിന്റെ പരിവര്ത്തനചരിത്രം കൂടിയാണ് കൃതി. എണ്‍പതുകളില്‍ പാറമടവ്യവസായം വരുന്നതോടെ ദേശത്തിന് സംഭവിക്കുന്ന പരിണാമങ്ങള്‍ വ്യക്തമായ തെളിച്ചത്തോടെ ആത്മകഥാകാരന് രേഖപ്പെടുത്തുന്നു. മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ ഒറ്റയടിപ്പാതകള്‍ മാത്രമുണ്ടായിരുന്ന മലയിലേക്ക് ആദ്യമായി റോഡ് പണിയുന്നതിനെക്കുറിച്ചും അതിലൂടെ ലോറി വരുന്നതിനെക്കുറിച്ചും കൃതിയില്‍ വിവരിക്കുന്നുണ്ട്. പില്ക്കാലത്ത് ഖനനത്തിനുശേഷം വലിയ ഗര്‍ത്തങ്ങളും പാറക്കുളങ്ങളുമായ ഇഞ്ചപ്പുഴമലയിലേക്ക് ആരും വരാതെയായി. അന്ന് കാടുവെട്ടിയാണ് റോഡ് തെളിച്ചതെങ്കില്‍ ഇന്ന് അതേ റോഡ് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോള്‍ താനേ കാടായി മാറിയിരിക്കുന്നു.
വ്യക്തിയുടെ ആത്മകഥ ദേശത്തിന്റെ ആത്മകഥയായി വികസിക്കുന്നു. ദേശത്തിന്റെ ആത്മകഥയെ ദേശചരിത്രമെന്നു വിശേഷിപ്പിക്കാം. രാഷ്ട്രത്തിന്റെ മുഖ്യധാരാചരിത്രത്തെ മെഗാ ഹിസ്റ്ററി എന്നുവിളിക്കുന്നു. മെഗാ ഹിസ്റ്ററിയില്‍ പ്രാദേശികഘടകങ്ങളും അതിന്റെ വൈവിധ്യങ്ങളും ഉണ്ടാകണമെന്നില്ല. മുഖ്യധാരാചരിത്രത്തില്‍ രാജാക്കന്മാരും ഭരണകര്‍ത്താക്കളും മാത്രമേയുള്ളൂ. ഭരിക്കപ്പെട്ട ജനങ്ങളില്ല. ചാരം, ദേശത്തിലെ സാധാരണ മനുഷ്യരുടെ ജീവിതചരിത്രമായി മാറുകയാണ്.
എണ്‍പതുകളില്‍ മലയാളി അനുഭവിച്ച ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധങ്ങളുടെയും ലോകത്തെ ചാരം തുറന്നുകാട്ടുന്നു. അന്നത്തെ വിദ്യാലയജീവിതം, വീടുകളുടെ അവസ്ഥ, കുടുംബബന്ധങ്ങള്‍, കൊച്ചുകൊച്ചു കച്ചവടങ്ങള്‍, കൃഷി, ആശുപത്രിസംവിധാനങ്ങളും ആരോഗ്യജീവിതവും, ഭൂതപ്രേതങ്ങളിലുള്ള വിശ്വാസങ്ങള്‍, സിനിമ, ഉത്സവങ്ങള്‍ തുടങ്ങിയ സമൂഹജീവിതത്തിന്റെ അനേകം അടരുകളെ യാഥാര്‍ത്ഥ്യബോധത്തോടെ ഈ കൃതി വരച്ചുവയ്ക്കുന്നു. ഇഞ്ചപ്പുഴമല എന്ന ദേശത്തിന്റെ ചരിത്രം കേരളത്തിന്റെ പരിച്ഛേദം തന്നെയാണ്.ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മലയാളി നേരിട്ട പ്രതിസന്ധികളെ സൂക്ഷ്മമായി കൃതിയില്‍ ആവിഷ്കരിക്കുന്നുണ്ട്. കരിങ്കല്‍ക്വാറി വ്യവസായം ഒരു ദേശത്തേക്ക് കടന്നുവരുമ്പോള്‍ അവിടെ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങളെയും ഓര്‍മ്മകള്‍ ഒപ്പിയെടുക്കുന്നു.
ദേശവും അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയുടെയും കഥയായതിനാലാണ് ചാരത്തെ ദേശത്തിന്റെ ആത്മകഥ എന്ന വിശേഷിപ്പിക്കുന്നത്. ജനങ്ങളും ജനകീയസംസ്കാരങ്ങളും ജനതയുടെ ഉത്സവങ്ങളും ആചാരങ്ങളും മുഖ്യധാരാചരിത്രത്തില്‍ എവിടെയാണുള്ളത്? പിന്നാക്കക്കാരും തൊഴിലാളികളും കര്‍ഷകരും കീഴാളരും ആദിവാസികളും സ്ത്രീകളും ട്രാന്‍സ്ജെന്‍ഡറും ചരിത്രത്തില്‍ ഇല്ലാതെ പോയതെന്തുകൊണ്ട്? നവോത്ഥാനകാലത്ത് കാവ്യാത്മകമായി ഈ ചോദ്യം പൊയ്കയില്‍ അപ്പച്ചന് ചോദിച്ചു. ‘കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി’ എന്ന് അദ്ദേഹം പാടുന്നു. അത് കേവലം ഒരു പാട്ടല്ല, ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഒരു ചോദ്യം കൂടിയാണ്. ഞങ്ങള്‍ എവിടെ എന്ന ഇടത്തെക്കുറിച്ചുള്ള ചോദ്യം വരുമ്പോഴാണ് പ്രാദേശികചരിത്രം എന്ന പ്രതിചരിത്രരചന കടന്നുവരുന്നത്.
തിരുവനന്തപുരവും കൊച്ചിയും മുഖ്യധാരാചരിത്രത്തില്‍ ഉണ്ടാകും. പക്ഷേ ഇഞ്ചപ്പുഴമല മുഖ്യധാരാചരിത്രത്തില്‍ ഉണ്ടാകില്ല. ഇഞ്ചപ്പുഴമലയിലെ വീടുകള്‍ക്കും പാതകള്‍ക്കും പാറകള്‍ക്കും ചരിത്രമുണ്ട്. അവിടെ ജീവിച്ച മനുഷ്യര്‍ക്കും ചരിത്രമുണ്ട്. അത് രേഖപ്പെടുത്താനുള്ള ശ്രമമാണ് ചാരം. ഓര്‍മ്മകളുടെ പുസ്തകമാണ് ചാരം. ഓര്‍മ്മകള്‍ക്ക് ചരിത്രപരമായ മൂല്യമുണ്ട്. പരമ്പരാഗത ചരിത്രസിദ്ധാന്തങ്ങള്‍ ഓര്‍മ്മകളെ മുഖ്യധാരാചരിത്രത്തിന്റെ പുറത്തു നിര്‍ത്തുകയാണു ചെയ്യുക. ഓര്‍മ്മകളിലൂടെ ദേശത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും ചരിത്രത്തെ ആവിഷ്കരിക്കുന്നു.
മുഖ്യധാരാചരിത്രം രചിക്കാനുള്ള ഉപാദാനങ്ങള്‍ പുരാവസ്തുക്കളോ പുരാരേഖകളോ സാഹിത്യകൃതികളോ ആണ്. എന്നാല്‍ പ്രാദേശികചരിത്രരചനയ്ക്ക് മനുഷ്യരുടെ ഓര്‍മ്മകള്‍, പാട്ടുകള്‍, കഥകള്‍, വാമൊഴിവഴക്കങ്ങള്‍ തുടങ്ങിയ അനേകം ഘടകങ്ങള്‍ ഉപാദാനമായി മാറുന്നു. പുരാവസ്തുക്കളിലോ, പുരാരേഖകളിലോ, സാഹിത്യത്തിലോ സാധാരണക്കാര്‍ സാന്നിധ്യമാകണമെന്നില്ല. അത്തരം അഭാവങ്ങളുടെ പേരില്‍ അവര്‍ക്ക് ചരിത്രമില്ല എന്ന് പറയാനാവില്ല. അവര്‍ക്കും ചരിത്രമുണ്ട്. അവരുടെ ചരിത്രം അറിയണമെങ്കില്‍ ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലാണ് മാറ്റമുണ്ടാകേണ്ടത്. അവരുടെ ചരിത്രം നിര്‍മ്മിക്കപ്പെടുന്നത് ഓര്‍മ്മകളുടെ രൂപത്തിലാണ്. ഓര്‍മ്മകളില്‍ ചരിത്രം അടയിരിക്കുന്നു. പ്രശസ്ത ചിന്തകനായ ഫ്രെഡറിക് ജെയിംസന്റെ ‘ ചരിത്രവല്‍കരിക്കുക, എപ്പോഴും ചരിത്രവല്ക്കരിക്കുക’ എന്ന ആപ്തവാക്യത്തില്‍ പറയുന്നതുപോലെ ദേശത്തെയും അവിടത്തെ മനുഷ്യരെയും ചരിത്രവല്‍ക്കരിക്കാനുള്ള ശ്രമമാണിത്. ഏതൊരു ആശയവും അത് ഉടലെടുത്ത കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക പശ്ചാത്തലത്തില്‍ മനസ്സിലാക്കുന്നതിലാണ് കാര്യം.

പാറമടവ്യവസായം ഒരു നാടിനെ മാറ്റിമറിക്കുന്നതിന്റെ അനേകം അടയാളങ്ങള്‍ കൃതിയില്‍ കാണാം. പുതിയ തൊഴിലവസരങ്ങള്‍, തൊഴില്‍ തേടി പുറംദേശങ്ങളില്‍ നിന്നുള്ള ആളുകളുടെ വരവ്, പുതിയ യന്ത്രസംവിധാനങ്ങള്‍, ലോറികളും മറ്റു വാഹനങ്ങളും, പുതിയ കടകള്‍, ബന്ധങ്ങള്‍, പ്രണയങ്ങള്‍, പാറമടമരണങ്ങള് തുടങ്ങിയവയെല്ലാം ഇഞ്ചപ്പുഴമലയിലേക്ക് വരുന്നു. ഒരു കാലത്ത് മനുഷ്യര്‍ പ്രവേശിക്കാന്‍ മടിയ്ക്കുന്ന ഇടമായിരുന്നു ഇഞ്ചപ്പുഴമല. ഒറ്റയടിപ്പാതകളിലൂടെ നടന്നാണ് ആളുകള്‍ ഇഞ്ചപ്പുഴമലയില് എത്തിയത്. അത്തരമൊരു ദേശത്തേക്കാണ് പാറമടവ്യവസായം റോഡുകള്‍ കൊണ്ടുവന്നത്. എന്നാല്‍ ദേശത്തെ പാരിസ്ഥിതികമായി തകര്‍ക്കുന്നതിന്റെ അനേകം സൂചനകളും കൃതിയില്‍ കാണാം. പരിസ്ഥിതിയും വികസനവും ഒന്നിച്ചു പോകുന്ന കാഴ്ചയല്ല, പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് വികസനം അധിനിവേശം നടത്തുന്നതിന്റെ മികച്ച ഉദാഹരണമായി ഇഞ്ചപ്പുഴമല മാറുന്നു.
പ്രാദേശിക ചരിത്രരചനയുടെ മറ്റൊരു വകഭേദമായി സ്മരണാപഠനത്തെ (Memory Studies) കണക്കാക്കാവുന്നതാണ്. ആത്മകഥ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും സംഘാതമാണല്ലോ. സ്മരണകളിലൂടെയും അനുഭവങ്ങളിലൂടെയും ചരിത്രം അപനിര്മ്മിക്കപ്പെടുന്നതിന്റെ മുദ്രയായി ചാരം മാറുന്നു. വാമൊഴിവഴക്കങ്ങള്‍, പാട്ടുകള്‍, കഥകള്‍, ആചാരങ്ങള്‍, ക്രയവിക്രയങ്ങള്‍, ആഹാരരീതികള്‍, വിശ്വാസങ്ങള്‍, നാട്ടുവൈദ്യം, കൃഷിയറിവുകള്‍, തൊഴില്‍ എന്നിവയെല്ലാം ദേശചരിത്രത്തിന്റെ രചനയ്ക്കുള്ള വിഭവങ്ങളായിത്തീരുന്നു.
ദേശചരിത്രം എഴുതുമ്പോള്‍ പ്രസ്തുത ദേശത്തിലേക്ക് നാം ഉറ്റുനോക്കുന്നുണ്ട്.ഭരണകര്‍ത്താക്കളെയും അധികാരമുള്ളവരെയും കേന്ദ്രീകരിച്ചുള്ള ചരിത്രരചനയല്ല (History from high) പ്രാദേശികചരിത്രം.ഭരിക്കപ്പെട്ട ജനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചരിത്രരചനയാണിത് ( History from below). പ്രാദേശിക ചരിത്രം ചെറുതുകളുടെ ചരിത്രമാണ് (Micro History) ജന്‍സി തലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരുള്‍നാടന്‍ ഗ്രാമത്തിന്റെയും ഗ്രാമീണജീവിതത്തിന്റെയും നേര്‍സാക്ഷ്യമാണ് ചാരം. അക്കാലഘട്ടത്തിലെ ദേശത്തിന്റെയും മനുഷ്യരുടെയും ജീവിതത്തിലെ സൂക്ഷ്മതകള്‍ പോലും ഈ അനുഭവക്കുറിപ്പുകളില്‍ നിന്നും കണ്ടെടുക്കാം.
പാറമടവ്യവസായത്തിന്റെ പേരില്‍ നടന്ന ഖനനങ്ങളാല് തിരിച്ചുപിടിക്കാനാവാത്ത വിധം ഇഞ്ചപ്പുഴമല ചിതറിപ്പോയി. ‘മലയ്ക്ക് പക്ഷേ തിരിച്ച് മലയാകാനാവില്ല. മനുഷ്യന് അത് തുരന്നെടുത്തു. ‘പുസ്തകത്തിന്റെ സത്ത ഈ വാചകത്തിലുണ്ടെന്നു പറയാം. ഇഞ്ചപ്പുഴമല ഇല്ലാതാകുമ്പോള്‍ ദേശം മാത്രമല്ല, അവിടുത്തെ മനുഷ്യരുടെ ഓര്‍മ്മകളും സംസ്കാരവും കൂടി ഇല്ലാതാകുന്നു. ബാല്യം, ബന്ധങ്ങള്‍, പ്രണയങ്ങള്‍, മനുഷ്യര്‍, ദേശം ഇവയെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നിലേക്കു മറയുന്ന ദൃശ്യങ്ങളായി മാറും.ശേഷിക്കുന്നത് ഓര്‍മ്മകളുടെ സംഗീതമാണ്. അതുകൊണ്ടുതന്നെ ആര്‍ത്തു പെയ്യുന്ന ഓര്‍മ്മകളുടെ നിറമാണ് ചാരം. ദേശത്തെ വീണ്ടെടുക്കാനുള്ള ആഗ്രഹമാകണം വാക്കുകളിലൂടെയും വരകളിലൂടെയും ദേശചരിത്രം ആവിഷ്കരിക്കാന്‍ ഹരിദാസിനെ പ്രേരിപ്പിച്ചത്. ജനിച്ചുവളര്‍ന്ന വീടിരുന്ന സ്ഥലം അഗാധമായ ഗര്‍ത്തമായി മാറിയിരിക്കുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായിരിക്കും ജനിച്ച വീടും വളര്‍ന്ന ദേശവും. നിരന്തരമായ ഖനനങ്ങളാല് ഒരു ദേശത്തിന്റെ ഭൂപ്രകൃതി മാറ്റിമറിക്കപ്പെടുമ്പോള്‍ ഭൗമപരമായ വീണ്ടെടുക്കല്‍ പ്രയാസമാണ്. ഓര്‍മ്മകളിലെ ദേശത്തെ വരകളിലൂടെയും വാക്കുകളിലൂടെയും ആവിഷ്കരിക്കല് ചരിത്രത്തിന്റെ വീണ്ടെടുപ്പായി മാറുന്നു.

പ്രണയത്തിന്റെ പലമ
മലയാളത്തിലെ ആത്മകഥാസാഹിത്യത്തില്‍ ഇത്രയും തുറന്നെഴുത്ത് ഏറെയില്ല. മികവുകളെ ഉയര്‍ത്തിക്കാട്ടുകയും പോരായ്മകളെ മറച്ചുവയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഭൂരിഭാഗം ആത്മകഥകളും രചിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം വ്യക്തിജീവിതത്തില്‍ കരിയും ചളിയും പുരട്ടിയേക്കാവുന്ന അനുഭവങ്ങളെ മിനുക്കുപണികളില്ലാതെ എഴുതിയിരിക്കുന്നു. സമൂഹത്തിനുമുന്നില്‍ തന്റെ ജീവിതത്തെ നഗ്നമാക്കി നിര്‍ത്തുകയാണ് എഴുത്തുകാരന്. ‘ഓര്‍മ്മകള്‍ രോഗാതുരമായ ബോധത്തിന് വഴി മാറിയപ്പോള്‍ എഴുതിയ കുറിപ്പുകള്‍ പൂര്ണസത്യങ്ങളാണെന്ന് പറയുക വയ്യ. ഒരു ശ്രമം മാത്രം.’ എന്ന് ഗ്രന്ഥകാരന് ആമുഖവാക്യം പോലെ പറയുന്നുണ്ട്. എന്നാല്‍ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍മ്മകള്‍ അങ്ങേയറ്റം സത്യസന്ധമാണെന്ന് വായനക്കാര്‍ക്ക് അനുഭവിക്കാന്‍ പറ്റും.
‘നെഞ്ചു കീറി ഞാന്‍ നേരിനെക്കാട്ടാം’ എന്ന് പറയുന്നതുപോലെ അപകടകരമായ തുറന്നെഴുത്ത് ചാരത്തിലുണ്ട്. എഴുത്തിലെ സത്യസന്ധതയാണ് ഗ്രന്ഥകാരന്റെ അടിസ്ഥാന നിലപാട്. സ്വയം മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഗ്രന്ഥകാരന് നടത്തുന്നില്ല. അതുകൊണ്ടു തന്നെ വായനക്കാരുടെ വിശ്വാസം എളുപ്പം ആര്‍ജിച്ചെടുക്കാന്‍ സാധിക്കുന്നു. തുറന്നെഴുത്തുകള്‍ക്ക് പലപ്പോഴും കുമ്പസാരസ്വഭാവമുണ്ട്. തന്നെത്തന്നെ വിചാരണ ചെയ്യാനുള്ള ശ്രമമായി കൃതി മാറുന്നു. ആത്മവേദനകളും ആത്മനിന്ദകളും കൃതിയില്‍ അപഗ്രഥനഭാവത്തോടെ ആവിഷ്കരിക്കപ്പെടുന്നു.
മഴവില്വൈവിധ്യങ്ങളോടെ തിളങ്ങുന്ന പ്രണയത്തിന്റെ വൈചിത്ര്യങ്ങളെ കൃതി അടയാളപ്പെടുത്തന്നു. കുട്ടിപ്രണയം, വിവാഹേതരപ്രണയം, പെട്ടെന്നുണ്ടാകുന്ന ആകര്ഷണങ്ങള്, സദാചാരസങ്കല്പങ്ങള്, വിരഹവേദന, സമൂഹസങ്കല്പത്തിലെ അവിഹിതം തുടങ്ങിയ പ്രേമവൈചിത്ര്യങ്ങളാല് സമ്പന്നമാണ് കൃതി.
പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന ഒരു മനസ്സ് കൃതിയിലൂടനീളം കാണാം. ‘ഏതോ വളകിലുക്കം കേട്ടലയുന്ന ഭ്രഷ്ടകാമുകന്‍’ എന്ന് പി.യെ വിശേഷിപ്പിച്ചത് ആത്മകഥകാരനും ചേരും. പ്രണയം സകല ജീവജാലങ്ങളുടെയും ജൈവികചോദനയാണ്. മനുഷ്യവംശം ആരംഭിച്ചത് മുതല്‍ പ്രണയവും ആരംഭിച്ചിരിക്കണം. ഏകശിലാത്മകമായ നിര്‍വചനം പ്രണയത്തിന് നല്‍കാനാവില്ല.
ബാല്യകാലസഖിയിലെ മജീദിനെയും സുഹറയെയും പോലെ കുട്ടിക്കാലപ്രണയവും ചാരത്തില്‍ കാണാം. പത്തുവയസ്സുകാരന് ഹരിയോടുള്ള തന്റെ ബാലപ്രണയം സ്വപ്ന വെളിപ്പെടുത്തിയത് തൊടലിപ്പഴം നല്‍കിയാണ്. കൂടുതല്‍ മധുരവും വലിപ്പവുമുള്ള തൊടലിപ്പഴങ്ങള് ഇഞ്ചപ്പുഴമലയില് നിന്നും ശേഖരിച്ച് അവള് ഹരിദാസിന് നല്കി. മണ്ടന്‍ മുത്തപയോടുള്ള പ്രണയം സൈനബ ആവിഷ്കരിക്കുന്നത് പുട്ടില്‍ പുഴുങ്ങിയ മുട്ട ഒളിപ്പിച്ചുവെച്ചാണ്. പ്രണയം ഇമ്മിണി ബല്യ പ്രമേയമായി ചാരത്തില്‍ വരുന്നു.
പലവിധ പ്രണയങ്ങളില്‍ ഏറ്റവും തീക്ഷ്ണമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് രമ്യയുമായുള്ള ആത്മകഥാകാരന്റെ അടുപ്പമാണ്. വിന്‍സന്റ് വാന്‍ഗോഗ് കാമുകിയ്ക്ക് സ്വന്തം ചെവി മുറിച്ച് സമ്മാനമായി നല്കിയ സംഭവവും ആത്മകഥയിലെ വിരല്ഛേദനവും ചേര്‍ത്തു വായിക്കാനാകും. ഹരിദാസ് തന്റെ വിരല്‍ മുറിക്കുന്നത് പ്രണയത്തിന്റെ ഭാഗമായല്ല. മനുഷ്യരില്‍ അപൂര്‍വ്വമായുള്ള ബോഡി ഇന്റഗ്രിറ്റി ഐഡന്റിറ്റി ഡിസോര്‍ഡര്‍ എന്ന മാനസികാസ്വാസ്ഥ്യം മൂലമാണ്. ആരോഗ്യമുള്ള ശരീരഭാഗങ്ങള്‍ മുറിച്ചു കളയാനുള്ള അതിയായ ആഗ്രഹമാണ് ഇത്തരം ആളുകള്‍ക്കുണ്ടാവുക. ആംപ്യൂട്ടികളോടുള്ള താല്പര്യമാണ് ഇത്തരം പ്രവൃത്തികള്‍ക്കു പിന്നില്‍.ഹരിദാസും രമ്യയുമായുള്ള പ്രണയത്തിനിടയില്‍ വിരല്ഛേദനം വീണ്ടും വരുന്നുണ്ട്. തനിക്ക് ആംപ്യൂട്ടികളോടാണ് കൂടുതല്‍ താല്പര്യം എന്നു പറയുമ്പോള്‍ രമ്യ, തന്റെ പ്രണയം സുഭദ്രമാക്കാന്‍ വേണ്ടി സ്വന്തം വിരല്‍ മുറിക്കുന്നു. പ്രണയതീക്ഷ്ണതയുടെ മുദ്രയായ പാതിമുറിഞ്ഞ വിരലിന് കുഞ്ഞാപ്പിനി എന്ന് ഇരുവരും ഓമനപ്പേരിടുന്നു.
ഒരേസമയം ഭാര്യയെയും കാമുകിയെയും സ്നേഹിക്കാന്‍ ഒരാള്‍ക്കെങ്ങനെയാണ് സാധിക്കുക? ഭാര്യയോടുള്ള സ്നേഹവും ആദരവും പരിഗണനയും നിലനില്ക്കുമ്പോള് തന്നെ കാമുകിയോടുള്ള പ്രണയം തീവ്രാഭിലാഷമായി തുടരുന്നു. മനുഷ്യമനസ്സിന്റെ വൈചിത്ര്യവും വൈവിധ്യവും പ്രകടമാകുന്ന ഭാഗങ്ങളാണവ. ഭാര്യാസമേതനായി ജീവിക്കുമ്പോള്‍ മറ്റൊരു സ്ത്രീയുമായുണ്ടാകുന്ന അടുപ്പവും പ്രണയവും തുറന്നെഴുതാന്‍ പലരും മടിക്കും. വിവാഹേതരപ്രണയബന്ധത്തെ വിശദാംശങ്ങളുടെ ആഖ്യാനം ചെയ്യുന്നുവെന്നതാണ് ചാരത്തിന്റെ മറ്റൊരു പ്രത്യേകത. ഭര്‍ത്താവിന്റെ പ്രണയത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുമ്പോള്‍ ഭാര്യ വഴക്കുണ്ടാക്കുന്നുണ്ട്. മറുഭാഗത്ത് കാമുകിയുമായുള്ള സൗന്ദര്യപ്പിണക്കങ്ങളും അടിപിടികളും പ്രകാശവ്യക്തതയോടെ ആവിഷ്കരിക്കുന്നു. വിവാഹേതരപ്രണയം കാല്പനികമായി ശോഭിക്കുന്ന പൗര്‍ണമിച്ചന്ദ്രന്‍ മാത്രമല്ല, അതിലെ നിഴലുകളും രേഖപ്പെടുത്തപ്പെടുന്നു. ഒരേസമയം ഭാര്യയെയും കാമുകിയെയും സ്നേഹിക്കുക, അവരുമായുള്ള സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുക. അങ്ങനെ ജീവിതത്തിന്റെ വൈവിധ്യങ്ങളെ കൃതി പ്രകാശിപ്പിക്കുന്നു. കാല്പനികതയുടെ ആകാശങ്ങളില്‍ പഞ്ചവര്ണ്ണച്ചിറകുകള് വീശിപ്പറക്കുന്ന പ്രണയഭാവനകളെ ഹരിദാസ് ആവിഷ്കരിക്കുന്നേയില്ല.
ദാമ്പത്യം എന്ന സ്ഥാപനത്തിനകത്തുള്ള ആഴമേറിയ പിളര്‍പ്പിനെയും കൃതി അടയാളപ്പെടുത്തുന്നു. വൈലോപ്പിള്ളിയുടെ കണ്ണീര്‍പ്പാടത്തില്‍ സ്നേഹവൈകൃതത്താല് പരിക്കേറ്റവരായി ദമ്പതികളെ വിശേഷിപ്പിക്കുന്നു.
‘നിയമം നിറവേറ്റലെത്ര, യിദ്ദാമ്പത്യത്തില്‍
നയമെത്രയാ, ണഭിനയമെത്രയാണെന്നും
കുഴിച്ചു കുഴിച്ചു നാമനിഷ്ടസ്മൃതികള്ത-
ന്നഴുക്കു പരതിച്ചെന്നെത്തുന്നൂ നരകത്തില്‍.’
നിയമവും നയവും അഭിനയവുമെല്ലാം ചേര്‍ന്ന് ദാമ്പത്യം സ്നേഹരഹിതമാകുമ്പോള് അനിഷ്ടസ്മൃതികളുടെ നരകമായി കുടുംബം മാറും. വിവാഹവും പ്രണയവും ഒത്തുപോകണമെന്നില്ല. ചില പ്രണയങ്ങള്‍ വിവാഹത്തോടെ അവസാനിക്കും. ജാതിഭേദവും മതഭേദവും സാമ്പത്തികവ്യത്യാസങ്ങളുമില്ലാതെ മനുഷ്യര്‍ സ്നേഹത്തോടെ പെരുമാറുന്നത് പ്രണയവേളയിലാണ്. വിവാഹമാകട്ടെ ഇത്തരം വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.വിവാഹം സ്നേഹബന്ധത്തിലുപരി പലപ്പോഴും കച്ചവടവമായി മാറുന്നു
പോളിഗാമി പ്രവണതകള്‍ മനുഷ്യരുടെ അടിസ്ഥാനസ്വഭാവമാണ്. ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കുന്ന സമ്പ്രദായമാണ് പോളിഗാമി. (Polygamy). ഒരേസമയം തന്നെ ഒന്നിലേറെ സ്ത്രീകളെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും പ്രണയിക്കാനും മനുഷ്യനാവും.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ബഹുഭാര്യത്വമാണ്. ഒരു സ്ത്രീയ്ക്ക് ഒന്നിലധികം ഭര്ത്താക്കന്മാരുള്ള രീതിയും നിലവിലുണ്ട്. വിവാഹത്തിന്റെ നിയമപരമായ ചട്ടക്കൂടുകളില്ലാതെ പലരുമായി ഒരേസമയം പ്രണയബന്ധത്തിലേര്പ്പെടുന്ന രീതിയെ പോളിയാമറി (Polyamory) എന്നും വിശേഷിപ്പിക്കുന്നു.
ഉന്മാദങ്ങളുടെ പുസ്തകമാണ് ചാരം. പ്രണയത്തകര്‍ച്ചയാണ് ഹരിദാസിനെ മനോവിഭ്രാന്തിയുടെ ആഴക്കയത്തിലാക്കിയത്. ധന്യ പോളുമായുള്ള പ്രണയം തകര്‍ന്ന വേളയിലുണ്ടായ കടുത്ത വിഷാദവും ഉറക്കമില്ലായ്മയുമാണ് അയാളെ തൊടുപുഴയിലെ ചിത്തരോഗാശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയിലെ ദിനങ്ങളെയും ഒറ്റപ്പെടലിനെയും ഏറെ വൈകാരികമായാണ് കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
അകാല്പനികത നിറഞ്ഞ പാറമടയും പ്രണയവര്‍ണ്ണങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇഞ്ചപ്പുഴമലയില് പാറമടവ്യവസായം വരുന്നതോടെ പുതിയ പ്രണയങ്ങളും വരുന്നുണ്ട്. തൊഴില്‍ തേടി വരത്തന്മാര് അവിടേക്ക് വരുന്നു. തദ്ദേശവാസികളായ സ്ത്രീകളുമായുള്ള അവരുടെ പ്രണയങ്ങള്‍ അവിടെ ആരംഭിക്കുന്നു. സ്വന്തം അമ്മയ്ക്ക് മാധവന് പിള്ള എന്ന വ്യവസായിയുമായുണ്ടായ അടുപ്പത്തിന്റെ വാതില്‍ തുറന്നിടുന്നതും പാറമടകളുടെ സാധ്യതകളല്ലാതെ മറ്റെന്താണ്? സ്വപ്നയുമായുള്ള ഹരിദാസിന്റെ പ്രണയം പൂവിടുന്നതും പാറമടദേശത്ത് തന്നെയാണ്.
മാധവന് സാര്‍ പെറ്റമ്മയെ ചൂഷണം ചെയ്യുന്നത് വെളിപ്പെടുത്തുമ്പോള്‍ അമ്മയെ ഇകഴ്ത്തലല്ല, സമ്പന്നരും വരേണ്യരും നടത്തുന്ന സ്ത്രീചൂഷണത്തെ ആവിഷ്കരിക്കലും എഴുത്തുകാരന്റെ ലക്ഷ്യമാണ്. ഇരുട്ടിന്റെ മറവില്‍ മാധവന് സാര്‍ കാമം ശമിപ്പിക്കുമ്പോള്‍ ചുറ്റും കിടക്കുന്ന മക്കള്‍ കൂടി അറിയുന്ന തരത്തിലുള്ള സ്ഥലസൗകര്യമേ വീടിനുണ്ടായിരുന്നുള്ളൂ. കണ്ണുകളെ ഈറനാക്കുന്ന സഹാനുഭൂതിയും മനുഷ്യത്വവും നിറഞ്ഞ ആത്മകഥയാണിത്. മാധവന് സാറിന്റെ മരണശേഷം പുറത്തു പറയാനാകാത്ത സങ്കടം പേറി തളര്‍ന്നിരിക്കുന്ന അമ്മയെ കോറിയിട്ടത് നോക്കുക. കൗമാരക്കാരനായ മകന് അമ്മയിലെ ‘സ്ത്രീയെ’ അനുകമ്പയോടെ വായിക്കുന്നതിലെ മാനവികതയും ശ്രദ്ധേയമാണ്. അമ്മയെ അയാള്‍ ആഴത്തില്‍ മനസ്സിലാക്കിയിരുന്നുവെന്നതിന്റെ തെളിവാണത്. അത്രമേല്‍ സ്നേഹമുണ്ടെങ്കിലേ അമ്മയുടെ സങ്കടങ്ങളെ തിരിച്ചറിയാനും അതിനെപ്പറ്റി എഴുതാനും വരയ്ക്കാനും കഴിയൂ. മനുഷ്യമനസ്സിന്റെ നിഗൂഢലോകങ്ങളെ സത്യസന്ധമായി തുറന്നെഴുതുന്നതിലാണ് കൃതിയുടെ മേന്മ. അവിടെ മതമൂല്യങ്ങളുടെയും യാഥാസ്ഥിതികമായ സദാചാരബോധത്തിന്റെയും അളവുകോലുകള്‍ മാത്രമുള്ള അന്വേഷണം മതിയാകില്ല.

കറുപ്പില്‍ വിരിയുന്ന ആത്മരേഖകള്‍
ചാര്‍ക്കോളിലൂടെ (കരി) ആവിഷ്കരിച്ചിരിക്കുന്ന 125 ഇല്ലസ്ട്രേഷനുകള്‍ കൃതിയെ വ്യത്യസ്തമാക്കുന്നു.കരിപുരണ്ട ജീവിതങ്ങളെ ആവിഷ്കരിക്കാനുള്ള സവിശേഷമാധ്യമമായി ചാര്‍ക്കോള്‍ മാറുന്നു.ഗ്രേ ഷേഡിലുള്ള ജീവിതങ്ങളുടെ ആവിഷ്കാരം എന്നും വിളിക്കാം. ഗ്രന്ഥകാരന് തന്നെ ചിത്രീകരണം നടത്തി പുറത്തിറങ്ങുന്ന ആദ്യത്തെ ആത്മചരിതമായിരിക്കാം ചാരം. കരികൊണ്ട് വരച്ച ചിത്രങ്ങളും ഇരുട്ട് പടര്‍ന്നുകിടക്കുന്ന വാക്കുകളും കറുത്തഹാസ്യവുമെല്ലാം നമ്മുടെ മനസ്സുകളെ പൊള്ളിക്കുന്നുണ്ട്. കറുപ്പിന്റെ ആഴങ്ങളിലേക്ക് നമ്മള് വീണുപോയേക്കും. അതുകൊണ്ടായിരിക്കാം രാത്രിയില്‍ വായിക്കേണ്ട പുസ്തകമെന്ന് ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഏകാന്തമധുരങ്ങളായ ചില ഗാനങ്ങളെപ്പോലെ രാത്രിവായനയാണ് ഈ കൃതി ആവശ്യപ്പെടുന്നതെന്ന് ആമുഖക്കുറിപ്പെഴുതിയ രാമചന്ദ്രന് ശ്രാംബിക്കല്‍ മഠം ചൂണ്ടിക്കാട്ടുന്നു. കഴിവതും തിരക്കൊഴിയുന്ന നേരത്ത് ഈ പുസ്തകം വായിക്കുക എന്നും രാമചന്ദ്രന് അഭ്യര്‍ഥിക്കുന്നു.
ചിത്രങ്ങളെല്ലാം തന്നെ സ്വന്തം ജീവിതാനുഭവങ്ങളുടെ നേര്‍പ്പകര്‍പ്പുകളാണ്. വായനയ്ക്കൊപ്പം ചിത്രങ്ങളും നിരീക്ഷിക്കുമ്പോഴാണ് പാരായണത്തിലെ ചാരുത കൂടുതല്‍ ആസ്വാദ്യമാവുക. ആത്മാംശം നിറഞ്ഞുനില്ക്കുന്നതിനാല് ചിത്രപരമ്പരയുടെ വായനയിലൂടെയും ആത്മകഥ മനസ്സിലാക്കാനാകുമെന്നതാണ് കൃതിയുടെ മറ്റൊരു സവിശേഷത. വാക്കുകള്കൊണ്ടാവാത്തത് വരകള്‍ കൊണ്ട് ആവിഷ്കരിക്കാനാണ് ഹരിദാസിന്റെ ശ്രമം. ജീവിതത്തില്‍ അനുഭവിച്ച തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെ വാക്കുകളില്‍ നിറയ്ക്കലും അനുഭവവേദ്യമാക്കലും വലിയ വെല്ലുവിളിയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചിത്രങ്ങള്‍ കുറേക്കൂടി മൂര്‍ത്തമായ ആവിഷ്കരണം സാധ്യമാക്കും. കരി എന്ന മാധ്യമത്തിന്റെയും ദൃശ്യഭാഷയുടെയും സാധ്യതകള്‍ അദ്ദേഹം ആത്മകഥയില്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്.
പരുക്കന്‍ ജീവിതങ്ങളെ ആവിഷ്കരിക്കാന്‍ ജലച്ചായമല്ല, കരിയാണ് മികച്ചതെന്ന് ഹരിദാസ് കണ്ടെത്തുന്നു. പരുക്കന്‍ പാറ വരയ്ക്കുന്ന അതേ മികവോടെ മഞ്ഞണിഞ്ഞ തടാകവും കരി ഉപയോഗിച്ച് വരച്ചിരിക്കുന്നു. വെള്ളമായും വെയിലായും നിലാവായും മേഘമായും മഴയായും മിന്നലായും മരമായും പക്ഷിയായും മൃഗമായും മനുഷ്യരായും ദേശമായും വീടായും പ്രേതമായും കരി പല ഭാവങ്ങളില്‍, പല രൂപങ്ങളില്‍ പുനര്‍ജനിക്കുന്നു. ക്യാമറ കൊണ്ട് സ്ഥലത്തെ പകര്ത്താനാകുമെങ്കിലും ജീവിതാനുഭവങ്ങളെ ആവിഷ്കരിക്കാനാകില്ല. ചാര്‍ക്കോള്‍ ഇല്ലസ്ട്രേഷനുകളുടെ വായനയിലൂടെ ആത്മകഥയുടെ ചിത്രരൂപത്തിലുള്ള ആസ്വാദനം സാധ്യമാകുന്നു.
പൊള്ളിക്കുന്നതും കരയിക്കുന്നതുമായ അനേകം നേരനുഭവങ്ങളുടെ സമാഹാരമാണ് ചാരം.ലളിതമായ ഭാഷയിലാണ് രചനയെങ്കിലും അനുഭവങ്ങളുടെ വൈവിധ്യവും വൈചിത്ര്യവും കൊണ്ട് ജീവിതത്തിന്റെ അനേകം അടരുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ സൂക്ഷ്മവായന ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഒളിച്ചിരിക്കുന്നതിനാല്‍ ധൈഷണികാംശങ്ങള് ഉള്‍ക്കൊള്ളുന്ന രചനയാണിത്. ചാരത്തിനടിയില്‍ നിറയെ കനലുകള്‍ കാണാം.തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ, തുറന്നെഴുത്തിന്റെ കനലുകള്‍.ആത്മകഥാപരമായ പെയിന്റിങ്ങുകളിലൂടെ ശ്രദ്ധേയയായ മെക്സിക്കന്‍ ചിത്രകാരി ഫ്രിഡ കാലോ തന്റെ ചിത്രങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘എന്നെ ഏറ്റവും അറിയുന്ന വ്യക്തി ഞാനായതുകൊണ്ട് ഞാന്‍ എന്നെത്തന്നെ വരയ്ക്കുന്നു. ‘ഗ്രന്ഥകാരനും തന്നെത്തന്നെ വരച്ചുവയ്ക്കുമ്പോള് കൃതി ആത്മാവിന്റെ കണ്ണാടിയായി മാറുന്നു. തന്നില്‍, താന്‍ ജീവിച്ച ദേശവും കുടുംബവും തനിയ്ക്ക് ചുറ്റുമുള്ള മനുഷ്യരും ഉള്ളതുകൊണ്ട് അവരും ആത്മകഥയിലെ കഥാപാത്രങ്ങളായി നിറയുന്നു.
സാമൂഹ്യബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യന് എന്ന് അഭിപ്രായപ്പെട്ടത് മാര്‍ക്സാണ്. അവനവനോടും മറ്റു മനുഷ്യരോടും പ്രകൃതിയോടും കാലത്തോടുമൊക്കെയുള്ള മനുഷ്യബന്ധങ്ങളും അതില്‍പ്പെടും. ചാരത്തിലെ സാമൂഹികബന്ധങ്ങളുടെ കേന്ദ്രസ്ഥാനത്ത് നില്ക്കുന്ന മനുഷ്യന് ആത്മകഥാകാരന് തന്നെയാണ്. പലതരം ബന്ധങ്ങള്‍ കോര്‍ത്തുകോര്‍ത്ത് കണ്ണിചേര്‍ക്കപ്പെടുമ്പോള്‍ അതിലെ വൈവിധ്യം നമ്മെ അമ്പരപ്പിക്കും. സമൂഹബന്ധങ്ങള്‍ വര്‍ധിക്കുമ്പോഴാണ് നമ്മിലെ മാനവികത കൂടുതല്‍ വികസ്വരമാകുക. പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ പരാമൃഷ്ടമാകുന്ന ദേശത്തോടും അതിലെ അജ്ഞാതരായ മനുഷ്യരോടുമുള്ള ഹൃദയൈക്യം നമ്മിലെ മാനവികതയെ കൂടുതല്‍ വികസിപ്പിക്കാതിരിക്കില്ല.
ചാരം
രചന : ഹരിദാസ് എ.കെ.
പ്രസാധനം : Neospark
വില : 650 രൂപ
ലേഖക പരിചയം
ഹലീൽ റഹ്മാൻ
അസി. പ്രൊഫസർ, ആർ എൽ വി ഗവ: കോളേജ്, തൃപ്പൂണിത്തുറ







No Comments yet!