Skip to main content

ഫറോ ഫറോക്‌സാദിൻ്റെ കവിതകൾ

ദൈവത്തിൻ്റെ കലാപം

ദൈവമായിരുന്നെങ്കിൽ,
ഒരു രാവിൽ ഞാൻ മാലാഖമാർക്ക്
കല്പനകൾ നൽകുമായിരുന്നു:
അന്ധകാരത്തിൻ്റെ ചൂളയിൽ
സൂര്യൻ്റെ വൃത്തം വലിച്ചെറിയാൻ.
പ്രപഞ്ചത്തിൻ്റെ സംരക്ഷകരോട്
കോപത്തോടെ ഞാൻ കല്പിക്കുമായിരുന്നു:
രാവിൻ്റെ ശിഖരത്തിൽ നിന്ന്
നിലാവിൻ്റെ മഞ്ഞയില നുള്ളിയെടുക്കാൻ.

അർദ്ധരാത്രിയിൽ
എൻ്റെ പ്രൗഢിയാർന്ന കൊട്ടാരത്തിൻ്റെ
തിരശ്ശീലകൾക്കു പിറകിൽ
കഠിനക്രോധത്താൽ അലറുന്ന
എൻ്റെ കൈ ഈ ലോകത്തെ കീഴ്മേൽ മറിച്ചേനെ.
മൗനത്തിൻ്റെ സഹസ്രാബ്ദങ്ങൾക്കു ശേഷം,
എൻ്റെ ക്ഷീണിതകരങ്ങൾ
കടലിൻ്റെ തുറന്ന വായിലേക്ക്
പർവ്വതങ്ങളെ പിഴുതെറിഞ്ഞേനെ.

വിറയാർന്ന ആയിരമായിരം നക്ഷത്രങ്ങളുടെ
കാലുകളിൽ നിന്ന് ചങ്ങലയഴിച്ചുമാറ്റിയേനെ.
കാടുകളുടെ നിശ്ശബ്ദനാഡികളിൽ
അഗ്നിയുടെ രക്തം ഞാൻ പടർത്തിയേനെ;
പുകയുടെ മൂടുപടങ്ങൾ വലിച്ചുകീറിയേനെ-
അപ്പോൾ, കാറ്റിൻ്റെ അലർച്ചയിൽ
വനാന്തരങ്ങളിൽ മദിരോന്മാദത്തിൽ
തീയിൻ്റെ മകൾ നൃത്തംചവിട്ടിയേനെ.

രാക്കാറ്റിനെപ്പോലെ ഓടക്കുഴലിൽ
ഞാനൊരു മന്ത്രമൂതിയേനെ.
അപ്പോൾ, ജീവനെയരിച്ചെടുക്കുന്ന
നനഞ്ഞ ചാലുകളെ മടുത്ത നദികൾ
അവയുടെ തടങ്ങളിൽ നിന്ന്
ദാഹാർത്തരായ നാഗങ്ങളെപ്പോലെയുയർന്ന്
രാത്രിവാനത്തിൻ്റെ അലസചതുപ്പിൻ്റെ
ഹൃദയത്തിലേക്ക് ഒഴുകിയേനെ.

പനിനീരിൻ്റെ നനുത്ത സുഗന്ധം കുടിച്ച
ചെറിയ ഓടിവള്ളങ്ങൾ
വിറയാർന്ന ഈ രാവിൻ്റെ
നദിയിലേക്കിറക്കാൻ
കാറ്റുകളോട് ഞാൻ മൃദുവായി പറഞ്ഞേനെ.
കുഴിമാടങ്ങൾ ഞാൻ തുറന്നേനെ-
അപ്പോൾ അനാഥരായി അലയുന്ന
ആയിരക്കണക്കിന് ആത്മാക്കൾക്ക്
ഒരിക്കൽക്കൂടി തങ്ങളെ ശരീരങ്ങൾക്കകത്ത്
ഒളിപ്പിക്കാൻ കഴിഞ്ഞേനെ.

ദൈവമായിരുന്നെങ്കിൽ
സ്വർഗ്ഗത്തിലെ നദിയിലെ ജലം
നരകത്തിലെ ചൂളയിൽ തിളപ്പിക്കാൻ
ഒരു രാവിൽ ഞാൻ മാലാഖാമാർക്ക്
ഉത്തരവു നല്കുമായിരുന്നു.
കൈകളിൽ പന്തമുയർത്തി
പുണ്യവാന്മാരായ കൂട്ടത്തെ
സ്വർഗ്ഗത്തിൻ്റെ മലിനമായ
മേച്ചിൽപ്പുറങ്ങളുടെ പച്ചയിൽനിന്ന്
ഓടിച്ചുവിട്ടേനെ.

തീക്ഷ്ണമായ പ്രതിബന്ധങ്ങളാൽ തളർന്ന്
അർദ്ധരാത്രിയിൽ സാത്താൻ്റെ കിടക്കയിൽ
പുത്തൻ പാപത്തിലേക്കുള്ള പതനത്തിനായി
ഞാൻ അഭയം തിരക്കിയേനെ.
ദൈവികതയുടെ സുവർണ്ണകിരീടത്തിനു പകരം
പാപത്തിൻ്റെ ഇരുണ്ടതും
വേദനാഭരിതമായ ആനന്ദമുള്ളതുമായ
ആലിംഗനം
ഞാൻ തെരഞ്ഞെടുത്തേനെ.

***

കാറ്റു നമ്മെ കൊണ്ടുപോകും

അത്ഭുതകരം!
എൻ്റെയീ കുറിയരാവിൽ
മരങ്ങളുടെ ഇലകളുമായി
കാറ്റിന് ഒരു സംഗമസ്ഥലമുണ്ട്.
എൻ്റെയീ കുറിയരാവിൽ
സർവനാശത്തിൻ്റെ ഭീതി
പടർന്നിരിക്കുന്നു.

ശ്രദ്ധിക്കു
നിങ്ങൾക്ക് ഇരുളിൻ്റെ പ്രവാഹം
കേൾക്കാനാവുന്നുണ്ടോ?
പരിത്യജിത, ഞാനീ ആനന്ദം നിരീക്ഷിക്കുന്നു.
ശ്രദ്ധിക്കു,
നിങ്ങൾക്ക് ഇരുളിൻ്റെ പ്രവാഹം
കേൾക്കാനാവുന്നുണ്ടോ?

ഈ രാവിൽ,
ഇപ്പോൾ എന്തൊക്കെയോ സംഭവിക്കുന്നു.
ചന്ദ്രൻ ചുവന്നിരിക്കുന്നു-
ക്ഷുഭിതനുമാണത്.
അതെപ്പോൾ വേണമെങ്കിലും
പൊട്ടിവീണേക്കാമെന്ന്
ഈ കൂര ഭയപ്പെടുന്നു.
വിലപിക്കുന്നവരുടെ കൂട്ടത്തെപ്പോലെ
മേഘങ്ങൾ മഴയുടെ നിമിഷത്തിനായി
കാക്കുന്നു.

ഒരു നിമിഷം,
പിന്നെ ഒന്നുമില്ല.
ഈ ജാലകത്തിനപ്പുറം
രാത്രി വിറകൊള്ളുന്നു.
ഭൂമി ഭ്രമണം മതിയാക്കുന്നു.
ഈ ജാലകത്തിനപ്പുറം അപരിചിതനൊരാൾ
നിന്നെയുമെന്നെയും നിരീക്ഷിക്കുന്നു.

നീ, അടിമുതൽ മുടിയോളം
ഹരിതവർണ്ണമാർന്നവൻ
പ്രണയനിർഭരമായ എൻ്റെ കൈകളിൽ
എരിയുന്ന ഓർമ്മകൾ പോലെ
നിൻ്റെ കൈകൾ എനിക്കുമേൽ വെക്കുന്നു
ഉണ്മയുടെ ഉദാത്ത അനുഭൂതിയെന്നപോലെ
നിൻ്റെ ചുണ്ടുകൾ
പ്രണയഭരിതമായ എൻ്റെ ചുണ്ടുകളുടെ
ലാളനകൾക്കായി സമർപ്പിക്കുന്നു.
ഇതോടെ കാറ്റു നമ്മെ മുന്നോട്ടു നയിക്കും
ഇതോടെ കാറ്റു നമ്മെക്കൊണ്ടുപോകും.

***

സമ്മാനം

രാത്രിയുടെ പരിധികൾക്കകത്തുനിന്നാണ്
ഞാൻ സംസാരിക്കുന്നത്
ഇരുളിൻ്റെ പരിധികൾക്കകത്തുനിന്നാണ്
ഞാൻ സംസാരിക്കുന്നത്
രാത്രിയുടെ പരിധിക്കകത്തുനിന്ന്

നീ എൻ്റെ വീട്ടിൽ വരികയാണെങ്കിൽ

ദയാലുവായവനേ,
എനിക്കൊരു വിളക്കു കൊണ്ടുതരിക
ഒരു ചെറുദ്വാരവും
അതിലൂടെ ഞാൻ ചിലപ്പോൾ
സന്തുഷ്ടമായ തെരുവിലെ ആൾക്കൂട്ടത്തെ
നോക്കിയേക്കും.

***

പനിനീർ

ചെമ്പനീർ
ചെമ്പനീർ
ചെമ്പനീർ

അവനെന്നെ ചെമ്പനീർതോട്ടത്തിലേക്ക്
കൊണ്ടുപോയി
ഇരുളിൽ അവനെൻ്റെ അലങ്കോലമായ മുടിയിൽ
ഒരു ചെമ്പനീർപ്പൂ വെച്ചു.
ഒടുവിൽ ഒരു ചെമ്പനിനീർപ്പൂവിതളിൽ
അവനെനിക്കൊപ്പം ശയിച്ചു.

പക്ഷം തളർന്ന പ്രാവുകളേ,
അനുഭവസമ്പന്നരല്ലാത്ത
ആർത്തവമറ്റ വൃക്ഷങ്ങളേ,
അന്ധരായ ജന്നലുകളേ,
ഒരു ചെമ്പനീർ വളരുകയാണ്
ചെമ്പനീർ
ചുവപ്പ്
ഒരു പതാകപോലെ
ഉയരുകയാണ്.

ഞാൻ ഗർഭിണിയാണ്
ഗർഭിണി
ഗർഭിണി.

***

Home - Forugh Farrokhzad

ഫറോ ഫറോക്‌സാദ്

ഇറാനിയൻ കവി, സംവിധായിക. 1934 ഡിസംബർ 28നു ജനിച്ചു. 1967 ഫെബ്രുവരി 14ന് വാഹനാപകടത്തിൽ മരിച്ചു. ഇസ്‌ലാമിക് വിപ്ലവത്തിനു ശേഷം ഒരു ദശകത്തിലധികം ഇറാനിൽ ഫറോയുടെ കവിതകൾ നിരോധിക്കപ്പെട്ടു. ശീതകാലത്തിന്റെ ആരംഭത്തിൽ നമുക്ക് വിശ്വാസമർപ്പിക്കാം, മറ്റൊരു ജനനം: തെരെഞ്ഞെടുത്ത കവിതകൾ, അകാഷിയാസിന്റെ വധു: തെരെഞ്ഞെടുത്ത കവിതകൾ, എന്നിവ കവിതാസമാഹാരങ്ങൾ.


വിവ : പി.എസ്. മനോജ്‌കുമാർ

No Comments yet!

Your Email address will not be published.