ഒരാളിൽ ഒരേസമയം എത്ര പേരുണ്ട്? എത്ര പേരുകളുണ്ട് എന്നതുപോലെ ബാലിശമോ ബലിഷ്ഠമോ അല്ല ചോദ്യം. ബലിപോലെ നിരന്തരം കുരുതിപ്പെടുന്ന, എന്നാൽ പിന്നെയും കുതിപ്പെടുക്കുന്ന അനേകങ്ങളെയാണ് ഒരാൾ ഒരുടലിൽ പേറുന്നത്. അതിൽ ലിംഗവ്യത്യാസംപോലും ഇല്ലതന്നെ. പെണ്ണും ആണും ഇവയ്ക്കുമതീതമാം പകർച്ചകളുമുള്ള പടപ്പുകളാണവർ. ഉടൽ എന്നത് തീർച്ചയായും ബഹുവചനംതന്നെ! ബഹുത്വമുള്ള വചനങ്ങൾ തന്നെ കവിതയും!

ആസാദിൻ്റെ കവിതകളാണ് ഇത്രയും ഓർക്കാൻ അല്ല, തിരിച്ചറിയാൻ പ്രേരിപ്പിച്ചത്. എത്രനേരം നോക്കി നിൽക്കാനാവും ഒരാൾക്ക് ഈ തല ചിതറിയുള്ള വഴി? എഴുതിപ്പോയ കവിതകൾ എന്ന് ഞാനിവയെ വായിക്കുന്നു. ആരെഴുതി എന്നല്ല, ആരോ, നമ്മളൊക്കെതന്നെയാവാം എഴുതിപ്പോയ കവിതകൾ. ഒരാളിൽ, ഒരാളലിൽ ഒരായിരം ആന്തലുകൾ പൂക്കുന്ന ലാവണ്യമാണ് ഒരർഥത്തിൽ ഈ കവിതകളുടെ അസ്ഥിവാരം. അതിലേക്ക് കടക്കുവാൻ ഞാൻ എൻ്റെ ഏതുടലിനെ, ഏതുണ്മയെ അനുവദിക്കണമെന്ന് സന്ദേഹിയാകുന്നു. ആ സംത്രാസം എൻ്റെ വായനയുടെ വാതിലാകുന്നു. രാത്രിയിൽ സ്വന്തം നിഴലിനെക്കണ്ട് പേടിച്ചവനെപ്പോലെ നഗ്നനായി ഞാനാ വാതിൽ തുറക്കുന്നു.
രണ്ട് രൂപങ്ങളിൽ ഒരുണ്മയുടെതന്നെ അത്ഭുതകരമായ അഭിമുഖം ആദ്യകവിതയിൽതന്നെ കാണുന്നു.
ഞാനേ, നീയെവിടെപ്പാർത്തോ-
ളെന്നിൽനിന്നെപ്പൊഴിറങ്ങി
ഏതടരിൽ പൊട്ടിവിരിഞ്ഞു
പൂവായ് കായായ് ഞാനായ് മുന്നിൽ?
(ഞാനും ഞാനേ)
എന്ന ചോദ്യത്തിൽ ഭാഷാപരമായ ഉടലടയാളങ്ങളുടെ രൂപകാവലിയുണ്ട്. പൂവും കായും എന്ന്, ഒന്നായ എന്നെയിഹ രണ്ടെന്ന് കണ്ടതിൻ്റെ ഭാഷാ(ചിന്താ)പരിമിതി ഈ ചോദ്യത്തെ കവിതയ്ക്കുമപ്പുറമെത്തിക്കുന്നു. പൂവും കായും പക്ഷെ പ്രകൃതിയിൽ ഒരിടത്തുതന്നെ വിടരുന്നതും വിരിയുന്നതുമായ വാസ്തവികതകളാണ്. മനുഷ്യരിലെത്തുമ്പോഴാണത് രണ്ടായും ഒന്ന്, രണ്ടെന്നിങ്ങനെ സ്ഥാനപരമായതായും പിരിയുന്നത്. ഈ ഭാഷാപരമായ പിരിച്ചിലിൻ്റെ പ്രാകൃതികവും വാസ്തവികവും അനിവാര്യവുമായ കൂടിച്ചേരലത്രേ ഉടലിണക്കങ്ങളിൽ ഇത്രയും ആനന്ദം നിറയ്ക്കുന്നത്. ഈ കവിതയിൽ പൂവും കായും കഴിഞ്ഞ് ഞാനോ എന്ന് മറ്റൊരു സാധ്യതയായും ഞാൻ നില്ക്കുന്നത് കാണാം. ആസാദിൻ്റെ കവിതകളിലെമ്പാടും ഈ അനിവാര്യമായ ആനന്ദത്തിൻ്റെ, കൂടിച്ചേരലിൻ്റെ, മറ്റൊരർഥത്തിലുള്ള വീട്ടിലേക്ക് മടങ്ങലിൻ്റെ (ഘർവാപസിയല്ല) സമ്മോഹനചിത്രണങ്ങളുണ്ട്. ഞാനും ഞാനേ എന്ന കവിത തുടങ്ങുന്നത് വീട്ടിലേക്കുള്ള ഒരു മടങ്ങിവരവിലാണ്. പത്താംനില എന്ന കവിതയിലും ഒരു വീടിൻ്റെ സാധ്യതാസ്ഥലിയിലാണ് രണ്ടു പേരുള്ളത്. പെൺകതകെന്ന ഗംഭീരകവിതയും ഒരു പെണ്ണുടലിനെ, (ആണുടലിനെയും!) വീടിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇങ്ങനെ തീരണം ദിവസങ്ങൾ എന്നതാണ് ഈ കവിതയിലെ ആഖ്യാതാവായ പുരുഷൻ്റെ ആഗ്രഹം. അകപ്പെടലിൻ്റെ ആനന്ദം പുറപ്പെടലിനെ അനിവാര്യമാക്കുമെന്നറിയാവുന്നതിനാൽ എൻ്റെ പെൺകതകിൻ്റെ കള്ളനെത്തേടി പ്രാകണമെന്നത് വിരുദ്ധാർഥത്തിലുള്ള പ്രാർഥനയാണ്. പ്രാപ്യത്തിൻ്റെ തുടർച്ചയെ കൊതിക്കുന്ന കള്ളപ്രാകലാണത്. വീടോ വാതിലോ പല പ്രകാരങ്ങളിൽ ആവർത്തിച്ചുവരുന്നത് പുസ്തകത്തിലെ കവിതകളെയെല്ലാം കൂട്ടിയിണക്കുന്നതായി കാണാം. കാരണം ഞാനല്ല എന്ന കവിത വാതിൽ തുറന്നത് ഞാനല്ല എന്ന് തുടങ്ങുന്നത് നോക്കുക. മറ്റൊരു കവിതയ്ക്ക് ചത്തവരുടെ വീട് എന്ന് ശീർഷകം. കറ്റ എന്ന കവിതയും വീടിനെ ആവിഷ്കരിക്കുന്നു. ചതിയൻ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയവനെ കാണിക്കുന്നു. കാത്തിരിപ്പ് എന്ന കവിതയ്ക്കും പശ്ചാത്തലം വീടും വീട്ടിലേക്ക് തിരിച്ചുവരുന്നു എന്ന സന്ദേശവുമാണ്. ലുങ്കിയിലും ഒരേ വീട്ടിൽ കഴിഞ്ഞവർ കണ്ടുമുട്ടുന്നതാണ് കാണുക. എത്രനേരം നോക്കി നില്ക്കാനാവും?, ഓർക്കാൻ എന്തുണ്ട് തുടങ്ങിയ കവിതകളിലുമുണ്ട് വീട്. ഇത്രയുമൊക്കെ വായിക്കുമ്പോൾ അറിയാതെ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട് വായനയിൽ. ഏതാണീ വീട്?
ഉടലിനെ വീടെന്നും വിളിക്കുന്നത് അത്ര പുതിയ കാര്യമല്ല. പക്ഷെ ആ വീട്ടിൽ ഒന്നിലധികംപേർ പാർത്തിരുന്നതും കണ്ടുമുട്ടുന്നതും ഒട്ടും പഴയ കാര്യമല്ലതന്നെ. അതാണ് ആസാദിൻ്റെ കവിതകളുടെ മന്ത്രവിദ്യ. ഒരുതരത്തിൽ ഒരാളിൽതന്നെയുള്ള അനേകരുടെ അ(ര)തിജീവനങ്ങളാണ് ഈ പുസ്തകം നിറയെ. ആ നിലയിൽ ഇന്ത്യൻ ഫിലോസഫിയുടെ അടിവേരിൽ, അർദ്ധനാരീശ്വരനിൽ, അദ്വൈതത്തിൽ അത് നിലയുറപ്പിക്കുന്നതായി തോന്നാം. എന്നാലത് സാമൂഹികമായ രണ്ടില്ലായ്മയല്ല, വ്യക്തിപരമായി പ്പോലും രണ്ടിലൊതുങ്ങായ്മയുടെ മറ്റൊരു അദ്വൈതമാണ്. തല ചിതറി റോഡിൽ കിടക്കുന്നതും, തിരിച്ചുവരുന്നെന്ന് സന്ദേശമയക്കുന്നതും, രാവിലെ വീടിൻ്റെ ഉമ്മറത്ത് അഭിമുഖമെത്തുന്നതും ഇരിപ്പിടം മാറി ഞാനായും നീയായുമിരിക്കുന്നതും പെൺകതകിൻ്റെ കള്ളനെത്തേടി വെറുതെ പ്രാകിക്കിടക്കുന്നതും, പത്താംനിലയിലേക്ക് കേറിയത്രയും ഉയരം ആഴത്തിലേക്ക് മുങ്ങിനിവരാൻ വെമ്പുന്നതും മറ്റ് പൂച്ചെടി എന്ന് എല്ലാ പൂച്ചെടിയും എൻ്റെയാകുന്നതും ഇപ്രകാരം ഒന്നാവലിൻ്റെ വലിച്ചടുപ്പിക്കലിൽ രണ്ടാവാൻ കഴിയാത്തവരുടെ സംത്രാസങ്ങളാണ്. ഒരുതരം യാത്രയാണത്. ഒന്നിന്നുമില്ല നില എന്ന് ആശാനോട് ഐക്യപ്പെടുമ്പോഴും ഇങ്ങനെ തീരണം ദിവസങ്ങളെന്ന ആനന്ദാന്വേഷണത്തിൻറെ യാത്ര. വിട്ടുപോന്നിടത്തെത്തിക്കുന്ന, ശരിക്കുമൊരു വനയാനം തന്നെ. ഇരുൾപച്ചയുടെ അകക്കാടാണ് പശ്ചാത്തലം. എല്ലാ യാത്രയും തുടങ്ങുമിടം. പകൽക്ഷോഭങ്ങളടക്കിയ വെണ്മയഴിച്ചെറിഞ്ഞുടുത്ത ലുങ്കിയാണ് വേഷം. ലുങ്കിതന്നെ പാവാടയും. ഈ യാത്രയിലാണ് ഒരേ വീട്ടിൽ കഴിഞ്ഞവർ കണ്ടുമുട്ടുന്നത്. പിന്നെയെന്താണെന്ന് കവി പറയുന്നത് നോക്കുക.
പാതിയുണ്ട പാത്രത്തി-
ലൊപ്പം ചേരുന്നു
നിർത്തിയേട-
ത്താരംഭിക്കാം കഥക-
ളാശ്ലേഷത്തിൽ
തൂവിത്തീരാം ധൃതികൾ,
രാത്രി കനക്കുമ്പോ-
ഴിരുൾച്ചാട്ടത്തിൽ
കുളിക്കാം
നീർക്കുത്തി –
ലലക്കാം
പകൽവേഷങ്ങൾ.

നാം പകൽ പണിതുവച്ചതെല്ലാം, എടുത്തണിഞ്ഞതെല്ലാം കപടമാകുന്നതും, ഒരുപക്ഷെ സംസ്കാരമെന്ന് ആക്ഷരികമായി വിളിച്ചുപോരുന്നതിൽ തമസ്കരിച്ച പലതും (സംസ്കാരത്തിന് അടക്കുക അഥവാ കുഴിച്ചിടുക എന്നും ഉണ്ടല്ലോ നേരർഥങ്ങൾ!) തിരിച്ച് ഉടൽവീട്ടിലെത്തുന്നതും ഇക്കവിതകളിലെ സാക്ഷയില്ലാ സാക്ഷ്യങ്ങളാണ് എന്ന് പറയാം. കൂടുതൽ നഗ്നരായും കൂടുതൽ മനുഷ്യരായും കൂടുതൽക്കൂടുതൽ ജീവിയായും പരാപരഭേദമില്ലാതെ ജീവിതം പകുക്കുന്നതിൻ്റെ കാവ്യയാനമാണ് ഈ പുസ്തകം നിറയെ. ഒറ്റയ്ക്കൊന്നിനും നിലയില്ലാത്ത ഈ ജീവിലോകത്തിൽ, ഒറ്റയ്ക്കായിപ്പോകുന്ന ഒരാൾ തന്നിലെതന്നെ പകർച്ചകളെ, പടപ്പുകളെ പകപ്പാടേതുമില്ലാതെ സ്വീകരിക്കാനും ആശ്ലേഷിക്കാനും ഒന്നായിത്തീരാനും കൊതിക്കുന്ന ഒരു രാഗജീവിതം ഇതിലെ കവിതകളിൽ തുടിക്കുന്നു. രാഗജീവിതത്തിൻ്റെ കവിതകളെന്ന് ആകെയും ഈ പുസ്തകത്തെ വിളിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.
ആണതിരും പെണ്കതകും (കവിതകള്)
രചന : ആസാദ്
പ്രസാധനം : മാതൃഭൂമി ബുക്സ്
വില : 190 രൂപ







No Comments yet!