നമ്മളെ ഭയപ്പെടുത്തിയിരുന്ന മുഖംമൂടികളുടെ രാഷ്ട്രീയസംഹിത കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു,
ഗോത്രവർഗ്ഗങ്ങളും പുരാതന സാഹിത്യങ്ങളും അതിനോടനുബന്ധിച്ചു വന്ന തിയേറ്റർ സംസ്കൃതികളും ചേർന്നുണ്ടായിതീർന്ന ആസ്വാദനസൃഷ്‌ടീപ്രതലങ്ങൾ.

ബെൽജിയം ചിത്രകാരനായ ജെയിംസ് എൻസർ തന്റെ ചിത്രങ്ങളിൽ ഉടനീളം ഉപയോഗിച്ച മുഖം മൂടികളെ കുറിച്ച് കലാചരിത്രങ്ങളിലുണ്ടായ പഠനങ്ങൾ ബെൽജിയൻ സിംബലിസത്തെ യൂറോപ്പിലാകമാനമുണ്ടായ സിംബലിസ്റ്റ് ചലനങ്ങളിൽ നിന്ന് തുലോം വിഭിന്നമാക്കിയെന്ന് നമുക്ക് കണ്ടെത്താനാകും. അജ്ഞാത സത്യങ്ങളെ കണ്ടെത്താൻ റിയലിസത്തിനും നാച്ചുറലിസത്തിനുമാവില്ലെന്ന ആക്കാലത്തെ പുതിയ വിചാരങ്ങളാണ് സിംബലിസം എന്ന സങ്കൽപ്പത്തിനാധാരമായത്.
സിംബലിസത്തിന്റെ ഉത്ഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് 1857 ൽ ചാൾസ് ബൗടെലർ എഴുതിയ ‘ഫ്ലവർ ഓഫ് ഈവിൾ‘ എന്ന പുസ്തകമാണ്. ഗൗരവതരമായ ഈ വായന യൂറോപ്പിലുണ്ടാക്കിയത് സാഹിത്യത്തിനുപരിയായി മറ്റുകലകളിലെ സത്യാന്വേഷണങ്ങളായിരുന്നു. 1886 ൽ കലാനിരൂപകനും കവിയുമായ ജീൻ മോറിയാസ്
സിംബലിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്, കലാപ്രവർത്തകർ കുറേകൂടി ആത്മീയമാവേണ്ടതിന്റെ ആവശ്യകതയും അന്ന് നിലനിന്നിരുന്ന നാച്ചുറലിസത്തിലൂടെ ആധുനികതയിലേക്കുള്ള പ്രയാണം അസാദ്ധ്യമാണെന്നു പ്രസ്ഥാവിച്ചുകൊണ്ടുമാണ്.

ആക്കാലങ്ങളിൽ കലാപ്രവർത്തകർ സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ടിരുന്നത് റിയലിസത്തിലൂടെയും റോമാൻറ്റിസിസത്തിലൂടെയും ഇമ്പ്രെഷനിസത്തിലൂടെയുമായിരുന്നു. പിന്നീട് സിംബലിസത്തിന്റെ പ്രമേയനിഷ്ഠയിൽ ആകൃഷ്ടരായവർ അതിൽ കൂടുതൽ സൂക്ഷ്മമായ പ്രയോക്താക്കളായി. സാങ്കേതികമായ പ്രയോഗങ്ങളെക്കാൾ ഒരു ചിന്താധാരയായി അത് എല്ലാ കലകളിലും ആവിഷ്കൃതമാവുകയുമുണ്ടായി.
എഡ്വേർഡ് മഞ്ച് വരച്ച ‘ദി സ്ക്രീം‘ പോൾ ഗോഗിൻ വരച്ച ’Where Do We Come From? What Are We? Where Are We Going? ക്ലിംറ്റിന്റെ ‘ദ കിസ്സ്‘ തുടങ്ങിയ ചിത്രങ്ങളിലൂടെ സൂക്ഷ്മമായ വിഷയ വിശകലനങ്ങളാണ് സിംബലിസത്തിലൂന്നി നമുക്ക് പഠിക്കാൻ സാധിക്കുക.
എൻസർ 1888 ൽ വരച്ച അദ്ദേഹത്തിന്റെ മാസ്റ്റർപീസായ ‘ക്രൈസ്റ്റ് എൻട്രി ഇൻ ടു ബ്രസ്സൽസ് ഇൻ 1889’. എന്ന ചിത്രം ചിത്രകലാ ചരിത്ര പഠനങ്ങളിൽ അതീവ പ്രാധാന്യമുള്ളതാണ്. നിറവൈവിധ്യങ്ങളിലും കമ്പൊസിഷനിലും അന്നുവരെയുള്ള എല്ലാ ശീലങ്ങളും കീഴ്മേൽ മറി ക്കുന്നതായിരുന്നു ഈ ചിത്രം.

യേശുവിന്റെ വരവിനെക്കാൾ പ്രാധാന്യത്തോടെ, ’സാമൂഹ്യമായ ഉയർച്ചകൾ നീണാൾ വാഴട്ടെ‘ എന്നർത്ഥം വരുന്ന ബാനറും ആയിരക്കണക്കിനാളുകളെയും വിന്യസിച്ചിട്ടുള്ള ഈ ചിത്രത്തിൽ പകുതിയോളം ആളുകൾ മുഖംമൂടികളണിഞ് യേശുവിന് പുറംതിരിഞ്ഞുനിൽക്കുകയും ചെയ്യുന്നുണ്ട്. വലിയ (14’x7‘) കാൻവാസിൽ വരച്ച ഈ ചിത്രത്തെ കുറിച് ഇനിയുമൊരുപാട് പറയാനുണ്ട്..!അക്കാലത്തെ ആധുനികരെന്നു അഭിനയിച്ചുകൊണ്ടിരുന്ന കലാസമൂഹത്തിനുപോലും ദഹിക്കാത്തിരുന്ന ഈ ചിത്രം ഗാലറികളെല്ലാം നിരാകരിച്ചതോടെ 1925 വരെ ആ ചിത്രം പുറംലോകം കാണാതിരുന്നു. തുടക്കത്തിൽ ഗുസ്താവ് കോർബേയുടെയും മാനെയുടെയും സ്വാധീനങ്ങളിൽ നിന്നുള്ള കുതറിമാറലുകൾക്ക് ശേഷവും എൻസർ വരച്ചിരുന്നത് ഇമ്പ്രഷണിസ്റ് സ്വഭാവങ്ങളിലായിരുന്നുവെന്ന് സാങ്കേതികമായി പറയാമെങ്കിലും മുഖംമൂടികളുടെയും യഥാർത്ഥമുഖങ്ങളുടെയും സങ്കലനങ്ങൾ ഭീതിയുണ്ടാക്കുന്ന ആത്മീയ പുനർവിചിന്തനങ്ങളായി അദ്ദേഹത്തിന്റെ കാൻവാസുകളിൽ നിറഞ്ഞൊഴുകി.
മാസ്ക്കുകളുണ്ടാക്കിയെടുക്കുന്ന ഭാവ വൈവിദ്യങ്ങൾ വളരെ തന്മയത്വത്തോടെയും സമൃദ്ധമായ നിറപ്രയോഗങ്ങളിലൂടെയും വേറിട്ടുനിൽക്കുന്ന ‘ദി എൻട്രിക്‘ എന്ന ചിത്രം ഇമ്പ്രെഷനിസ്റ്റ് രീതിയിലാണെങ്കിൽപോലും അതിന്റെ കമ്പൊസിഷനുമായുള്ള താരതമ്യപഠനങ്ങൾ ചരിത്രത്തിൽ കാണാനാവുന്നത് പതിനേഴാം നൂറ്റാണ്ടിൽ പീറ്റർ റൂബൻസ് വരച്ച ’ക്രൈസ്റ്റ് ആൻഡ് ദി വൊമൺ ടേക്കൺ ഇൻ അടൽറ്ററി’ എന്ന ചിത്രവുമായാണ്.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിശദമായ ആസ്വാദനത്തിനു വിധേയമാക്കിതുടങ്ങേണ്ടത് സ്കെലിട്ടൻ, മാസ്ക് തുടങ്ങിയ ഭിംബങ്ങൾ നമ്മളെ അമ്പരപ്പിക്കുന്നതിന് മുമ്പുള്ള റിയലിസ്റ്റിക് ചിത്രണരീതികളിൽ നിന്നാണ്.
വ്യവസ്ഥിതീകളെയും സമൂഹത്തെയും കൂസാതെ ചിത്രം വരച്ചും എണ്പത്തൊമ്പത് വർഷങ്ങൾ മുഖംമൂടിയണിയാതെ പൊയ്മുഖങ്ങൾക്കിടയിൽ ജീവിച്ചും രാഷ്ട്രീയം പറഞ്ഞ ചിത്രകാരനാണ് ജെയിംസ് എൻസർ.
(1860 – 1949)







No Comments yet!