Skip to main content

റൂഹ് പുര

കഫൻ പുടവകളിൽ
ഒരു പൂമ്പാറ്റച്ചിത്രം
ചിറക് ഒന്ന് വലുത്.
നീലയിൽ വെള്ളപ്പൊട്ടുകൾ.
ഹൃദയം വരെ പറന്നെത്തി
പെട്ടെന്ന് കരിഞ്ഞു പോയെന്ന്.

പേരെന്ത്? നാടേത്
മറുപടിക്ക് മുമ്പേ
അടി വീണ്
നടുവൊടിഞ്ഞ്
പാവം
വെള്ളത്തുണിയിൽ പൊതിഞ്ഞ്

21 വയസ്സെന്ന് കുറുകി
ഒരു പ്രാവ്
തൊണ്ടയിൽ ഞെരുങ്ങി

ഒരു കാലിത്തുണി
ആളില്ല, മൂന്ന് കെട്ടുണ്ട്
കോളേജിലേക്ക്
ഹോസ്റ്റലിൽ നിന്ന് പോയെന്ന്.

ഓരൊക്ടോബറിൽ പോയി
തിരികെ വന്നില്ല
ഒമ്പത് കൊല്ലം
മടങ്ങിയെത്താതെ

പരലോകത്തൊരു
ആളില്ലാ കഫൻ പുടവ

മറ്റൊരാകാശത്തിൽ
നിറമേറിയതുമ്പികൾ
കുഞ്ഞുകുഞ്ഞു പൊതികൾ
മിസൈലിൽ ചിതറിയത്,
മൈനിൽ തെറിച്ചത്,
പട്ടിണിയിൽ പൊടിഞ്ഞത്.
ആകാശത്തവർ ചോദ്യമെഴുതുന്നു
ഒച്ച നിലച്ചവർ നിലവിളിക്കുന്നു

ഹേ റാം…

തെറ്റിയില്ല,
റാം എന്ന് തന്നെ പേര്.
പറയാനൊത്തില്ല
നാവ് കുഴഞ്ഞു.
ഒന്നല്ലല്ലോ
ഒരുപാട് പേരില്ലേ?

***

One Reply to “റൂഹ് പുര”

  1. പി. എം ഗോവിന്ദനുണ്ണി,

    വായിച്ചു നല്ല കവിത

Your Email address will not be published.